ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 27, 1938

ചോദ്യം: സമയമെന്താണ്?
രമണമഹര്‍ഷി: രണ്ടവസ്ഥകള്‍ക്കിടയിലുള്ള അവസ്ഥയെ സമയമെന്ന് പറയുന്നു. സ്ഥലകാലങ്ങള്‍ മനസ്സില്‍ മാത്രം. സത്യം അതിനപ്പുറമാണ്.

ചോദ്യം: ഭഗവാന്‍റെ വചനങ്ങള്‍ മധുരമായിരിക്കുന്നു. പക്ഷെ ഗ്രഹിക്കാന്‍ തീരെ വിഷവുമാണ്. നമ്മുടെ ഗ്രഹണശക്തി തീരെ പോരാത്തതുകൊണ്ടാണ്. എന്തെങ്കിലും നിര്‍ദ്ദേശം ലഭിച്ചില്ലെങ്കില്‍ ഉപകാരമായിരുന്നേനെ.

മഹര്‍ഷി: ഇന്നതു ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്ന ഗുരു ഗുരുവല്ല. ശിഷ്യന്‍ ഇപ്പോഴേ കര്‍മ്മാന്തരങ്ങളില്‍ പെട്ടുഴലുകയായിരിക്കും. കര്‍മ്മങ്ങളെ നിവൃത്തിക്കുകയാണവനാവശ്യം. അങ്ങനെയിരിക്കെ കൂടുതല്‍ കര്‍മ്മങ്ങളെ നിര്‍ദ്ദേശിച്ചാലോ? അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണമെന്നും മറ്റും നിര്‍ദ്ദേശിച്ച് ശിഷ്യന് കൂടുതല്‍ കര്‍മ്മങ്ങളെ സൃഷ്ടിക്കുന്നവന്‍ ശിഷ്യന്‍റെ ഗുരുവല്ല, കാലനാണ്.

വൃത്തിയിലേ സൃഷ്ടിയുള്ളൂ. വൃത്തി ജന്മനായുള്ള നിത്യസൗഖ്യത്തെ ഹനിക്കുന്നു. അപ്പോള്‍ ശിഷ്യന് വീണ്ടും വൃത്തിയെ ഉപദേശിക്കുന്നവന്‍ ആരായാലും അന്തകനാണ്.

ചോദ്യം: നിവൃത്തിക്കുവേണ്ടിയുള്ള ശ്രമവും വൃത്തിയാണ്. അതിനാല്‍ വൃത്തി അനിവാര്യമാണ്.
മഹര്‍ഷി: പരമാര്‍ത്ഥം! തായുമാനവരും ഇതിനെ സൂചിപ്പിക്കുന്നുണ്ട്. മരുന്ന് കഴിക്കുന്ന അവസരത്തില്‍ കുരങ്ങനെ ഓര്‍മ്മിക്കരുതെന്നു പറയുമ്പോലെയാണത്. രോഗിക്ക് മരുന്ന് കഴിക്കാനൊക്കുമോ? അതുപോലെ മനുഷ്യന്‍ വിചാരം മാറ്റാന്‍ വിചാരിക്കുകയാണ്.

ചോദ്യം: എന്നാല്‍ നിവൃത്തിയെ പ്രാപിക്കുന്നതെങ്ങനെ?
മഹര്‍ഷി: പ്രാപിക്കാനെന്തിരിക്കുന്നു? പ്രാപിക്കാത്തതിനെ പ്രാപിക്കാം. ഇവിടെ എല്ലാരും നിത്യപ്രാപ്തിയില്‍ തന്നെ ഇരിക്കുകയാണ്.

ചോദ്യം: നാമെന്തുകൊണ്ടറിയുന്നില്ല?
അണ്ണാലസ്വാമി: ‘ഞാന്‍ അതാണ്‌’ എന്നെപ്പോഴും വിചാരിക്കണം.
മഹര്‍ഷി: എന്തിന്? ‘അവന്‍ അത് തന്നല്ലോ. ‘ഞാനൊരു മനുഷ്യനാണ്’ എന്നു ആരെങ്കിലും വിചാരിച്ചുകൊണ്ടേ ഇരിക്കുന്നോ?
അനന്താചാരി” ‘ഞാന്‍ മനുഷ്യനാ’ണെന്നതു അത്ര ഉറച്ചുപോയി.

ചോദ്യം: ‘ഞാന്‍ ഒരു മനുഷ്യനാകുന്നു.’ എന്ന വിചാരം സഹജമാണ്.
മഹര്‍ഷി: അല്ല ‘ഞാന്‍ ഉണ്ട്’ എന്നതാണ് സഹജം. അതിനെ ‘ഞാന്‍ മനുഷ്യനാ’ണെന്ന് വിശേഷിപ്പിക്കുന്നതെന്തിന്?

ചോദ്യം: ഞാന്‍ മനുഷ്യനാകുന്നു എന്നതു മനസ്സിലാക്കാം. ‘ഞാനതാണ്’ എന്നതു മനസ്സിലാവുന്നില്ല.
മഹര്‍ഷി: നിങ്ങള്‍ അതോ ഇതോ അല്ല. ‘ഞാനുണ്ട്’ അതുമാത്രം സത്യം. ‘ഞാന്‍ മനുഷ്യനാകുന്നു’ എന്നു പരിമിതി കല്പിക്കുന്നനാവശ്യമാണ്.

ചോദ്യം: വോട്ടെടുത്താല്‍ എന്‍റെ പക്ഷത്തായിരിക്കും ഭൂരിപക്ഷം പേരും (ചിരി).
മഹര്‍ഷി: എന്‍റെ വോട്ടും നിങ്ങള്‍ക്ക് തന്നേക്കാം. (ചിരി) ‘ ഞാന്‍ ഒരു മനുഷ്യനാകുന്നു’, പക്ഷെ ഞാന്‍ ദേഹത്തിലിരിക്കുന്നവനല്ല.

ഒരാള്‍: ദേഹത്തെ മാറ്റിവെയ്ക്കാന്‍ സാദ്ധ്യമല്ല.
മഹര്‍ഷി: ഗാഢനിദ്രയില്‍ നിങ്ങളെങ്ങനെയിരുന്നു?

മറ്റൊരാള്‍: അപ്പോള്‍ സുഷുപ്തിയെ ജാഗ്രത്തിലും കൊണ്ടുവരണമല്ലോ?
മഹര്‍ഷി: അതെ അതിനെ ജാഗ്രത്സുഷുപ്തി എന്നു പറയും.