ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -24

തസ്മാത് ശാസ്ത്രം പ്രമാണം തേ
കാര്യാകാര്യ വ്യവസ്ഥിതൗ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം
കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി

അതുകൊണ്ട് നിനക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയുന്നതിന് ശാസ്ത്രമാണ് പ്രമാണം. ശാസ്ത്രധര്‍മ്മമായ കര്‍മ്മം എന്തെന്നറിഞ്ഞ് അതു ചെയ്യാന്‍ നീ ബാധ്യസ്ഥനാണ്.

ഈ കാരണങ്ങളാല്‍ സ്വന്തം നന്മയെ ആഗ്രഹിക്കുന്ന ഒരുവന്‍ വേദങ്ങളുടെ സന്ദേശങ്ങളെ പിന്തുടരണം. അവയെ ഒരിക്കലും അവഗണിക്കരുത്. തന്‍റെ ഭര്‍ത്താവിനെ അനുസരിക്കുന്ന പതിവ്രതയായ ഒരു സ്ത്രീക്ക് ആത്മഹിതം ലഭ്യമാകുന്നു. ഗുരുവചനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വഭാവരൂപീകരണം നടത്തുന്ന ഒരു ശിഷ്യന് ആത്മാനുഭവം സിദ്ധിക്കുന്നു. സ്വന്തം വകയാണെങ്കില്‍ പോലും ഒളിഞ്ഞിരിക്കുന്ന ദ്രവ്യനിക്ഷേപം കണ്ടെത്തണമെങ്കില്‍ വളരെ ശ്രദ്ധയോടെ വിളക്ക് ഉപയോഗിക്കണം. അതുപോലെ പുരുഷാര്‍ത്ഥങ്ങള്‍ കൈവരിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരാളും ശ്രുതികളുടേയും സ്മൃതികളുടേയും അനുശാസനങ്ങള്‍ അങ്ങേയറ്റം പാലിക്കണം. ഉപേക്ഷിക്കണമെന്നു ശാസ്ത്രങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കണം. അത് ഒരു സാമ്രാജ്യം തന്നെയാണെങ്കിലും അതിനെ പുല്‍ക്കൊടിപോലെ കരുതണം. അംഗീകരിക്കണമെന്നു ശാസ്ത്രങ്ങള്‍ പറയുന്നതെല്ലാം വിഷമമാണെങ്കില്‍ പോലും എതിര്‍പ്പു കൂടാതെ അംഗീകരിക്കണം.

അര്‍ജ്ജുനാ, വേദങ്ങളോട് ഏകനിഷ്ഠയുള്ളവര്‍ക്ക് ഒരിക്കലും അമംഗളം സംഭവിക്കുകയില്ല. തിന്മയില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കുകയും നന്മ പ്രധാനം ചെയ്യുകയും ചെയ്യുന്ന വേദങ്ങളേക്കാള്‍ മഹിമയുള്ള ഒരു മാതാവിനെ ഈ ലോകത്തു നിനക്കു കാണാന്‍ കഴിയുകയില്ല. ശ്രുതികള്‍ ജീവബ്രഹ്മൈക്യത്തെ സാധിതപ്രായമാക്കിത്തരുന്നു. അര്‍ജ്ജുനാ, നീ ഏകാഗ്രതയോടെ വേദങ്ങളില്‍ ശ്രദ്ധവയ്ക്കണം. ധര്‍മ്മാചരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രങ്ങള്‍ക്ക് സാര്‍ത്ഥകത നല്‍കുന്നതിനുള്ള ശക്തി നിന്‍റെ പൂര്‍വ്വജന്മ പുണ്യംകൊണ്ട് നീ നേടിയിട്ടുണ്ട്. അതിനായിട്ടാണ് നീ ധര്‍മ്മാനുജനായി (ധര്‍മ്മപുത്രന്‍റെ അനുജന്‍) ലോകത്തില്‍ ജനിച്ചിരിക്കുന്നത്. ആകയാല്‍ വേദധര്‍മ്മങ്ങള്‍ക്കു വിപരീതമായി നീ യാതൊന്നും ചെയ്യരുത്. വേദശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ വേണം നീ കാര്യാകാര്യങ്ങളെക്കുറിച്ച് വിവേചിച്ചു തീരുമാനമെടുക്കേണ്ടത്. വേദം അനുശാസിക്കുന്നവിധം യോഗ്യമായതിനെ സ്വീകരിക്കുകയും അയോഗ്യമായതിനെ തള്ളുകയും ചെയ്യണം. ചെയ്യേണ്ട കര്‍മ്മങ്ങള്‍ ശുഷ്കാന്തിയോടും ആത്മാര്‍ത്ഥതയോടുംകൂടി അതിന്‍റെ വിജയപരിസമാപ്തിയില്‍ എത്തിക്കണം. അല്ലയോ ഗുണവാനായ അര്‍ജ്ജുനാ, നിന്‍റെ ബുദ്ധിയാകുന്ന വിശ്വപ്രാമാണ്യ മുദ്രാമോതിരം ഉപയോഗിച്ച് നീ ലോകഹിതം നടത്തണം.

ഇപ്രകാരം ആസുരപ്രകൃതിയുടെ സ്വഭാവങ്ങളും അതില്‍നിന്ന് ഒരുവന്‍ രക്ഷപ്പെടേണ്ട വിധങ്ങളും ഭഗവാന്‍ അര്‍ജ്ജുനന് വിശദീകരിച്ചുകൊടുത്തു. അര്‍ജ്ജുനന്‍ ജി‍ജ്ഞാസാപൂര്‍വ്വം ഭഗവാനോടു ചോദിക്കുന്ന ചോദ്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. വ്യാസമഹര്‍ഷിയുടെ അനുഗ്രഹം കൊണ്ട് സഞ്ജയന്‍ ധൃതരാഷ്ട്രമഹാരാജാവിനോട് പറഞ്ഞതുപോലെ, നിവൃത്തിനാഥിന്‍റെ അനുഗ്രഹംകൊണ്ട് ഞാന്‍ എന്‍റെ കഥനം തുടരാം. അല്ലയോ മഹാജനങ്ങളെ, നിങ്ങളുടെ കാരുണ്യം എന്നില്‍ ചൊരിഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ പ്രതീക്ഷ നിറവേറ്റാം. ആകയാല്‍ നിങ്ങള്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കുക. അത് എനിക്കു ശക്തി നല്കും.

ജ്ഞാനദേവന്‍ പറഞ്ഞു.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ് ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ ദൈവാസുര സമ്പദ്വിഭാഗയോഗോ നാമ ഷോഡശോദ്ധ്യായഃ