അക്ഷണ്വതാം ഫലമിദം ന പരം വിദാമഃ
സഖ്യഃ പശൂനനുവിവേശയതോര്‍വയസ്യൈഃ
വക്ത്രംവ്രജേശസുതയോരനുവേണു ജുഷ്ടം
യൈര്‍വാ നിപീതമനുരക്തകടാക്ഷമോക്ഷം (10-21-7)
ഗോപ്യഃ കിമാചരദയം കുശലം സ്മ വേണുര്‍ –
ദാമോദരാധരസുധാമപി ഗോപികാനാം
ഭുങ്തേ സ്വയം യദവശിഷ്ടരസം ഹ്രദിന്യോ
ഹൃഷ്യത്ത്വചോഽശ്രു മുമുചുസ്തരവോ യഥാര്യാഃ (10-21-9)
വൃന്ദാവനം സഖി, ഭുവോ വിതനോതി കീര്‍ത്തിം
യദ് ദേവകീസുതപദാംബുജലബ്ധലക്ഷ്മി (10-21-10)

ശുകമുനി തുടര്‍ന്നു:

കൃഷ്ണനും ബലരാമനും പശുക്കളെ മേയ്ക്കാന്‍ ഗ്രാമത്തിനു പുറത്തുപോയി തിരിച്ചുവരുമ്പോള്‍ വൃന്ദാവനത്തിലെ കന്യകമാര്‍ ഈ ദിവ്യസഹോദരന്മാരെ കണ്ണെടുക്കാതെ നോക്കുമായിരുന്നു. പ്രത്യേകിച്ചും കൃഷ്ണനെ. കൃഷ്ണന്‍ വനമാലയും മയില്‍പ്പീലിയും അണിഞ്ഞിരുന്നു. മഞ്ഞപ്പട്ടുകോണകം അരയില്‍. അവന്‍ ഓടക്കുഴലിനെ വളരെ ഇഷ്ടപ്പെട്ടു. ഇടയ്ക്കെല്ലാം കൃഷ്ണന്‍ അതില്‍ മധുരഗീതങ്ങള്‍ വായിച്ചു. ഗോപികമാര്‍ക്ക്‌ ഓടക്കുഴല്‍ ശബ്ദം എന്നാല്‍ കൃഷ്ണന്‍ എന്നു തോന്നി. അതു കേള്‍ക്കുമ്പോഴെല്ലാം അവര്‍ കൃഷ്ണനെ ഓര്‍മ്മിച്ചു. ഒരു ഗോപിക മറ്റൊരാളോട്‌ പറഞ്ഞു. ഒരാള്‍ക്ക്‌ കണ്ണുകളുളളതിന്റെ ഉദ്ദേശ്യവും അനുഗ്രഹവും കൃഷ്ണരാമന്മാരുടെ മുഖകമലദര്‍ശനമല്ലാതെ മറ്റൊന്നുമല്ല. പശുക്കളെത്തെളിച്ച്‌ പുല്‍ത്തകിടിയിലേക്ക്‌ പോകുന്ന അവര്‍ മനോഹരവസ്ത്രങ്ങളണിഞ്ഞ പ്രഗല്‍ഭരായ നടന്മാരെപ്പോലെ കാണപ്പെടുന്നു. നമ്മള്‍ ഗോപികകമാര്‍ക്ക്‌ അവകാശപ്പെട്ട കൃഷ്ണാധരങ്ങള്‍ നിത്യവും ആസ്വദിക്കുന്ന ആ കോലക്കുഴല്‍ എന്തെല്ലാം പുണ്യങ്ങള്‍ ആര്‍ജ്ജിച്ചിരിക്കണം? ആ ഈറക്കുഴലിന്റെ മാതാപിതാക്കളായ നദികളും മുളക്കൂട്ടങ്ങളും തങ്ങളുടെ പുത്രന്റെ വിശേഷ സൗഭാഗ്യത്തെയോര്‍ത്ത്‌ ആഹ്ലാദിക്കുന്നു.

വൃന്ദാവനം അനുഗൃഹീതം തന്നെ. ഈ ലോകത്തിന്റെ മുഴുവന്‍ മഹിമ വര്‍ദ്ധിപ്പിക്കുന്നു വൃന്ദാവനം. ഭഗവാന്‍ കൃഷ്ണന്റെ പാദധൂളികളാല്‍ പ്രഭാപൂരമാകപ്പെട്ടിരിക്കുന്നു വൃന്ദാവനം. നോക്കു കൃഷ്ണന്റെ പാട്ടില്‍ മയങ്ങിയിരിക്കുന്നുവര്‍ നമ്മള്‍ ഗോപികമാര്‍ മാത്രമല്ല. ആ മാന്‍പേടകളെ നോക്കൂ. ആകാശത്തിലെ അപ്സരസ്സുകളും പശുക്കളും പശുക്കിടാങ്ങളും എല്ലാം കൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുമ്പോള്‍ അതില്‍ മുഴുകി എല്ലാം മറന്ന് ഉന്മത്തരാവുക. ആ കാട്ടുമരങ്ങളിലെ കിളികളെ നോക്കൂ. കൃഷ്ണസംഗീതത്തിന്റെ മധുരത്തേനുണ്ടിരുന്ന് അവയ്ക്ക്‌ പഴങ്ങളൊന്നും വേണ്ട എന്നായിരിക്കുന്നു. തീര്‍ച്ചയായും അവരെല്ലാം വേഷപ്രച്ഛന്നരായ മാമുനിമാരാണ്‌. നദികള്‍പോലും നിറഞ്ഞുകവിഞ്ഞ് കൃഷ്ണപാദങ്ങളെ തഴുകി ഒഴുകുന്നു. നോക്കൂ ആ പര്‍വ്വതശിഖരങ്ങള്‍ ഓടക്കുഴല്‍പ്പാട്ടുകേട്ട്‌ രോമാഞ്ചമാര്‍ന്നിരിക്കുന്നു. പുല്‍ച്ചെടികള്‍ കുത്തനെ നിവര്‍ന്നു തരിച്ചിരിക്കുന്നു. ആ മലനിര തികച്ചും സുകൃതിയത്രെ. ഭഗവാന്‍ കൃഷണനുവേണ്ട ആഹാരനീഹാരാദികളും തണലുമേകാന്‍ അതിനു ഭാഗ്യം ലഭിച്ചുവല്ലോ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF