ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 25

നാഹം പ്രകാശഃ സര്‍വ്വസ്യ
യോഗമായാ സമാവൃതഃ
മൂഢോഽ യം നാഭിജാനാതി
ലോകോ മാമജമവ്യയം

യോഗമായയാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ആ കാരണത്താല്‍ മായാമോഹിതമായ ഈ ലോകം എന്നെ ജനനമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.

മായാമോഹം കൊണ്ട് അന്ധരായിത്തീര്‍ന്ന ജീവികള്‍ , ഞാന്‍ പ്രകാശമാണെങ്കില്‍പോലും, തൃഷ്ണ കാരണം എന്നെ കാണുന്നില്ല. ഞാന്‍ അധിവസിക്കാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ ? സലിലത്വമില്ലാതെ സലിലമുണ്ടോ? ആരെയാണ് വായു സ്പര്‍ശിക്കാത്തത് ? ആകാശത്താല്‍ ചുറ്റപ്പെടാത്ത എന്തെങ്കിലുമുണ്ടോ ? യഥാര്‍ത്ഥത്തില്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതു ഞാന്‍ മാത്രമാണ്.