യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 459 – ഭാഗം 6 നിര്‍വാണ പ്രകരണം.

അഹമേതേന ചാര്‍ഥേന നോദ്വേഗം യാമി മാനിനി
യദ്യദിഷ്ടതമം ലോകേ തത്തദേവം വിജാനതാ (6/108/22)

വസിഷ്ഠന്‍ തുടര്‍ന്നു: ആ മായക്കാഴ്ച സ്വയം പിന്‍വലിച്ചശേഷം ചൂഡാല ഇങ്ങിനെ ആലോചിച്ചു: ഭാഗ്യവശാല്‍ രാജാവ് സുഖാസക്തിയുടെ പിടിയില്‍ നിന്നും മോചിതനായിരിക്കുന്നു. ഇന്ദ്രന്‍ സ്വര്‍ഗ്ഗീയസുഖങ്ങള്‍ വച്ചുനീട്ടിയിട്ടുപോലും അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആകാശം പോലെയുറച്ച്, നിര്‍മ്മലനായിക്കഴിഞ്ഞിരിക്കുന്നു. ഇനി അദ്ദേഹത്തെ മറ്റൊരു പരീക്ഷണത്തിനുകൂടി വിധേയനാക്കണം. ആകര്‍ഷണ-വികര്‍ഷണങ്ങള്‍: ഇഷ്ടാനിഷ്ടങ്ങള്‍ അദ്ദേഹത്തെ വിട്ടുപോയോ എന്നറിയണം.

ആ രാത്രി ചൂഡാല തന്റെ മായാശക്തിയുപയോഗിച്ച് ഒരു സുഖനന്ദനോദ്യാനവും അതില്‍ ഒരതിമനോഹരമായ ശയ്യയും ഒരുക്കി. ശിഖിധ്വജനെക്കാള്‍ സുന്ദരനായ ഒരു യുവാവിനെ അവള്‍ സൃഷ്ടിച്ചു. അവിടെ ആ ശയ്യയില്‍ തന്റെ കാമുകനായ ഈ ചെറുപ്പക്കാരനുമൊത്ത് മദനിക ആലിംഗനത്തില്‍ ഏര്‍പ്പെട്ടു. ശിഖിധ്വജന്‍ സായാഹ്നതേവാരം കഴിഞ്ഞു തന്റെ പത്നി മദനികയെ അന്വേഷിച്ചു. കുറച്ചു തിരഞ്ഞപ്പോള്‍ ആലിംഗനബദ്ധരായ ഈ മിഥുനങ്ങളെ കണ്ടുപിടിച്ചു. അവരുടെ കാമലീലകളും കണ്ടു. അവളുടെ മുടി അവനെ മൂടിയിരിക്കുന്നു. അവള്‍ അവന്റെ മുഖം രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്തു പിടിച്ചിരിക്കുന്നു. തീവ്രാനുരാഗത്തിന്റെ മുദ്രപതിപ്പിച്ച് അവരുടെ അധരങ്ങള്‍ കോര്‍ത്തിരിക്കുന്നു. പര്സ്പരപ്രേമം അവരുടെ കാമകേളിയില്‍ കാണായി. അവരുടെ ഓരോ ചലനങ്ങളും ആ പ്രണയതീവ്രതയെ പ്രകടമാക്കാന്‍ പോന്നതായിരുന്നു. ഹൃദയാഹ്ളാദം അവരുടെ മുഖങ്ങളെ ശോഭായമാനമാക്കി. നെഞ്ചോടു നെഞ്ച് അമര്‍ന്ന് പരസ്പരം ഇഴുകിയൊന്നായി അവര്‍ ആ ശയ്യാതലത്തില്‍ ലീലയാടി. ചുറ്റുപാടുകളെപ്പറ്റി അവര്‍ക്ക് ബോധമുണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടിട്ടും ശിഖിധ്വജന്‍ കുലുങ്ങിയില്ല.

അവരെ ശല്യപ്പെടുത്താന്‍ നില്‍ക്കാതെ അദ്ദേഹം അവിടെനിന്നും പോകാന്‍ തയ്യാറായി തിരിഞ്ഞുനിന്നു. എന്നാല്‍ ഈ കമിതാക്കള്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ ആഹ്ളാദത്തില്‍ കട്ടുറുമ്പാകാന്‍ നില്‍ക്കുന്നില്ല.’

കുറച്ചു കഴിഞ്ഞു മദനിക ആ ഉദ്യാനത്തില്‍ നിന്നും പുറത്തുവന്നു. രാജാവിന്റെ കണ്ടു. അവള്‍ക്ക് സ്വയം അവജ്ഞതോന്നി.

പക്ഷെ രാജാവ് ചോദിച്ചു: എന്തിനാണ് പ്രിയേ നീ ഇത്രവേഗം അവിടെ നിന്ന് പോന്നത്? എല്ലാ ജീവജാലങ്ങളും സുഖത്തിനായാണ് ജീവിക്കുന്നത്. ഇത്ര അനുയോജ്യരായ ഇണകളെ കണ്ടെത്തുക ദുഷ്കരമാണ്. “ഇത് കണ്ട് എന്നില്‍ കാലുഷ്യമൊന്നും ഇല്ല. കാരണം ഈ ലോകത്ത് മനുഷ്യന് എന്താണ് പ്രിയപ്പെട്ടതെന്ന് എനിക്ക് നല്ലവണ്ണം അറിയാം. കുംഭനും ഞാനും നല്ല സുഹൃത്തുക്കളാണ്. മദനികയോ, ദുര്‍വാസാവിന്റെ ശാപഫലവും.”

മദനിക അദ്ദേഹത്തോട് മാപ്പിരന്നു: പ്രഭോ, സ്ത്രീസ്വഭാവമാണത്. അവരുടെ കൂറ് അചഞ്ചലമല്ല. അവര്‍ക്ക് പുരുഷന്മാരേക്കാള്‍ എട്ടുമടങ്ങ് കാമാസക്തിയുമുണ്ട്. അവര്‍ പൊതുവേ ദുര്‍ബലരാകയാല്‍ അഭികാമ്യനായ ഒരാളെ കാണുമ്പോള്‍ ഉണ്ടാകുന്ന കാമപീഡയെ ചെറുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് എനിക്ക് മാപ്പ് തരിക. പ്രഭോ, ക്രോധമരുതേ.

ശിഖിധ്വജന്‍ പറഞ്ഞു: എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല. എന്നാല്‍ ഇനിമുതല്‍ നിന്നെ ഭാര്യയായിട്ടല്ല, നല്ലൊരു സുഹൃത്തായി മാത്രം ഞാന്‍ കണക്കാക്കാം.

ചൂഡാലയ്ക്ക് സന്തോഷമായി. രാജാവ് കാമക്രോധങ്ങളെ അതിജീവിച്ചിരിക്കുന്നു. അവള്‍ ഉടനെതന്നെ മദനികയായുള്ള തന്റെ പ്രച്ഛന്നവേഷം കളഞ്ഞ് ചൂഡാലയായി രാജാവിന് മുന്നില്‍ നിന്നു.