ശ്രീ രമണമഹര്‍ഷി

മേയ്‌ 15, 1935

ജ്ഞാനാര്‍ത്ഥിയായ ഒരു സന്ന്യാസി രമണഭഗവാന്റെ സന്നിധിയില്‍ വന്നുചേര്‍ന്നു. അദ്ദേഹം ഭഗവാന്റെ മുന്‍പില്‍ തന്റെ സംശയങ്ങളുണര്‍ത്തിച്ചു.

1. ഈ വിശ്വം മുഴുവന്‍ ഈശ്വരമയമാണെന്നു പറയുന്നതിനെ എങ്ങനെ ബോധ്യപ്പെടുത്തിക്കൊള്ളാനാവും?

ഉ: ബുദ്ധിയില്‍ കൂടി വീക്ഷിച്ചാല്‍ ഈ ജഗത്ത്‌ ഈശ്വരരൂപമാണെന്ന്‌ കാണാം. പക്ഷെ ആ ഈശ്വരസ്വരൂപത്തെപ്പറ്റി ഒരറിവുമില്ലെങ്കില്‍ സര്‍വ്വവും അതാണ്‌ എന്ന് എങ്ങനെ ബോധ്യപ്പെടും?

2. ഇപ്പറഞ്ഞ വീക്ഷണത്തിന്റെ സാരമെന്താണെന്ന്‌ മറ്റൊരാള്‍ പ്രാര്‍ത്ഥനയോടെ ചോദിക്കുകയുണ്ടായി.

ഉ: നാം ഏതവസ്ഥയിലാണോ ഇരിക്കുന്നത്‌ അതിനെ അവലംബിച്ചിരിക്കും നമ്മുടെ വീക്ഷണവും. അതായത്‌, ജാഗ്രദവസ്ഥയില്‍ സ്ഥൂലശരീരത്തോടുകൂടി സ്ഥലനാമരൂപങ്ങളെ ദര്‍ശിക്കുന്നു. സ്വപ്നാവസ്ഥയില്‍ പല മനോമയസങ്കല്‍പങ്ങളെ കാണുന്നു. സുഷുപ്തിയില്‍ (ഗാഢനിദ്രയില്‍) ശരീരത്തെപ്പോലും അറിയാതിരിക്കുന്നു. ഒന്നും ദൃശ്യമല്ല. അതീതാവസ്ഥയില്‍ നാം ബ്രഹ്മസ്വരൂപം തന്നെയാണ്. എല്ലാം നാം. നമുക്ക് അന്യമായി ഒന്നുമില്ലെന്നും അറിഞ്ഞുകൊള്ളുന്നു.