അമൃതാനന്ദമയി അമ്മ

പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്ന ഒന്നും നമ്മുടെ പ്രവൃ‍ത്തികളില്‍ ഉണ്ടാവരുതെന്ന് അമ്മ പലതവണ പറഞ്ഞിട്ടുണ്ട്. ശാസ്താവും ഇതുതന്നെയാണ് പറയുന്നത്. എന്നിട്ട് പ്രക‍ൃതിസംരക്ഷണത്തിന് ആരെങ്കിലും തുനിയുന്നുണ്ടോ? ഇല്ല എന്നുതന്നെ പയേണ്ടിവരും. ഇക്കാര്യത്തില്‍ പാശ്ചാത്യര്‍ നമ്മെക്കാള്‍ ഏറെ മുന്നിലാണ്. സുനാമി മൂലം ധാരാളം ആളുകള്‍ മരിച്ച ആലപ്പാട് പഞ്ചായത്തില്‍ ഇപ്പോള്‍ ഒരു ലക്ഷത്തോളം തുളസിച്ചെടികള്‍ വളരുന്നുണ്ട്. ആശ്രമത്തിലെ രണ്ടു വിദേശി മക്കളുടെ ഉത്സാഹമാണ് ഇതിന്റെ പിന്നില്‍. അതിരാവിലെ ആശ്രമത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ സഞ്ചരിച്ച് ഈ തുളസിച്ചെടികള്‍ക്ക് വെള്ളവും വളവും നല്കാന്‍ ആ ജര്‍മ്മന്‍ പെണ്‍കുട്ടികള്‍ സൈക്കളിലാണ് യാത്രയാവുന്നത്. ഇപ്പോള്‍ അവരുടെ സഹായത്തിന് നാട്ടുകാരുമുണ്ട്. തുളസിയുടെ മഹത്ത്വമറിഞ്ഞവരാണ് അവര്‍.

മറിച്ച് ഇവിടെ നമ്മള്‍ എന്താണു ചെയ്യുന്നത്? കാവും വനവും വെട്ടിവെളുപ്പിക്കുന്നു. അതിനു പകരം നമ്മള്‍ എന്താണ് നടുന്നത്? വ്യവസായത്തിന് യോജിച്ച, ലാഭമുണ്ടാക്കാന്‍ പറ്റിയ ചില മരങ്ങള്‍. അവ വളരണമെങ്കില്‍ കൃത്രിമവളവും കീടനാശിനികളും ഒക്കെ വേണം. നാട്ടുമരങ്ങളുടെ കീടപ്രതിരോധശക്തി അവയ്ക്കില്ല. സന്ധ്യക്ക് ഈശ്വരപൂജയെ ഓര്‍മ്മിപ്പിക്കുന്ന, നറുമണം പരത്തുന്ന പിച്ചിയുടെയും ഗന്ധരാജനായ മുല്ലയുടെയും സ്ഥാനത്ത് ഇന്ന് വീട്ടുമുറ്റങ്ങള്‍ അലങ്കരിക്കുന്നത് കള്ളിമുള്‍ച്ചെടികളാണ്. കണ്ണാന്തളിപ്പൂക്കളെക്കുറിച്ച് ഈയിടെ ‘മാത്യഭൂമി’യില്‍ വന്ന വാര്‍ത്ത‍ മക്കള്‍ വയിച്ചുകാണുമല്ലോ? കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും ദേവിയുടെ പാദം എന്നു വിളിക്കുന്ന തുമ്പപ്പൂവും ഇന്ന് നാട്ടിന്‍പുറങ്ങളില്‍പ്പോലും കാണാതെയായിരിക്കുന്നു. ഇന്ന് ഫ്ളാറ്റുകളുടെ ഉള്ളിലും വീട്ടുമുറ്റത്തും നട്ടു വളര്‍ത്തുന്നത് കള്ളിമുള്‍ച്ചെടികളാണ്. നന്മയുടെ പൂക്കള്‍ക്ക് പകരം കള്ളിമുള്‍ച്ചെടികള്‍! മനുഷ്യമനസ്സിന് വന്ന പരിവര്‍ത്തനമാണ് വളര്‍ത്തുചെടികളില്‍ വന്ന മാറ്റം സൂചിപ്പിക്കുന്നത്.

തുളസിയിലയും കൂവളത്തിലയും തെച്ചിപ്പൂവും കറുകയും മറ്റും ഇട്ട തീര്‍ത്ഥജലം രാവിലെ പ്രസാദമായി നമ്മുടെ പൂര്‍വ്വികര്‍ കഴിച്ചിരിരുന്നു. അവര്‍ക്ക് മറ്റൊരു ടോണിക്കിന്റെയും ആവശ്യവും ഉണ്ടായിരുന്നില്ല. ഇവയുടെയൊക്കെ ഔഷധമൂല്യം ഇപ്പോള്‍ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. എന്നിട്ടും പണ്ടുള്ളവര്‍ നിത്യജീവിതത്തില്‍ ഇവയ്‍ക്കു നല്കിയിരുന്ന സ്ഥാനം നമ്മള്‍ കൊടുക്കുന്നില്ല.

ഏതൊരു വീട്ടിലും അതിഥി ചെന്നാല്‍ പണ്ട് ആദ്യം നല്കിയിരുന്നത് സംഭാരമോ ഇളനീരോ ആയിരുന്നു. ഇന്നാകട്ടെ കാപ്പിയോ ചായയോ കൃത്രിമ പാനീയങ്ങളോ ആണ്. നമ്മുടെ കുട്ടികള്‍ ‘കോള’കുടിക്കുന്നവരായി മാറിയിരിക്കുന്നു. അല്പകാലം മുമ്പുവരെ നാരങ്ങാവെള്ളം കിട്ടാത്ത മുറുക്കാന്‍കടകളില്ലായിരുന്നു. ഇന്നത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അതിനു പകരം പല നിറങ്ങളിലും രുചികളിലുമുള്ള ‘കുപ്പിപ്പാനീയങ്ങള്‍’ (ശീതളപാനീയങ്ങള്‍) മാത്രമേ ലഭിക്കൂ. വിഷമാണ് എന്നറിഞ്ഞിട്ടും പത്തിരട്ടി വില കൊടുത്ത് അതു വാങ്ങി കഴിക്കാന്‍ നമുക്ക് മടിയില്ല. തെങ്ങിന്റെയും നാരകത്തിന്റെയും സ്ഥാനത്ത് ഇന്ന് റബറും വാനിലയും കൃഷിചെയ്യുന്നു. എന്തുകൊണ്ട്? ലാഭേച്ഛ കൊണ്ടുമാത്രമാണ്, പ്രകൃതിസ്നേഹം കൊണ്ടല്ല.

ഇക്കഴിഞ്ഞ തലമുറയില്‍പ്പെട്ടവര്‍ പോലും ഭയഭക്തികൊണ്ട് മുതിര്‍ന്നവരുടെ മുന്‍പില്‍ പുകവലിച്ചിരുന്നില്ല. മുതിര്‍ന്നവര്‍ക്കൊപ്പം ഇരിക്കുമായിരുന്നില്ല. ഇപ്പോള്‍ പുകവലി ദോഷമാണെന്ന് പറയുന്ന ഡോക്ടര്‍മാരുടെ ചുണ്ടത്തും സിഗരറ്റ് ഉണ്ട്. നിയമപ്രകാരം സിഗരറ്റ് പാക്കില്‍ ‘ആരോഗ്യത്തിന് ഹാനികരം’ എന്നെഴുതിവെച്ചതിനെ ആരെങ്കിലും മാനിക്കുന്നുണ്ടോ? പുകവലിക്കുന്നവര്‍ സ്വയം വരുത്തിവെയ്ക്കുന്ന ദോഷങ്ങളെക്കാള്‍ കൂടുതല്‍ ദോഷം ചുറ്റുമുള്ളവര്‍ക്ക് നല്കുന്നു. ഇവിടെ ഭയഭക്തി കൊണ്ട് മറ്റുള്ളവരുടെ മുന്‍പില്‍ പുകവലിക്കാതെ ഇരുന്നവര്‍ മറ്റുള്ളവരെ പുകവലിയുടെ ദോഷത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ബുദ്ധിപരമായ അറിവിനെക്കാള്‍, ആചാരങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രകൃതിക്കും ഗുണകരമാണ് എന്നാണ് നമ്മള്‍ കഴിഞ്ഞ തലമുറയില്‍ കണ്ടത്. അറിവ് ആവശ്യമില്ലെന്നല്ല; അറിവിനെപ്പോലെത്തന്നെ ആചാരവും ആചരണവും വേണമെന്നുമാത്രം. നമുക്കു ബുദ്ധിയുണ്ട്. വിവേകബുദ്ധിയില്ല. അവിടെയാണ് ഭയഭക്തിയുടെ സ്ഥാനം. അറിവ് ബുദ്ധിയില്‍ ഒതുങ്ങിയാല്‍ മാത്രം പോരാ,ഹൃദയത്തില്‍ നിറയണം.

മതബോധത്തിലൂടെ മനുഷ്യനുകിട്ടിയ ഭയഭക്തി അവനും പ്രകൃതിക്കും നന്മയാണ് ചെയ്തിട്ടുള്ളത്. അതിലൂടെ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കുവാനും അവന്‍ പഠിച്ചു.

അമ്മയ്ക്ക് ഏറെ സന്തോഷമുള്ള ദിനമാണ് വൃശ്ചികം ഒന്ന്. മണ്ഡലകാലത്തിന്റെ തുടക്കമാണ്. ശബരിമലയ്ക്ക് പോകുവാന്‍ മാലയിട്ട് വ്രതം ആരംഭിക്കുന്ന ദിവസമാണല്ലോ അത്. ലോകത്തെവിടെയുമുള്ള അമ്മയുടെ മക്കള്‍ വൃശ്ചികം ഒന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആചരിക്കുന്നത് പ്രകൃതിക്ക് വേണ്ടിയാണ്. ‘വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന്’എന്നാണ് അമ്മയുടെ മക്കള്‍ പറയുന്നത്. വൃശ്ചികം ഒന്നാം തീയതി ഒരു വൃക്ഷത്തിന്റെ തൈ നട്ട് അവര്‍ തുടങ്ങുന്നു. തുടര്‍ന്ന് അടുത്ത 41 ദിവസവും ഈ വൃക്ഷത്തിന് വെള്ളവും വളവും നള്‍കുന്നു. മാത്രമല്ല, ഈ പുതുനാമ്പിനെ ചുറ്റി പ്രദിക്ഷണം വെച്ച് പ്രകൃതിയെ നമസ്ക്കരിക്കുന്നു. അങ്ങനെ മണ്ഡലക്കാലം വൃക്ഷപൂജയ്ക്കും പ്രകൃതിപൂജയ്ക്കുമായി അമ്മയുടെ മക്കള്‍ മാറ്റി വെയ്ക്കുന്നു .വളരെ നല്ലത്. പ്രകൃതിയോടും സമൂഹത്തോടും സ്നേഹത്തിലും സഹകരണത്തിലുമാണ് മക്കള്‍ കഴിയേണ്ടത്. പ്രകൃതിയോട് മുഴുവനുള്ള തന്റെ കടപ്പാടിനെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ അഹന്ത അകലുന്നു. തന്നെത്തന്നെ പ്രകൃതിയുടെ ഭാഗമായികാണുന്നതിലൂടെ എല്ലാം ഒരാത്മാവാണ് എന്ന് മക്കള്‍ക്ക് മനസ്സിലാകും. പ്രകൃതിയെ സ്നേഹിക്കുന്ന ജനതയാണ് ഒരു രാഷ്രടത്തിന്റെ സമ്പത്ത്.

കടപ്പാട്: മാതൃഭുമി