ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 9

ന ച മാം താനി കര്‍മ്മാണി
നിബധ്നന്തി ധനഞ്ജയ
ഉദാസീനവദാസീന –
മസ്തകം തേഷു കര്‍മ്മസു

അല്ലയോ അര്‍ജ്ജുന, ആ വക വിശ്വസൃഷ്ട്യാദികര്‍മ്മങ്ങള്‍ അവയില്‍ അഭിമാനമില്ലത്തവനും ഉദാസീനനെന്ന പോലെ ഇരിക്കുന്നവനുമായ എന്നെ ബന്ധിക്കുന്നതേയില്ല.

ഉപ്പു കൊണ്ട് അണകെട്ടി ആഴിയുടെ വേലിയേറ്റം തടയാന്‍ കഴിയാത്തത്പോലെ സൃഷ്ടികര്‍മ്മങ്ങളെല്ലാം എന്നിലാണ് പരമമായി അവസാനിക്കുന്നതെങ്കിലും അവയൊന്നും എന്നെ ബന്ധിക്കുന്നതേയില്ല. ഒരു ധൂമപഞ്ജരത്തിന് ആഞ്ഞുവീശുന്ന അനിലനെ തടഞ്ഞുനിര്‍ത്താന്‍ പറ്റുമോ ? തമസ്സിന് സൂര്യബിംബത്തെ തുളച്ചുകയറാന്‍ കഴിയുമോ ? പേമാരിക്ക് പര്‍വതഗര്‍ഭത്തിലിരിക്കുന്ന വസ്തുക്കളെ കുതിര്‍ക്കാന്‍ കഴിയുമോ ? അതുപോലെ പ്രകൃതിയുടെ പ്രവര്‍ത്തികളൊന്നും എന്നെ ബാധിക്കുകയില്ല. പ്രകൃതിയുടെ അവസ്ഥാന്തരഭേദങ്ങള്‍ക്ക് ഞാന്‍ കാരണക്കാരനാണെങ്കിലും ഞാന്‍ ഉദാസീനനാണ്. ഞാന്‍ ഒന്നും തന്നെ ചെയ്യുകയോ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയോ ചെയ്യുന്നില്ല. ഒരു വീട്ടിലിരിക്കുന്ന കത്തുന്ന വിളക്ക് എന്തെങ്കിലും ചെയ്യുന്നതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ, എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് ആരെയെങ്കിലും പിന്തിരിപ്പിക്കുകയോ ചെയ്യുന്നില്ല. ആരാണ് ചെയ്യുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള കാര്യത്തില്‍ അതു ഉദാസീനമാണ്. എന്നാല്‍ ആ വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും അത് സാക്ഷ്യം വഹിക്കുന്നു. അതുപോലെ എല്ലാ ഭൂതജാലങ്ങളുടെയും സൃഷ്ടിയുടേയും ഉറവിടം ഞാനാണെങ്കിലും അവയുടെ പ്രവര്‍ത്തികളില്‍ എനിക്ക് ഉപേക്ഷാഭാവമാണുള്ളത്. അര്‍ജ്ജുനാ, ഈ ഒരേകാര്യം ഏതെല്ലാം വിധത്തിലാണ് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത് ? ഇനിയെങ്കിലും ഓര്‍ത്തിരിക്കുക.