ശ്രീ രമണമഹര്‍ഷി

ചിത്തനിരോധം
മനസിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് മനസിനെ കാണിച്ചുതരൂ. എന്നാല്‍ അതിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് നിങ്ങള്‍ സ്വയം മനസിലാക്കുമെന്നാണ്. കാരണം അത് കുറെ വിചാരങ്ങളുടെ കൂട്ടമാണ്‌. മനസ്സിനെ ശമിപ്പിക്കണമെന്നെ ചിന്തിച്ചതുകൊണ്ടോ ആഗ്രഹിച്ചതുകൊണ്ടോ മാത്രം എങ്ങനെ ശമിപ്പിക്കനൊക്കും? ഈ ചിന്തയോ അനുഗ്രഹമോ പോലും മനസ്സാണ്. പുതിയ വിചാരങ്ങള്‍ ഉളവായി മനസ്സിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ മനസ്സിനെ കൊണ്ടുതന്നെ മനസ്സിനെ മാറ്റാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അതിനാല്‍ അതിനെ നശിപ്പിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം അതിന്‍റെ ആദിയെ കണ്ടുപിടിച്ച് അവിടെ നിന്നുകൊള്ളുകയാണ്. മനസ്സ് സ്വയം മാഞ്ഞുപോകും. യോഗം ചിത്ത നിരോധത്തെ ഉപദേശിക്കുന്നു. ഞാനുപദേശിക്കുന്നത് ആത്മാന്വേഷണമാണ്. പ്രായോഗികമാര്‍ഗ്ഗം ഇതാണ്. ഉറക്കത്തിലും ബോധക്കേടിലും ചിത്തവൃത്തി നിരോധം ഉണ്ടാകുന്നുണ്ട്. പക്ഷേ കാരണം മാറുമ്പോള്‍ ചിത്തവൃത്തി വീണ്ടും ഉണ്ടാകുന്നു. അതിനാല്‍ അതുകൊണ്ടുള്ള ഫലമെന്താണ്? മയക്കത്തില്‍ ദുഃഖമില്ല. മയക്കം മാറുമ്പോഴോ? വീണ്ടും ദുഃഖം. അതു കൊണ്ട് നിരോധം നിഷ്പ്രയോജനമാണ്. അതുകൊണ്ടുള്ള ഗുണം ശാശ്വതമല്ല. ഫലത്തെ സ്ഥായീകരിക്കണമെങ്കില്‍ ദുഃഖഹേതുവെന്തന്നറിയണം. ദുഃഖകാരണം വിഷയങ്ങളാണ്. വിഷയങ്ങളവിടെയില്ലെങ്കില്‍ ദുഃഖവുമില്ല. വിഷയങ്ങളെങ്ങനെയില്ലാതാവുമെന്നാണിനി അറിയേണ്ടത്. വിഷയങ്ങള്‍ മനോസങ്കലപങ്ങളാണെന്ന് ശ്രുതിയും ജ്ഞാനികളും പറയുന്നത്. ഇതു ശരിയാണോ എന്നാരായുക. വിഷയപ്രപഞ്ചം സ്ഥിതിചെയ്യുന്നത് ബോധത്തിന്‍റെ ഇച്ഛാശക്തിയായ അഹന്തയില്‍ തന്നെയാണ്. അഹന്ത എവിടെ നിന്നും വരുന്നു എന്ന് ശ്രദ്ധിച്ചാല്‍ അതുമായും. അവിടെ നിത്യമായ ആത്മാവുമാത്രമവശേഷിക്കും. അതിനന്യമായി ഒന്നുമില്ല. കണ്ണാടി ഇതരവസ്തുക്കളെ പ്രതിഫലിപ്പിക്കും. എതിരേ മറ്റൊരു കണ്ണാടി വന്നാല്‍ പ്രതിഫലനമില്ലാതാവും. അതുപോലെയാണ് ശുദ്ധസത്വമനസ്സും ആത്മാവും.