ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം

ഓം ഗണപതയെ നമഃ അര്‍ജ്ജുനന്‍ ഭഗവാന്‍ കൃഷ്ണന്‍റെ വിശ്വരൂപദര്‍ശനം അനുഭവപ്പെടുന്ന പതിനൊന്നാം അദ്ധ്യായത്തില്‍ നവരസങ്ങളില്‍പെട്ട രണ്ടു രസങ്ങളാണ് വ്യാപകമായി ഉള്‍ക്കൊണ്ടിരിക്കുന്നത്. അത്ഭുതരസം, ശാന്തരസത്തിന്‍റെ ഗേഹത്തില്‍ മറ്റുളള രസങ്ങളുടെ അകമ്പടിയോടെ, അതിഥിയായി എത്തിയിരിക്കുകയാണ്. കല്യാണവേളയില്‍ വധുവരന്മാരുടെ ബന്ധുക്കള്‍ അണിഞ്ഞൊരുങ്ങി വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്നതുപോലെ, മറ്റ് എല്ലാ രസങ്ങളും ആഡംബരത്തോടെ മറാത്തിഭാഷയാകുന്ന പല്ലക്കില്‍ കയറിയാണ് വന്നിരിക്കുന്നത്. ഇവിടെ മഹാവിഷ്ണുവും മഹേശ്വരനും പ്രേമവായ്പോടെ ആശ്ലേഷിച്ചു നില്‍ക്കുന്നതുപോലെ, ശാന്തവും അത്ഭുതവും രസങ്ങള്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് പീയുഷധാര പകര്‍ന്നുകൊണ്ടു മുന്‍പന്തിയില്‍ നില്‍ക്കുന്നു. പൗര്‍ണമിനാളില്‍ സൂര്യവലയവും ചന്ദ്രവലയവും ഒന്നായിത്തീരുന്നതുപോലെ ഈ രസങ്ങള്‍ ഐക്യം പ്രാപിച്ചിരിക്കുന്നു. ഗംഗയും യമുനയും സംഗമിച്ച് പ്രയാഗയെന്ന പുണ്യസ്ഥലം ഉണ്ടായതുപോലെ, ഈ രണ്ടു രസങ്ങളും പതിനൊന്നാം അദ്ധ്യായത്തില്‍ യോജിച്ച് ഒരു പുണ്യസംഗമസ്ഥാനം ഉണ്ടായിരിക്കുന്നു. തന്മൂലം ഈ അദ്ധ്യായം ശ്രവിക്കാന്‍ ഇടയാകുന്നവരൊക്കെ പവിത്രീകരിക്കപ്പെടുന്നു. ഈ രണ്ടു രസങ്ങളെ രണ്ടു നദിയായ സരസ്വതി ഗീതയുടെ രൂപത്തില്‍ മറഞ്ഞിരിക്കുന്നു. ഭ്രാതാക്കളെ, ഇപ്രകാരം ഈ അദ്ധ്യായത്തില്‍ മൂന്നു പുണ്യനദികളുടെയും സംഗമം ഉണ്ടെന്നറിഞ്ഞാലും. കാതുകളാകുന്ന വാതായനത്തില്‍കൂടി ഈ സംഗമസ്ഥാനത്തേക്കു പ്രവേശിക്കാവുന്നതാണ്. സംസ്കൃതഭാഷയുടെ കാഠിന്യമേറിയ സംഗമസ്ഥാന തീരത്ത് മറാത്തിഭാഷയുടെ മൃദുലമായ കല്‍പടവുകള്‍ സൃഷ്ടിച്ച് സംഗമത്തിലെ പുണ്യജലത്തിലിറങ്ങി മുങ്ങുന്നതിനുളള സൗകര്യം, ധാര്‍മ്മികതയുടെ ഭണ്ഡാരമായ എന്‍റെ ഗുരു നിവൃത്തിനാഥ് നിവര്‍ത്തിച്ചു തന്നിട്ടുണ്ട്. ഭക്തി പുരസ്സരം ഇതിലിറങ്ങി മുങ്ങുന്നവര്‍ക്ക് പ്രയാഗയിലെ സ്നാനംകൊണ്ടു ലഭിക്കുന്ന വിഷ്ണുദര്‍ശനംപോലെ, വിശ്വരൂപദര്‍ശനം നേടി ജീവന്മുക്തരാകാം.

ഇവിടെ നവരസങ്ങളും പൂര്‍ണ്ണഭാവത്തിലായിരിക്കുന്നതു കൊണ്ട് അവ ആനന്ദത്തിന്‍റെ സാമ്രാജ്യം മനുഷ്യരുടെ കാതുകള്‍ക്കു തുറന്നുകൊടുത്തിരിക്കുന്നു. അത്ഭുതത്തിനും ശാന്തരസത്തിനുമാണ് കൂടുതല്‍ പ്രാധാന്യമെങ്കിലും എല്ലാ രസങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയിരിക്കുന്നു. ഇവിടെ അല്പമായിട്ടാണെങ്കിലും മോചനത്തിന്‍റെ വാതിലും തുറന്നിട്ടുണ്ട്. ഈ പതിനൊന്നാം അദ്ധ്യായം ഭഗവാന്‍റെ വിശ്രമത്താവളമാണ്. ഇവിടെ എത്തിച്ചേര്‍ന്ന അര്‍ജ്ജുനന്‍ അതീവ ഭാഗ്യവാനാണ്. എന്തിനാണ്, അര്‍ജ്ജുനന്‍ മാത്രമാണ് ഭാഗ്യവാനെന്നു പറയുന്നത്? ഈ അദ്ധ്യായം ശ്രവിക്കുന്ന എല്ലാവര്‍ക്കും ആ ഭാഗ്യം കൈവരുന്നതാണ്. അതുകൊണ്ട് എല്ലാ സജ്ജനങ്ങളും കൂടുതല്‍ ശ്രദ്ധയോടെ ഇതു കേള്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

നിങ്ങളോടു സുപരിചിതനെപ്പോലെ സംസാരിക്കുന്നത് അനുചിതമാണെന്നു നിങ്ങള്‍ക്കു തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ എന്നെ നിങ്ങളുടെ ഒരു ശിശുവിനെപ്പോലെ കരുതണം. നാം പഠിപ്പിച്ച ഒരു വാക്ക് തത്ത ശരിക്കു സംസാരിക്കുമ്പോള്‍ നാം അതിനെ അഭിനന്ദിക്കാറില്ലെ? ഒരു ശിശുവിന്‍റെ ജല്പനങ്ങളെ അമ്മ പ്രോത്സാഹിപ്പിക്കാറില്ലെ? അതുപോലെ, മഹാജനങ്ങളെ, നിങ്ങളാണ് എന്നെ സംസാരിപ്പിക്കാന്‍ പഠിപ്പിച്ചത് നിങ്ങള്‍ പഠിപ്പിച്ച കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. നിശ്ചയമായും നിങ്ങള്‍ ശ്രദ്ധിക്കണം. ജ്ഞാനത്തിന്‍റെ മഞ്ജുളമായ വൃക്ഷം എന്നില്‍ നട്ടതു നിങ്ങളാണ്. നിങ്ങളുടെ ശ്രദ്ധയാകുന്ന അമൃതജലമൊഴിച്ച് അതിനെ പരിപോഷിപ്പിക്കേണ്ട ചുമതലയും നിങ്ങള്‍ക്കുളളതാണ്. അപ്പോള്‍ അതിന്മേല്‍ നവരസപുഷ്പങ്ങള്‍ വിരിയും. അര്‍ത്ഥസമ്പുഷ്ടതയുടെ കനികള്‍ കായ്ക്കും. അങ്ങനെ നിങ്ങളുടെ ശ്രദ്ധയില്‍കൂടി ലോകത്തിനാസകലം അഗാധമായ ആനന്ദവും ലഭിക്കും.

ജ്ഞാനദേവന്‍റെ വാഗ്ധേരണി എല്ലാവരേയും രസിപ്പിച്ചു. അവര്‍ അത്യധികമായ ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു:

നിങ്ങളുടെ പ്രവൃത്തിയെ ഞങ്ങള്‍ തികച്ചും അഭിനന്ദിക്കുന്നു. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളോടു പറയുക.

നിവൃത്തിനാഥിന്‍റെ ശിഷ്യന്‍ തുടര്‍ന്നു പറഞ്ഞു:

സാധാരണക്കാരനായ എന്നെപ്പോലെയുളള ഒരുവന്‍, കൃഷ്ണ ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞ ഗഹനങ്ങളായ ആശയങ്ങളെപ്പറ്റി എങ്ങനെയാണു പറയുക. എന്നാല്‍ ആ ആശയങ്ങളെ വാക്കുകളാകുന്ന വസ്ത്രങ്ങളണിയിക്കാനുളള പ്രാഭവം നിങ്ങള്‍ എനിക്കു നല്‍കി സഹായിച്ചാല്‍ ഞാന്‍ അപ്രകാരം ചെയ്യാം. ശ്രീരാമന്‍റെ സഹായംകൊണ്ടല്ലെ പച്ചിലകളും തിന്ന് കാട്ടില്‍ ജീവിച്ചിരുന്ന കുരങ്ങന്മാര്‍ ലങ്കേശ്വരനായ രാവണനെ തോല്പിച്ചത്? ശ്രീകൃഷ്ണന്‍റെ അനുഗ്രഹം കൊണ്ടല്ലെ അര്‍ജ്ജുനന്‍ ഏകനായി കൗരവരുടെ പതിനൊന്ന് അക്ഷൗഹിണിപ്പടകളെ തകര്‍ത്തുതരിപ്പണമാക്കിയത്? അങ്ങനെ സര്‍വ്വശക്തന്‍ വിചാരിച്ചാല്‍ സാധാരണക്കാര്‍ക്കുപോലും ഈ ലോകത്ത് എന്തും ചെയ്യാന്‍ കഴിയും. മഹാത്മാക്കളായ നിങ്ങള്‍ വിചാരിച്ചാല്‍ എന്നെക്കൊണ്ട് ഗീതയുടെ അര്‍ത്ഥം വ്യാഖ്യനിപ്പിക്കാന്‍ കഴിയും. വൈകുണ്ഠനാഥനായ കൃഷ്ണന്‍റെ മുഖാരവിന്ദത്തില്‍ നിന്നു നിര്‍ഗളിച്ചതാണ് ഗീത. വേദങ്ങള്‍ പുകഴ്ത്തുകയും തേടിനടക്കുകയും ചെയ്യുന്ന സാക്ഷാല്‍ പരമാത്മാവുതന്നെ ഗീതയിലൂടെ പ്രഭാഷണം നടത്തുമ്പോള്‍ അതിന്‍റെ പ്രഭാവം, അഹോ, എത്രമാത്രമാണ്. പരമശിവന്‍റെ മനസ്സിനുപോലും മങ്ങലേല്‍പ്പിക്കുവാന്‍ കഴിയുന്ന ഇതിന്‍റെ മാഹാത്മ്യം എങ്ങനെയാണ് ഞാന്‍ പറയുക? ആകയാല്‍ അങ്ങേയറ്റം ഭയഭക്തിബഹുമാനത്തോടും അതിലേറെ സ്നേഹത്തോടുംകൂടി ഞാന്‍ അത്യുത്കൃഷ്ടമായ ഗീതയെ വണങ്ങിക്കൊണ്ട് അതിന്‍റെ സാരം നിങ്ങളോടു പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.

ജഗത്ത് മുഴുവനും ഭഗവാന്‍ കൃഷ്ണനില്‍ അടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം സര്‍വ്വഗനായി ജഗത്തിലൊട്ടാകെ വര്‍ത്തിക്കുന്നുവെന്നുമുളള ആത്മജ്ഞാനം അര്‍ജ്ജുനന് ലഭിച്ചുകഴിഞ്ഞു. അതോടെ വിശ്വം മുഴുവന്‍ വ്യാപിച്ചുനില്‍ക്കുന്ന സര്‍വ്വവ്യാപിയായ ജഗദീശ്വരനെ തന്‍റെ കണ്ണുകള്‍കൊണ്ടുതന്നെ കാണണമെന്നുളള മോഹം അര്‍ജ്ജുനന്‍റെ മനസ്സില്‍ അങ്കുരിച്ചു. അര്‍ജ്ജുനന്‍ ചിന്തിച്ചു:

എങ്ങനെയാണ് ഞാന്‍ ഇത് ഭഗവാനോടു പറയുന്നത്. അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരരായിട്ടുളളവര്‍പോലും ഇതുവരെ ഇതു ഭഗവാനോട് ആവശ്യപ്പെട്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഭഗവാനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അമ്മയേക്കാള്‍ കൂടുതല്‍ സ്നേഹം എനിക്കാണെന്നു പറഞ്ഞാല്‍ ശരിയായിരിക്കുമോ? അവര്‍പോലും അദ്ദേഹത്തോട് ഈ ദര്‍ശനം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ എന്‍റെ നാഥനെ എത്രമാത്രം സേവിക്കുന്നുണ്ടെങ്കിലും എന്‍റെ സേവനം ഗരുഡന്‍റെ സേവനത്തിനൊപ്പമെത്തുമോ? എന്നിട്ടും ഗരുഡന്‍ ഈ ദര്‍ശനത്തെപ്പറ്റി അദ്ദേഹത്തോട് ഒരു വാക്ക് പറയാന്‍പോലും ധൈര്യപ്പെട്ടിട്ടില്ല. ഭക്തോത്തമന്മാരായ സനകാദിമുനികളേക്കാള്‍ സാമീപ്യം എനിക്ക് അദ്ദേഹത്തിനോടുണ്ടോ? അവരുടെയാരുടെയും ഭാവനയില്‍ വിശ്വരൂപദര്‍ശനത്തെപ്പറ്റിയുളള ചിന്ത എത്താതിരുന്നത് എന്തുകൊണ്ടാണ്? കൃഷ്ണനില്‍ അനുരക്തരായിരുന്ന ഗോകുലത്തിലെ ഗോപികമാരോടും ഗോപാലന്മാരോടും ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രേമവായ്പ് ഭഗവാന് എന്നോടുണ്ടാകുമോ? അവരെയെല്ലാം തന്‍റെ ബാലലീലകള്‍ കാട്ടി വിസ്മയിപ്പിക്കുക മാത്രമല്ലെ അദ്ദേഹം ചെയ്തുളളു? അംബരീഷരാജാവിനുവേണ്ടി പത്തുപ്രാവശ്യം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കാന്‍ തയ്യാറായിട്ടും തന്‍റെ വിശ്വരൂപം വെളിവാക്കിക്കാട്ടാന്‍ ഭഗവാന്‍ കൂട്ടാക്കിയിട്ടില്ല. അപ്രകാരമുളള ഭഗവാന്‍റെ അത്യന്തം ഗുഹ്യമായ വിശ്വരൂപം തനിക്കു ലഭ്യമാക്കിത്തരണമെന്ന് എങ്ങനെയാണ് പൊടുന്നനെ അദ്ദേഹത്തോടു പറയുന്നത്? എന്നാല്‍ ആ വിശ്വരൂപം കാണാതെ എന്‍റെ ഹൃദയത്തിന് ആനന്ദം ലഭിക്കുകയില്ല. ജീവിതംതന്നെ അസഹ്യമായിത്തീരും. അതുകൊണ്ട് കരുതലോടെ ഞാന്‍ അത് ആവശ്യപ്പെടും. അദ്ദേഹത്തിന്‍റെ ഇച്ഛപോലെ നടക്കട്ടെ.

അര്‍ജ്ജുനന്‍ തന്മയത്വത്തോടെ അവന്‍റെ ആഗ്രഹം സരസമായി ഭഗവാന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. അര്‍ജ്ജുനന്‍റെ ചാതുര്യമേറിയ വാക്കുകള്‍ ഭഗവാന്‍റെ ഹൃദയത്തെ പൂര്‍ണ്ണമായി വശീകരിച്ചു. അദ്ദേഹം തന്‍റെ വിശ്വരൂപം അര്‍ജ്ജുനന് വെളിവാക്കിക്കൊടുത്തു. തന്‍റെ കിടാവിനെ കാണുമ്പോള്‍ത്തന്നെ പശു സ്നേഹം ചുരത്തും. അതു തന്‍റെ മുല കുടിക്കുമ്പോള്‍ ഇഷ്ടംപോലെ പാലും ചുരത്തിക്കൊടുക്കും. പാണ്ഡവരെ രക്ഷിക്കാന്‍ കാനനത്തില്‍ പാഞ്ഞെത്തിയവനല്ലെ കാര്‍വര്‍ണന്‍? അര്‍ജ്ജുനന്‍റെ ആഗ്രഹം എങ്ങനെ അദ്ദേഹത്തിനു നിരാകരിക്കാന്‍ കഴിയും? യഥാര്‍ത്ഥ‍ത്തില്‍ അച്യുതന്‍ പ്രേമസ്വരൂപനാണ്. അന്‍പിന്‍റെ അവതാരമാണ്. അര്‍ജ്ജുനന്‍റെ അന്‍പ് അംബുജാക്ഷന്‍റെ അന്‍പിനെ ഉത്തേജിപ്പിച്ചു. ഇപ്രകാരമുളള രണ്ടു ഹൃദയങ്ങള്‍ സംയോജിക്കുമ്പോള്‍ അവിടെ ഭിന്നഭാവം എങ്ങനെ നിലനില്‍ക്കും? ഭഗവാന്‍ അര്‍ജ്ജുനനു നല്‍കിയ വിശ്വരൂപദര്‍ശനത്തെപ്പറ്റി ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.