ഞാന്‍ ആരാണ്? – ശ്രീ രമണമഹര്‍ഷി


Sri Ramana Maharshi

ശ്രീരമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥത്തിലെ ഉള്ളടക്കം. “ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ‘Who Am I?” എന്ന ആംഗലേയഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയുടെ പകര്‍പ്പാണ് ഈ ചെറുഗ്രന്ഥം. ഈ ഗ്രന്ഥത്തിന്റെ മലയാളം പകര്‍പ്പ് PDF രൂപത്തിലും ലഭ്യമാണ്.

ശ്രീരമണമഹര്‍ഷിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഉപദേശങ്ങളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് sriramanamaharshi.org വെബ്സൈറ്റ് സന്ദര്‍ശിച്ച് PDF രൂപത്തിലുള്ള ആംഗലേയ ബുക്കുകള്‍ വായിക്കാവുന്നതാണ്.

നന്ദിയും കടപ്പാടും: ശ്രീരമണാശ്രമം, തിരുവണ്ണാമല.

സകലജീവികളും ദുഃഖത്തിന്റെ ബാധകൂടാതെ എന്നും സുഖമനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അവരവരില്‍ത്തന്നെ അധികം പ്രീതിയുളവാകുന്നു. പ്രീതിക്ക് സുഖം തന്നെയാകുന്നു മൂലകാരണം. ദിവസംതോറും സുഷുപ്തിയില്‍ അനുഭവിക്കുന്ന ആ സ്വാഭാവികമായ സുഖത്തെ പ്രാപിക്കുവാന്‍ ആത്മജ്ഞാനം അത്യാവശ്യമാകുന്നു. അതിലേക്കു “ഞാന്‍ ആരാണ്” എന്ന വിചാരം പ്രധാനപ്പെട്ടതാണ്.

1. ഞാന്‍ ആരാണ്?
സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. വിചാരിക്കുന്ന മനസ്സും ‘ഞാന്‍’ അല്ല. സര്‍വ്വവിഷയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഇല്ലാതായി വിഷയവാസനകളെ മാത്രം വഹിക്കുന്ന അജ്ഞാനവും ‘ഞാന്‍’ അല്ല.

2. ഇവയൊന്നും ‘ഞാന്‍’ അല്ലെങ്കില്‍ പിന്നെ ‘ഞാന്‍’ എന്നുവച്ചാല്‍ ആരാ?
മുന്‍പറഞ്ഞമാതിരി ‘ഇതു ഞാന്‍ അല്ല, ഇതു ഞാന്‍ അല്ല’ എന്നു നിഷേധിച്ചു് ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയെ ശേഷിക്കുന്ന ‘അറിവ്’ ആകുന്നു ‘ഞാന്‍’.

3. അറിവിന്റെ സ്വരൂപം എന്ത്?
അറിവിന്റെ സ്വരൂപം സച്ചിദാനന്ദം.

4. സ്വരൂപദര്‍ശനം എപ്പോള്‍ കിട്ടും?
ദൃശ്യമായ ജഗത്തില്ലാതാവുമ്പോള്‍ ദൃക്കായ സ്വരൂപദര്‍ശനമുണ്ടാകും.

5. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ സ്വരൂപദര്‍ശനമുണ്ടാവില്ലേ?
ഉണ്ടാവില്ല.

6. എന്തുകൊണ്ട്?
ദൃക്കും ദൃശ്യവും, രജ്ജുവും സര്‍പ്പവും പോലെയാകുന്നു. കല്‍പ്പിതമായ സര്‍പ്പജ്ഞാനം പോകാതെ തദധിഷ്ഠാനമായ രജ്ജുജ്ഞാനം ഉണ്ടാകാത്തതുപോലെ, കല്പിതമായ ജഗല്‍ഭ്രാന്തി നശിച്ചല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനത്തിന്റെ ദര്‍ശനം ഉണ്ടാവില്ല.

7. ദൃശ്യമായ ജഗത്ത് എപ്പോഴാണ് മറയുക?
സകല ജ്ഞാനത്തിനും സകല കര്‍മ്മത്തിനും മൂലമായ മനസ്സ് അടങ്ങിയാല്‍ ജഗത്തും മറയും.

8. മനസ്സിന്റെ സ്വരൂപമെന്ത്?
മനസ്സെന്നാല്‍ ആത്മസ്വരൂപത്തിലുള്ള ഒരു അതിശയശക്തി. അത് സകല വിചാരങ്ങളെയും സങ്കല്‍പ്പിക്കുന്നു. വിചാരങ്ങളെല്ല‍ാം നീക്കിനോക്കിയാല്‍ മനസ്സെന്നു പ്രത്യേകിച്ചൊരു പദാര്‍ത്ഥമില്ല. അതുകൊണ്ട് മനസ്സിന്റെ സ്വരൂപം വിചാരം തന്നെ. സങ്കല്‍പ്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെയൊരു പദാര്‍ത്ഥമില്ല. ഉറക്കത്തില്‍ വിചാരങ്ങളുമില്ല, ജഗത്തുമില്ല; ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തും ഉണ്ട്. എട്ടുകാലി എങ്ങനെയോ തന്നില്‍നിന്നുണ്ടായ നൂല്‍നൂറ്റു വീണ്ടും അതു തന്നില്‍ പ്രതിസംഹരിക്കുന്നുവോ അതുപോലെതന്നെ മനസ്സും തന്നില്‍നിന്നു പ്രപഞ്ചത്തെ തോന്നിപ്പിച്ചു വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു.

മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍ ജഗല്‍പ്രകാശവുമില്ല. മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരിച്ചുകൊണ്ടിരുന്നാല്‍ മനസ്സ് താനായി പരിണമിക്കും. ‘താന്‍’ എന്നത് ആത്മസ്വരൂപം തന്നെ. മനസ്സെപ്പോഴും ഒരു സ്ഥൂലവസ്തുവിനെ ആശ്രയിച്ചേ നില്‍ക്കുകയുള്ളൂ; തനിച്ചു നില്‍ക്കില്ല. മനസ്സിനെത്തന്നെയാണ് സൂക്ഷ്മശരീരമെന്നും ജീവനെന്നും പറയുന്നത്.

9. മനസ്സിന്റെ സ്വരൂപത്തെ വിചാരിച്ചറിയാനുള്ള മാര്‍ഗ്ഗമെന്താകുന്നു?
ഈ ദേഹത്തില്‍ ‘ഞാന്‍’ എന്ന് ഭാസിക്കുന്നതേതോ അത് മനസ്സാകുന്നു. ‘ഞാന്‍’ എന്ന വിചാരം ദേഹത്തില്‍ ഏതൊരിടത്തില്‍ നിന്നാണ് ആദ്യം പുറപ്പെടുന്നതെന്ന് ആലോചിച്ചാല്‍ ഹൃദയത്തില്‍ നിന്നാണെന്നു അറിയാറാകും. മനസ്സിന്റെ പിറപ്പിടം ആതാകുന്നു. ‘ഞാന്‍ ഞാന്‍’ എന്ന് ചിന്തിച്ചുകൊണ്ടിരുന്നാലും അവിടെത്തന്നെകൊണ്ടുചെന്നാക്കും. മനസ്സിലുദിക്കുന്ന എല്ലാ വിചാരങ്ങളിലും വെച്ചു ആദ്യമുണ്ടാകുന്ന വിചാരം ‘ഞാന്‍’ എന്ന വിചാരമാകുന്നു. ഇതു ഉദ്ഭവിച്ചതിന്റെ ശേഷമേ അനേകങ്ങളായ മറ്റു വിചാരങ്ങള്‍ ഉണ്ടാകുകയുള്ളൂ. ‘ഞാന്‍’ എന്ന ജ്ഞാനം ഉളവായതിന്റെ ശേഷമേ ‘നീ, അവന്‍’ മുതലായ ജ്ഞാനം ഉണ്ടാകുകയുള്ളൂ. ‘അഹം’ എന്നതില്ലെങ്കില്‍ ത്വം മുതലായ വാക്കുകള്‍ക്ക്‌ പ്രസക്തിയില്ല.

10. മനസ്സെങ്ങനെയടക്കും?
‘ഞാന്‍ ആര്’ എന്ന വിചാരത്താല്‍ മാത്രമേ മനസ്സടങ്ങൂ. ‘ഞാന്‍ ആര്’ എന്ന ചിന്ത മറ്റുചിന്തകളെയെല്ല‍ാം നശിപ്പിച്ചു ചുടലക്കൊള്ളിപോലെ ഒടുവില്‍ അതും നശിക്കും. പിന്നീട് സ്വരൂപദര്‍ശനവും ഉണ്ടാകും.

11. ഞാന്‍ ആരാണെന്നുള്ള വിചാരം സദാകാലവും ഉണ്ടാകുവാനുള്ള ഉപായം എന്ത്?
മനസ്സിന്റെ വിക്ഷേപങ്ങളുടെ അവസാനം കാണുവാന്‍ യത്നിക്കാതെ അവ ആര്‍ക്കാണ് ഉണ്ടായതെന്ന് വിചാരിക്കണം. എത്ര വിചാരങ്ങളുണ്ടായാലെന്താ, ഓരോരോ വിചാരവും ഉദിക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ അത് ആര്‍ക്കാണുണ്ടായതെന്ന് വിചാരിച്ചാല്‍ ‘എനിക്ക്’ എന്ന് തോന്നും. ഈ ‘ഞാന്‍ ആര്’ എന്ന് വിചാരിച്ചാല്‍, മനസ്സ് തന്റെ പിറവി എവിടെയോ അവിടേയ്ക്ക് തിരിച്ചുപോകും. ഇങ്ങനെ പരിചയിച്ചു ശീലിച്ചാല്‍ മനസ്സിന് തന്റെ പിറപ്പിടത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തി വര്‍ദ്ധിക്കും.

സൂക്ഷ്മമായ മനസ്സു ബുദ്ധീന്ദ്രിയാധീനമായി വിക്ഷേപിക്കുമ്പോള്‍ സ്ഥൂലങ്ങളായ നാമരൂപങ്ങള്‍ തോന്നുന്നു. ഹൃദയത്തില്‍ ഒതുങ്ങുമ്പോള്‍ നാമരൂപങ്ങള്‍ മറയുന്നു. മനസ്സിനെ പുറത്തേക്ക് വിടാതെ ഹൃദയത്തില്‍ത്തന്നെ ഒതുക്കിവച്ചുകൊണ്ടിരിക്കുന്നതിനു അന്തര്‍മുഖം എന്നുപറയുന്നു. ഹൃദയത്തില്‍നിന്ന് പുറത്തേക്കയക്കുന്നതിന് ബഹിര്‍മുഖം എന്നുംപറയുന്നു. ഇപ്രകാരം മനസ്സ് ഹൃദയത്തില്‍ വിശ്രമിക്കുമ്പോള്‍ സകല വിചാരങ്ങള്‍ക്കും മൂലമായ ‘ഞാന്‍’ എന്നത് പോയി നിത്യമായ ‘താന്‍’ മാത്രം പ്രകാശിക്കും. എന്തുതന്നെ ചെയ്യുന്നതായാലും ‘ഞാന്‍’ എന്ന അഹങ്കാരം നീക്കിയിട്ടുവേണം ചെയ്യുവാന്‍. അങ്ങനെ ചെയ്‌താല്‍ എല്ല‍ാം ശിവാത്മകമായിത്തീരും.

12. മനസ്സടക്കുന്നതിനു വേറെ ഉപായങ്ങളില്ലേ?
അദ്ധ്യാത്മവിചാരമല്ലാതെ വേറെ തക്കതായ ഉപായമൊന്നുമില്ല. മറ്റുള്ള ഉപായങ്ങളെക്കൊണ്ട്‌ പിടിച്ചുനിറുത്തിയാലും മനസ്സ് അടങ്ങിയതുപോലെയിരുന്നു വീണ്ടും ഉദിക്കുന്നതാണ്. പ്രാണായാമംകൊണ്ടും മനസ്സടക്ക‍ാം. പക്ഷേ, പ്രാണന്‍ അടങ്ങിനില്ക്കുന്നതുവരെ മനസ്സും അടങ്ങിയിരുന്നു, പ്രാണന്‍ ചലിക്കുവാന്‍ തുടങ്ങിയാല്‍ മനസ്സും വാസനാനുകൂലമായി അലയുവാന്‍ തുടങ്ങും. മനസ്സിന്റെയും പ്രാണന്റെയും പിറപ്പിടമൊന്നുതന്നെയാണ്. വിചാരംതന്നെ മനസ്സിന്റെ സ്വരൂപം; ‘ഞാന്‍’ എന്നതാണ് മനസ്സിലെ ആദ്യത്തെ വിചാരം; അതുതന്നെ അഹങ്കാരം. അഹങ്കാരം എവിടെനിന്നുത്ഭവിക്കുന്നുവോ അവിടെനിന്നുതന്നെയാണ് ശ്വാസവും ഉണ്ടാകുന്നത്. അതിനാല്‍ മനസ്സടങ്ങുമ്പോള്‍ പ്രാണനും പ്രാണന്‍ അടങ്ങുമ്പോള്‍ മനസ്സും അടങ്ങും.

എന്നാല്‍ സുഷുപ്തിയില്‍ മനസ്സടങ്ങുന്നുണ്ടെങ്കിലും പ്രാണന്‍ അടങ്ങുനില്ല. ദേഹത്തെ കാത്തുരക്ഷിപ്പാനും ദേഹം മൃതിയടഞ്ഞുപോയോ എന്ന് അന്യര്‍ സംശയിക്കാതിരിക്കാനുമായി ഇങ്ങനെയാണ് ഈശ്വരന്‍ നിയമിച്ചിട്ടുള്ളത്. ജാഗ്രത്തിലും സമാധിയിലും മനസ്സടങ്ങുമ്പോള്‍ പ്രാണനും അടങ്ങുന്നു. പ്രാണന്‍ മനസ്സിന്റെ സ്ഥൂലരൂപമാകുന്നു. മരണകാലം വരുന്നതുവരെ മനസ്സ് പ്രാണനെ ഉടലില്‍ വെച്ചുകൊണ്ടു ഉടല്‍ നിര്‍ജ്ജീവമാകുമ്പോള്‍ അതിനെ കവര്‍ന്നുകൊണ്ടുപോകുന്നു. അതുകൊണ്ട് പ്രാണായാമം മനസ്സടക്കുവാന്‍ സഹായമായിത്തീരുമെന്നല്ലാതെ മനസ്സിനെ നശിപ്പിക്കില്ല.

പ്രാണായാമം പോലെ മൂര്‍ത്തിധ്യാനം, മന്ത്രോച്ചാരണം, ആഹാരനിയന്ത്രണം എന്നിവയും മനസ്സിനെ അടക്കുവാന്‍ സഹായിക്കുന്നവതന്നെ.

മൂര്‍ത്തിധ്യാനംകൊണ്ടും മന്ത്രോച്ചാരണംകൊണ്ടും മനസ്സ് ഏകാഗ്രതയെ പ്രാപിക്കുന്നു. മനസ്സാകട്ടെ സദാ ചലിച്ചുകൊണ്ടുതന്നെയിരിക്കും. ആനയുടെ തുമ്പിക്കൈയില്‍ ഒരു ചങ്ങല കൊടുത്താല്‍ അത് എങ്ങനെ വേറെ ഒന്നിനെയും തൊടാതെ ചങ്ങലയെത്തന്നെ പിടിച്ചുകൊണ്ടുപോകുമോ, അതേപ്രകാരംതന്നെ മനസ്സിനെ ഏതെങ്കിലും ഒരു നാമത്തിലോ രൂപത്തിലോ നിര്‍ത്തി ശീലിപ്പിച്ചാല്‍ അതില്‍ത്തന്നെ പതിഞ്ഞുകൊണ്ടിരിക്കും. മനസ്സ് അനേകചിന്തകളായി പിരിയുന്നതിനാല്‍ ഓരോരോ ചിന്തയും ഏറ്റവും ബലഹീനമായിത്തീരുന്നു. വിചാരങ്ങള്‍ അടങ്ങിയടങ്ങി ഏകാഗ്രതയില്‍ എത്തി അതുകൊണ്ട് ബലവത്തായിത്തീര്‍ന്ന മനസ്സിന് ആത്മവിചാരം സുലഭമായി സിദ്ധിക്കും. എല്ലാ നിയമങ്ങളിലും വച്ചു സാത്വികമായ മിതഭക്ഷണനിഷ്ഠയാല്‍ മനസ്സിന്റെ സാത്വികഗുണം തെളിഞ്ഞു അതുവഴിയായി ആത്മവിചാരത്തിനും സ്വയം സഹായം സിദ്ധിക്കുന്നു.

13. വിഷയവാസനകള്‍ കടലിലെ തിരമാലകള്‍ പോലെ അളവറ്റു തോന്നുന്നുണ്ടല്ലോ; അവയെല്ല‍ാം എപ്പോള്‍ ഇല്ലാതാകും?
സ്വരൂപധ്യാനം തെളിഞ്ഞു തെളിഞ്ഞു വരുന്തോറും വിചാരങ്ങളെല്ല‍ാം അടങ്ങിക്കൊള്ളും.

14. വിചാരം ചുരുങ്ങിവന്നു സകല വിഷയവാസനകളും ഇല്ലാതായി സ്വരൂപധ്യാനം മാത്രമായി ഇരിക്കുവാന്‍ സാധിക്കുമോ?
സാദ്ധ്യമോ അല്ലയോ എന്ന ആശങ്കയ്ക്ക് ഇടംകൊടുക്കാതെ സ്വരൂപധ്യാനത്തെ വിടാതെ മുറുകെ പിടിക്കണം. ഒരുവന്‍ എത്രതന്നെ പാപിയായിരുന്നാലും ‘ഞാന്‍ പാപിയായിരുന്നല്ലോ, എങ്ങനെ എനിക്ക് ഗതി ഉണ്ടാകും’ എന്നിങ്ങനെ വ്യസനിച്ചുകൊണ്ടിരിക്കാതെ, താന്‍ പാപിയാണെന്നുള്ള വിചാരത്തെ തീരെ തള്ളിക്കളഞ്ഞു സ്വരൂപധ്യാനത്തില്‍ ശ്രദ്ധയുള്ളവനായിരുന്നാല്‍ അവന്‍ നിശ്ചയമായും നിവൃത്തനാകും. നല്ല മനസ്സെന്നും ചീത്ത മനസ്സെന്നും രണ്ടു മനസ്സില്ല; മനസ്സൊന്നേയുള്ളൂ. വാസനകളാകട്ടെ ശുഭമെന്നും ആശുഭമെന്നും രണ്ടു വിധമുണ്ട്. മനസ്സ് ശുഭവാസനയ്ക്ക് വശഗതമാകുമ്പോള്‍ നല്ല മനസ്സെന്നും അശുഭവാസനയുടെ വശത്താകുമ്പോള്‍ ചീത്ത മനസ്സെന്നും പറയപ്പെടുന്നു.

പ്രപഞ്ചവിഷയങ്ങളിലേക്കും മറ്റുള്ളവരുടെ കാര്യങ്ങളിലേക്കും മനസ്സിനെ വിട്ടയക്കരുത്. അന്യര്‍ എത്രതന്നെ നീചന്മാരായിരുന്നാലും അവരുടെ നേരെ ദ്വേഷം ഉണ്ടാകരുത്. രാഗം, ദ്വേഷം ഇവ രണ്ടും വെറുക്കത്തക്കവയാകുന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതൊക്കെ തനിക്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണെന്നറിഞ്ഞാല്‍ ഏവനാണ് കൊടുക്കാതിരിക്കുന്നത്. താന്‍ ഉയര്‍ന്നാല്‍ സകലവും ഉയരും; താന്‍ അടങ്ങിയാല്‍ എല്ല‍ാം അടങ്ങും. എത്രത്തോളം താനടങ്ങുന്നുവോ അത്രത്തോളം നന്മയുമുണ്ട്. മനസ്സടക്കിക്കൊണ്ടിരുന്നാല്‍ എവിടെയിരുന്നാലും ഇരിക്ക‍ാം.

15. വിചാരണ എതുവരേയ്ക്കും വേണം?
മനസ്സില്‍ ഏതുവരെ വിഷയവാസന ഇരിക്കുന്നുവോ അതുവരെ ‘ഞാന്‍ ആരാണ്’ എന്ന വിചാരണയും വേണം. വിചാരങ്ങള്‍ വന്നുകൊണ്ടിരിക്കെ അപ്പോഴപ്പോള്‍ അവയെല്ല‍ാം ഉത്പ്പത്തിസ്ഥാനത്തുതന്നെ വിചാരണകൊണ്ടു നശിപ്പിക്കണം. ഒരുവന്‍ സ്വരൂപത്തെ പ്രാപിക്കുന്നതുവരെ നിരന്തരമായി സ്വരൂപസ്മരണ നടത്തുന്നുവെങ്കില്‍ അതുമാത്രം മതി. കോട്ടയ്ക്കുള്ളില്‍ ശത്രുക്കള്‍ ഉള്ളകാലംവരെ അവര്‍ അതില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കും; വന്നുകൊണ്ടിരിക്കുമ്പോള്‍ അവരെ എല്ല‍ാം വെട്ടിക്കൊന്നുകൊണ്ടിരുന്നാല്‍ കോട്ട കൈവശപ്പെടും.

16. സ്വരൂപത്തിന്റെ പ്രകാരം എന്താകുന്നു?
യഥാര്‍ത്ഥമായിട്ട് ആത്മസ്വരൂപം ഒന്നേയുള്ളൂ. ജഗത്ത്, ജീവന്‍, ഈശ്വരന്‍ എന്നതൊക്കെ ശുക്തിയില്‍ രജതമെന്നപോലെ അതില്‍ കല്‍പ്പിതങ്ങളാകുന്നു. ഇവ മൂന്നും ഒരുകാലത്ത് തോന്നും, ഒരുകാലത്ത് മറയും.

ഞാനെന്ന വിചാരം അല്‍പംപോലുമില്ലാത്ത അവസ്ഥ തന്നെയാകുന്നു സ്വരൂപം. അതുതന്നെയാണ് മൗനമെന്നു പറയുന്നത്. സ്വരൂപം തന്നെ ജഗത്ത്, സ്വരൂപം തന്നെ ഞാന്‍, സ്വരൂപം തന്നെ ഈശ്വരന്‍, എല്ല‍ാം ശിവരൂപം തന്നെ.

17. എല്ല‍ാം ഈശ്വരന്‍ ചെയ്യുന്നുവെന്നോ?
ഇച്ഛാശക്തി സങ്കല്പം കൂടാതെ ഉദിച്ച സൂര്യന്റെ സന്നിധിമാത്രത്താല്‍ സൂര്യകാന്തം അഗ്നിവമിക്കുന്നതും, താമര വിടരുന്നതും, ജലം വറ്റുന്നതും, ലോകം അതാതുകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു അടങ്ങുന്നതും കാന്തസൂചി ചേഷ്ടിപ്പതും പോലെ ഈശ്വരസന്നിധാനവിശേഷമാത്രത്താല്‍ നടക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ അഥവാ പഞ്ചകൃതങ്ങള്‍ക്കുള്‍പ്പെട്ട ജീവികള്‍ അതാതു കര്‍മ്മത്തിനനുസരിച്ചു ചേഷ്ടിച്ചടങ്ങുന്നു. അല്ലാതെ അവര്‍ സങ്കല്‍പ്പത്തോട് കൂടിയവരല്ല; ഒരു കര്‍മ്മവും അവര്‍ക്ക് ബാധകമല്ല; അത് ലോകകര്‍മ്മങ്ങള്‍ സൂര്യനെ ബാധിക്കാത്തതുപോലെയും ചതുര്‍ഭൂതങ്ങള്‍ വ്യാപകമായ ആകാശത്തെ ബാധിക്കാത്തതുപോലെയും ആകുന്നു.

18. ഭക്തരില്‍ ഉത്തമനായ ഭക്തന്‍ ആരാണ്?
ഏവനൊരുത്തനോ ദൈവികസ്വരൂപസന്നിധാനത്തില്‍ ത്യാഗം ചെയ്യുന്നു, അവന്‍തന്നെ ശ്രേഷ്ടനായ ഭക്തന്‍. ആത്മചിന്തനയല്ലാതെ വേറെ യാതൊരു വിചാരധാരക്കും അല്‍പ്പംപോലും അവകാശം നല്‍കാതെ ആത്മനിഷ്ടാപരനായിരിക്കുന്നത് തന്നെയാണ് ആത്മാര്‍പ്പണം ചെയ്തു എന്നത്.

ഈശ്വരന്റെ പേരില്‍ എത്രതന്നെ ഭാരം ചുമത്തിയാലും അതൊക്കെ അദ്ദേഹം വഹിച്ചുകൊള്ളും. സകലകാര്യങ്ങളെയും ഒരു പരമേശ്വരശക്തി നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ നമ്മളും അതിന് വഴങ്ങിയിരിക്കാതെ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് സദാ ചിന്തിക്കുന്നതെന്തിനാകുന്നു? തീവണ്ടി സകല ഭാരങ്ങളെയും വഹിച്ചുകൊണ്ട് പോകുന്നത് അറിഞ്ഞിരുന്നിട്ടും അതില്‍കയറിപോകുന്ന ന‍ാം നമ്മുടെ ചെറിയ ഭാണ്ഡത്തെയും അതില്‍വച്ചു സുഖമായിരിക്കാതെ അത് നമ്മുടെ തലയില്‍ കയറ്റിക്കൊണ്ടു എന്തിന് കഷ്ടപ്പെടുന്നു?

19. വൈരാഗ്യമെന്നത് എന്താകുന്നു?
ഏതേതു വിചാരങ്ങള്‍ ഉത്പാദിപ്പിക്കുന്നുവോ അവയെല്ല‍ാം ഒന്നുപോലും വിടാതെ ഉല്‍പത്തിസ്ഥാനത്തുതന്നെ അടക്കിക്കളയുകയാകുന്നു വൈരാഗ്യം. മുത്തെടുക്കുന്നവര്‍ അരയില്‍ കല്ലുകെട്ടി മുങ്ങി കടലിന്റെ അടിയില്‍ കിടക്കുന്ന മുത്ത് എങ്ങനെയെടുക്കുന്നുവോ, അപ്രകാരംതന്നെ ഓരോരുത്തര്‍ക്കും വൈരാഗ്യത്തോടെ ഉള്ളില്‍ മുഴുകി ആത്മമുത്ത് സമ്പാദിക്ക‍ാം.

20. ദൈവത്താലും ഗുരുവിനാലും ഒരു ജീവനെ മുക്തനാക്കുവാന്‍ കഴിയുകയില്ലേ?
ദൈവവും ഗുരുവും മുക്തിമാര്‍ഗ്ഗം കാട്ടിക്കൊടുക്കും. അല്ലാതെ അവര്‍തന്നെ ജീവികളെ മുക്തരാക്കില്ല.

വാസ്തവത്തില്‍ ദൈവവും ഗുരുവും വേറെയില്ല. പുലിയുടെ വായില്‍പ്പെട്ടത്‌ തിരിയെ വാരാത്തതെങ്ങനെയോ അതുപോലെ ഗുരുവിന്റെ കൃപാകടാക്ഷത്തില്‍പ്പെട്ടവര്‍ അദ്ദേഹത്താല്‍ രക്ഷിക്കപ്പെടുന്നതല്ലാതെ ഒരു കാലത്തും ഉപേക്ഷിക്കപ്പെടുന്നതല്ല. എങ്കിലും ഓരോരുത്തരും അവരവരുടെ പ്രയത്നത്താല്‍ത്തന്നെ ദൈവം അല്ലെങ്കില്‍ ഗുരു കാട്ടിത്തന്നവഴി തെറ്റാതെ മുക്തിയടയേണ്ടതാകുന്നു. തന്നെ തന്റെ ജ്ഞാനദൃഷ്ടി കൊണ്ടുതന്നെ അറിയണം; അല്ലാതെ അന്യരാല്‍ എങ്ങനെയറിയും? രാമനെന്ന ഒരുവന് താന്‍ രാമനാണെന്നറിയുവാന്‍ കണ്ണാടി വേണമോ?

21. മുക്തിയില്‍ ഇച്ഛയുള്ളവര്‍ക്ക് തത്ത്വവിചാരം ആവശ്യമാണോ?
കുപ്പയെ ചുട്ടുകരിച്ചുകളയേണ്ട ഒരുവന്‍ അതിനെ തിരഞ്ഞുനോക്കുന്നതില്‍ പ്രയോജനമില്ലാത്തതുപോലെ, അവനവനെ അറിയേണ്ടുന്ന ഒരുവന്‍ അവനെ മറച്ചുകൊണ്ടിരിക്കുന്ന തത്ത്വങ്ങളെ ഒന്നായി തള്ളിക്കളയാതെ അവയുടെ എണ്ണം കണക്കെടുക്കുന്നതിലും അവയുടെ ക്രമങ്ങളെ ആരായുന്നതിലും ഫലമില്ല. പ്രപഞ്ചത്തെ ഒരു സ്വപ്നത്തെപ്പോലെ ഗണിച്ചുകൊള്ളണം.

22. ജാഗ്രദവസ്ഥക്കും സ്വപ്നാവസ്ഥക്കും തമ്മില്‍ ഭേദമില്ലേ?
ജാഗ്രത്ത്‌ ദീര്‍ഘം, സ്വപ്നം ക്ഷണികം എന്നല്ലാതെ ഭേദമൊന്നുമില്ല. ജാഗ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളെല്ല‍ാം എങ്ങനെ സത്യമെന്നുതോന്നുന്നുവോ, അതുപോലെ സ്വപ്നത്തില്‍ നടക്കുന്ന വ്യവഹാരങ്ങളും ഉള്ളതായി ആ സമയത്ത് തോന്നും. സ്വപ്നത്തില്‍ മനസ്സു വേറെയൊരു ശരീരത്തെ അംഗീകരിക്കുന്നു. ജാഗ്രല്‍സ്വപ്നങ്ങള്‍ രണ്ടിലും വിചാരങ്ങളും നാമരൂപങ്ങളും ഏകകാലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.

23. മുമുക്ഷുക്കള്‍ക്ക്‌ ശാസ്ത്രപഠനംകൊണ്ട് പ്രയോജനമുണ്ടോ?
ഏത് ശാസ്ത്രത്തിലും മുക്തി സമ്പാദിക്കുവാന്‍ മനസ്സിനെ അടക്കണമെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ മനോനിഗ്രഹമാകുന്നു ശാസ്ത്രങ്ങളുടെ മുഖ്യപ്രയോജനം എന്നറിഞ്ഞതിനുശേഷം അവയെ അവസാനമില്ലാതെ പഠിക്കുന്നതുകൊണ്ട് ഫലമില്ല. മനസ്സ് അടക്കുന്നതിന് താന്‍ ആരെന്ന് തന്നോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എങ്ങനെ അത് ശാസ്ത്രങ്ങളില്‍ പ്രദിപാദിക്കപ്പെടുന്നു? അവനവനെ അവനവന്റെ ജ്ഞാനക്കണ്ണുകൊണ്ടുതന്നെ അറിയണം. താന്‍ പഞ്ചകോശങ്ങള്‍ക്കുള്ളില്‍ ഇരിക്കുന്നു. ശാസ്ത്രങ്ങള്‍ അവയില്‍നിന്നു ബഹിര്‍ഭാഗത്തും ഇരിക്കുന്നു. അതുകൊണ്ട് പഞ്ചകോശങ്ങളെയും നീക്കി വിചാരിക്കേണ്ടതായിരിക്കുന്ന ‘തന്നെ’ ശാസ്ത്രങ്ങളില്‍ തിരയുന്നത് വ്യര്‍ത്ഥമാകുന്നു. പഠിച്ചത് മുഴുവനും ഒരുകാലത്ത് മറക്കേണ്ടിവരും.

24. സുഖമെന്നാല്‍ എന്താണ്?
സുഖമെന്നത് ആത്മസ്വരൂപം തന്നെ. സുഖവും ആത്മസ്വരൂപവും വേറെയല്ല. പദാര്‍ഥങ്ങളില്‍ ഒന്നില്‍നിന്നെങ്കിലും സുഖമെന്നത് ലഭിക്കില്ല. അവയില്‍നിന്ന് സുഖം കിട്ടുമെന്ന് ന‍ാം നമ്മുടെ അവിവേകത്താല്‍ വിചാരിക്കുന്നു. മനസ്സ് ബഹിര്‍മുഖമാവുമ്പോള്‍ ദുഖത്തെ അനുഭവിക്കുന്നു. വാസ്‌തവത്തില്‍ നമ്മുടെ കാര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടുകൂടി മനസ്സ് തന്റെ യഥാസ്ഥാനത്തു തിരിച്ചുവന്നു ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. അതുപോലെതന്നെ, ഉറക്കം, സമാധി, മൂര്‍ച്ഛ മുതലായ കാലങ്ങളിലും, ഇഷ്ടപദാര്‍ത്ഥം ലഭിക്കുമ്പോഴും അനിഷ്ടപദാര്‍ത്ഥം നശിക്കുമ്പോഴും മനസ്സ്‌ അന്തര്‍മുഖമായി ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. ഇങ്ങനെ മനസ്സ് ആത്മാവിനെവിട്ട് പുറമെ പോയ്ക്കൊണ്ടും ഉള്ളിലേക്ക് വന്നുകൊണ്ടും ഒഴിവില്ലാതെ അലയുന്നു. മരത്തിന്റെ കീഴില്‍ നിഴല്‍ സുഖമായി വാഴുന്നു, പുറമെ വെയില്‍ എരിയുന്നു. പുറത്തു സഞ്ചരിക്കുന്ന ഒരുവന്‍ നിഴലില്‍ച്ചെന്ന് തണുപ്പ് അനുഭവിക്കുന്നു.

അല്‍പനേരം കഴിഞ്ഞതിനുശേഷം പുറത്തിറങ്ങി വെയിലിന്റെ ചൂടു സഹിക്കാന്‍ വയ്യാതെ വീണ്ടും മരത്തിന്റെ കീഴില്‍ വന്നിരിക്കുന്നു. ഇങ്ങനെ തണലില്‍നിന്ന് വെയിലിലേക്ക്‌ പോകുകയും, വെയിലില്‍നിന്ന് തണലിലേക്ക്‌ വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവന്‍ അവിവേകിയാകുന്നു. എന്നാല്‍ വിവേകിയാകട്ടെ, തണലില്‍നിന്നും മാറുന്നില്ല. അതുപോലെ, ജ്ഞാനിയുടെ മനസ്സും ഈശ്വരനെ വിട്ടുപിരിയുന്നതല്ല. പക്ഷേ, അജ്ഞാനിയുടെ മനസ്സാകട്ടെ, പ്രപഞ്ചത്തില്‍ കളിച്ചു ദുഃഖമനുഭവിക്കുകയും ഇടയ്ക്ക് ഈശ്വരനെ പ്രാപിച്ചു സുഖമനുഭവികുകയും ചെയ്യുന്നു. ജഗത്ത് എന്നത് സങ്കല്‍പ്പമാകുന്നു. ജഗത്ത് മറയുമ്പോള്‍, അതായത് സങ്കല്‍പ്പങ്ങള്‍ നശിക്കുമ്പോള്‍, മനസ്സ് ആനന്ദത്തെ അനുഭവിക്കുന്നു. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ ദുഖാനുഭവമുണ്ടാകുന്നു.

25. ജ്ഞാനദൃഷ്ടി എന്നാല്‍ എന്താണ്?
ചിന്താശൂന്യത തന്നെയാകുന്നു ജ്ഞാനദൃഷ്ടി. ചിന്താശൂന്യത എന്നാല്‍ ആത്മസ്വരൂപത്തില്‍ മനസ്സിന്റെ ലയമാകുന്നു. അല്ലാതെ അന്യരുടെ മനസ്സറിയുക, ത്രികാലജ്ഞാനം, ദൂരദേശവര്‍ത്തമാനങ്ങള്‍ അറിയുക, എന്നിവ ജ്ഞാനദൃഷ്ടിയാകുന്നതല്ല.

26. വൈരാഗ്യത്തിനും ജ്ഞാനത്തിനും തമ്മില്‍ ബന്ധമെന്ത്?
വൈരാഗ്യവും ജ്ഞാനവും വിഭിന്നമല്ല. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്നാകുന്നു. വൈരാഗ്യമെന്നത് ഒരു വിഷയത്തിലും മനസ്സിന് സക്തിയില്ലായ്കയാകുന്നു. ജ്ഞാനമെന്നാല്‍ ഒരു വിഷയവും ഓര്‍ക്കായ്കയാകുന്നു. അന്യവസ്തുക്കളില്‍ ആഗ്രഹമില്ലാതിരിക്കുന്നത് വൈരാഗ്യം. മനസ്സിനെ അവിടേക്ക് വിടാതിരികുന്നത് ജ്ഞാനം.

27. വിചാരത്തിനും ധ്യാനത്തിനും തമ്മില്‍ ഭേദമെന്ത്?
ആത്മവിചാരം. തന്നില്‍ ത്തന്നെ മനസ്സുവയ്ക്കുന്നത്; ധ്യാനമെന്നത് താന്‍ ഈശ്വരനെന്നും സച്ചിദാനന്ദമെന്നും ഭാവിക്കുന്നതാകുന്നു.

28. മുക്തി എന്നാല്‍ എന്ത്?
ബദ്ധനായിരിക്കുന്ന താന്‍ ആരാണെന്ന് ആലോചിച്ചു യഥാര്‍ത്ഥസ്വരൂപത്തെ അറിയുകയാകുന്നു മുക്തി.

ശുഭം

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 42 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. July 17th, 2009 2:03 am IST യ്ക്ക് നിസ്സഹായന്‍Nissahayan:

    ഒന്നും ചിന്തിക്കാത്ത,ഒരു വികാരവും അനുഭവിക്കാത്ത, ബുദ്ധിമാന്ദ്യമുള്ളവരും മസ്തിഷ്കമരണം സംഭവിച്ചവരും ഡിമെന്‍ഷ്യാ/അല്‍ ഷിമേഴ്സ് ബാധിതരും ജ്ഞാനവും വൈരാഗ്യവും ഒരുമിച്ച് അനുഭവിക്കുന്നു. അവരത്രേ പുണ്യന്മാര്‍ !!!!

  2. July 17th, 2009 7:25 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    അഭിപ്രായത്തിന് വളരെ നന്ദി, ശ്രീ നിസ്സഹായന്‍. താങ്കളോട് ഇതേക്കുറിച്ച് സംസാരിക്കാന്‍ ഈയുള്ളവനും നിസ്സഹായനാണ്. എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ. താങ്കള്‍ പറഞ്ഞ തരത്തിലുള്ള ജ്ഞാനവും വൈരാഗ്യവും താങ്കള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

  3. July 28th, 2009 7:53 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ നിസ്സഹായനും സുഹൃത്തുക്കള്‍ക്കും ഈ വിഷയത്തില്‍ കൂടുതല്‍ താല്പര്യം ഉണ്ടെന്നു മനസ്സിലാക്കുന്നു. ഈയുള്ളവന്‍ വെറുമൊരു അജ്ഞാനിയായതിനാല്‍, സ്വന്തമായി വിഡ്ഢിത്തം വിളമ്പാതെ, താങ്കള്‍ക്ക് സ്വയം കൂടുതല്‍ വായിച്ചും ചിന്തിച്ചും കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന റെഫറന്‍സ് തരാം.

    തമിഴ്‌നാട്ടില്‍ തിരുവണ്ണാമലയിലുള്ള ശ്രീ രമണാശ്രമത്തില്‍ ഒരു സന്ദര്‍ശനം നടത്തുന്നത് തീര്‍ച്ചയായും സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഹായിക്കും. ശ്രീരമണാശ്രമം വെബ്സൈറ്റില്‍ രമണമഹര്‍ഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പി ഡി എഫ്‌ രൂപത്തിലുള്ള ഇ-ബുക്കുകളും ലഭ്യമാണ്. കേരളത്തില്‍ ഡി സീ ബുക്ക്സിലും മറ്റും മലയാളത്തിലുള്ള പുസ്തകങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടും.

    താങ്കളുടെ സത്യാന്വേഷണത്തിന് എല്ലാ ആശംസകളും നേരുന്നു.

  4. September 24th, 2009 12:34 am IST യ്ക്ക് അഭിലാഷ്‌ ആര്യ:

    രമണ മഹര്‍ഷിയുടെതെന്നു അവകാശപെടുന്ന ഈ ലേഖനത്തില്‍ വൈദികമായ വിഷയങ്ങള്‍ കൂടുതലായി ഒന്നും കാണാന്‍ കഴിഞ്ഞില്ല, ആയതില്‍ ഞാന്‍ ദുഃഖിക്കുന്നു… എന്റെ എളിയ അറിവില്‍ നാല് വേദങ്ങളും നന്നായി അഭ്യസിച്ചവനും, അവ നന്നായി നിരുക്ത-വ്യകരാണാദി നിയമങ്ങളാല്‍ വ്യഖാനിക്കാന്‍ കഴിവുള്ളവനും മാത്രമാണ് മഹര്‍ഷി എന്ന ബഹുമതി ലഭ്യമാകുന്നത്. അപ്രകാരമാണെങ്കില്‍ ഈ ലേഖനത്തില്‍ വേദങ്ങളിലെ ത്രൈതവാദം തീര്‍ച്ചയായും ഉണ്ടായേന്നെ…..
    “ഈ കാണുന്നതും, അറിയുന്നതും, എന്നെങ്കിലും നശിക്കാവുന്ന ആയ ശരീരം അല്ല ഞാന്‍” എന്ന തിരിച്ചറിവാണ്‌, WHO AM I ഞാന്‍ ആര് ? എന്ന ആത്മീയ വിഷയത്തിലേക്കുള്ള തുടക്കം. ആയതിനാല്‍ വേദങ്ങളിലെ ത്രൈതവാദം ഓരോ സത്യാന്വേഷിയും മനസിലാക്കിയാല്‍ നന്ന്….

  5. September 24th, 2009 7:56 am IST യ്ക്ക് ശ്രീ (sreyas.in):

    മഹര്‍ഷി എന്ന വാക്കിന്റെ അര്‍ത്ഥം മുമ്പ് ചിന്തിച്ചിട്ടില്ലായിരുന്നു. നന്ദി.
    നാല് വേദങ്ങള്‍ പഠിച്ചു വ്യാഖ്യാനിക്കാന്‍ കഴിവുള്ളവനെയല്ലേ നാം പണ്ഡിതന്‍ എന്ന് പറയേണ്ടത്? പണ്ഡിതനും ജ്ഞാനിയും രണ്ടല്ലേ? ഞാന്‍ ആരാണ് എന്ന ബോധം അല്ലേ ആത്മസാക്ഷാത്കാരം (self realization), അതിലുപരി എന്തെങ്കിലും നേടേണ്ടതുണ്ടോ? ഏതൊന്നറിഞ്ഞാല്‍ എല്ലാമറിഞ്ഞു, അതറിഞ്ഞാല്‍ പിന്നെ വേദങ്ങള്‍ക്കെന്തു പ്രസക്തി? വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്‌ഗീതയും പുരാണങ്ങളും എല്ലാം തന്നെ അതിലേയ്ക്കുള്ള ചൂണ്ടുപലകകള്‍ മാത്രമല്ലേ?

    അപ്പോള്‍ പാണ്ഡിത്യത്തില്‍ എന്ത് പ്രസക്തി?

    മഹര്‍ഷി എന്ന പേര് ആരൊക്കെയോ ചാര്‍ത്തി ക്കൊടുത്തതാവാം, അല്ലാതെ അവര്‍ക്കൊക്കെ യാതൊരു പേരിലും താല്പര്യമുണ്ടായിരിക്കാന്‍ സാധ്യതയില്ല. കാരണം ‘അഖിലം ഞാന്‍’ എന്ന അനുഭൂതിയില്‍ ജീവിക്കുന്നവര്‍ക്ക് എന്ത് പേര്, എന്ത് അഡ്രസ്‌?

  6. September 24th, 2009 12:58 pm IST യ്ക്ക് അഭിലാഷ്‌ ആര്യ:

    പണ്ഡിതന്‍
    ഒരു പ്രത്യേക വിഷയത്തില്‍ മാത്രം കേന്ദ്രീകൃതമായ അപാരമായ അറിവ് നേടിയവനെ ആപ്തന്‍ എന്നുവിളിക്കാം

    അറിവ്
    അറിവ് എന്നത് സ്ഥായിയല്ല അവ ഒരു പുതിയ വിവരത്താല്‍ മാറ്റപ്പെട്ടുകൊണ്ടിരിക്കും.

    ജ്ഞാനി

    വിഷയങ്ങള്‍ക്ക്‌ കാരണമാകുന്ന കാരണത്തെ കുറിച്ച് അറിവുള്ളവനാരോ അവന്‍ ജ്ഞാനിയാകുന്നു

    ജ്ഞാനം
    സ്ഥിരവും, കലര്‍പ്പും, ഇല്ലാത്ത അറിവിനെ ജ്ഞാനം എന്ന് വിളിക്കാം, ആയതിനാല്‍ ഏതൊന്നറിഞ്ഞാല്‍ എല്ലാമറിഞ്ഞുവോ അതിനെ ജ്ഞാനത്തിന്റെ ഉറവിടമായ വേദം എന്നുവിളിക്കാം.

    ആയതിനാല്‍ ആ പരമമായ ജ്ഞാനത്തെ അറിഞ്ഞവനെ ജ്ഞാനിയെന്ന് വിളിക്കാം, അല്ലാതെ ജ്ഞാനം എന്നുവിളിക്കരുത് ഇക്കാരണത്താല്‍ തന്നെ “അഖിലം ഞാന്‍” എന്നത് വിഡ്ഢിത്തമാണ്.

    സ്വാര്‍ത്ഥനും അല്പ്പഞാനിയുമായ ഒരുവന് ഞാന്‍ ആരാണ് എന്നാ ബോധം (ശരീരം അല്ല) ഉണ്ടായാല്‍ മാത്രം മതിയാകും എന്നാല്‍ ഞാന്‍ എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു, ഇപ്പോള്‍ എവിടെ നില്‍ക്കുന്നു, എന്തിന്നു നില്‍ക്കുന്നു, തുടങ്ങിയ ചിന്തകള്‍ നിസ്വാര്‍ത്ഥനായ ഒരു സത്യാന്വേഷിയെ, ഞാന്‍ അഖിലമല്ലന്നും മറിച്ച് ഞാന്‍ ‍അഖിലത്തില്‍ ആണെന്ന ബോധം ഉളവാക്കുന്നു അന്നേരം മുതല്‍ കാര്യത്തിന്റെ കാരണത്തെ (ബ്രഹ്മം, പ്രകൃതി) കുറിച്ച് ആത്മ-ഗവേഷകന്‍ തന്റെ തീര്‍ത്ഥാടനം (തീര്‍ത്ഥം = ജ്ഞാനം) ആരംഭിക്കുന്നു.

  7. September 24th, 2009 4:02 pm IST യ്ക്ക് ശ്രീ (sreyas.in):

    “ഞാന്‍ ആരാണ്” എന്നത് അറിഞ്ഞു കഴിയുമ്പോള്‍, അതായത് അഹം ബ്രഹ്മാസ്മി എന്നത് ഉറച്ചു അഖണ്ഡമായ ബോധത്തില്‍ നിലകൊള്ളുമ്പോള്‍, (എല്ലാം ബ്രഹ്മം തന്നെ = ഞാന്‍ ബ്രഹ്മം തന്നെ = എല്ലാം ഞാന്‍ തന്നെ എന്നത് ഉറച്ചാല്‍) പിന്നെ “എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു, ഇപ്പോള്‍ എവിടെ നില്‍ക്കുന്നു, എന്തിന്നു നില്‍ക്കുന്നു” തുടങ്ങിയവയ്ക്ക് എന്ത് പ്രസക്തി? എല്ലാം ഈശ്വരനാണെങ്കില്‍ പിന്നെ എവിടെ പോകാനും വരാനും ഉള്ളത്? ഇക്കാണുന്ന പ്രപഞ്ചഗതി അഥവാ പ്രകൃതി ആ ബോധത്തില്‍ ആരോപിക്കപ്പെട്ട സങ്കല്പങ്ങള്‍ മാത്രമാണ്. ബ്രഹ്മത്തെ അറിഞ്ഞാല്‍, ബ്രഹ്മമായാല്‍, അവിടെ പ്രകൃതിയില്ല. ഇതാണ് അദ്വൈത വേദാന്തചിന്തയില്‍ നിന്നും മനസ്സിലായിട്ടുള്ളത്.

  8. September 25th, 2009 2:05 pm IST യ്ക്ക് അഭിലാഷ്‌ ആര്യ:

    ബ്രഹ്മയിവ ഇദം അഗ്ര ആസീത്‌
    തത് ആത്മാനമേവ അവേതത്
    അഹം ബ്രഹ്മാസി ഇതി
    ശതപത ബ്രഹ്മണം (ബ്രഹതാരണ്യോപനിഷ്യത്ത്)
    ബ്രഹ്മം തിരിച്ചറിഞ്ഞു ഞാന്‍ ബ്രഹ്മമാണെന്നു കാരണം ബ്രഹ്മം സര്‍വ്വജ്ഞന്‍ ആകുന്നു.
    ഇതാണ് പ്രസ്തുത മന്ത്രത്തിന്റെ രത്നച്ചുരുക്കം.

    അഹം = ഞാന്‍, ബ്രഹ്മ = ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു, അസ്മി = ആകുന്നു.

    മഹാവാക്യമെന്നു അദ്വൈതികള്‍ അനുഭൂതി വാക്യമായി ഓമനിക്കുന്ന മുറിവാക്യങ്ങളായ പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസി, തത്ത്വമസി, അയമാത്മാ ബ്രഹ്മ എന്നിവ വേദവാക്യങ്ങള്‍ അല്ല. ഇവ ബ്രാഹമണ ഗ്രന്ഥങ്ങളില്‍ മാത്രം കാണപ്പെടുന്നു.

    എല്ലാം ബ്രഹ്മമെങ്കില്‍ ഈ മുറിവാക്യങ്ങളെ ശങ്കരന്‍ മഹാവാക്യങ്ങളായി വ്യാഖ്യാനിച്ചത് ആര്‍ക്കു വേണ്ടി ബ്രഹ്മത്തിനോ ? അതോ ? ജീവാത്മാവിനോ ? എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിനു ബ്രഹ്മ വ്യാഖ്യാനമോ ? ശങ്കരന്‍ ഒരു വിഡ്ഢിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.

    അനുഭൂതി വാക്യങ്ങള്‍ എന്നറിയപ്പെടുന്നവയിലെ അനുഭൂതി ആര്‍ക്കാണ് അനുഭവപ്പെടുന്നത് ? ബ്രഹ്മത്തിനോ ? അതോ ? ……………!!!!!!

    എല്ലാം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിന്റെ ഗുണമെന്ത് ? ആ ഗുണം എനിക്ക് ഉണ്ടോ ? ഞാന്‍ ബ്രഹ്മമെങ്കില്‍ എനിക്കും താങ്കള്‍ക്കും വ്യത്യസ്തമായ അനുഭവം എന്തുകൊണ്ട് ഉണ്ടാകുന്നു ?

    അതിബുദ്ധിമാരായി നടിച്ചു നടക്കുന്ന അല്‍പ്പജ്ഞാനികളായ കുറെ പമ്പര-വിഡ്ഢികള്‍ സഭയില്‍ ഇത്തരം വാക്യങ്ങള്‍ വിളമ്പി കൈയടിയും, പണവും-പ്രശസ്തിയും കാലാകാലങ്ങളില്‍ നേടിയെടുത്തുവരാറുണ്ട്‌. ശേഷം കൈയടിയും, പണവും-പ്രശസ്തിയും ബ്രഹ്മത്തില്‍ ആരോപിച്ച് വേദമറിയാതെ കാലം കഴിക്കുന്നു.

    ഉപാസകന്‍ ഉപസ്യനായിമാറില്ല, മാറിയാല്‍ ഉപാസനയുടെ ആവശ്യവുമില്ല.

  9. September 25th, 2009 3:52 pm IST യ്ക്ക് ശ്രീ (sreyas.in):

    താങ്കള്‍ പറഞ്ഞ അതിബുദ്ധിമാന്മാരുടെയും അല്‍പ്പജ്ഞാനികളുടെയും പമ്പരവിഡ്ഢികളുടെയും അഭിപ്രായത്തെക്കുറിച്ച് കൂടതല്‍ പറയാന്‍ ഈയുള്ളവന്‍ യോഗ്യനല്ല. അഭിലാഷ്‌ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമായില്ല. എന്നിരുന്നാലും നല്ല ഒരു ചര്‍ച്ച നടക്കുമെന്നുള്ള പ്രതീക്ഷയില്‍, ഓര്‍മ്മയില്‍ വരുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.

    വേദങ്ങള്‍ അറിഞ്ഞവനുവേണ്ടി മാത്രമാണ് ഈശ്വരന്‍ എന്നാണോ അഭിലാഷ്‌ വാദിച്ചു വരുന്നത്? കുറച്ചു കൂടി വ്യക്തമാക്കാമോ? വേദങ്ങള്‍ പഠിച്ച് വ്യാഖ്യാനിക്കാന്‍ കഴിവുള്ളയാള്‍ എന്നുപറഞ്ഞാല്‍ അദ്ദേഹം ഈശ്വരനെ അറിഞ്ഞവന്‍ എന്നാണോ?

    ശങ്കരനും ബുദ്ധനും ചാര്‍വാകനും വ്യാസനും ദയാനന്ദസരസ്വതിയും ആരുംതന്നെ വിഡ്ഢിയല്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പക്ഷെ, അവര്‍ പറഞ്ഞു എന്നതിനാല്‍ മാത്രം നമ്മള്‍ ചിന്തിക്കാതെ അന്ധമായി വിളമ്പിയാല്‍ നാം വിഡ്ഢിയാകും എന്നു തോന്നുന്നു. കുറച്ചു ചോദ്യങ്ങള്‍ എഴുതട്ടെ. താങ്കളുടെ അഭിപ്രായം എഴുതാമോ?

    1. ഈശ്വരന്‍ ഉണ്ടോ? എന്തുകൊണ്ട്?
    ഉണ്ടെങ്കില്‍,
    2. ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം, … തുടങ്ങിയ ചിന്താധാരകളില്‍ ഇതിനാണ് കൂടുതല്‍ പ്രസക്തി, എന്തുകൊണ്ട്?
    3. ഈശ്വരന്‍ എങ്ങനെയിരിക്കും? രൂപമില്ലെങ്കില്‍, മറ്റു സ്വഭാവങ്ങള്‍ എന്തൊക്കെ?
    4. ഈശ്വരനെ അറിയാനുള്ള മാര്‍ഗ്ഗം എന്താണ്?
    5. ഈശ്വരനെ അറിയാന്‍ ശ്രമിക്കുന്നത് സമയ നഷ്ടമല്ലേ? അറിയാന്‍ ശ്രമിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?
    6. ഈശ്വരന്‍ ഉണ്ടെങ്കിലോ ഇല്ലെങ്കിലോ എനിക്കെന്തു ചേതം എന്നു ചിന്തികുന്നതില്‍ തെറ്റുണ്ടോ? എന്തിനു വിലപ്പെട്ട സമയം പാഴാക്കുന്നു?

    ഈ ചര്‍ച്ച നടത്തുന്നതില്‍ വളരെ നന്ദി.

  10. September 25th, 2009 6:22 pm IST യ്ക്ക് അഭിലാഷ്‌ ആര്യ:

    എന്റെ മറുപടി താങ്കള്‍ ഖണഡിക്കുന്നതിനോ?, അഗീകരിക്കുന്നതിനോ? തയ്യാറാവാത്തത്തില്‍ ദുഖമുണ്ട്. ഞാന്‍ വളരെ ലളിതമായി അവതരിപ്പിച്ച വിഷയം താങ്കള്‍ക്ക് വെക്തമാവാതെ പോയതില്‍ ഖേദിക്കുന്നു. എഴുതി ശീലമില്ലതതിനലാവാം.

    യുക്തി യുക്തമായി ഈശ്വരനെയും, വേദങ്ങളെയും പഠിച്ച് മനനം ചെയിതു തര്‍ക്കിച്ചാല്‍ മാത്രമേ വെക്തമായ ധാരണ ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുളൂ.

    തര്‍ക്ക ബുദ്ധിയോടെ മാത്രമേ കാര്യങ്ങള്‍ വിശകലനം ചെയ്യാവു, ശേഷം മനനം നടത്തി സത്യത്തെ മാത്രം സ്വീകരിക്കണം. ആയതിനാല്‍ തന്നെ ഒരു ശരിയായ ആര്യസമാജി അന്ധവിസ്വസിയോ ! വിഡ്ഢിയോ ആയിരിക്കുകയില്ല.

    താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചുവടെ ചേര്‍ക്കുന്നു.

    1. ഈശ്വരന്‍ ഉണ്ടോ?
    തീര്‍ച്ചയായും ഈശ്വരന്‍ ഉണ്ട്. ക്രിയ ഉണ്ടെങ്കില്‍ കര്‍ത്താവും ഉണ്ടാകും.

    2. ദര്‍ശനങ്ങളില്‍ ഒന്നായ ബ്രഹ്മ സൂത്രം (ഈശ്വരനെ കുറിച്ച് മാത്രം പ്രതിപാദിക്കുന്നത്)
    പല ആചാര്യന്മാരും വ്യാഖ്യാനിച്ചിട്ടുണ്ട് അതിനെ ശിഷ്യന്മാര്‍ ദുര്‍വ്യാഖ്യാനിച്ച്
    പല സിദ്ധാന്തങ്ങളും ഉണ്ടായി. ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം, … തുടങ്ങിയ
    ചിന്താധാരകളില്‍ ത്രൈതവാദത്തിനാണ് പ്രസക്തി കാരണം വൈദികമായതിനാല്‍.

    3. ഈശ്വരന്‍ എങ്ങനെയിരിക്കും? ……
    ആരാണ് ഈശ്വരന്‍ ? ഈശ്വരന്‍ സര്‍വ്വശക്തനായിരിക്കണം ആയതിനാല്‍ ചെകുത്താനോ / പിശാചിണോ ഇവിടെ പ്രസക്തിയില്ല കാരണം ദൈവത്തിനേക്കാള്‍ ശക്തി കൂടുതല്‍ ഉള്ളവനോ അദേഹത്തിന്റെ ശക്തിക്കുള്ളില്‍ നില്‍ക്കാത്ത വേറെ ഒരു ശക്തിക്കും ഈ പ്രപഞ്ചത്തില്‍ സ്ഥാനമുണ്ടാവില്ല തീര്‍ച്ച.

    അപ്രകാരം സര്‍വ്വശക്തനാകാണമെങ്കില്‍ സര്‍വ്വവ്യാപി അല്ലാത്ത ഒരു ശക്തിക്ക് സര്‍വ്വശക്തനായിരിക്കുവാന്‍ കഴി‌കയില്ല ആയതിനാല്‍ അദ്ദേഹം സര്‍വ്വവ്യാപിയാണ്.

    സര്‍വ്വവ്യാപിയാകണമെങ്കില്‍ രൂപമുള്ള ഒന്നിന്നും വ്യാപിക്കുവാന്‍ കഴി‌കയില്ല ആയതിനാല്‍ അദ്ദേഹം അരൂപിയാണ്.

    പ്രസ്തുത യോഗ്യത നേടിയൊരു ശക്തിക്ക് മാത്രമേ സര്‍വ്വജ്ഞ‍ന്‍ ആകാന്‍ കഴിയുകയുള്ളൂ കാരണം സര്‍വ്വവ്യാപിത്വം ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും നേടുവാന്‍ കഴിയു, ഉദാഹരണം ഈ സൃഷ്ടി വൈഭവം തന്നെ.

    കൂടാതെ ഈശ്വരന്‍ നിഷ്പക്ഷനയിരിക്കണം എന്തെനാല്‍ പക്ഷപാതം കാണിക്കുന്നവനെ എങ്ങനെ വിളിചാരാധിക്കും, എനിക്ക് ഒരു നിയമം നിങ്ങള്‍ക്ക് വേറൊരു നിയമം എന്നത് പ്രപഞ്ച നിയമത്തെ തെറ്റിക്കുന്നതാണ് ആയതിനാല്‍ ആ പരമാത്മാവ് തീര്‍ച്ചയായും നിഷ്പക്ഷനയിരിക്കും.
    ഉദാഹരണം ജീവാത്മാവ് സര്‍വ്വസ്വതന്ത്രന്‍ എന്നതു തന്നെ.

    അങ്ങനെ ആണെങ്കില്‍ അദ്ദേഹം ന്യായകരിയും ആയിരിക്കണം കാരണം അന്യായം പ്രവര്‍ത്തിക്കുന്നവന്റെ കുംബസാരത്തിലോ ? വഴിപാടിലോ ? ഈശ്വരന്‍ അവന്റെ പാപങ്ങള്‍ ക്ഷമിച്ചാല്‍ വേറൊരുവനോട് അദ്ദേഹം അന്യായം പ്രവര്‍ത്തിച്ചതിന്നു തുല്യമാകും, ആയതിനാല്‍ ന്യായമായത് കര്‍മ്മതിനനുസരിച്ചു സംശയതിന്നു ഇടയില്ലാതെ അണുവിട തെറ്റാതെ ഫലം ലഭ്യമാകും

    4. ഈശ്വരന്‍ വിഷയമല്ല വിഷയാധിതാനാണ് ആയതിനാല്‍ വിഷയ മുക്തമായാല്‍ മാത്രം
    മതി ഈശ്വരനെ താനെ അറിയും.

    5. ശ്വസിക്കുന്നതും, ആഹാരം കഴിക്കുന്നതും സമയ നഷ്ട്ടം അല്ലെങ്കില്‍, ഈശ്വരനെ
    അറിയുന്നതും സമയ നഷ്ട്ടം അല്ല.

    6. ചേതമില്ലത്തവന് ചേതനയെ കുറിച്ചറിയാന്‍ ജന്മ-ജന്മാന്തരങ്ങള്‍ വേണ്ടിവരും.
    അറിവില്ലാത്തവന്‍ വിലപ്പെട്ട സമയം അചേതനത്തെ കുറിച്ചറിയാന്‍ വേണ്ടി
    പാഴക്കിയെന്നുവരും.

  11. September 29th, 2009 2:25 am IST യ്ക്ക് parthan:

    @ അഭിലാഷാര്യ :
    ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം, … തുടങ്ങിയ
    ചിന്താധാരകളില്‍ ത്രൈതവാദത്തിനാണ് പ്രസക്തി കാരണം വൈദികമായതിനാല്‍.

    ‘ത്രൈതവാദം’ ഒന്നുകൂടി വിശദമാക്കിത്തരാമോ ?

  12. October 2nd, 2009 3:52 pm IST യ്ക്ക് അഭിലാഷ്‌ ആര്യ:

    പാര്‍ത്ഥാ, ത്രൈതം എന്നതില്‍ നിന്ന് തന്നെ മു‌ന്ന് എന്ന് മനസിലാക്കാമല്ലോ, ഇതില്‍ പരമാത്മാവായ ഈശ്വരന്‍, ജീവാത്മാവ്, പ്രക്ര്യതി (സത്വ,രജ,തമസ്സ്‌) എന്നിവ അനാദി എന്ന സിദ്ധാന്തമാണ്‌ ത്രൈതം. ഈ സിദ്ധാന്തം വൈദികമാണ്‌, യുക്തി പൂര്‍വമാണ് ആയതിനാല്‍ പ്രമാണവുമാണ്.

  13. February 24th, 2010 11:04 am IST യ്ക്ക് ജോജു:

    I Feel it Really. Knowing our self is the greatest knowledge . And Also when GOD is within our Body That is another Bliss experience .Then We forget our self . Our Ego and Mind get vanished – the feeling is cannot say in words. Only one thing to do for it – Just Be Aware of ourself. You are authentic . Just let the life to flow through you. .thats enough.

  14. April 27th, 2010 10:18 pm IST യ്ക്ക് abhinand:

    നമസ്കാരം
    എനിക്ക് ത്രിതവാടത്തെ പറ്റി ഒരു സംശയം ഉണ്ട്. ഈശ്വരന്‍ സര്‍വ വ്യാപി ആണെന്ന് തങ്ങള്‍ പറഞ്ഞു. സര്‍വ വ്യാപി ആയ ഒരു സക്തി ഉണ്ടെങ്കില്‍ പിന്നെ എങ്ങനെ രണ്ടാമതൊന്നു ഉണ്ടാകും. സര്‍വ വ്യാപി ആയ ഒരു ശക്തി ഉണ്ടെങ്കില്‍ പിന്നെ അവിടെ രണ്ടാമത് ഒന്നിന് നിലനില്കാന്‍ പറ്റില്ല. അപ്പോള്‍ ത്രിതവാദം എന്നത് തെറ്റാകും. അത് കൊണ്ട് ഇവിടെ രണ്ടു ഉണ്ടാകാന്‍ നിവൃത്തി ഇല്ല. പിന്നെ വേദം പഠിച്ചാല്‍ മാത്രമേ ഒരുവന്‍ മഹര്‍ഷി അകൂ എന്നത് വിഡ്ഢിത്തം ആണ്..വേദം സംസ്കൃതത്തില്‍ എഴുതി, ഭാരതത്തില്‍ ഉത്ഭവിച്ചതാണ്. അത് ഭാരതത്തില്‍ ഉള്ളവര്‍ പോലും മുഴുവന്‍ മനസിലാക്കിയിടില്ല. അപ്പോള്‍ ഭാരതത്തിനു പുറത്തുള്ളവര്‍ക്ക് ആത്മജ്ഞാനം ഉണ്ടാകില്ല എന്ന് പറയേണ്ടി വരും. അത്മജ്ഞാനികള്‍ എല്ലാം ഋഷികള്‍ തന്നെ. സത്യത്തെ ദര്‍ശിച്ചവര്‍ ആണ് ഋഷികള്‍. ഗിടയില്‍ പലയിടത്തും വേദത്തിന്റെ വ്യാകരണത്തിലും മറ്റും ബന്ടനസ്തരായി കിടകുന്നവരെ കളിയാക്കുനുണ്ട്. എല്ലാത്തിന്റെയും പരമ ലക്‌ഷ്യം ആത്മജ്ഞാനം ആണ്. അല്ലാതെ കേവലം വ്യാകരണവും, മന്ത്രങ്ങളും കാണാതെ പഠിച്ചാല്‍ അത് ഉണ്ടാകില്ല.

  15. April 27th, 2010 10:30 pm IST യ്ക്ക് abhinand:

    നിസ്സഹായനോട് പറയാനുള്ളത് ഇത്ര മാത്രം. എതോന്നിനെയും വിമര്ഷികുനതിനു മുന്‍പ് അതിനെ പറ്റി സ്വയം അറിയണം. മനോനിഗ്രഹത്തെ പറ്റിയാണ് രാമന മഹര്‍ഷി ഇവിടെ പറയുന്നത്. അതിനെ കളിയാക്കാന്‍ പുറപെട്ടതിനു മുന്‍പ് താങ്കള്‍ സ്വയം മനസിനെ അടക്കി അതിന്റെ യാദാര്‍ത്ഥ്യം സ്വയം മനസിലാകിയോ? മനസിലെ ചിന്തകളെ ഒരു നിമിഷതെകെങ്കിലും അടക്കാന്‍ താങ്കള്‍ക്ക് സാദിച്ചോ? ഇല്ലെങ്കില്‍ പിന്നെ താങ്കള്‍ എന്ത് യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ് വിമര്‍ശിച്ചത്. അറിയാത്ത ഒന്നിനെ തന്റെ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ വിമര്ഷികുനതാണോ, ചിന്തിക്കുന്ന മനുഷ്യന്റെ ലക്ഷണം. ആല്ചിഎമെര്സ ബാടിച്ചവരും മനോവൈകല്യം ഉള്ളവരും അവരുടെ സങ്കല്പതിനനുസരിച്ചു ലോകത്തെ സൃഷ്ടിക്കുന്നു. ശാന്തമായി ഒരിടത് ഇരുന്നു ദ്യനിച്ചതിനു ശേഷം അതിന്റെ സത്യാവസ്ഥ മനസിലാക്ക. എന്നിട്ട് വിമര്ഷികുക.

  16. July 29th, 2010 4:27 pm IST യ്ക്ക് ഉപദേശി:

    നിസ്സഹായന്‍, ഞാന്‍ നിസ്സഹായന്‍.

  17. September 8th, 2010 4:53 pm IST യ്ക്ക് seetha:

    സനാതന ധര്‍മ്മത്തില്‍ ഒരു ജീവിക്ക് എത്ര ജന്മമാണ് പറഞ്ഞിരിക്കുന്നത്? സ്വന്തം കര്‍മങ്ങളും, ജ്ഞാന- ഭക്തി-വൈരാഗ്യങ്ങളും അനുസരിച്ച് എത്രയും വേഗം മോക്ഷം സംഭവിക്കാമെങ്കിലും പൊതുവേ എത്ര ജന്മങ്ങള്‍ കടന്നു പോകേണ്ടിയിരിക്കുന്നു?

  18. September 23rd, 2010 11:19 pm IST യ്ക്ക് Anish:

    The Self is within the five sheaths; but books are outside them. Since the
    Self has to be inquired into by discarding the five sheaths, it is futile to
    search for it in books. There will come a time when one will have to forget
    all that one has learned :)

  19. September 24th, 2010 11:10 pm IST യ്ക്ക് nirmala:

    “സനാതന ധര്‍മ്മത്തില്‍ ഒരു ജീവിക്ക് എത്ര ജന്മമാണ് പറഞ്ഞിരിക്കുന്നത്? സ്വന്തം കര്‍മങ്ങളും, ജ്ഞാന- ഭക്തി-വൈരാഗ്യങ്ങളും അനുസരിച്ച് എത്രയും വേഗം മോക്ഷം സംഭവിക്കാമെങ്കിലും പൊതുവേ എത്ര ജന്മങ്ങള്‍ കടന്നു പോകേണ്ടിയിരിക്കുന്നു?”

    മുകളില്‍ പറഞ്ഞിട്ടുള്ള ഈ ചോദ്യത്തിന് ഒരു ഉത്തരം ഉണ്ടാകുമോ?

  20. September 25th, 2010 5:13 pm IST യ്ക്ക് krishnakumar:

    “സനാതന ധര്‍മ്മത്തില്‍ ഒരു ജീവിക്ക് എത്ര ജന്മമാണ് പറഞ്ഞിരിക്കുന്നത് ?” ഈ ചോദ്യം ഒരു പ്രഹേളിക അല്ലെ എന്നാണ് എന്റെ സംശയം. “മുറിയിലെ ഇരുട്ട് മാറാന്‍ എത്രസമയം കഴിയണം എന്നാ ചോദ്യം പോലെയല്ലേ ഇത് ?” “ലൈറ്റ് ഇന്റെ switch ഇടാനെടുക്കുന്ന അത്രയും സമയം എന്നുത്തരം” Switch ഇട്ടതിനുശേഷമുള്ള മാറ്റം spontaneous ആണു. സനാതന ധര്‍മം എന്ന് പറയുമ്പോള്‍ അത് ഒട്ടനേകം “Schools of Thoughts” ഉള്‍ക്കൊള്ളുന്നു. “ബ്രഹ്മകുമാരി” മതക്കരോക്കെ 84 ലക്ഷം ജന്മങ്ങള്‍ എന്നൊക്കെ ചില കണക്കുകള്‍ പറയുന്നു. ഈ സംഖ്യ എവിടെ നിന്ന് കിട്ടി എന്നറിയില്ല. അതിന്റെ യുക്തിയും അറിയില്ല. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് ഒരടി മുന്നോട്ടു വയ്ക്കുമ്പോള്‍ രണ്ടോ മൂന്നോ അടി പിന്നോട്ടും വയ്ക്കുന്നു എനാ മട്ടിലാണ് ജീവിതം. അപ്പോള്‍ നെറ്റ് റിസള്‍ട്ട്‌ എന്താണ് ? കൃത്യമായി ഇത്ര ജന്മങ്ങള്‍ എന്ന് പറയാന്‍ പറ്റുമോ, ഹിന്ദു ദര്‍ശനങ്ങളില്‍ പറഞ്ഞിട്ടുണ്ടോ, അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനം ? ഒരു സദ്ഗുരുവിന്റെയോ അവതാര പുരുഷന്റെയോ അനുഗ്രഹമുണ്ടാവുംപോള്‍ ആയിരം ജന്മങ്ങളിലെയും പ്രാരാബ്ദങ്ങള്‍ പൊട്ടി പോകുന്നു എന്നും പറയപ്പെടുന്നു. “ഒരു പുല്‍ക്കൊടിയെപ്പോലും ബ്രഹ്മഞാനി ആക്കാന്‍ ഒരു അവതാര പുരുഷന്റെ സങ്കല്‍പ്പത്തിനു കഴിയും” എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നു. അപ്പോള്‍ “കര്മന്യേ വാധികാരസ്തെ” എന്ന ഗീത വചന പ്രകാരം “ശ്രമിച്ചു കൊണ്ടേയിരിക്കുക…” എപ്പോള്‍ കര കയറ്റാന മെന്നത് ഭഗവാന്റെ മാത്രം ഇച്ച്ച. പക്ഷെ പരിശ്രമികള്‍ക്ക് അതുകിട്ടുക തന്നെ ചെയ്യും എന്നുള്ളതും ഭഗവാന്റെ തന്നെ ഗാരന്റി.

  21. September 27th, 2010 11:51 am IST യ്ക്ക് Vinod:

    നാമെല്ലാം മരണമില്ലാത്ത അത്മാവാണെങ്കില്‍, എന്തുകൊണ്ടാണ് നമുക്ക് അനേകം ജന്മങ്ങള്‍ എടുക്കേണ്ടി വരുന്നത്? എല്ലാം തികഞ്ഞ ആത്മാവിനു എന്തുകൊണ്ട് മായ പിടികൂടി?

  22. September 27th, 2010 6:45 pm IST യ്ക്ക് seetha:

    ‘നാമെല്ലാം മരണമില്ലാത്ത അത്മാവാണെങ്കില്‍, എന്തുകൊണ്ടാണ് നമുക്ക് അനേകം ജന്മങ്ങള്‍ എടുക്കേണ്ടി വരുന്നത്? എല്ലാം തികഞ്ഞ ആത്മാവിനു എന്തുകൊണ്ട് മായ
    പിടികൂടി?”
    — .അതാണ് കര്‍മഫലം, യോഗം എന്നൊക്കെ പറയുന്നത്..82 ലക്ഷം ജന്മങ്ങള്‍ എന്ന് എവിടെ നിന്നോ, കേട്ടിട്ടുണ്ട്. നമ്മുടെ നമ്മുടെ ജനന- ഭക്തി-വൈരാഗ്യ- മ് അനുസരിച്ച് എത്രയും പെട്ടെന്ന് പരമാത്മാവില്‍ ലയിക്കാം.

  23. September 27th, 2010 6:55 pm IST യ്ക്ക് seetha:

    എനര്‍ജി ഒരിക്കലും നശിക്കുന്നില്ലല്ലോ, അപ്പോള്‍ അത്മചൈതന്യവും നശിക്കുന്നില്ല.. എന്നാല്‍, എനെര്‍ജിക്ക് പലപല രൂപങ്ങളിളുടെ പ്രകടിപ്പിക്കാനാവും.അതായതു, നമ്മുടെ അത്മചൈതന്യവും പലപല ജന്മങ്ങളിളുടെ രൂപമെടുക്കുന്നു. ഒരിക്കലും ഇതില്‍ നിന്ന് രക്ഷയില്ല, എത്രയും വേഗം ആത്മ സാക്ഷാല്‍കാരം നേടിയാല്‍, പരമാത്മാവില്‍ ലയിച്ചുചേരാം.

  24. September 28th, 2010 10:19 am IST യ്ക്ക് Vinod:

    സീത,
    മറുപടിക്കുറിപ്പിനു നന്ദി.
    പക്ഷെ എന്റെ ചോദ്യത്തിന് മറുപടി ഇപ്പോഴും ലഭിച്ചില്ല.എല്ലാം തികഞ്ഞ ആത്മാവിന് എന്തുകൊണ്ട് ജനന മരണങ്ങളില്പെട്ടു കഷ്ടപെടെണ്ടി വരുന്നു.കര്മാഫലമെന്ഘില്‍ , കര്‍മം തുടങ്ങിയത് എപ്പോള്‍? എന്തുകൊണ്ട് തുടങ്ങി?

  25. September 28th, 2010 5:55 pm IST യ്ക്ക് seetha:

    ഓരോരുത്തര്‍ക്കും ഇത്ര ജന്മങ്ങള്‍ എന്ന് വിധിച്ചിട്ടുണ്ട്..പാപ-പുണ്യങ്ങള്‍ 50 :50 ആകുമ്പോള്‍ പൂര്‍വജന്മ സംസ്കാരം ചിത്തത്തില്‍ പേറി അവന്‍ മനുഷ്യജന്മം എടുക്കുന്നു.ഇവിടെ വിവേകം ഉപയോഗിച്ച് സമദര്‍ശനം കൈവരിക്കണം.
    എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ചിലപ്പോള്‍ ‘ കേനോപനിഷത്തി’ല്‍ കാണുമായിരിക്കും.
    സനാതനതത്വനങ്ങള്‍എല്ലാം മുഴുവനായി പഠിക്കുക മനുഷ്യസാധ്യമല്ല. കുറച്ചു അറിയുന്നവര്‍ അറിവിന്റെ കാര്യത്തില്‍ പലരും പലപല തട്ടുകളില്‍ ആണുതാനും.അതുകൊണ്ടു, വല്ലതും അറിയണമെങ്കില്‍ വളരെയധികം റെഫര്‍ ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു.ഈയുള്ളവള്‍ കര്‍മ്മഫലം,ഈശ്വരനിശ്ചയം, യോഗം എന്നൊക്കെ എല്ലാത്തിനെയും പറ്റികരുതുന്നു. എന്തെങ്കിലും തുമ്പു കിട്ടിയാല്‍ ഇതില്‍ എഴുതു. .

  26. September 29th, 2010 8:57 am IST യ്ക്ക് Vinod:

    ഈ ഒരു സംശയത്തിനു ഉത്തരം പല ഗ്രന്ഥങ്ങളിലും അന്വേഷിച്ചു നോക്കിയിട്ടുണ്ട്ട് .പക്ഷെ വ്യക്തമായ ഉത്തരം ഒന്നും തന്നെ കിട്ടിയില്ല.കീട്ടിയ ഉത്തരങ്ങള്‍ താഴെ കൊടുക്കുന്നു.
    1 അത് ആത്മാവിന് മാത്രമേ അറിയുകയുള്ളു.
    2 വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല.അനുഭവിച്ചു അറിയേണ്ടതാണ്.

    ആര്‍ക്കെന്ഘിലും ഇക്കാര്യത്തെക്കുറിച്ച് അറിയാമെന്ഘില്‍ എഴുതുക.

  27. September 29th, 2010 11:02 am IST യ്ക്ക് seetha:

    ഇന്നലെ ഒരു സ്വാമിജി പറഞ്ഞത്, പരമമായ സത്യത്തെ അറിയുന്നവന്‍ പിന്നീട് മിണ്ടാനൊന്നും നില്‍ക്കില്ല, ശ്രീബുദ്ധനെപ്പോലെയോ,രാമന മഹാരഷിയെപ്പോലെയോ ആയിപ്പോകുമെന്ന്. പിന്നെ, വാദിക്കാണോ, വഴക്കിനോ ഒന്നും വരില്ല, ചര്‍ച്ചക്കും വരില്ല, ഞാന്‍ പറയുന്നത് ശെരി എന്ന് സ്ഥാപിക്കാനും വരില്ല.

  28. September 29th, 2010 3:18 pm IST യ്ക്ക് krishnakumar:

    എല്ലാവര്ക്കും പൂര്‍ണമായും convincing ആയ തോന്നുന്ന ഒരുത്തരം ആത്മ വിഷയത്തില്‍ കിട്ടുമോ എന്നത് സംശയമാണ്. വാക്കുകള്‍ കൊണ്ട് വിവരിച്ചു മനസ്സിലാകാന്‍ കഴിയാത്ത ആശയങ്ങളെ, പല ആചാര്യന്മാരും പല പല analogy യിലൂടെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മാത്രം. പക്ഷെ ആത്മാവിനു തുല്യം ആത്മാവ് മാത്രമെന്നത് കൊണ്ട്, ഉദാഹരനങ്ങളുടെ പരിമിതികള്‍ പുതിയ സംശയങ്ങള്‍ ജനിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
    മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു ഉദാഹരണത്തിലൂടെ…
    ഒരേ ഒരു സൂര്യന്‍ അസംഖ്യം ജലാശയങ്ങളില്‍ പ്രതിബിംബിച്ച്ചു കാണുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിബിംബങ്ങള്‍ “ഉള്ളവ” ആണോ ? അല്ല. എന്നാല്‍ ഉള്ളവയുടെ എല്ലാ സ്വഭാവവും കാണിക്കുന്നില്ലേ ? ഉണ്ടുതാനും ജലത്തില്‍ കാണുന്ന സൂര്യനും നമുക്ക് ചൂടും, വെളിച്ചവും ഒക്കെ തരുന്നു. ഇത് തന്നെയാണ് ആതാമാവിന്റെയും നിജ സ്ഥിതി. ഉള്ള ആ ഒന്നിനെ നാം ഈശ്വരനെന്നോ, പരമാത്മാവെന്നോ വിളിക്കുന്നു. അത് മാത്രം ഉള്ളത്. മായയില്‍ ആ പരമാത്മാവ് പ്രതിബിംബിച്ചു കാണുന്നത് ജീവന്‍ അല്ലെങ്കില്‍ ജീവാത്മാവ്. കുളത്തിലെ സൂര്യനെപ്പോലെ യഥാര്‍ത്ഥത്തില്‍ അവിടെ സൂര്യന്‍ ഇല്ല. എന്നാല്‍ അതിന്റെ (പ്രതിബിംബത്തിന്റെ) സത്യം തേടി ചെല്ലുന്നവര്‍ക്ക്, യഥാര്‍ത്ഥ സൂര്യന്റെ നേരെ തിരിയാതിരിക്കാന്‍ കഴിയില്ല. അതോടെ സത്യത്തിന്റെ (ഈശ്വരന്റെ) അനുഭവം ഉണ്ടാകും. അതോടുകൂടി നേരത്തെ ‘അനുഭവപ്പെട്ടിരുന്ന’ ജനന മരണങ്ങള്‍ വെറും തോന്നലുകള്‍ മാത്രമായിരുന്നു എന്ന് ബോധ്യപ്പെടുന്നു. ആയ അനന്ത സത്തയായ സൂര്യന്റെ ഒരു സ്ഫുല്ലിന്ഗം തന്നെയാണ് താനെന്നും, താനൊരിക്കലും, അങ്ങ് താഴെ ജലത്തിലായിരുന്നില്ല എന്നുമുള്ള സത്യം പൂര്‍ണമായും വെളിപ്പെടുന്നു. അത് തന്നെ മോക്ഷം. ശ്രീരാമകൃഷ്ണ ദേവന്‍ ആണെന്ന് തോന്നുന്നു ഇത് സുന്ദരമായി പറഞ്ഞിട്ടുണ്ട്.

  29. September 29th, 2010 9:21 pm IST യ്ക്ക് അശോക നാരായണന്‍:

    നമസ്തെ
    വിനോദ് ശ്രദ്ധിക്കുക , സീതയും ശ്രദ്ധിക്കുക
    ഈ സൈറ്റില്‍ നിന്ന് ശ്രീ ബാലകൃഷ്ണന്‍ സാറിന്റെ പ്രഭാഷണം ഒരെണ്ണം എങ്കിലും ഡൌണ്‍ ലോഡ് ചെയ്തു ശ്രദ്ധിച്ചു കേള്‍ക്കുക. ഒരു മണിക്കൂര്‍ കേട്ട് കഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും . അത് കഴിഞ്ഞു തീരുമാനിക്കാം കൂടുതല്‍ സംശയങ്ങള്‍ ഉണ്ടോ എന്ന്‌.
    അദ്വൈത സത്യം ഇത്രയും വ്യക്തമായി, ലളിതമായി പറഞ്ഞു തരാന്‍ ആചാര്യന്മാര്‍ ഇപ്പോള്‍ വേറെ ഇല്ല. ഡൌണ്‍ ലോഡ് ചെയ്തു ശ്രദ്ധിച്ചു കേള്‍ക്കുക. ശേഷം ശുഭം
    അശോക നാരായണന്‍

  30. September 30th, 2010 5:04 pm IST യ്ക്ക് അഭിലാഷ് ആര്യ:

    കൃഷ്ണകുമാര്‍ കുറച്ചു യുക്തി ഉപയോഗിക്കുന്ന ആളാണെന്ന് തോന്നുന്നു പക്ഷെ ചുവടെ സുചിപ്പക്കുന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ മുന്‍പ് ഉപയോഗിച്ച യുക്തി നഷ്ട്ടപെട്ടുപോയോ ? എന്ന് തോന്നുന്നു ! “അതോടുകൂടി നേരത്തെ ‘അനുഭവപ്പെട്ടിരുന്ന’ ജനന മരണങ്ങള്‍ വെറും തോന്നലുകള്‍ മാത്രമായിരുന്നു എന്ന് ബോധ്യപ്പെടുന്നു”
    തോന്നലുകള്‍ വെറും തോന്നലുകള്‍ മാത്രമാണ് ചങ്ങാതി അനുഭവം തീര്‍ച്ചയായും മറ്റൊന്ന് തന്നെയാണ്.

    “എല്ലാവര്ക്കും പൂര്‍ണമായും convincing ആയ തോന്നുന്ന ഒരുത്തരം ആത്മ വിഷയത്തില്‍ കിട്ടുമോ എന്നത് സംശയമാണ് “?

    താങ്കളുടെ സംശയം, സംശയമായ് തന്നെ നിലനില്‍ക്കുന്നു.

    കാരണം സത്യത്തിന്റെ മാര്‍ഗ്ഗം ഋജുവായിരിക്കും എന്ന പ്രമാണം ഉറയ്ക്കതതിനാല്‍ ആണ്.

    ജീവാത്മാവ്, പരമാത്മാവ്, മൂലപ്രകൃതി എന്നീ അനാദി സത്ത കളിലെക്കുള്ള പ്രയാണം വൈദികമാണ്‌, ആയതിനാല്‍ ജഡ ചേതന വിവേചനവും നിത്യ-അനിത്യ വിവേചനവും യുക്തി പൂര്‍വ്വം നേടിയെടുക്കൂ…

    പിന്നെ എല്ലാവര്ക്കും കൂടി ഒരു മറുപടി….
    മായ മായ എന്ന് വിളിച്ചു നിങ്ങള്‍ പ്രകൃതിയെ മയയാക്കി മാറ്റുന്നു
    അത് ശരിയല്ല,
    അജ്ഞാനമാണ് മായ,
    കാരണം
    പ്രകൃതി ജഡ വസ്തുവാണ് അത് അജ്ഞാനമാണെങ്കില്‍ !
    അജ്ഞാനത്തിന്റെ (പ്രകൃതിയുടെ) ഉറവിടം പലരും ബ്രഹ്മത്തില്‍ ആരോപിക്കുന്നു.
    ബ്രഹ്മം ജ്ഞാനമാണ് , ജ്ഞാനത്തില്‍ നിന്ന് അജ്ഞാനം ഉണ്ടാകുമോ ? ദയവായി മനനം ചെയ്താലും……

  31. September 30th, 2010 10:05 pm IST യ്ക്ക് ശ്രീ (sreyas.in):

    “ഞാന്‍ ആര്” എന്ന ചോദ്യം സ്വയം ചോദിക്കുന്നതിനൊഴികെ മറ്റൊരു ചോദ്യത്തിനും യാതൊരു പ്രസക്തിയും ഇല്ല എന്ന് പറയപ്പെടുന്നു. ഇനി “ഞാന്‍ ആര്” എന്നതിന് ശ്രീ ശങ്കരന്‍ പറഞ്ഞ ഉത്തരം നിര്‍വാണഷട്കം എന്ന കൃതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ശാങ്കരകൃതിയോടൊപ്പം നൊച്ചൂര്‍ജിയുടെ പ്രഭാഷണവും ബാലകൃഷ്ണന്‍ സാറിന്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. ദയവായി ശ്രദ്ധിക്കൂ. ശ്രീ അശോക് പറഞ്ഞതുപോലെ, യാതൊരു സംശയവും ഇല്ലാതെ സംശയങ്ങള്‍ മാറ്റിത്തരും. ഇനി മറ്റൊരു ജന്മത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുതന്നെ യാതൊരു പ്രസക്തിയുമില്ല എന്നറിയും.

  32. October 3rd, 2010 10:02 pm IST യ്ക്ക് asoka narayanan:

    നമസ്തെ
    അഭിലാഷ് ആര്യയോടു ,
    വൈദികം എന്നാല്‍ എന്താണ് ?
    ദൈവികം എന്നാണോ ഉദ്ദേശിച്ചത് ?
    അതോ വേദങ്ങളെ സംബന്ധിച്ച് എന്ന് തന്നെയോ ?
    അങ്ങനെയെങ്ങില്‍ ഭഗവത് ഗീത കള്ളമായിരിക്കും
    ഗീത സാംഖ്യ യോഗം ശ്ലോകം 41 മുതല്‍ 44 വരെ വായിച്ചു നോക്കുക
    പൂത്ത മരത്തെ പോലുള്ള വാക്കുകളില്‍ ചിത്തം മയങ്ങി പോകാതിരിക്കട്ടെ !
    ഭോഗത്തിലും സ്വര്‍ഗ്ഗാതി ഫലങ്ങളിലും ആസക്തി വരാതിരിക്കട്ടെ !
    സമ ധീ (സമാധി ) വേണം എന്ന നിശ്ചയ ബുദ്ധി ഉണരട്ടെ !
    നമസ്തെ

  33. October 4th, 2010 12:21 pm IST യ്ക്ക് seetha:

    ആകെക്കൂടി എല്ലാം കണ്‍ഫ്യൂഷന്‍ ആയി. ജ്ഞാനം, ആല്മാവ്, പരബ്രഹ്മം, മായ ഒക്കെക്കൂടി പ്രവര്‍ത്തിച്ചു ഉള്ളത് കൂടി പോയി. ഒന്നുംനോക്കാതെ ഭഗവാനെ മനസ്സില്‍ സ്മരിച്ചു ചുമ്മാ ഒരു virtuous ആന്‍ഡ്‌ righteous ലൈഫ് അങ്ങ് ചെയ്‌താല്‍ പോരെ?ഈ ചെയ്യുന്ന കര്‍മ്മങ്ങല്‍ക്കെല്ലാം തിരിച്ചടി ഉണ്ടാകുമെന്ന് അറിഞ്ഞാല്‍ പോരെ?. ജ്ഞാനംഒന്നും ഈയുള്ളവള്‍ക്കു ഇല്ല.

  34. October 4th, 2010 10:04 pm IST യ്ക്ക് asoka narayanan:

    നമസ്തെ ,
    സീതയോട് ,
    തീര്‍ച്ചയായും മതി. ധാരാളം മതി. പക്ഷെ പ്രോബ്ലം ഇതാണ്. എന്താ virtue ? ഏതാ right ? അമ്മാവന്റെ മകനെ, അമ്മാവനെ തന്നെ കല്യാണം കഴിക്കുന്നത്‌ VIRTUE ആണോ? എല്ലാ virtues ഉം relative ആണ്. അപരനെ കൊല്ലുന്നതു റൈറ്റ് ആണോ ? ഞാന്‍ ഇന്ത്യന്‍ പട്ടാളക്കാരനും അപരന്‍ ശത്രു രാജ്യത്തെ പട്ടാളക്കാരനും ആണെങ്കിലോ? ഏതാ റൈറ്റ് ?ഏതാ ലെഫ്റ്റ് ? ആത്യന്തികമായി right ഉം ഇല്ല left ഉം ഇല്ല. ചിന്തിക്കുക , വീണ്ടും വീണ്ടും ചിന്തിക്കുക! അന്വേഷിക്കുക, കണ്ടെത്തും തീര്‍ച്ച !

    RELATIVE എല്ലാം വിട്ടിട്ടു ABSOLUTE നെ അന്വേഷിക്കൂ. അതാണ് സത്യം! അതാണ് ബ്രഹ്മം! അതാണ്, അത് മാത്രമാണ് ആനന്ദം! അതിനു ഭഗവാന്‍ അനുഗ്രഹിക്കട്ടെ.

  35. October 21st, 2010 4:13 am IST യ്ക്ക് SREELAL:

    ഓം
    ഹാ ! കണ്മുനിലെ സത്യത്തെ കാണാതെ മനുഷ്യര്‍ കാണ്നാ മറയെതെ സത്യം തെടുന്നലോ ? തന്റെ ചിന്തയെ യും വികാരവിചാരങ്ങളഉം താനായും തന്റെ ലോകമായും കണ്ട്ടു ശ്രെദ്ധയെ തന്നിലേയ്ക് ത്തനെ ശ്രെദ്ധയെ തിരിക്കുവാനുള്ള അതിലളിതമെന്നു തോന്നുമെങ്കിലും ഗുരുകൃപയില്ലാതെ അസാധ്യമായ പരമമായ കലയാണ് ആ മഹാത്മാവ് മുകളില്‍ ചേര്‍ത്തിരിക്കന്നത് .
    ഇതുത്തനെയാണ് യദാര്‍ത്ഥ മാര്‍ഗം അല്ലാതെ തത്വചിന്തയും ബുദ്ധിയും കൊണ്ട് അനുഭവവേധ്യംമാകുമെന്നു കരുതുവാന്‍ വയ്യ .ബുദ്ധിക്കും പ്രകാശമായ തത്വം ബുദ്ധി കൊണ്ട് എങ്ങിനെ അറിയാന്‍, സാക്ഷത്കാരം നേടിയ ആള്‍ തന്നില്‍(ആത്മാവില്‍) എല്ലാത്തിനെയും , എല്ലാത്തിലും തന്നെയും (ആത്മാവിനെ) കാണുന്നു. ഇവിടേ രണ്ടും ഇല്ല മൂന്നും ഇല്ല. “ഇശ വാസ്യം ഇദം സര്‍വം യത് കിന്ച്ച ജഗത്യം ജഗത് “. ജഗത്തും നാമ രൂപാതികളും ഉണ്ട് എന്ന പ്രതീതി മാത്രമാണ് . കാലം എല്ലത്തിനീയും വിഴുങ്ങുന്നു.(ഈകാലമെന്താന്നു ചോദിക്കരുത് അതും പ്രതീതി മാത്രം). ജഗത്തിന്റെ ഇല്ലായ്മയും ഉണ്മയും അറിയുന്ന ഏതോരു ബോധമുണടോ അതാണ്‌ യഥാര്‍ത്ഥ ഉണ്മ ….
    ഇനി രണ്ടോ മൂണോ നാലോ ഉണ്ടെങ്കില്‍ ത്തനെ ഇതു ബുദ്ധിയില്‍ വച്ചുനടനിടു എന്തുകാര്യം ?
    നമ്മുടെ ലകഷ്യവും ചര്‍ച്ചയും ഈ ഒരു അറിവ് എങ്ങനെ പ്രചാരത്തില്‍ വരുത്താം എന്നാകണം .ഇത്രയും ലളിതമായി മഹര്‍ഷി മുകളില്‍ പറഞ്ഞിരികെ , (തന്റെ സങ്കല്പവിചാരങ്ങളെ ആരില്‍/ആര്ക് ഉണ്ടാകുന്നു എന്ന നിരന്തരമായ ഉള്ളിലെകുള്ള ശ്രെദ്ധയിലൂടെ സാക്ഷീഭാവം ബോധികാം ). താന്‍ വികാരവിചാരങ്ങളല്ല എന്ന അറിവ് ത്തനെ ഒരാളെ മഹത്തായ ഭയത്തില്‍നിനും മോചിപികിലേ? നമ്മുടെ കൂടെ യുള്ള എത്രപേര്‍ക് ഈ അറിവ്
    (ബോധിച്ചില്ലന്കില്കൂടി)ഉണ്ട് . കോടിക്കനകിനു മനുഷ്യര്‍ താന്‍ മനസ്സാണ് എന്ന ബോധത്താല്‍ വേദനയുംയാതനയും അനുഭവികുംബോള്‍ ഈ “ഞാന്‍ ആര് ?”
    എന്ന ശാസ്ത്രം അല്ലേ നമ്മള്‍ പ്രചരിപികീണ്ടത്??.ഈ ശാസ്ത്രം ബോധിച്ച ഒരാള്‍ തനിക്കിനി എത്ര കോടി ജന്മം ഉണ്ട് എന്ന് ആരായുമോ?താന്‍ സര്‍വദ സ്വതന്ത്രന്‍ എന്ന് ബോധികുകയല്ലേ ച്ചെയ്ക ???
    താന്‍ഇവിടെ ഈനിമിഷം ഈ ഭൂമിയില്‍ എങ്ങിനെ സന്തോഷം ,സംതൃപ്തി ,ശാന്തി ,സ്നേഹം പുലര്‍ത്തി ജീവികാം എന്നല്ലേ നാം നോകേണ്ടത് ? അത്ത്തനെ ആയിരികിലേ ആ മഹാത്മാവിനുള്ള പാദസേവ ? പഴം കളഞ്ഞിട് പഴത്തൊലി തിന്നണ്മോ?
    അതിനാല്‍ ഈ അറിവ് എല്ലാരുടെയും ഉള്ളില്‍ പ്രകാശികാനായ് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം അതിനായുള്ള വഴി ആരായാം . കണ്ണുള്ളവര്‍ കാണട്ടെ ,കാതുള്ളവര്‍ കേള്കട്ടെ .അതാവും ശ്രേയസ്കാരം.
    ഹരി ഓം

  36. October 25th, 2010 6:53 pm IST യ്ക്ക് സീത:

    അശോക നാരായണന്‍ അറിയുവാന്‍….
    ഇതാണ് റൈറ്റ് എന്ന് ചോദിച്ചാല്‍, നമ്മുടെ പൂര്‍വികര്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ, യമ -നിയമങ്ങള്‍ -.. അഹിംസ, സത്യാ, അസ്തേയം , ബ്രഹ്മചര്യം , അപരിഗ്രഹം, ശൗചം, സന്തോഷം, ഈശ്വര സ്മരണ,സ്വാദ്ധ്യായം,,.. എന്നൊക്കെ. ഒന്ന് കുടി ഉണ്ട് , മറന്നു പോയി.
    .. അപ്പോള്‍ നമുക്ക് കുറച്ചു ധൈര്യം ഒക്കെ കിട്ടും.

  37. October 31st, 2010 12:20 am IST യ്ക്ക് asoka narayanan:

    സീതയോടും മറ്റെല്ലാവരോടും,
    നമസ്തെ,

    യമ നിയമങ്ങള്‍ ശരീരത്തിന് വേണ്ടിയാണു, മനസ്സിന് വേണ്ടിയാണ്. താന്‍ ശരീരമാണോ? മനസ്സാണോ? ശരീരവും മനസ്സും മാത്രമാണോ എന്ന് ആദ്യം തീരുമാനിക്കുക. അപ്പോള്‍ അതിന്റെ സത്യം തെളിഞ്ഞു കിട്ടും.

    എന്റെ ശരീരം, എന്റെ മനസ്സ് എന്നല്ലേ സത്യം? ഞാന്‍ ശരീരം, ഞാന്‍ മനസ്സ് എന്നത് തെറ്റിധാരണ അല്ലേ? എല്ലാവര്‍ക്കും എന്നും ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകള്‍ അനുഭവമല്ലേ? യമ നിയമങ്ങള്‍ എല്ലാം ജാഗ്രതില്‍ മാത്രമേ നടപ്പാക്കാന്‍ പറ്റൂ .സ്വപ്നം കാണുന്നതിനു വിലക്ക് എര്പെടുത്തുവാന്‍ ആര്‍ക്കു സാധിക്കും? അതില്‍ അശുദ്ധി ബാധിക്കുകില്ലേ?സ്വപ്ന ശരീരി താന്‍ തന്നെ ആണോ? സുഷുപ്തിയില്‍ ശരീര ബോധത്തോടെ ആര്‍ക്കു കഴിയാന്‍ സാധിക്കും? ശരീരം ഉണ്ടായിട്ടു വേണ്ടേ യമ നിയമങ്ങള്‍! ജാഗ്രതില്‍ യമ നിയമങ്ങള്‍ വേണ്ട എന്നല്ല, പറ്റുന്നിടത്തോളം പാലിച്ചോളൂ! ഒന്ന് വ്യക്തമായി ധരിക്കുക. അത്രയേ ആര്‍ക്കും സാധിക്കൂ!!

    ഇതൊന്നും പരമ സത്യം അല്ല. ശരീരത്തെ ശുദ്ധമാക്കി വച്ചാല്‍, മനസ്സിനെ വൃത്തിയാക്കി വച്ചാല്‍, പരമാത്മ ചൈതന്യം അതില്‍ നന്നായി പ്രതിഫലിക്കും. “നീ ആ ചൈതന്യം തന്നെ” തത്വമസി എന്ന് വേഗം തെളിയും. എങ്കിലും മാര്‍ഗത്തെ ലക്‌ഷ്യം ആയി തെറ്റിദ്ധരിക്കേണ്ട. രണ്ടുണ്ട് എന്നത് അജ്ഞാനം ആണ്. ഒന്നേ ഉള്ളൂ , ഏകം, ഏവ, അദ്വിതിയത്. പിന്നെ ആര്‍ക്കു എന്ത് അശുദ്ധി?

    എല്ലാം ഉണ്ട്, എല്ലാം ഒന്ന് എന്നറിയൂ. അത് നീ തന്നെ എന്ന് ഉണരൂ. പിന്നെ ഏതു സാധന? ഏതു സാധകന്‍?

    നമസ്തെ.

  38. December 22nd, 2010 6:30 am IST യ്ക്ക് ശ്രീ പതി:

    മനുഷ്യ സ്വഭാവത്തിണ്റ്റെ പ്രവര്‍ത്തനങ്ങളുടെ കാരണം ഭഗവത്‌ ഗീതയില്‍ ഭഗവാന്‍ പറയുന്നത്‌
    “സ്വഭാവജേന കൌന്തേയ!
    നിബദ്ധഃ സ്വേന കര്‍മ്മണാ
    കര്‍ത്തും നേച്ഛസി യന്‍മോഹാത്‌
    കരിഷ്യസ്യവശൊ അപി തത്‌” 18/60
    ഹേ അര്‍ജ്ജുനാ സ്വഭാവത്തില്‍ നിന്ന്‌ അല്ലങ്കില്‍ ജന്‍മ വാസന ഗുണങ്ങളില്‍ നിന്ന്‌ ഉണ്ടായ സ്വന്തമായ കര്‍മ്മത്താല്‍ ബന്ധിക്കപ്പെട്ടവനായ നീ അറിവില്ലായ്മ കൊണ്ട്‌ യാതൊരു കര്‍മ്മം ചെയ്യാന്‍ ഇച്ഛിക്കുന്നില്ലയോ അതിനെ അവശനായിരുന്നാലും നീ ചെയ്യും എന്നാണു സൂചിപ്പിക്കുന്നത്‌.. .അതായത്‌ “പ്രകൃതിസ്ത്വാം നിയോക്ഷ്യസി” എല്ലാ മനുഷ്യരുടെയും ചിന്തകളും അഭിപ്രായങ്ങളും പ്രവര്‍ത്തികളും കാഴ്ചപാടുകളും എല്ലാം ജന്‍മ ഗുണങ്ങളില്‍(സത്വ രജോ തമോ ഗുണങ്ങള്‍) അധിഷ്ഠിതമായിരിക്കും എന്ന തത്ത്വം ആണു ഇതില്‍ ഉള്ളത്‌..

    ഈ പറഞ്ഞിരിക്കുന്നത് ശരി ആണ്‍ങ്കില്‍ mr @sree താങ്കള്‍ @abhilash നോട് തര്‍ക്കിക്കേണ്ട കാര്യം ഇല്ല…

  39. May 29th, 2011 1:59 pm IST യ്ക്ക് pradeep:

    ഹായ് നല്ലത്
    ഇനിയും ഒരു പാട് പ്രതീഷിക്കുന്നു

  40. September 26th, 2011 6:11 pm IST യ്ക്ക് kumar:

    This site is very useful for everybody. Can you kindly provide speeches of Smt. K.P. Sasikala Teacher, State President of Hindu Aikyavedi, Kerala.

  41. December 12th, 2011 12:00 pm IST യ്ക്ക് sairamanan:

    മഹര്‍ഷിയുടെ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു..ഇങ്ങനെ ഒരു വെബ്സൈറ്റ് തുടങ്ങാന്‍ മനസ്സ്‌ കാട്ടിയ ,അതിനു വേണ്ടി പ്രയത്നിച്ച എല്ലാ പ്രേമ സ്വരൂപ ഹൃദയങ്ങള്‍ക്കും നമസ്ക്കാരം

  42. February 12th, 2012 5:16 pm IST യ്ക്ക് അജിത്‌:

    ഞാന്‍ ഈ അടുത്താണ് സൈറ്റ്നെ കുറിച്ച് അറിഞ്ഞത്. ഇതു വായിച്ചപ്പോള്‍ എന്തോ മനസിന്‌ സന്തോഷം ലഭിച്ചു. ഞാന്‍ അതിനെ വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു. എന്റെ മനസ്സില്‍ എന്തൊക്കെയോ വിഷമങ്ങള്‍ ഉണ്ട്. ഇത് വായിക്കുമ്പോള്‍ അത് കുറയുമെന്ന് വിശസിക്കുന്നു. എന്റെ അനാവശ്യമായ ചിന്തകള്‍ മാറ്റാന്‍ പറ്റിയ ഗ്രന്ഥങള്‍ ഉണ്ടെങ്കില്‍ പറഞു തരിക. മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു. നന്ദി.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/who-am-i-ramana-maharshi
ഇമെയില്‍ : sree@sreyas.in