യേമധുച്ഛന്ദസോ ജ്യേഷ്ഠാഃ കുശലം മേനിരേ ന തത്‌
അശപത്‌ താന്‍ മുനിഃ ക്രുദ്ധോ മ്ലേച്ഛാ ഭവത ദുര്‍ജ്ജനാഃ (9-16-33)
സ ഹോവാച മധുച്ഛന്ദാഃ സാര്‍ദ്ധം പഞ്ചാശതാ തതഃ
യന്നോ ഭവാന്‍ സംജാനീതേ തസ്മീംസ്തിഷ്ഠാമഹേ വയം (9-16-34)
ജ്യേഷ്ഠം മന്ത്രദൃശം ചക്രുസ്ത്വാമന്വഞ്ചോ വയം സ്മ ഹി
വിശ്വാമിത്രഃ സുതാനാഹ വീരവന്തോ ഭവിഷ്യഥ
യേ മാനം മേഽനു ഗൃഹ്ണന്തോ വീരവന്തമകര്‍ത്ത മാം. (9-16-35)

ശുകമുനി തുടര്‍ന്നുഃ
പരശുരാമന്‍ ഒരു കൊല്ലം തീര്‍ത്ഥാടനം നടത്തി അച്ഛന്റെ ആശ്രമത്തില്‍ തിരിച്ചെത്തി. ഒരു ദിവസം പരശുരാമന്റെ അമ്മ രേണുക കുളിക്കുമ്പോള്‍ നദിയില്‍ ഒരു ഗന്ധര്‍വ്വന്‍ അപ്സരകന്യകളോടൊത്ത്‌ ക്രീഡിക്കുന്നുതു കണ്ടു. ഇത്രയധികം സൗന്ദര്യമുളള ഗന്ധര്‍വ്വനെ കണ്ട്‌ രേണുകയുടെ മനസ്സ്‌ ചഞ്ചലപ്പെട്ടു. എന്നാല്‍ ഉടനെ ആശ്രമത്തിലേക്ക്‌ മടങ്ങുകയും ചെയ്തു. ജമദഗ്നിമുനിക്ക്‌ ഭാര്യയുടെ മനസ്സില്‍ ഉണ്ടായ ചഞ്ചലത്തെപ്പറ്റി അറിവുണ്ടായി. പാപിക്ക്‌ ശിക്ഷ നല്‍കാന്‍ അദ്ദേഹം തന്റെ പുത്രന്‍മാരോടാഞ്ജാപിച്ചു. പരശുരാമനു മാത്രമെ അതിനു ധൈര്യമുണ്ടായുളളു. പരശുരാമന്‍ അമ്മയുടെ തല വെട്ടി. മകനോട്‌ സംപ്രീതനായ മുനി എന്തു വരമാണ്‌ വേണ്ടതെന്നു ചോദിച്ചപ്പോള്‍ തന്റെ അമ്മയെ ജീവിപ്പിക്കണമെന്നും കൊലപാതകക്കാര്യം അമ്മ ഓര്‍മ്മിക്കാനിടവരരുതെന്നും പരശുരാമന്‍ ആവശ്യപ്പെട്ടു. വരം ഉടനേ തന്നെ നല്‍കപ്പെട്ടു.

അര്‍ജുനന്റെ മക്കള്‍ തങ്ങളുടെ അച്ഛനെ കൊന്നതിന്റെ പ്രതികാരം വീട്ടാന്‍ തക്കം പാര്‍ത്തിരുന്നു. ഒരുദിവസം പരശുരാമന്‍ ആശ്രമത്തിലില്ലാതിരുന്നപ്പോള്‍ അവര്‍ അവിടെ കയറി ജമദഗ്നിമുനിയെ കൊന്നുകളഞ്ഞു. വാവിട്ട്‌ കരഞ്ഞ രേണുകയുടെ സ്വരം കേട്ട്‌ ഓടിയെത്തിയ പരശുരാമന്‍ മരിച്ചുവീണ അച്ഛനെയാണ്‌ കണ്ടത്‌. മഴുവുമെടുത്ത്‌ പരശുരാമന്‍ അര്‍ജുനന്റെ തലസ്ഥാനനഗരിയായ മാഹിസ്മതിയില്‍ ചെന്ന് താനറുത്തെടുത്ത യുദ്ധവീരന്‍മാരുടെ തലകള്‍കൊണ്ടൊരു പര്‍വ്വതം തന്നെയുണ്ടാക്കി. മരിച്ചുവീണവരുടെ ചോരകൊണ്ടവിടെയൊരു പുഴ തന്നെയൊഴുകി. എന്നിട്ടും പരശുരാമന്റെ കോപം ശമിച്ചിരുന്നില്ല. അച്ഛനെ കൊന്നതിന്റെ പ്രതികാരമെന്ന ന്യായത്തില്‍ എല്ലാ ക്ഷത്രിയരേയും ദുഷ്ടരെന്നു കണക്കാക്കി അവരെ ഇരുപത്തൊന്നുവട്ടം സമൂലം നശിപ്പിക്കാന്‍ പരശുരാമന്‍ തിരുമാനിച്ചു.

പരശുരാമന്‍ അച്ഛന്റെ ഉടലും തലയും ചേര്‍ത്തുവച്ചു. എന്നിട്ട്‌ യാഗാഗ്നിക്ക്‌ സമീപം വച്ച്‌ ഭഗവല്‍പ്രീതി വരുത്തി. യാഗാവസാനം തന്റെ കയ്യിലുണ്ടായിരുന്ന സമ്പത്തെല്ലാം യാഗപുരോഹിതര്‍ക്ക്‌ ദാനമായി നല്‍കി. അങ്ങനെ രാജാക്കന്‍മാരെക്കൊന്ന പാപത്തില്‍ നിന്നു്‌ ശുദ്ധിനേടുകയും അശുഭമരണത്തില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളില്‍ നിന്നു്‌ ജമദഗ്നിമുനിക്ക്‌ മോചനമുണ്ടാവുകയും ചെയ്തു. ശരീരം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുകയും ആത്മീയവല്‍ക്കരിക്കുകയും ചെയ്ത്‌ അദ്ദേഹം സപ്തര്‍ഷികളിലൊരാളായി വിശ്വത്തെ സംരക്ഷിക്കുന്നു. പരശുരാമന്‍ മഹേന്ദ്രപര്‍വ്വതത്തില്‍ ഇപ്പോഴും കഴിയുന്നു. അടുത്ത ലോകചക്രത്തില്‍ അദ്ദേഹമൊരു ഋഷിയായിരിക്കും.

ഗാധിക്ക്‌ വിശ്വാമിത്രനെന്ന പേരില്‍ ഒരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്‌ മധുച്ഛന്ദന്‍മാരെന്നറിയപ്പെടുന്ന നൂറ്റിയൊന്നു പുത്രന്‍മാരുണ്ടായിരുന്നു. അദ്ദേഹം അജീഗര്‍ത്തന്റെ മകന്‍ ശൂനശേപനെ ദത്തെടുക്കുകയും അവനെ കനിഷ്ഠപുത്രനാക്കി വാഴിക്കുകയും ചെയ്തു. ഒരു ദിവസം ശൂനശേപനെ യാഗബലിക്കായി ഹരിശ്ചന്ദ്രന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ വിശ്വാമിത്രന്റെ നിര്‍ദ്ദേശപ്രകാരം ദേവതകളെ പ്രീതിപ്പെടുത്തി ശൂനശേപനെ രക്ഷിക്കുകയുണ്ടായി. വിശ്വാമിത്രന്റെ മക്കളില്‍ അമ്പതുപേര്‍ ശൂനശേപനെ മൂത്ത ജ്യേഷ്ഠനായി അംഗീകരിക്കാന്‍ തയ്യാറായില്ല. മുനി അവരെ ചണ്ഡാലന്മാരാവാന്‍ ശപിച്ചു. ബാക്കി അമ്പത്തൊന്നു പേര്‍ ഋഷിയുടെ തീരുമാനം ശിരസാവഹിച്ചു. അവരെ മുനി വീരയോദ്ധാക്കളുടെ പിതാക്കളാവാന്‍ അനുഗ്രഹിച്ചു. ഇങ്ങനെ വിശ്വാമിത്രന്റെ കുലം നിലവില്‍ വന്നു.

ഇസ്രായേലില്‍ ഹസര്‍ എന്ന സ്ഥലത്ത്‌ പുരാവസ്തുഗവേഷകര്‍ കണ്ടെടുത്ത ഒരു പുരാതനനഗരിയില്‍ ഇരുപത്തൊന്നു തവണ അതു നശിപ്പിക്കപ്പെട്ടതിന്റെ തെളിവുകളുണ്ട്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF