സ്വാമി വിവേകാനന്ദന്‍

പ്രവര്‍ത്തിക്കേണ്ട രീതിയെക്കുറിച്ച് നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരമായി എനിക്കു പറയാനുള്ള അതിപ്രധാനമായ സംഗതി ഇതാണ്; നാം കൊതിക്കുന്ന ഫലങ്ങളോടു പൊരുത്തപ്പെടുന്ന തോതിലായിരിക്കണം പ്രവൃത്തി തുടരുന്നത്. നിങ്ങളുടെ ഉദാരമായ മനസ്സ്, രാജ്യസ്നേഹം, സ്ഥിരോത്‌സാഹശീലം എന്നിവയെപ്പറ്റി എന്റെ സുഹൃത്തായ മിസ് മില്ലറില്‍നിന്നു വളരെയൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളുടെ വൈദുഷ്യത്തിനു തെളിവു പ്രത്യക്ഷവുമാണ്. നിസ്സാരനായ എനിക്കു ചെറിയ തോതില്‍ തുടങ്ങിവെയ്ക്കാന്‍ കഴിഞ്ഞ സംഗതികളെക്കുറിച്ചറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് ഞാന്‍ വലിയൊരു ഭാഗധേയമായെണ്ണുന്നു. ആവുന്നത്ര അതിവിടെ ഞാന്‍ പറഞ്ഞുകേള്‍പ്പിക്കാം. എന്നാല്‍ ആദ്യമായി എന്റെ ഉറച്ച വിശ്വാസങ്ങള്‍ സ്പഷ്ടമാക്കട്ടെ.

എക്കാലവും നാം അടിമകളായിരുന്നു – അതായത് തങ്ങളുടെ പൈതൃകസമ്പത്തായ ആഭ്യന്തരജ്യോതിസ്സു പ്രകാശിപ്പിക്കാന്‍ ഭാരതത്തിലെ സാമാന്യജനത്തിന്ന് ഒരിക്കലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ കുറേ ശതാബ്ദങ്ങളായി പാശ്ചാത്യര്‍ സ്വാതന്ത്ര്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. ഭാരതത്തില്‍ ഇന്നിന്നതെല്ലാം ചെയ്യണമെന്നു നിര്‍ദ്ദേശിച്ചുവന്നതു രാജാവാണ്. ഇവയില്‍ കുലീനത മുതല്‍ ഭക്ഷ്യാഭക്ഷ്യങ്ങള്‍വരെയുള്ള സംഗതികള്‍ ഉള്‍പ്പെട്ടു. പടിഞ്ഞാറന്‍ ദേശങ്ങളില്‍ ആളുകളാണ് സ്വയം കാര്യങ്ങളെല്ലാം നിര്‍വഹിച്ചുവന്നത്.

ഇന്നു സാമുദായികകാര്യങ്ങളില്‍ രാജാവിന് ഒന്നും ഉരിയാടുക സാദ്ധ്യമല്ല. മറുവശത്ത്, ഭാരതീയര്‍ക്കാണെങ്കില്‍ ഇന്നും സ്വല്പവും ആത്മവിശ്വാസമില്ലാതാണിരിക്കുന്നത്. സ്വാശ്രയത്തെ കുറിച്ചൊന്നും പറയാനുമില്ല. വേദാന്തത്തിന്റെ ചോടായ ആത്മവിശ്വാസം അല്പവും പ്രയോഗത്തില്‍ കൊണ്ടുവരപ്പെട്ടിട്ടില്ലതന്നെ. അതുകൊണ്ടാണ് പാശ്ചാത്യമായ ആ രീതി – ഒന്നാമതു ലക്ഷ്യചര്‍ച്ച, പിന്നെ ഉള്ള ശക്തികളെല്ലാം ചേര്‍ത്ത് അതു സാക്ഷാത്കരിക്കുക – ഇനിയും ഈ നാട്ടില്‍ നിഷ്ര്പയോജനമായിരിക്കുന്നത്. അതുകൊണ്ടാണ് വൈദേശികഭരണത്തിന്‍കീഴില്‍ നാം യാഥാസ്ഥിതികതയെ ഇത്രയധികം മുറുകെ പിടിക്കുന്നു എന്നു തോന്നുന്നതും. ഇതു ശരിയാണെങ്കില്‍, പൊതുചര്‍ച്ചയിലൂടെ വലിയ ജോലിയേതെങ്കിലും ചെയ്യാനുള്ള ശ്രമം വിഫലമാണ്. ”തലയില്ലെങ്കില്‍ തലവേദനക്കിടയെവിടെ?” ‘പൊതുജന’മെവിടെ? കൂടാതെ, നമ്മുടെ ദൗര്‍ബ്ബല്യാധിക്യംകൊണ്ട്, പൊതുചര്‍ച്ചയ്‌ക്കൊരുങ്ങിയാല്‍ അതില്‍ത്തന്നെ നമ്മുടെ ശക്തിയൊക്കെ ചെലവാകുന്നു: പിന്നെ ജോലി ചെയ്യാന്‍ വേണ്ടത്ര ശക്തി ശേഷിക്കുന്നില്ല. അതുകൊണ്ടാണെന്നു തോന്നുന്നു ‘വലിയ കരച്ചില്‍, പക്ഷേ സ്വല്പം കമ്പിളി’ എന്ന നില ബംഗാളില്‍ കൊണ്ടുവരുന്നത്. രണ്ടാമതു ഞാന്‍ മുമ്പേ എഴുതിയതുപോലെ, ഭാരതത്തിലെ ധനവാന്മാരില്‍നിന്ന് ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ആശകള്‍ക്ക് ഇടം നല്കുന്ന യുവാക്കന്മാരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നതാണ് അത്യുത്തമം – ക്ഷമയോടും സ്ഥിരതയോടുംകൂടി നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത്.

ഇനി ജോലിയെപ്പറ്റി പറയാം. വിദ്യാഭ്യാസം സംസ്‌കാരം മുതലായവ ഉയര്‍ന്നജാതിക്കാരില്‍നിന്ന് താഴ്ന്നജാതിക്കാരിലേക്കു പയ്യെ വ്യാപിക്കാന്‍ തുടങ്ങിയതു മുതല്‍, പടിഞ്ഞാറന്‍നാടുകളിലേതുപോലുള്ള അര്‍വാചീനപരിഷ്‌കാരവും, ഭാരതം ഈജിപ്ത് റോം തുടങ്ങിയിടങ്ങളിലേതുപോലുള്ള പ്രാചീനസംസ്‌കാരവും തമ്മില്‍ ഭേദം വര്‍ദ്ധിച്ചുതുടങ്ങി. ഞാന്‍ കണ്‍മുമ്പില്‍ കാണുന്നു, പൊതുജനങ്ങളുടെ ഇടയില്‍ പരന്നിട്ടുള്ള വിദ്യാഭ്യാസത്തിന്റെയും ബുദ്ധിശക്തിയുടെയും തോതനുസരിച്ചാണ് അതുള്‍പ്പെടുന്ന ജനത പുരോഗമിച്ചിട്ടുള്ളതെന്ന്. ഭാരതത്തിന്റെ നാശത്തിനു മുഖ്യകാരണം, അഭിമാനം രാജശക്തി എന്നിവയിലൂടെ മുഴുവന്‍ വിദ്യാഭ്യാസത്തിന്റെയും ബുദ്ധിശക്തിയുടെയും കുത്തക കുറേപ്പേരുടെ മാത്രം കൈയില്‍ അമര്‍ന്നുപോയതാണ്. വീണ്ടും നാം എഴുന്നേറ്റുനില്ക്കാനാണ് ഭാവമെങ്കില്‍, അതേമട്ടില്‍ – അതായത് പൊതുജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസം പരത്തിയിട്ട് – ആണ് നാം അതു സാധിക്കേണ്ടത്. സമുദായപരിഷ്‌കരണത്തെപ്പറ്റി ഒരു ശതാബ്ദക്കാലമായി വലിയ ഒച്ചപ്പാടുണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്തു കൊല്ലമായി ഭാരതത്തില്‍ പലേടത്തും ചുറ്റിസ്സഞ്ചരിച്ചപ്പോള്‍ ഞാന്‍ രാജ്യത്തില്‍ നിറഞ്ഞുകണ്ടത് പരിഷ്‌കരണസംഘങ്ങളെയാണ്. എന്നാല്‍ ‘മാന്യന്മാര്‍’ എന്നു പറയപ്പെടുന്നവന്‍ ആവിര്‍ഭവിച്ചു തുടരുന്നത് ആരുടെ രക്തം ചൂഷണം ചെയ്തിട്ടാണോ, ആ കൂട്ടര്‍ക്കുവേണ്ടിയുള്ള ഒരൊറ്റ സംഘവും എനിക്കു കാണാന്‍ കഴിഞ്ഞില്ല! മുസല്‍മാന്മാര്‍ എത്ര പട്ടാളക്കാരെയാണ് കൂടെക്കൊണ്ടുവന്നത്? ആകെ എത്ര ഇംഗ്ലീഷുകാരാണുള്ളത്? ഭാരതത്തിലൊഴിച്ചു മറ്റെവിടെയാണ്, ആറു രൂപയ്ക്കുവേണ്ടി സ്വന്തം പിതാക്കളുടെയും സഹോദരന്മാരുടെയും കഴുത്തറുക്കാന്‍ സന്നദ്ധരായി ദശലക്ഷക്കണക്കിന് ആളെ കിട്ടുക? എഴുനൂറു കൊല്ലക്കാലത്തെ മുസല്‍മാന്‍ഭരണത്തിന്റെ ഫലമായി ആറുകോടി മുസ്ലീങ്ങള്‍: നൂറു കൊല്ലം നിലകൊള്ളുന്ന ക്രിസ്തീയഭരണത്തിന്റെ ഫലമായി ഇരുപതു ലക്ഷം ക്രിസ്ത്യാനികള്‍ – ഇതെങ്ങനെ സംഭവിച്ചു? നാട്ടില്‍ അപൂര്‍വസൃഷ്ടിനൈപുണ്യം നിശ്ശേഷമില്ലാതായതെങ്ങനെ? കൗരകൗശല സമ്പത്തിയുള്ള നമ്മുടെ തൊഴിലാളികള്‍ എന്തുകൊണ്ടാണ് യൂറോപ്യന്മാരോടു മല്‍സരിക്കാനാവാതെ നാമാവശേഷരാകുന്നത്? ലോകവിപണികളില്‍ ഇംഗ്ലീഷ് തൊഴിലാളിക്കു പല ശതകങ്ങളായി നിലനിന്നുപോന്ന സ്ഥാനം പിടിച്ചുകുലുക്കാന്‍ ജര്‍മ്മന്‍ തൊഴിലാളിക്ക് എങ്ങനെ സാധിച്ചു?

വിദ്യാഭ്യാസം, വിദ്യാഭ്യാസം, വിദ്യാഭ്യാസം ഒന്നുമാത്രം. യൂറോപ്പിലെ പല പട്ടണങ്ങളില്‍ക്കൂടി സഞ്ചരിക്കയും, അവിടെയെല്ലാം പാവങ്ങള്‍ക്കുപോലും കിട്ടുന്ന സുഖസൗകര്യങ്ങളും വിദ്യാഭ്യാസവും കാണുകയും ചെയ്തപ്പോള്‍, ഞാന്‍ നമ്മുടെതന്നെ ദരിദ്രരുടെ സ്ഥിതിയോര്‍ത്തു കണ്ണീര്‍ പൊഴിക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് ആ വ്യത്യാസമുണ്ടായി? എനിക്കു കിട്ടിയ ഉത്തരം ‘വിദ്യാഭ്യാസ’മെന്നാണ്. അവരിലെ ബ്രഹ്മം വിദ്യാഭ്യാസത്തിലും ആത്മവിശ്വാസത്തിലുംകൂടി ഉണരുകയാണ്: നമ്മളിലുള്ള ബ്രഹ്മം ക്രമേണ മറയുകയുമാണ്. ന്യൂയോര്‍ക്കില്‍വെച്ച് ഐര്‍ലണ്ടുകാരായ അധിനിവേശക്കാര്‍ വന്നു ചേരുന്നതു ഞാന്‍ നോക്കിനില്ക്കുക പതിവായിരുന്നു. അക്കൂട്ടര്‍ ചവുട്ടിമെതിക്കപ്പെട്ടവരും, കിടുങ്ങിപ്പോയവരും, സമസ്തവും നഷ്ടപ്പെട്ടവരും, ചില്ലിക്കാശുപോലുമില്ലാത്തവരും, മരത്തലയന്മാരുമായിരുന്നു. അവര്‍ക്കു സ്വന്തമായുള്ളത് ഒരു കമ്പിന്റെ തുമ്പില്‍ തൂക്കിയ ഓരോ പഴന്തുണിക്കെട്ടുമാത്രം. ഓരോ ചുവടും അവര്‍ വെച്ചതു കിടുകിടുത്തുകൊണ്ടാണ്. അവരുടെ കണ്ണില്‍ ആശങ്ക നിറഞ്ഞിരുന്നു.. ആറുമാസം കൊണ്ട് ആ കാഴ്ചയ്ക്കു മാറ്റമേര്‍പ്പെട്ടു. ആ മനുഷ്യന്‍ നിവര്‍ന്നു നടക്കുന്നു: തന്റെ വേഷം മാറ്റിയിരിക്കുന്നു. കണ്ണിലും ചുവടുകളിലും ഇപ്പോള്‍ ഭയപ്പാടില്ല. എന്താണു കാരണം? സ്വന്തം നാട്ടില്‍ ആ ഐര്‍ലണ്ടുകാരനെ ചുഴന്നിരുന്നതു നിന്ദയാണ്. പ്രകൃതി മുഴുവന്‍ ഒരേ ശബ്ദത്തില്‍ അയാളോടു പറഞ്ഞു; ”പാറ്റ്, നിനക്ക് ആശയ്ക്കവകാശമില്ല. ജനനാല്‍ നീ ഒരടിമ: എന്നും നീ അങ്ങനെ കഴിയും.” ജനനം മുതല്‍ ഇങ്ങനെ കേട്ടുവന്ന പാറ്റ് അതു വിശ്വസിച്ചു: മാസ്മരവിദ്യകൊണ്ടെന്നപോലെ, താണവനെന്നു സ്വയം വിശ്വസിച്ചു. അയാളിലെ ബ്രഹ്മം ചുരുങ്ങിപ്പോയി. എന്നാല്‍ അമേരിക്കയില്‍ കാല്‍കുത്തിയ ഉടനെ ചുറ്റുപാടും അയാള്‍ കേട്ടതിതാണ്; ”പാറ്റ്, നീയും ഞങ്ങളെപ്പോലെ ഒരു മനുഷ്യനാണ്. നിന്നെപ്പോലുള്ള മനുഷ്യനാണ് എല്ലാം ചെയ്തിട്ടുള്ളത്. നിന്നെയും എന്നെയും പോലുള്ള ഒരു മനുഷ്യന്ന് എല്ലാം ചെയ്യാവുന്നതേയുള്ളു. ധൈര്യപ്പെടൂ.” അപ്പോള്‍ പാറ്റ് തല നിവര്‍ത്തി കണ്ടു, അതൊക്കെ ശരിയാണെന്ന്. അയാളിലെ ബ്രഹ്മം ഉണര്‍ന്നു. പ്രകൃതി സ്വയം പറഞ്ഞു എന്നുവേണം പറയാന്‍, ”എഴുന്നേല്‍ക്കൂ: ഉണരൂ: ലക്ഷ്യത്തിലെത്തുന്നതുവരെ നില്ക്കാതെ മുന്നേറു.”അതുപോലെ നമ്മുടെ കുട്ടികള്‍ക്കു കിട്ടുന്ന വിദ്യാഭ്യാസം വളരെ നിഷേധരൂപത്തിലുള്ളതത്രേ. പള്ളിക്കൂടത്തില്‍ പോകുന്ന കുട്ടി ഒരു വസ്തു പഠിക്കുന്നില്ല: എന്നാല്‍ തന്‍േറതായതെല്ലാം തട്ടിത്തകര്‍ക്കുന്നുണ്ടുതാനും. ഫലം ശ്രദ്ധയുടെ അറുതി: വേദവേദാന്തങ്ങളുടെ മികച്ച സ്വരംതന്നെ ശ്രദ്ധയുടേതാണ്. യമനെ നേരിടാനും ചോദ്യങ്ങള്‍ ചോദിക്കാനും നചികേതസ്സിനെ ധൈര്യപ്പെടുത്തിയത് ഈ ശ്രദ്ധയാണ്. ഈ ശ്രദ്ധയിലൂടെയാണ് ലോകം ചലിക്കുന്നത്. അജ്ഞശ്ചാശ്രദ്ദധാനശ്ച സംശയാത്മാ വിനശ്യതി. ”അറിവില്ലാത്തവനും ശ്രദ്ധയറ്റവനും സംശയാലുവും നാശമടയുന്നു.” ഇതുകൊണ്ടാണ് നാം നമ്മുടെ അറുതിയോടു നന്നെയടുത്തിരിക്കുന്നത്. ഇന്നത്തെ പ്രതിവിധി വിദ്യാഭ്യാസം പരത്തുകയാണ്. ഒന്നാമത്, ആത്മജ്ഞാനം. ജടയും ദണ്ഡും കമണ്ഡലുവും ഗിരിഗുഹകളും മറ്റുമല്ല എന്റെ വിവക്ഷിതം – ഇവയെല്ലാമാണ് ആ വാക്കുകൊണ്ടു സൂചിപ്പിക്കാറ്. പിന്നെ എന്താണ് വിവക്ഷ? പ്രാപഞ്ചികജീവിതത്തില്‍നിന്നു മോചനം നല്കുന്ന അറിവ് സാമാന്യമായ ഭൗതികാഭ്യുദയം കൈവരുത്താന്‍ പര്യാപ്തമല്ലേ? നിശ്ചയമായും ആണ്. സ്വാതന്ത്ര്യം, വൈരാഗ്യം, ത്യാഗം – ഇവയൊക്കെയാണ് ഏറ്റവും ഉയര്‍ന്ന ആദര്‍ശങ്ങള്‍. എന്നാല്‍, സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത്. ”ഈ ധര്‍മ്മത്തിന്റെ ചെറിയൊരു മാത്ര മതി വമ്പിച്ച ഭയത്തില്‍നിന്നു രക്ഷിക്കാന്‍.” ദൈ്വതി, വിശിഷ്ടാദൈ്വതി, ശൈവന്‍, വൈഷ്ണവന്‍, ശാക്തന്‍, ബൗദ്ധജൈനാദികള്‍പോലും – ഭാരതത്തിലുടലെടുത്തിട്ടുള്ള മതവിഭാഗക്കാരെല്ലാംതന്നെ – ഈ അംശത്തില്‍ യോജിക്കുന്നു. ജീവാത്മാവില്‍ അപരിമിതമായ ശക്തി ലീനമാണ്. എറുമ്പുമുതല്‍ സിദ്ധന്‍വരെയുള്ളവരിലെല്ലാം ഒരേ ആത്മാവാണുള്ളത്. വ്യത്യാസം ആവിഷ്‌കാരത്തില്‍മാത്രം. ”കൃഷിക്കാരന്‍ പ്രതിബന്ധങ്ങള്‍ മാറ്റുംവണ്ണം.” സന്ദര്‍ഭം, പറ്റിയ ദേശകാലങ്ങള്‍, വന്നാല്‍ ഉടന്‍ ആ ശക്തി സ്വയം ആവിഷ്‌കൃതമാകുന്നു. ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ളവയിലൊക്കെ ഒരേ ശക്തിയാണ് നിലകൊള്ളുന്നത്, അതു വ്യക്തമോ അവ്യക്തമോ ആകട്ടെ. നാം വീടുതോറും നടന്ന് ആ ശക്തിയെ വെളിയിലേക്ക് ആവാഹിക്കേണ്ടിയിരിക്കുന്നു.

രണ്ടാമത്, ഇതോടൊത്ത് വിദ്യാഭ്യാസവും നല്കണം. ഇതു പറയാന്‍ എളുപ്പം. എന്നാല്‍ പ്രായോഗികമാക്കുകന്നതെങ്ങനെ? നമ്മുടെ നാട്ടില്‍ എല്ലാം ത്യജിച്ചവരും നിഃസ്വാര്‍ത്ഥരും ദയാശീലരുമായി ആയിരക്കണക്കിനാളുകളുണ്ട്. അവര്‍ ചുറ്റിനടന്ന് മതപരമായ ഉപദേശങ്ങള്‍ പ്രതിഫലം കൂടാതെ നല്കുന്നതുപോലെ, നമുക്കത്യാവശ്യമായ വിദ്യാഭ്യാസത്തിന്റെ വാഹകര്‍ക്കു വേണ്ട, അദ്ധ്യാപകര്‍ക്കു വേണ്ട, ശിക്ഷണം അവരില്‍ പകുതി പേര്‍ക്കെങ്കിലും നല്കാന്‍ കഴിയും. (അപ്പോള്‍ ആ വിദ്യാഭ്യാസവും അവര്‍ പ്രതിഫലം കൂടാതെ വിതരണം ചെയ്യും.) അതിനു വേണ്ടത് ഓരോ പ്രവിശ്യയുടെയും തലസ്ഥാനത്ത് ഓരോ കേന്ദ്രമാണ്. അവിടങ്ങളില്‍നിന്നു വേണം ഭാരതത്തിലെങ്ങും വ്യാപിക്കുക. മദ്രാസിലും കല്ക്കത്തയിലും ഈയിടെ രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിക്കയുണ്ടായി. കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടുമെന്ന പ്രത്യാശയുണ്ടുതാനും. പിന്നെ, പാവങ്ങള്‍ക്കു വേണ്ട വിദ്യാഭ്യാസത്തിന്റെ ഒരു വലിയ ഭാഗം വായ്‌മൊഴിയായി കൊടുക്കണം. പാഠശാലകള്‍ ഉണ്ടാക്കാന്‍ കാലമായില്ല. ഈ മുഖ്യകേന്ദ്രങ്ങളില്‍, ക്രമേണ കൃഷി, വ്യവസായം മുതലായവ പഠിപ്പിക്കപ്പെടും. കലകളുടെ പുരോഗതിക്കു വേണ്ടി തൊഴില്‍ശാലകള്‍ ഏര്‍പ്പെടുത്തും. യൂറോപ്പിലും അമേരിക്കയിലും ഈ തൊഴില്‍ശാലകളില്‍ ഉണ്ടാക്കുന്ന സാമാനങ്ങള്‍ വിറ്റഴിക്കാന്‍ ഇപ്പോഴുള്ളതുപോലെ മറ്റു സംഘങ്ങളും ഏര്‍പ്പെടുത്തും. പുരുഷന്മാര്‍ക്കെന്നപോലെ സ്ര്തീകള്‍ക്കുവേണ്ടിയുള്ള കേന്ദ്രങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഈ നാട്ടില്‍ ഇതെത്ര വിഷമംപിടിച്ച കാര്യമാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. പിന്നെ, ‘കടിക്കുന്ന പാമ്പു വെച്ച വിഷം എടുക്കതന്നെ വേണം.’ അതു നടക്കുമെന്നാണ് എന്റെ ദൃഢ വിശ്വാസം. ഇതിനു വേണ്ട പണം പടിഞ്ഞാറുനിന്നു വരേണ്ടിയിരിക്കുന്നു. അതുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും നമ്മുടെ മതം പ്രചരിപ്പിക്കണം. ക്രിസ്തുമതത്തെപ്പോലുള്ളവയുടെ അടിത്തട്ട് ആധുനികശാസ്ര്തം തകര്‍ത്തു കളഞ്ഞിരിക്കയാണ്. കൂടാതെ, മതവാസനയെത്തന്നെ ഭോഗപ്രചുരത നശിപ്പിക്കാന്‍ തുടങ്ങുകയുമാണ്. യൂറോപ്പും അമേരിക്കയും പ്രതീക്ഷാനിര്‍ഭരമായി ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നു. ഇതാണ് മനുഷ്യസ്നേഹത്തിനുള്ള സമയം. ഇതാണ് വിമതരുടെ കോട്ടകൊത്തളങ്ങള്‍ കൈവശപ്പെടുത്താന്‍ പറ്റിയ സമയം.പടിഞ്ഞാറു സ്ര്തീഭരണമാണ് നടക്കുന്നത്. പ്രഭാവവും പ്രതാപവുമെല്ലാം അവര്‍ക്കാണ്. ധൈര്യവും ബുദ്ധിശക്തിയും തികഞ്ഞ നിങ്ങളെപ്പോലുള്ള സ്ര്തീകള്‍ – വേദാന്തവ്യുത്പത്തിയുള്ളവര്‍ – ഇംഗ്ലണ്ടില്‍ ചെന്നു മതപ്രചാരണം ചെയ്താല്‍, ഓരോ കൊല്ലവും നൂറുകണക്കിനു സ്ര്തീപുരുഷന്മാര്‍ ഭാരതവര്‍ഷത്തിലെ മതം സ്വീകരിച്ചു ധന്യരാകും. നമ്മുടെ നാട്ടില്‍നിന്നു ചെന്ന ഒരേയൊരു സ്ര്തീ രമാബായിയാണ്. ഇംഗ്ലീഷിലും പാശ്ചാത്യശാസ്ര്തങ്ങളിലും കലകളിലും അവര്‍ക്കുണ്ടായിരുന്ന അറിവ് പരിമിതമാണ്. എന്നിട്ടും അവര്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. നിങ്ങളെപ്പോലുള്ളവര്‍ ആരെങ്കിലും ചെന്നാല്‍ ഇംഗ്ലണ്ട് ഒന്നു കുലുങ്ങും: അമേരിക്കയെപ്പറ്റി പറയേണ്ടതുമില്ല! ഭാരതീയര്‍ഷിമാരുടെ നാവില്‍നിന്നുദിച്ച മതതത്ത്വങ്ങള്‍ ഭാരതീയവേഷത്തിലുള്ള ഒരു ഭാരതീയസ്ര്തീ – പ്രചരിപ്പിച്ചാല്‍ നടക്കാന്‍പോകുന്ന ഒന്നിന്റെ കാഴ്ചയാണ് ഞാന്‍ കാണുന്നത് – പാശ്ചാത്യലോകത്തെ മുഴുവന്‍ ആറാടിക്കുന്ന ഒരു വന്‍തരംഗം ഉയരുകതന്നെ ചെയ്യും. മൈത്രേയി, ഖന, ലീലാവതി, സാവിത്രി, ഉഭയഭാരതി എന്നിവരുടെ നാട്ടില്‍ ഇതു ചെയ്യാന്‍ ധൈര്യപ്പെടുന്ന ഒരു സ്ര്തീ ജനിക്കില്ലെന്നോ? ഈശ്വരന്നറിയാം. ഇംഗ്ലണ്ടിനെ നമുക്കു കീഴടക്കണം, നമുക്കു സ്വായത്തമാക്കണം – ആദ്ധ്യാത്മികശക്തിയിലൂടെ. നാന്യഃ പന്ഥാ വിദ്യതേിയനായ. ”മോക്ഷത്തിനു വേറെ വഴിയില്ല.” സമ്മേളനങ്ങളും സംഘങ്ങളും സംവിധാനം ചെയ്യുന്നതുകൊണ്ടുണ്ടോ വല്ലപ്പോഴും മോക്ഷം കൈവരുന്നു? നമ്മുടെ ആദ്ധ്യാത്മികശക്തിയിലൂടെ നമ്മുടെ വിജേതാക്കളെ നമുക്കു ദേവന്മാരാക്കണം. ഞാന്‍ എളിയൊരു സന്ന്യാസി, പരിവ്രാജകന്‍, നിസ്സഹായന്‍, ഏകാകി. എനിക്കെന്തു സാദ്ധ്യം? നിങ്ങള്‍ക്കു ധനശക്തിയുണ്ട്: വിദ്യാശക്തിയുണ്ട്. ഈ സന്ദര്‍ഭം നിങ്ങള്‍ വൃഥാ കളയുമോ? ഇംഗ്ലണ്ട് യൂറോപ്പ് അമേരിക്ക – ഇവയെ കീഴടക്കുക. ഇക്കാലത്തെ ഏറ്റവും മികവുറ്റ മന്ത്രം ഇതാക്കണം. ഇതിലാണ് നമ്മുടെ നാടിന്റെ നന്മ ഇരിക്കുന്നത്. വ്യാപിക്കലാണ് ജീവിതത്തിന്റെ അടയാളം. നമ്മുടെ ആദ്ധ്യാത്മികാദര്‍ശവുമായി നാം ലോകമെങ്ങും വ്യാപിക്കണം. കഷ്ടം! ഈ ശരീരം മോശമാണ്: വിശേഷിച്ചും ഒരു ബംഗാളിയുടെ ശരീരം. ഇപ്പോള്‍ ചെയ്ത ജോലികൊണ്ടുതന്നെ മാരകമായ ഒരു വ്യാധി അതിനെ പിടികൂടിയിരിക്കുന്നു. എങ്കിലും ആശയ്ക്കു വകയുണ്ട്;

ഉത്പത്‌സ്യതേിസ്തി മമ കോഠിപി സമാനധര്‍മ്മാ
കാലോ ഹ്യയം നിരവധിര്‍വിപുലാ ച പൃഥ്വീ.
”ഈ ജോലി ചെയ്യാന്‍ എന്നോടു തുല്യമായ ചേതനയുള്ള ഒരുവന്‍ ഉണ്ടുതന്നെ: അഥവാ അതിരറ്റ കാലത്തിലും ജനനിബിഡമായ ഭൂമിയിലും അങ്ങനെ ഒരുവന്‍ ഉണ്ടാകും.”

സസ്യഭക്ഷണത്തെപ്പറ്റി എനിക്കു പറയാനുള്ളതിതാണ്. ഒന്നാമത് എന്റെ ഗുരു സസ്യഭുക്കായിരുന്നു. എന്നാല്‍ ദേവിക്കു നിവേദിച്ച മാംസം അവിടുത്തേക്കു കൊടുത്താല്‍ തലവരെ അതുയര്‍ത്തിയിരുന്നു. ജീവിതാപഹരണം നിശ്ചയമായും തിന്മതന്നെ. എന്നാല്‍ രസായന ശാസ്ര്തത്തിന്റെ പുരോഗതിയിലൂടെ സസ്യാഹാരം മനുഷ്യശരീരത്തിനു പിടിക്കുന്നതാക്കിത്തീര്‍ക്കാത്തിടത്തോളം, മാംസഭോജനത്തിനു പകരമായി യാതൊന്നുമില്ല. ഇന്നത്തേതുപോലെ രാജസമായ ചുറ്റുപാടുകളില്‍ ജീവിക്കേണ്ടിയിരിക്കുന്നിടത്തോളം മനുഷ്യന്നു മാംസഭോജനം അനിവാര്യമാണ്. അശോകചക്രവര്‍ത്തി വാളുകാട്ടി ഹിംസകരെ ഭയപ്പെടുത്തിയിട്ട് ദശലക്ഷം ജന്തുക്കളുടെ ജീവിതം രക്ഷിച്ചു എന്നതു സത്യംതന്നെ. എന്നാല്‍ അതിലും ഭയങ്കരമല്ലേ ആയിരം കൊല്ലക്കാ ലമായി നിലനിന്ന അടിമത്തം? (ഒരിടത്ത്) കുറെ ആടുകളെ ഹിംസിക്കുക: മറ്റൊരിടത്ത്, സ്വന്തം ഭാര്യയുടെയും മകളുടെയും മാനം രക്ഷിക്കാനാവാതെ വരുക: സ്വന്തം കുട്ടികള്‍ക്കു കഴിക്കാനുള്ള കൊറ്റു കവര്‍ച്ചക്കാരില്‍നിന്നു രക്ഷിക്കാന്‍ കഴിയാതെ വരുക – ഇവയില്‍ ഏതാണ് കൂടുതല്‍ പാപാവഹം? അദ്ധ്വാനിച്ച് ഉപജീവനം നേടാത്ത മേല്‍ക്കിടയില്‍പ്പെട്ട കുറേപേര്‍ മാംസാഹാരം ഉപേക്ഷിക്കട്ടെ. രാപകല്‍ അദ്ധ്വാനിച്ചു തീറ്റിക്കു വകപ്പടി നേടേണ്ടവരുടെമേല്‍, ബലാത്കാരമായി, സസ്യാഹാരരീതി അടിച്ചേല്പിച്ചത് നമ്മുടെ സ്വാതന്ത്ര്യനാശത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. പോഷകമായ നല്ല ഭക്ഷ്യങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതിന്റെ ഒരുദാഹരണമാണത്രേ ജപ്പാന്‍.

സര്‍വ്വശക്തയായ വിശ്വേശ്വരി നിങ്ങളുടെ ഹൃദയത്തെ പ്രചോദിപ്പിക്കട്ടെ!