വിദ്യയേയും അവിദ്യയേയും ഒരുമിച്ച് അറിയുക (96)

വിദ്യയേയും അവിദ്യയേയും ഒരുമിച്ച് അറിയലാണ് വിശേഷപ്പെട്ട ജ്ഞാനം. പ്രവൃത്തിയേയും നിവൃത്തിയേയും കാര്യത്തേയും അകാര്യത്തേയും ഭയത്തേയും അഭയത്തേയും ബന്ധത്തേയും മോക്ഷത്തേയും കൃത്യമായി അറിയുന്നതാണ് സാത്വിക ബുദ്ധി. ചക്ക മുറിക്കണം. അതേസമയം, ഒട്ടലില്ലാതിരിക്കാന്‍ കൈയില്‍ മുമ്പേ എണ്ണ പുരട്ടുകയും വേണം. ഇവ ശരിയായി അറിയാതിരിക്കല്‍ രാജസബുദ്ധിയും എല്ലാ കാര്യങ്ങളും എതിരായി മനസ്സിലാക്കുന്നത് താമസബുദ്ധിയുമാണ്.

വിശിഷ്ടങ്ങളായി ഭഗവാന്‍ പറഞ്ഞ കാര്യങ്ങളോടുള്ള ചേര്‍ച്ത്തിമിത്തം മറ്റൊന്നിലും പ്രവേശിക്കാത്ത സമാധിനിഷ്ഠയാര്‍ന്ന ധൃതി (ബുദ്ധിപൂര്‍വം ആരംഭിച്ച പ്രവൃത്തി തുടരാനും പൂര്‍ത്തിയാക്കാനുമുള്ള ധൈര്യം) മനസ്സിന്റേയും പ്രാണന്റേയും ഇന്ദ്രിയങ്ങളുടേയും ക്രിയകളെ ശരിയ‍ാംവണ്ണം ധരിക്കുന്ന സാത്വികഭാവത്തിലുള്ളതാകുന്നു. ശരിയായ ഉള്‍ക്കൊള്ളലും അവസരങ്ങള്‍ക്കൊത്തുയരാനുള്ള ധിഷണാവൈഭവവുമാണിത്.

ഓം സാത്വിക ജ്ഞാനത്തേയും തത് സാത്വിക കര്‍മ്മത്തേയും സത് സാത്വിക കര്‍ത്താവിനേയും പ്രതിനിധീകരിക്കുന്നു. പ്രാണനാണ് കര്‍മ്മത്തിന്റെ ഏറ്റവും സൂക്ഷ്മമായ അംശം. പ്രാണനുള്ളിടത്തൊക്കെ കര്‍മ്മമുണ്ട്. പ്രണവധ്യാനത്തിലൂടെ പ്രാണന്‍ അകത്തേക്കെടുക്കുമ്പോള്‍ സാത്വിക ജ്ഞാനമായി. അതില്‍ ചെയ്യുന്നതെല്ല‍ാം സാത്വിക കര്‍മ്മങ്ങളാകും.കാമനയോടെയും അഹങ്കാരത്തോടെയും വളരെ ബുദ്ധിമുട്ടി ചെയ്യുന്ന കര്‍മ്മം രാജസമാണ്. ഭാവിഫലത്തേയും നാശത്തേയും പരദ്രോഹത്തേയും ഒന്നും നോക്കാതെ അജ്ഞാനത്തില്‍ നിന്ന് ആരംഭിക്കുന്ന കര്‍മ്മം താമസമാണ്.

കര്‍മ്മത്തോട് ബന്ധപ്പെടാതെ, കര്‍ത്താവെന്ന് അഭിമാനിക്കാത്തവനായി ധൈര്യോത്സാഹസമന്വിതനായി, കിട്ടുക – കിട്ടാതിരിക്കുക ഇവയില്‍ നിര്‍വികാരനായി നിലനില്‍ക്കുന്ന കര്‍ത്താവ് സാത്വികനാണ്.

വിഷയസുഖത്തില്‍ രമിക്കുകയും കര്‍മ്മഫലത്തില്‍ ആശവയ്ക്കുകയും ലുബ്ധപ്രകൃതിയും മറ്റുള്ളവരെ ദ്രോഹിക്കുകയും ശുചിത്വമില്ലായ്മയും സന്തോഷവും ഒപ്പം ദുഃഖവുമുണ്ടാവുകയും രാജസന്റെ ലക്ഷണങ്ങളാണ്.

അയുക്തമായ മനസ്സോടുകൂടി, സംസ്കാരമില്ലാതെ, ഒന്നിനും വഴങ്ങാതെ, രഹസ്യമായി ഉപദ്രവിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്ത് അലസമായി, വിഷാദിയായി കര്‍മ്മം ചെയ്യുന്നവന്‍ താമസനാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം