അതോ ഭഗവതോ മായാ മായിനാമപി മോഹിനീ
യത്സ്വയം ചാത്മവര്‍ത്മാത്മാ ന വേദ കിമുതാപരേ (3-6-39)
യതോ പ്രാപ്യ നിവര്‍ത്തന്തേ വാചശ്ച മനസാ സഹ
അഹം ചാന്യ ഇമേ ദേവാസ്തസ്മൈ ഭഗവതേ നമഃ (3-6-40)

മൈത്രേയന്‍ പറഞ്ഞു:
അനന്തരം ഭഗവാന്‍ കാലത്തിന്റരൂപത്തില്‍ മഹത്‌ തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കുന്നു ഇരുപത്തിമൂന്നു ദേവതകളും പ്രവേശിച്ചു. ഇവയെ ഏകീകരിച്ച്‌ വിഭിന്നങ്ങളായിരുന്നവയെ ആ വിശ്വപുരുഷന്റെ സമഗ്രഭാഗങ്ങളാക്കിതീര്‍ത്തു. അണ്ഠകഠാഹമായി വീണ്ടും ആയിരം ദേവവര്‍ഷങ്ങള്‍ വിശ്വപുരുഷന്‍ സ്വയം പ്രകടമാവാതെയിരുന്നു. അതത്രെ ഭഗവാന്റെ ആദ്യാവതാരം. സ്വയം വിശ്വപുരുഷനായി ഒന്നും (ഹൃദയം) പത്തും (പ്രാണന്‍ തുടങ്ങിയ ശക്തി കേന്ദ്രങ്ങള്‍) മൂന്നും (പത്തിന്ദ്രിയങ്ങളും മനസും ഇന്ദ്രിയഭോഗവസ്തുക്കളെ ബന്ധിപ്പിക്കുന്നു ബുദ്ധിശക്തി) ഏന്നിങ്ങിനെ ഭഗവാന്‍ പ്രകടമായി.

ഭഗവാന്‍ ഈ സാദ്ധ്യതകളെ പ്രകാശമാനമാക്കി. അങ്ങിനെയീ വിശ്വം സൃഷ്ടിക്കപ്പെട്ടു. ജീവനില്‍ പലേവിധ കഴിവുകളും (ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍, മനസ്, ബുദ്ധിശക്തി, വിവേകബുദ്ധി അഹങ്കാരം) അവക്കാവശ്യമായ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. വസ്തുക്കളും വിവേചനശക്തികളും തന്നിലുളള വിനിമയത്തിനാവശ്യമായ ബുദ്ധിയും ഉണ്ടായി.

വിശ്വപുരുഷനില്‍ ബ്രഹ്മാവിന്റെ കേളീരംഗമായ ചിത്തവും നന്മതിന്മകള്‍ തിരിച്ചറിയാനുളള ബുദ്ധിയുമുണ്ടായി. അവന്റെ തലയില്‍നിന്നു്‌ സ്വര്‍ഗ്ഗവും കാലടികളില്‍ നിന്നും ഭൂമിയും ഉദരഭാഗത്തു നിന്നും അന്തഃരീക്ഷവും ഉത്ഭവിച്ചു. ദൈവീകമായ സാത്വികജീവികള്‍ സ്വര്‍ഗ്ഗത്തിലും, മനുഷ്യരും മൃഗങ്ങളും അവരുടെ രാജസീകസ്വഭാവം മൂലം ഭൂമിയിലും, ഭൂതപ്രേതാദികള്‍ തങ്ങളുടെ താമസീക സ്വഭാവത്താല്‍ അന്തരീക്ഷത്തിലും അലയുന്നു.

വിശ്വപുരുഷന്റെ വായില്‍നിന്നും വേദങ്ങളും ഗുരുക്കന്മ‍ാരായ ബ്രാഹ്മണരും ഉണ്ടായി. അവന്റെ കൈകാലുകളുംനിന്നു്‌ ക്ഷത്രിയരുണ്ടായി. അവര്‍ സമൂഹത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവരത്രേ. അവന്റെ തുടകളില്‍ നിന്നു കൃഷികളും വ്യവസായങ്ങളും മറ്റുപ്രവൃത്തികളും ഉല്‍ഭവിച്ചു. വൈശ്യര്‍ എല്ലാവര്‍ക്കുംവേണ്ട ഭക്ഷണം ഉണ്ടാക്കുന്നുവരത്രേ. വിശ്വപുരുഷന്റെ കാലടികളുംനിന്നു്‌ ശൂദ്രന്മ‍ാര്‍ ഉണ്ടായി.ഭഗവാന്റെ സേവനത്തിലേര്‍പ്പെട്ട്‌ എല്ലാവര്‍ക്കും വേണ്ട ജോലികള്‍ ചെയ്യലാണ്‌ ശൂദ്രന്മ‍ാരുടെ കര്‍ത്തവ്യം. ഭഗവല്‍സേവതന്നെയാണ്‌ ശൂദ്രന്മ‍ാരുടെ പ്രവൃത്തികളേതും. ഇങ്ങിനെ ഓരോ വിഭാഗങ്ങളിലുള്ളവരും തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നുതുവഴി ഭഗവാനെ പ്രീതിപ്പെടുത്തുന്നു.

ആ വിശ്വപുരുഷന്റെ മഹിമയെ പൂര്‍ണ്ണമായി വിവരിക്കാന്‍ ആര്‍ക്കു കഴിയും? ആ ഭഗവല്‍നാമമ ഹിമയെ വാഴ്ത്തിപ്പാടുകമാത്രമാണ്‌ നമുക്കുചെയ്യാന്‍ കഴിയുന്ന പ്രയോജനപ്രദമായ ഒരെയൊരു ജോലി. എന്നിലും സൃഷ്ടാവിനുപോലും സ്വയമാമഹിമയെ പൂര്‍ണ്ണമായി വിവരിക്കാനാവില്ല. മായാശക്തിയുടെ അപാരതകൊണ്ട്‌ അപൂര്‍വ്വശക്തിശാലികള്‍ പോലും അതിനടിമപ്പെടുന്നു. ഒരുപക്ഷേ ഭഗവാനുതന്നെ തന്റെ മായാശക്തിയുടെ ആഴമളക്കാന്‍ കഴിയുമോയെന്നു സംശയം. പിന്നെ മറ്റുളളവരുടെ കാര്യം പറയാനുണ്ടോ? എന്നേപ്പോലുളള മുനിമാര്‍ക്കും ദേവന്മ‍ാര്‍ക്കുപോലും അപ്രാപ്യനും മനസിനും വാക്കിനുമതീതനുമായ ഭഗവാന് നമോവാകം.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF