അമൃതാനന്ദമയി അമ്മ

മക്കളേ,

മനുഷ്യമനസ്സില്‍ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ആ ശക്തിയുടെ ചെറിയൊരു കണികപോലും നമ്മള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മബുദ്ധികളും പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുമായ ശാസ്ത്രജ്ഞര്‍ പോലും ആ ശക്തിയുടെ ചെറിയൊരംശം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ശക്തിയും വിശ്വശക്തിയും ഒന്നുതന്നെയാണ്. ആ അറിവുണ്ടാകുന്ന അവസ്ഥയാണ് ഈശ്വര സാക്ഷാത്കാരം. ബുദ്ധിയും ഹൃദയവും സമന്വയിപ്പിച്ചു കൊണ്ടുപോയാല്‍ ഈ ശക്തിയെ വേണ്ടവിധത്തില്‍ നമുക്കു പ്രയോജനപ്പെടുത്താന്‍ സാധിക്കും.

മനുഷ്യന്റെ നേട്ടങ്ങളെല്ലാം ബുദ്ധിയുടെ കഴിവുകൊണ്ടാണെന്നു വിശ്വസിക്കുന്ന ഒരു ലോകത്താണ് നമ്മളിന്നു ജീവിക്കുന്നത്. എന്നാല്‍, ഇതു തെറ്റാണ്. ഏതൊരു കര്‍മവും പൂര്‍ണമാകുന്നത് ബുദ്ധിയും ഹൃദയവും സന്തുലിതമായി പ്രവര്‍ത്തിക്കുമ്പോഴാണ്. പ്രസിദ്ധരായ ചിത്രകാരന്മാരും ഗായകരും എഴുത്തുകാരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിനു പല സംഭാവനകളും ചെയ്തിട്ടുണ്ടാകും. പക്ഷേ, എന്തുകൊണ്ടാണ് ചില ചിത്രങ്ങള്‍, ഗാനങ്ങള്‍, കൃതികള്‍, സംഭവങ്ങള്‍ എന്നും ഓര്‍ക്കുന്നത്? കാരണം അത് ബുദ്ധിയുടെ മാത്രം സൃഷ്ടിയല്ല. ഒപ്പം അവരുടെ ഹൃദയവും നിറഞ്ഞ സ്‌നേഹഭാവവും പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് അതിനൊരു പ്രത്യേക ആകര്‍ഷണം കൈവരുന്നത്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബുദ്ധിക്കും ഹൃദയത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. എന്നാല്‍ നാം ബുദ്ധിക്ക് അമിത പ്രാധാന്യം നല്കുന്നു. ഇതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. ബുദ്ധിക്ക് ചെയ്യാന്‍ കഴിയാത്ത വളരെ പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ പലതും ഹൃദയത്തിന് വളരെ നിസ്സാരമായി ചെയ്യാന്‍ കഴിയും. ജീവിതത്തിന്റെ സുഖവും മാധുര്യവും മുഴുവനായി പകര്‍ന്നുതരാന്‍ ഹൃദയത്തിനേ കഴിയൂ.

ബുദ്ധി കത്രികപോലെയാണ്. എന്തിനെയും കീറിമുറിക്കുക അതിന്റെ സ്വഭാവമാണ്. എന്നാല്‍ ഹൃദയം സൂചിപോലെയാണ്. അത് എല്ലാത്തിനെയും തുന്നിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ നമുക്ക് ഇവ രണ്ടും വേണം. ശരിയായ പ്രചോദനത്തിന്റെയും സര്‍ഗശക്തിയുടെയും ഉറവിടം ഹൃദയമാണ്. സ്‌നേഹം, ക്ഷമ, കാരുണ്യം, മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഇതൊക്കെയാണ് ജീവിതത്തെ സുന്ദരവും സന്തോഷപൂര്‍ണവുമാക്കുന്നത്. ഇതൊന്നുമില്ലെങ്കില്‍ ജീവിതം വരണ്ടതും അര്‍ഥശൂന്യവുമാകും.

ഏതുവിധത്തില്‍ മാറാനും ഏതു കടുത്ത സാഹചര്യത്തോടു ചേര്‍ന്നുപോകാനുമുള്ള കഴിവും ശക്തിയും മനസ്സിനുണ്ട്. ആ ശക്തി പൂര്‍ണമായി ഉണരാന്‍ ഹൃദയം തുറക്കണം. മറ്റുള്ളവരെയും അവരുടെ പ്രവൃത്തികളെയും ശരിയായി മനസ്സിലാക്കാനും ഏതു പ്രതിസന്ധി ഘട്ടത്തെയും നേരിടാനും ഹൃദയം തുറന്നുള്ള സമീപനം ആവശ്യമാണ്.

മറ്റുള്ളവരുടെ മനോതലം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. അതിനൊരു ഉദാഹരണം പറയാം. ഒരാള്‍ തന്റെ വീട്ടിലെ ഓഫീസ് മുറിയിലിരുന്ന് വളരെ ഗൗരവമുള്ള ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അേദ്ദഹത്തിന്റെ നാലുവയസ്സുള്ള മകന്‍ ഉത്സാഹത്തോടെ അവിടേക്ക് കയറിവന്ന് ഉച്ചത്തില്‍ പറഞ്ഞു: ”അച്ഛാ, ഇതുകണ്ടോ, മോനൊരു ആനയെ വരച്ചു.” നമുക്കറിയാം, കൊച്ചുകുട്ടികള്‍ ചിത്രം വരയ്ക്കുമ്പോള്‍ ആന, കുതിര… എന്നൊക്കെ അവര്‍ പറയുമെങ്കിലും പലപ്പോഴും നെടുകെയും കുറുകെയുമുള്ള ഏതാനും വരകള്‍ മാത്രമായിരിക്കും കടലാസ്സില്‍ ഉണ്ടാവുക. ഈ കുട്ടിയുടെ ചിത്രവും അത്തരത്തില്‍ ഒന്നായിരുന്നു. അച്ഛന്‍ ചിത്രം വാങ്ങി നോക്കി കുട്ടിയോടു പറഞ്ഞു: ”അയ്യേ ഇതാണോ ആന. ഇതു കുറച്ചു വരകള്‍ മാത്രമല്ലേയുള്ളൂ. കണ്ടിട്ട് ചേരയെപ്പോലെയുണ്ട്.” ഇതുകേട്ടതും കുട്ടി ബഹളമുണ്ടാക്കാന്‍ തുടങ്ങി. അവന്‍ കൈയില്‍ കിട്ടിയതെല്ലാം എടുത്തെറിഞ്ഞു. കടലാസും പേനയും പുസ്തകങ്ങളും വലിച്ചെറിയുന്നതിനിടയില്‍ അവന്‍ പറഞ്ഞു: ”ഈ അച്ഛനൊന്നും അറിയില്ല. ഇത് ആനതന്നെയാണ്. അച്ഛന് എന്നോടൊട്ടും സ്‌നേഹമില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇനി ഞാന്‍ അച്ഛനോട് മിണ്ടില്ല.” കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. ഉടന്‍ അച്ഛന്‍ ഓടിച്ചെന്ന് കുട്ടിയെ വാരിയെടുത്തു. അവനെ താലോലിച്ചുകൊണ്ട്, അയാള്‍ പറഞ്ഞു: ”മോന്‍ കരയല്ലേ. അച്ഛന്‍ വെറുതെ പറഞ്ഞതല്ലേ. മോന്‍ വരച്ചത് ആനയെത്തന്നെയാണ്. അച്ഛന്‍ കണ്ണട വെക്കാതെയാണ് ആദ്യം നോക്കിയത്. അതുകൊണ്ട് തെറ്റിപ്പോയതാണ്. കണ്ണട വെച്ചപ്പോള്‍ ശരിക്കു കാണാം. എന്തൊരു വലിയ ആനയെയാണ് മോന്‍ വരച്ചിരിക്കുന്നത്. നല്ല ഭംഗിയുണ്ട് കേട്ടോ.” ഇത്രയും പറഞ്ഞപ്പോഴേക്കും കുട്ടി കരച്ചില്‍ നിര്‍ത്തി. സന്തോഷംകൊണ്ട് അവന്‍ തുള്ളിച്ചാടി. അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തുകൊണ്ടവന്‍ പറഞ്ഞു: ”എന്റെ അച്ഛന്‍ എത്ര നല്ല അച്ഛനാണ്.” ഇവിടെ യുക്തിയും ബുദ്ധിയുമല്ല പ്രായോഗികം. കുട്ടിയുടെ മനോതലം അറിഞ്ഞുള്ള പെരുമാറ്റമാണ് ആവശ്യം.

ഈ ലോകവും ഇവിടെ നമുക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും ബന്ധപ്പെടുന്ന വ്യക്തികളുമെല്ലാം ഗുരുക്കന്മാരാണ്. വ്യക്തികളെയും അനുഭവങ്ങളെയും ഓരോ കണ്ണാടിയായി കാണാന്‍ ശ്രമിക്കണം. നമ്മുടെ കുറവുകളെ കാട്ടിത്തരുന്ന കണ്ണാടി. അതില്‍ നോക്കി ജീവിതത്തെ സുന്ദരവും സന്തോഷപൂര്‍ണവുമാക്കാന്‍ നമുക്കു കഴിയും. പക്ഷേ, ബുദ്ധികൊണ്ടുള്ള അപഗ്രഥനം മാത്രംകൊണ്ട് ഇതു സാധ്യമല്ല. ഹൃദയം തുറന്നു ജീവിതത്തെ സമീപിക്കണം. അതിനു മക്കള്‍ ശ്രമിക്കുക.

അമ്മ

കടപ്പാട്: മാതൃഭുമി