സ്വാമി വിവേകാനന്ദന്‍

(ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടര്‍ച്ച)

നമ്മുടെ മനു പ്രഖ്യാപിച്ചിട്ടുണ്ട്;
ആദദീത പരാം വിദ്യാം പ്രയത്‌നാദവരാദപി
അന്ത്യാദപി പരം ധര്‍മ്മം സ്ര്തീരത്‌നം ദുഷ്‌കുലാദപി.
”താണ കുലത്തില്‍ പിറന്നവളെങ്കിലും സ്ര്തീരത്‌നത്തെ ഭാര്യയായി കൈക്കൊള്ളുക. നീചകുലത്തില്‍ ജനിച്ച ഗുരുവിനെപ്പോലും ശുശ്രൂഷിച്ച് പരവിദ്യ വശമാക്കുക: ചണ്ഡാലനെപ്പോലും സേവിച്ച് മോക്ഷ മാര്‍ഗ്ഗം ധരിക്കുക.” നല്ലതെല്ലാം മറ്റുള്ളവരില്‍നിന്നു പഠിക്കുക. പക്ഷേ അതുള്‍ക്കൊള്ളണം: സ്വന്തമായ രീതിയില്‍ സാത്മ്യപ്പെടുത്തണം. മറ്റുള്ളവരായിത്തീരരുത്: ഈ ഭാരതീയജീവിതത്തില്‍നിന്നു വലിച്ചുമാറ്റപ്പെടരുത്: ഭാരതീയര്‍ മറ്റുള്ളവരെപ്പോലെ വസ്ര്തം ധരിക്കുന്നതുകൊണ്ടും, ഭക്ഷണം കഴിക്കുന്നതുകൊണ്ടും, പെരുമാറുന്നതുകൊണ്ടും, ഭാരതത്തിനു മെച്ചമുണ്ടാകുമെന്ന് ഒരു നിമിഷംപോലും കരുതരുത്. കുറേക്കൊല്ലം കൊണ്ടു രൂപപ്പെട്ടിട്ടുള്ള നടപടിപോലും വെടിയുക എത്ര ദുഷ്‌കരമാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. എത്ര സഹസ്രാബ്ദങ്ങളാണ് നിങ്ങളുടെ രക്തത്തില്‍ കലര്‍ന്നിട്ടുള്ളതെന്ന് ഈശ്വരനേ അറിയാവൂ. സവിശേഷത ആര്‍ജ്ജിച്ചിട്ടുള്ള ഈ ജനതാജീവിതം ഒരു സവിശേഷസരണിയില്‍ക്കൂടി എത്ര സഹസ്രാബ്ദങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന് ഈശ്വരനേ അറിയാവൂ. മിക്കവാറും വന്‍കടലിനോടടുത്ത ഈ വമ്പിച്ച പ്രവാഹം ഹിമാലയത്തിലെ മഞ്ഞുകട്ടകളിലേക്കു മടങ്ങണമെന്നാണോ നിങ്ങള്‍ പറയാന്‍ പോകുന്നത്? അസാദ്ധ്യം. അതിനു ശ്രമിച്ചാല്‍, അതു ഛിന്നഭിന്നമാകയേയുള്ളു. അതുകൊണ്ട് ജനതയുടെ ജീവിത പ്രവാഹത്തിനു വഴി കൊടുക്കുക. ഈ വമ്പിച്ച പ്രവാഹത്തിന്റെ പുരോഗതി മുടക്കുന്ന പ്രതിബന്ധങ്ങള്‍ എടുത്തുമാറ്റുക: അതിന്റെ വഴി വെടിപ്പാക്കുക. സരണി നിര്‍മ്മലമാക്കുക. അപ്പോള്‍, തനതു തള്ളല്‍കൊണ്ട് അതു വെളിയിലേക്കു കുതിച്ചുകൊള്ളും. (നമ്മുടെ) ജനതയുടെ പ്രയാണം തുടരുകയും ചെയ്യും.

ഭാരതത്തിലെ ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങള്‍ ഈ വഴികളിലൂടെ വേണമെന്നാണ് എന്റെ വിനീതമായ സൂചന. വമ്പിച്ച പല പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. സമയമില്ലാത്തതുകൊണ്ട് ഇന്നു രാത്രി അവ ഉന്നയിക്കുന്നില്ലെന്നേയുള്ളു. ഉദാഹരണം, അദ്ഭുതകരമായ ആ ജാതിപ്രശ്‌നം തന്നെ. എന്റെ ജീവിതം മുഴുവന്‍ ഈ പ്രശ്‌നം, അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങളിലൂടെ, ഞാന്‍ പഠിച്ചുവരികയാണ്. ഭാരതത്തിലെ ഏതാണ്ടെല്ലാ ദേശങ്ങളിലും ഈ പ്രശ്‌നം ഞാന്‍ പഠിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും ആളുകളുമായി ഞാന്‍ ഇടപഴകിയിട്ടുണ്ട്. ജാതിയുടെ കഴമ്പെന്തെന്ന് അറിയാന്‍ പാടില്ലാത്തവണ്ണം എന്റെ മനസ്സ് പതറിയിരിക്കയാണ്. അറിയാന്‍ കൂടുതലായി യത്‌നിക്കുന്തോറും കൂടുതല്‍ പരിഭ്രമിക്കയാണ് ഞാന്‍. എങ്കിലും, ഒടുക്കം, സ്വല്പമൊരു വെളിച്ചം എന്റെ മുമ്പിലുള്ളതായി എനിക്കു കാണാം. ഇപ്പോള്‍ അതിന്റെ സാരമെന്തെന്ന് അറിഞ്ഞുതുടങ്ങിയിരിക്കയാണ് ഞാന്‍. പിന്നെ, തിന്നുന്നതിനെയും കുടിക്കുന്നതിനെയും പറ്റിയുള്ള മറ്റേ വലിയ പ്രശ്‌നമുണ്ട്. അതൊരു വലിയ പ്രശ്‌നംതന്നെയാണ്. സാധാരണ നാം ചിന്തിക്കുന്നതുപോലെ അത്ര വ്യര്‍ത്ഥമായ ഒരു കാര്യമല്ല അത്. എന്റെ നിഗമനമിതാണ്; തിന്നുന്നതിനെയും കുടിക്കുന്നതിനെയും പറ്റി ഇപ്പോള്‍ നാം കാട്ടുന്ന നിര്‍ബ്ബന്ധം ഏറ്റവും വിചിത്രമാണ്. ഈ നിര്‍ബ്ബന്ധത്തിന്റെ പോക്കുശാസ്ത്രവിധികള്‍ക്കു വിപരീതവുമാണ്. നാം കഴിക്കുന്ന ആഹാരത്തിന്റെ ശരിയായ ശുദ്ധിയെ വകവെയ്ക്കാതിരുന്നാല്‍ തകരാറു പിണയും എന്നാണ് ശാസ്ത്രം പറയുന്നത്, ഇതിന്റെ സാരം നാം തള്ളിക്കളഞ്ഞിരിക്കയാണ്.

മറ്റു ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാനും, അവയ്ക്ക് എങ്ങനെ സമാധാനമാകാമെന്നു കാട്ടാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ ആശയങ്ങള്‍ എങ്ങനെ പ്രയോഗത്തില്‍ കൊണ്ടുവരാമെന്നു കാട്ടാനും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, കഷ്ടമെന്നു പറയട്ടെ, ഈ സമ്മേളനത്തിനു കുറേ താമസം പറ്റിയതുകൊണ്ട് ഇനിയും കൂടുതല്‍ നിങ്ങളെ ഇരുത്തി താമസിപ്പിക്കാന്‍ ഞാന്‍ വിചാരിക്കുന്നില്ല. അതിനാല്‍ ജാതിയെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചുമുള്ള എന്റെ ആശയങ്ങള്‍ ഭാവിയിലൊരു സന്ദര്‍ഭത്തില്‍ പ്രകാശിപ്പിച്ചുകൊള്ളാം.

ഇപ്പോള്‍ ഒരു വാക്കുകൂടി പറഞ്ഞ് ഈ ആദ്ധ്യാത്മികാശയങ്ങള്‍ അവസാനിപ്പിച്ചേക്കാം. ഭാരതത്തില്‍ നെടുനാളായി മതം നിഷ്‌ക്രിയമായിരിക്കയാണ്. നമ്മുടെ ആവശ്യം അതിനെ സക്രിയമാക്കുകയാണ്. ഓരോരുത്തന്റെയും ജീവിതത്തില്‍ മതം കൊണ്ടുവരുകയാണ് എന്റെ ഉന്നം. പണ്ടു സാധാരണമായിരുന്നപോലെ, നാട്ടിലുള്ള രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ഏറ്റവും പാവപ്പെട്ട കൃഷിക്കാരുടെ കുടിലുകളിലും, മതം കടന്നുചെല്ലണം. നമ്മുടെ വംശത്തിന്റെ പൊതുവെയുള്ള പൈതൃകസമ്പത്തായ, ജന്മാവകാശമായ, മതത്തെ ഓരോരുത്തന്റെയും പടിവാതില്ക്കല്‍ ചെലവുകൂടാതെ എത്തിക്കണം. ഈശ്വരദത്തമായ വായുവിനെപ്പോലെ ഭാരതത്തില്‍ മതത്തെയും സുലഭവും സ്വതന്ത്രവുമാക്കണം. ഇതാണ് ഭാരതത്തില്‍ നമുക്കു ചെയ്യാനുള്ള ജോലി. ചെറിയ മതവിഭാഗങ്ങളെ രൂപപ്പെടുത്തിയും ഇവ തമ്മിലുള്ള ഭേദങ്ങളെപ്പറ്റി കലഹിച്ചും ചെയ്യാനുള്ളതല്ല ഇത്. നമുക്കു യോജിപ്പുള്ള സംഗതികള്‍ പ്രചരിപ്പിക്കാം. ഭേദങ്ങള്‍ സ്വയം പരിഹരിക്കപ്പെടാന്‍ വിടാം. കൂടെക്കൂടെ ഞാന്‍ ഭാരതീയജനതയോടു പറഞ്ഞിട്ടുള്ളതു പോലെ ഒരു മുറിയില്‍ ശതാബ്ദങ്ങളായി ഇരുട്ടു കെട്ടിക്കിടക്കുകയാണെങ്കില്‍, ”ഓ! ഇരുട്ട്! ഇരുട്ട്!” എന്നു വിളിച്ചുപറയുന്നതുകൊണ്ട് ഇരുട്ടു മാറിപ്പോകുമോ? വെളിച്ചം ഉള്ളിലേക്കു കൊണ്ടുവരു. ഉടനടി, സ്വയം ഇരുട്ടു മാറിക്കൊള്ളും. ഇതാണ് മനുഷ്യനെ പരിഷ്‌കരിക്കുന്നതിലെ രഹസ്യം. കൂടുതല്‍ ഉത്കൃഷ്ടമായ വസ്തുതകള്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക. ആദ്യം മനുഷ്യനില്‍ വിശ്വസിക്കു. മനുഷ്യന്‍ വീണുകെട്ടവനാണെന്ന വിശ്വാസത്തോടെ തുടങ്ങുന്നതെന്തിന്? ഇങ്ങേ അറ്റത്തെ മനുഷ്യനിലും എന്റെ വിശ്വാസത്തിന് ഒരിക്കലും തളര്‍ച്ച പറ്റിയിട്ടില്ല. മനുഷ്യരില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നിടത്തൊക്കെ, ആദ്യം സാദ്ധ്യതകള്‍ വളരെയൊന്നും തെളിഞ്ഞിരുന്നില്ലെങ്കിലും, കാലക്രമത്തില്‍ അതു വിജയിക്കതന്നെ ചെയ്തു. ഒരുവന്‍ വളരെ വിജ്ഞനെന്നോ ഏറ്റവും അജ്ഞനെന്നോ തോന്നിയാലും മനുഷ്യനില്‍ വിശ്വസിക്കുക. ഒരുവന്‍ ദേവദൂതനെന്നോ ചെകുത്താനെന്നോ തോന്നിയാലും, ആ മനുഷ്യനില്‍ വിശ്വസിക്കുക. ഒന്നാമതായി, മനുഷ്യനില്‍ വിശ്വാസമുണ്ടാകട്ടെ: പിന്നെ ആ വിശ്വാസംവെച്ചുകൊണ്ട്, അയാള്‍ക്കു കുറ്റങ്ങളുണ്ടായാലും, അയാള്‍ തെറ്റുകള്‍ ചെയ്താലും, ഏറ്റവും വികൃതവും നീചവുമായ സിദ്ധാന്തങ്ങള്‍ മുറുകെ പിടിച്ചാലും, ഇതൊക്കെ അയാളുടെ തനിപ്രകൃതിയില്‍നിന്നല്ല വന്നതെന്നും, മറിച്ചു കൂടുതല്‍ ഉത്കൃഷ്ടമായ ആദര്‍ശങ്ങളില്ലാത്തതിനാലാണ് വന്നതെന്നും,  കരുതുക. ഒരുവന്‍ തെറ്റിലേക്കു പോകുന്നതിന്റെ കാരണം അവന് ശരി കിട്ടാത്തതത്രേ. അതിനാല്‍ തെറ്റു തിരുത്താനുള്ള ഒരേയൊരു വഴി ശരി നല്കുകയാണ്, അതു ചെയ്യണം. അയാള്‍ ഇതു രണ്ടും തുലന ചെയ്യട്ടെ. സത്യമായിട്ടുള്ളത് അയാള്‍ക്കു കൊടുക്കുക. അതോടുകൂടി നിങ്ങളുടെ ജോലി തീര്‍ന്നു. അയാള്‍ തന്റെ പക്കല്‍ മുമ്പുള്ളതിനെയും ഈ സത്യത്തെയും മനസ്സില്‍വെച്ചു തുലനം ചെയ്യട്ടെ. എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക; വാസ്തവത്തില്‍ നിങ്ങള്‍ അയാള്‍ക്കു നല്കിയിട്ടുള്ളതു സത്യമാണെങ്കില്‍, അസത്യം മറയണം: വെളിച്ചം ഇരുട്ടിനെ ഓടിക്കണം: സത്യം നന്മയെ വെളിപ്പെടുത്തും. ആദ്ധ്യാത്മികമായി നാടു പരിഷ്‌കരിക്കാന്‍ ഇതാണ് വഴി: ഇതാണ് വഴി, അല്ലാതെ തമ്മില്‍ തല്ലുകയല്ല: ചെയ്യുന്നതെല്ലാം തെറ്റാണെന്ന് ആളുകളോടു പറയുക പോലുമല്ല. അവരുടെ മുമ്പില്‍ നന്മ വെയ്ക്കുക: എത്ര ഔത്‌സുക്യത്തോടുകൂടി അവര്‍ അതു കൈക്കൊള്ളുന്നുവെന്നു നോക്കിക്കാണുക. ഒരിക്കലും നശിക്കാത്തതും, മനുഷ്യനില്‍ സദാ കുടികൊള്ളുന്നതുമായ ദിവ്യത ഉണര്‍ന്നെഴുന്നേറ്റ് പ്രശസ്യവും മഹനീയവുമായതിന്റെയെല്ലാം നേരെ കൈ നീട്ടുന്നതെങ്ങനെയെന്നു കണ്ടുകൊള്ളുക.

നമ്മുടെ വംശത്തിന്റെ സ്രഷ്ടാവും പാലകനും രക്ഷിതാവും, നമ്മുടെ പൂര്‍വികന്മാരുടെ ഈശ്വരനും, വിഷ്ണു ശിവന്‍ ശക്തി ഗണപതി എന്നൊക്കെ വെളിപ്പെടുന്നവനും, സഗുണനായോ നിര്‍ഗുണ നായോ, സ്വരൂപനായോ അരൂപനായോ ആരാധിക്കപ്പെടുന്നവനും, ഏകം സദ് വിപ്രാ ബഹുധാ വദന്തി, ”ഉള്ളതൊന്ന്, വിജ്ഞര്‍ അതിനു പല പേരുകള്‍ നല്കുന്നു,” എന്ന് നമ്മുടെ പൂര്‍വികരാല്‍ അറിഞ്ഞു സംബോധിതനുമായ അവിടുന്നു ശക്തിമത്തായ പ്രേമത്തോടുകൂടി നമ്മില്‍ ആവേശിക്കട്ടെ: അവിടുന്നു നമ്മുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയട്ടെ: നമുക്കു പരസ്പരബോധം നല്കട്ടെ: സത്യത്തോടുള്ള യഥാര്‍ത്ഥവും തീവ്രവുമായ പ്രേമത്തോടുകൂടി, നമുക്കൊക്കെ നന്മ വരുവാന്‍വേണ്ടി, നമ്മെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കട്ടെ; വ്യക്തിപരമായ പേരിനും അന്തസ്സിനും നന്മയ്ക്കും വേണ്ടിയുള്ള കൊതിയുടെ കണികപോലും ഭാരതത്തിന്റെ ആദ്ധ്യാത്മികനവീകരണത്തിന്നായുള്ള വമ്പിച്ച പ്രവൃത്തിയില്‍ കടക്കാതിരിക്കട്ടെ!