നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു?
ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ ഇസത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് അമേരിക്കക്കാരായ പേരുകേട്ട എഴുത്തുകാരുടെ best sellers വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളമ്പാനും ഇഷ്ടപ്പെടുന്നു. ഭഗവത്ഗീത, രാമായണം, വേദം, ഉപനിഷത്ത് എന്നൊക്കെ കേട്ടാല്‍ പുച്ഛിച്ചുതള്ളുന്നു. അതൊക്കെ അറുപഴഞ്ചന്‍ സാധനങ്ങള്‍, ആക്രികാര്‍ക്ക് കൊടുക്കൂ!
ഇനിയും കുറച്ചുപേര്‍, പേരുകേട്ട ആത്മീയാചാര്യന്‍മാരായ അമൃതാനന്ദമയി, രവിശങ്കര്‍, സായിബാബാ തുടങ്ങിയവരുടെ ഭക്തരാണ് എന്ന് പറയുന്നതിനും അഭിമാനം കാണുന്നു. “അഹന്ത ഉപേക്ഷിക്കൂ”, “അഭിമാനം ഉപേക്ഷിക്കൂ” തുടങ്ങിയ നല്ലവാക്കുകള്‍ പറഞ്ഞു കൊടുക്കുന്ന (കൊടുക്കേണ്ടുന്ന) ഈ ആചാര്യന്മാരുടെ ഭക്തരാണ് എന്ന് പറയുന്നതു തന്നെ ഇത്തരക്കാര്‍ക്ക് സോഷ്യല്‍ സ്റ്റാറ്റസ്സിന് ഉപയോഗിക്കുന്ന ഒരു നയിംപ്ലേറ്റ് പോലെയാണ്! അല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കുകയോ ആഴത്തില്‍ പഠിക്കുകയോ അല്ല കൂടുതല്‍ പേരുടേയും ലക്ഷ്യം.
അമ്പലത്തില്‍ പോകുമോ എന്ന് ചോദിച്ചാല്‍ ചിലര്‍ പോകുന്നുണ്ട്. അടുത്തുള്ള ‘ചെറിയ’ അമ്പലങ്ങളില്‍ ആരും പോകാറില്ല. അതൊന്നും നമ്മുടെ കോര്‍പ്പറേറ്റ് ഭക്തിക്കു ചേര്‍ന്നതല്ല, ഓഫീസ്സില്‍ പോയി ആരോടും പറയാനും ഒരു രസമില്ല. വല്ലപ്പോഴും ഒരു പിക്നിക് പോലെ ഒരു ഡ്രൈവിനു ഗുരുവായൂരോ മൂകാംബികയിലോ പദ്മനാഭസ്വാമി ക്ഷേത്രത്തിലോ കന്യാകുമാരിയിലോ പളനിയിലോ ഒക്കെ പോകും. അങ്കവും കാണാം താളിയും ഓടിക്കാം!
എന്തിനാണ് അമ്പലത്തില്‍ പോകുന്നത്? അവരുടെ കുടുംബത്തിനു എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ‘ദൈവത്തിനു’ കൈക്കൂലികൊടുക്കാം എന്ന് നേരുന്നു. എന്തെങ്കിലും കാരണത്താല്‍ അവരുടെ ആഗ്രഹം നടപ്പായാല്‍ അവര്‍ കൈക്കൂലിക്കാര്യം തന്നെ മറന്നുപോകും! പിന്നീട് അടുത്ത പ്രശ്നം വരുമ്പോള്‍ ഓര്‍ക്കും, ഓ, പണ്ട് പറഞ്ഞുറപ്പിച്ച കൈക്കൂലി കൊടുത്തില്ലല്ലോ. അത് ഒരു ഭയമായി മാറുന്നു. ഇനി എത്രയും പെട്ടെന്നുതന്നെ ഒരു കാറുപിടിച്ചു ഒരു ഭക്തി പിക്നിക്കിനു പോകുകതന്നെ! അവിടെ ചെന്ന് കുറച്ചുമാത്രം രൂപ കാണിക്ക, അര്‍ച്ചന, വഴിപാട്, പൂജ എന്നൊക്കെ പറഞ്ഞു ചെലവാക്കി, അതിന്റെ അമ്പതുമടങ്ങ് രൂപ വഴിക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനും ആഹാരം കഴിക്കാനും കാറില്‍ എ സി ഇടാനും ഒക്കെ ചെലവാക്കി മനസ്സമാധാനത്തോടെ തിരിച്ചു വരുന്നു! ഹോ എന്തൊരു ആശ്വാസം!
ഇതൊക്കെയാണോ നിങ്ങളുടെയും ഭക്തി?
നിങ്ങള്‍ക്ക് ദൈവസ്നേഹമാണോ (god loving) ദൈവഭയമാണോ (god fearing)? നിങ്ങള്‍ ദൈവത്തെ ഭയക്കാന്‍ ദൈവം എന്താ അത്ര ഉപദ്രവകാരിയാണോ! അതോ നിങ്ങള്‍ നിരീശ്വരവാദിയാണോ?
ഉന്നതവിദ്യാഭ്യാസം നേടിയ പലരും പാശ്ചാത്യ മൂല്യങ്ങളില്‍ അമിതമായി വിശ്വസിക്കുമ്പോള്‍ ആര്‍ഷഭാരത സാംസ്‌കാരിക പൈതൃകത്തെ തീര്‍ത്തും പഴഞ്ചനായി മുദ്രകുത്തുന്നു. നമ്മുടെ പൈതൃകത്തെക്കുറിച്ച് ഒരു വരിപോലും വായിക്കാനോ ചര്‍ച്ച ചെയ്യാനോ മനസ്സിലാക്കാനോ ഒരു ചെറിയ ശ്രമംപോലും നടത്താതെയാണ് ഇങ്ങനെ താറടിച്ചു കാണിക്കുന്നത്. അറിയാന്‍ ശ്രമിക്കാത്ത ഒരു കാര്യത്തെ തള്ളിപ്പറയുന്നത് ഏറ്റവും വലിയ വിവരക്കേടല്ലേ? ഒന്ന് ചിന്തിക്കൂ.
ഒരു ഉദാഹരണത്തിന്, മാതൃഭൂമി പത്രത്തില്‍ ദിവസേന ‘മതപ്രഭാഷണങ്ങളിലൂടെ’, ‘ഗീതാദര്‍ശനം’, തുടങ്ങിയ പംക്തികള്‍ ഉണ്ട്. അറുപതു വയസ്സ് കഴിയാത്ത ആരെങ്കിലും അത് വായിക്കുമോ? കാണേണ്ടാത്തത് കണ്ടതുപോലെ നമ്മുടെ കണ്ണുകള്‍ അറിയാതെ ആ ഹെഡ് ലൈനില്‍ നിന്നും പെട്ടെന്ന് മാറ്റും, സത്യമല്ലേ?
അതുപോലെ, ദൂരദര്‍ശനില്‍ എന്നും രാത്രി 9:30-ന് (IST) സ്വാമി സന്ദീപ് ചൈതന്യയുടെ ഭഗവത്ഗീത വ്യാഖ്യാനം ഉണ്ട്. കീറിമുറിച്ച് ആഴത്തില്‍ എന്നാല്‍ ലളിതമായി അദ്ദേഹം പറഞ്ഞു തരുന്നു. പക്ഷെ നമ്മള്‍ ആര്‍ക്കെങ്കിലും അതൊന്നു ചെവിയോര്‍ക്കാന്‍ തോന്നുമോ? അദ്ദേഹത്തിന്റെ കാവി നിറമുള്ള ആ വസ്ത്രം കാണുമ്പോള് തന്നെ അറിയാതെ ടി വി റിമോട്ട് അമര്ത്തി അടുത്ത ചാനലിലേക്ക് മാറി അശ്ലീലച്ചുവയുള്ള തമാശകള് ആസ്വദിക്കുന്നു!
എന്തുകൊണ്ടാണ് അങ്ങനെ? ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കൂ.
നമ്മുടെ മുന്‍വിധികളോടെയുള്ള ചിന്തകള്‍ അല്ലേ അതിനു കാരണം?
നമ്മള്‍ പറയും, എന്തിനാ കല്ലിനെ പൂജിക്കുന്നത്, ദൈവം ഉണ്ടോ, ദൈവം കല്ലാണോ, എന്നൊക്കെ. ശരിയാണ്, നല്ല ചോദ്യം. പക്ഷെ, അതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ നാം ശ്രമിച്ചോ? അത് അറിയാന്‍ ചോദിക്കേണ്ടുന്നവരോട് ചോദിക്കണം, അല്ലെങ്കില്‍ വായിക്കേണ്ടുന്നത് വായിക്കണം. അതിനൊന്നും നാം ശ്രമിക്കാതെ മുന്‍വിധിയോടെ നാം വിലയിരുത്തുന്നത് ശരിയാണോ?
നമുക്ക് ധാരാളം കള്ള രാഷ്ട്രീയക്കാര്‍ ഉണ്ടല്ലോ, അതുപോലെ വളരെ നല്ലവരായ രാഷ്ട്രീയക്കാരും ഉണ്ട്. അതുപോലെ തന്നെയല്ലേ ഈ കാവി വസ്ത്രവും? അതുപോലെ തന്നെയല്ലേ ബിഷപ്പുമാരും മറ്റും?
നാട്ടില്‍ സന്യാസിവേഷം കെട്ടിയ വളരെയേറെ ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍ യതാര്‍ത്ഥ സന്യാസിക്കു വേഷംകെട്ടലുകള്‍ ആവശ്യമില്ല. ഇത്തരം കള്ളസന്യാസിമാരും കള്ളഭക്തരും പണ്ട് ശ്രീ ശങ്കരാചാര്യരുടെ കാലത്തും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭജഗോവിന്ദം എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നു. കള്ള നാണയങ്ങള്‍ ആത്മീയ വഴികളില്‍ മാത്രമല്ല, എല്ലാ തുറകളിലും ഉണ്ടല്ലോ. കള്ള നോട്ടുകള്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ രൂപയുടെ ഉപയോഗം നിര്‍ത്തി വയ്ക്കാറില്ലല്ലോ. അപ്പോള്‍ കള്ളനാണയങ്ങളെ ദൂരെ വലിച്ചെറിഞ്ഞു നല്ല നാണയങ്ങളെ സ്വീകരിക്കാമല്ലോ.
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in



അതുപോലെ, ദൂരദര്‍ശനില്‍ എന്നും രാത്രി 9:30-ന് (IST) സ്വാമി സന്ദീപ് ചൈതന്യയുടെ ഭഗവത്ഗീത വ്യാഖ്യാനം ഉണ്ട്.
ഈ പരിപാടി രണ്ടു മൂന്നു തവണ ശ്രദ്ധിച്ചിട്ടുണ്ട്… വളരെ ലളിതമായ വ്യാഖ്യാനം.
I dont like anyone who tries to look spiritual in appearance, examples being priests, Sanyasis etc. I think of them are frauds trying to cheat us by associating themselves with the spiritual cliche.
I have a friend, who is very helpful. He is there for you whenever you wants his help. He is always cheerful and makes everyone around him happy. He is not a saint, and he has his own set of problems to deal with. He is the most spiritual person I have ever seen.
കെന്നി പറഞ്ഞതുപോലെ സ്വയം ചിന്തിക്കുന്നവനും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവനും ലളിതമായി ചിന്തിക്കുന്നവനും പരോപകാരിയും അഹന്ത ഇല്ലാത്തവനും ഒക്കെ തന്നെയാണ് യഥാര്‍ത്ഥ ആത്മീയവിശ്വാസി എന്ന് തന്നെയാണ് എന്റെ മതം. ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലെ അറിവ് ആ ചിന്തയെ ത്വരിതപ്പെടുത്താനും ഋജുവായി നിര്‍ത്താനും സഹായിക്കും. അത്രതന്നെ.
ശ്രീയുടെ ഉച്ചത്തിലുള്ള ചിന്തകള്‍ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ഈശ്വരഭയത്തെകുറിച്ചുള്ള ഉദാഹരണങ്ങള്‍. കാര്യം സാധിച്ചുകഴിഞ്ഞാല്‍ പിന്നെ പഴയ വാഗ്ദാനങ്ങളെ മറക്കും. മനുഷ്യ സഹജം.
എന്റെ കാര്യമാണെങ്കില്‍, പലയിടങ്ങളിലും എഴുതിയിട്ടുള്ളതാണ്, ഈശ്വര വിശ്വാസിയാണ്. പക്ഷേ എന്റെ ഈശ്വരന്‍ ഒരമ്പലങ്ങളിലും ഇല്ല. അതു കൊണ്ട് അവിടങ്ങളില്‍ പ്രാര്‍ത്ഥിക്കാനായിട്ട് പോകാറുമില്ല. അമ്പലക്കാര്‍ എന്റെ വീട്ടില്‍ പിരിവിനായി വരാറുമില്ല.
ഈ ഭാഗവതപാരായണം ചെയ്യുന്ന എല്ലാ സ്വാമിമാരും നല്ലവരാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ അവരുടെ പാരായണവും വ്യാഖ്യാനവും കേള്‍ക്കാന്‍ നല്ല രസം തന്നെ.
പ്രിയമുള്ള തോന്ന്യാസി ശ്രീ,
പറഞ്ഞതൊക്കെ വളരെ ശരി.വായാനാശീലമാണ്,സ്വയം അറിയുകയാണ് പോരായ്മ!വായനാശീല കുറവാണോ എന്തു വായിക്കണം എന്നതിലാണോ?
മലയാളികള്‍ വായിക്കുന്നവരാണ് തര്‍ക്കമില്ല. പക്ഷേ എന്താണ് വായിക്കുന്നത്, കാണുന്നത്,? കക്ഷിരാഷ്ടീയ ചേരിപ്പോരുകള്‍,പടരുന്ന അക്രമ വാസനകള്‍, രാഷ്ടീയ-മാഫിയാ ഗൂണ്ടായിസങ്ങള്‍,ഇതൊക്കെ പകര്‍ത്തുന്ന സീരിയലുകള്‍, നീണ്ട പൈങ്കിളി കഥകള്‍,സിനിമകള്‍…
എന്തുകൊണ്ട് ഗൌരവമുള്ള വായനകള്‍ക്ക് സഹായക മാകുന്ന വിധം,ബുക്കുകളുടേയും,വീഡിയോകളുടേയും,സിനിമകളുടേയും (മറ്റു ഭാഷകള്‍ അടക്കം)ഒരു റവ്യൂ പരബര താങ്കള്‍ക്ക് ഈ ബ്ലൊഗിലൂടെ തന്നെ ആയി ക്കൂടാ?
സ്നേഹപൂര്‍വം,
കെ.സി.
@ശ്രീ ശശികുമാര്‍:
നന്ദി. മനുഷ്യന് ആവശ്യം എന്ന് തോന്നുന്ന ചിന്തകള്‍ ഉദീപിപ്പിക്കാന്‍ ഉതകുന്ന ലേഖനങ്ങള്‍ എഴുതാന്‍ ഈയുള്ളവന്‍ ശ്രമിക്കാം.
ആരും കൈവയ്കാന്‍ തയാറാകാതിരുന്ന ഒരു വിഷയം ശ്രീ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.കസ്തൂരി തേടിയലയുന്ന കസ്തൂരിമാനിന്റെ അവസ്ഥയാണ് നാമിന്നനുഭവിക്കുന്നത്.എല്ലാ കാര്യങ്ങള്‍ക്കും പടിഞ്ഞാറോട്ട് നോക്കുന്ന അവസ്ഥ.ശ്രീ പറയുന്നത് പോലെ ഇന്ന് ആരെങ്കിലും നമ്മുടെ സാംസ്കാരികപൈതൃകവുമായി ബന്ധമുള്ള പുസ്തകങ്ങള്‍ വായിക്കുവാന്‍ മെനക്കെടാറുണ്ടോ?എന്നാല്‍ സായിപ്പന്മാര്‍ ഇവിടെ വന്നാല്‍ ആദ്യം അന്വേഷിക്കുന്നത് ഭാരതീയ ക്ലാസ്സിക്കുകളെയാണ്.എന്ത് വിരോധാഭാസം.നാം ഒരു ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആശംസകള്‍…….
വെള്ളായണി
നല്ല ലേഖനം.
പലപ്പോഴും ഹിന്ദു മതത്തിന്റെ അന്തഃസത്തയെ കുറിച്ച് യാതൊന്നും മനസ്സിലാക്കന് ശ്രമിക്കാതെ എങ്ങനെ യെങ്കിലും സ്വന്തം കാര്യങ്ങള് സാധിക്കണം എന്ന് കരുതുന്ന വിശ്വാസികളാണ് ‘കള്ള നാണയങ്ങളാല്’ കബളിപ്പിക്കപ്പെടുന്നത്.
The thoughts you shared is extremely right.
We, especially Mallus are very much pessimistic.
Please go through this page also
http://chinthasurabhi.blogspot.com/
best regards
നല്ല കുറേ ചിന്തകൾ ശ്രീ..എന്റെ അഭിപ്രായം പറഞ്ഞോട്ടെ..ഭക്തി സംബന്ധിയായ ഒന്നിനേയും മോനിട്ടറി ബെനിഫിറ്റ്സോടെ കാണാതെ പ്രവർത്തിക്കുന്ന ഏതാത്മീയ ആചാര്യനും എന്റെ നമസ്ക്കാരം.പലപ്പോഴും എളിയ രീതിയിൽ തുടങ്ങി ഒരു വർഷത്തിനുള്ളിൽ മൾട്ട് ബില്യനേഴ്സ് ആവുന്ന കാഴ്ച്ച ആണിക്കൂട്ടരിൽ കണ്ടു വരുന്നത്.അല്ലാത്തവരുടെ എക്സിസ്റ്റൻസ് തന്നെ പലപ്പോഴും പരുങ്ങലിലുമാണ്.
സ്വയംദൈവ പ്രഭാഷണങ്ങൾ,രോഗശാന്തി ശുശ്രൂഷ എന്നിവയൊക്കെ സാധാരണ മനുഷ്യന്റെ മാനസിക വിചാരങ്ങളെ പലപ്പോഴും ചൂഷണം ചെയ്യുക ആണെന്നു തോന്നിയിട്ടുണ്ട്.വേദഗ്രന്ഥങ്ങൾ നന്നായി വിവരിച്ചു തരുന്ന ചില യഥാർത്ത സന്യാസിമാരോടുള്ള ബഹുമാനം ഒരിക്കലും പുതു തലമുറക്ക് നശിക്കാതിരിക്കണമെങ്കിൽ ദൈവത്തിന്റെ പേരിൽ നടത്തുന്ന ഏത് ചെറിയ കള്ളത്തരവും ആദ്യം നശിക്കണം.ഭൂരിഭാഗവും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ ചിന്തിക്കുന്ന തലമുറ ഇത്തരം കള്ളത്തരങ്ങളിൽ നിന്നു വേറിട്ടു ചിന്തിക്കുന്നത് സ്വാഭാവികമാണല്ലോ..!
ആത്മീയത നമ്മുടെ പുണ്യ പുരാണ ഗ്രന്ഥങ്ങളിലാണ് താമസിക്കുന്നതെന്നത് ശരിയാണെന്നു തോന്നുന്നില്ല തോന്ന്യാസി ശ്രീ. ആത്മീയത എല്ലാ മനുഷ്യരുടേയും അകക്കാമ്പായി, ജീവിത കാഴ്ച്ചപ്പാടായി മനുഷ്യനകത്തുതന്നെ സ്ഥിതിചെയ്യുന്നുണ്ട്.
പണത്തിനു പിന്നാലെ ഓടുന്നതിനിടക്ക് സ്വന്തം ആത്മീയമൂല്യം കളഞ്ഞുപോയവര്‍ക്കു വേണ്ടിയാണ് ആത്മീയ കച്ചവടക്കാരായ (ഹിന്ദു, മുസല്‍മാന്‍, കൃസ്ത്യന്‍) സന്യാസി ലോകം ജാമ്പവാന്റെ പഴക്കമുള്ള പുസ്തകക്കെട്ട് പിഴിഞ്ഞ് കണ്ണിലൊഴിച്ചുകൊടുക്കുന്നത്.
അന്യന്റെ പണം പിടുങ്ങാതെ, അന്തസ്സായി അദ്ധ്വാനിച്ചു ജീവിക്കുന്നവര്‍ക്കൊന്നുംആത്മീയ കുപ്പിവെള്ളത്തിന്റെ ആവശ്യം വരില്ല.
ആശംസകള്‍.
@ശ്രീ ചിത്രകാരന്‍:
“ആത്മീയത നമ്മുടെ പുണ്യ പുരാണ ഗ്രന്ഥങ്ങളിലാണ് താമസിക്കുന്നതെന്നത് ശരിയാണെന്നു തോന്നുന്നില്ല”
ആത്മീയത പുസ്തകകെട്ടിലാണ് എന്ന് ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുള്ളതായി ഈയുള്ളവന് അറിവില്ല. ഈയുള്ളവനും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.
എന്നാല്‍ ആത്മീയത റിബല്‍-ഇസവും അല്ലല്ലോ. പഴയതിനെയോ ഇപ്പോഴത്തെ പുതിയതിനെയോ തള്ളിപറഞ്ഞാലും ഇല്ലെങ്കിലും ഒരു വ്യത്യാസവും ഇല്ല.
ആത്മീയത എന്താണെന്നു അറിയാന്‍ ശ്രമിക്കാതെ നാം തള്ളിപ്പറയുന്നത് ശരിയല്ല എന്നാണ് ഈ ലേഖനത്തില്‍ ഉദ്ദേശിച്ചത്.
താങ്കള്‍ ഉദ്ദേശിച്ചപോലെ എല്ലാവരിലും ആത്മീയത ഉണ്ട്. പക്ഷെ, ഒരു വസ്തു ഉള്ളത് കൊണ്ടുമാത്രം കാര്യമില്ലല്ലോ. അതിനെ അറിയണ്ടേ? അതിനെ ഗുണഗണങ്ങള്‍ കാണണ്ടേ? അതിന് കുറച്ചു അധ്വാനിക്കേണ്ടിവരും, നമ്മുടെ അധരവ്യായാമം മതിയാവില്ല എന്ന് സാരം.
ഓരോന്നിനെയും വിലയിരുത്തി “നേതി നേതി” (ഇതല്ല, ഇതല്ല) എന്ന് കണ്ടു അവസാനം ചെന്നെത്തുന്ന വസ്തു ഏതാണോ, അതാണ് ഇക്കാണുന്നതെല്ലാം എന്ന് എവിടെയോ കണ്ടത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.
ആരാണ് ആത്മീയവാദി? എന്ന മറ്റൊരു ലേഖനം കൂടി വായിച്ചാല്‍ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലാവുമെന്ന് കരുതട്ടെ.
എല്ലാവര്‍ക്കും ആത്മീയത ഉണ്ടാകണമെന്നില്ലല്ലോ?
ഹിന്ദുവാകാന്‍ ഓണവും വിഷുവുമൊക്കെ അടിപൊളിയായി അഘോഷിച്ചാല്‍ തന്നെ മതി! വല്ലപ്പോഴുമൊക്കെ അമ്പലങ്ങളിലും പോകാം. അതിലുപരിയുള്ള ആത്മീയതയൊക്കെ നിത്യജീവിതപ്രശ്നങ്ങളില്‍ നട്ടം തിരിയുന്നവര്‍ക്ക് സാധിക്കുമോ?
അമ്പലങ്ങളിലെ കാണിക്കയില്‍ പണമിടാന്‍ ജോലി ചെയ്യേണ്ടേ??
@ശ്രീ കിഷോര്‍:
എന്തുപറയാന്‍ എന്ന് ആലോചിക്കുകയായിരുന്നു! നല്ല ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ തന്നെയാണ് ആവശ്യം.
ശ്രീ കിഷോര്‍ പറഞ്ഞു: “എല്ലാവര്‍ക്കും ആത്മീയത ഉണ്ടാകണമെന്നില്ലല്ലോ?”
ആത്മീയത എല്ലാവര്‍ക്കുമുണ്ട് എന്നതാണ് ഈയുള്ളവന്റെ അഭിപ്രായം. ആരാണ് ആത്മീയവാദി? എന്ന മറ്റൊരു ലേഖനം കൂടി വായിച്ചാല്‍ മനസ്സിലാവുമെന്ന് കരുതുന്നു. അത് കുറച്ചു ചോദ്യങ്ങള്‍ മാത്രമാണ്.
ശ്രീ കിഷോര്‍ പറഞ്ഞു: “ഹിന്ദുവാകാന്‍ ഓണവും വിഷുവുമൊക്കെ അടിപൊളിയായി അഘോഷിച്ചാല്‍ തന്നെ മതി! വല്ലപ്പോഴുമൊക്കെ അമ്പലങ്ങളിലും പോകാം.”
ആത്മീയത എന്നാല്‍ ഹിന്ദുവാകാനോ മുസ്ലീമാകാനോ ഒന്നുമല്ല. അവനവന്‍ ആകാന്‍ ആണ്, Who Am I എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ മതി. അത്മീയത്തിനു മതമില്ല എന്നതാണ് ഈയുള്ളവന്‍ മനസ്സിലാക്കിയത്.
എല്ലാ ദിവസവും, എപ്പോഴും ശാന്തിയും സന്തോഷവും ഉണ്ടാകുന്നതു നല്ലതല്ലേ? ശാന്തിയും സന്തോഷവും ഉണ്ടാകുന്നതു മനസ്സില്‍ അല്ലേ? അപ്പോള്‍ മനസ്സിനെ പരിശീലിപ്പിച്ചാല്‍ എപ്പോഴും ശാന്തിയും സമാധാനവും ഉണ്ടാവുമല്ലോ. അതിന് ഓണം, വിഷു, ക്രിസ്തുമസ്, പെരുന്നാള്‍, എന്നൊക്കെ കാത്തിരിക്കേണ്ട ആവശ്യമില്ലല്ലോ.
ആത്മീയതക്ക് അമ്പലത്തില്‍ പോകേണ്ട ആവശ്യം ഉണ്ടെന്നു ഈയുള്ളവന് തോന്നുന്നില്ല. പക്ഷെ, മനുഷ്യര്‍ ഒരു സമൂഹജീവി / സമുദായജീവി ആയതിനാല്‍ ആചാരങ്ങളോട് സഹകരിച്ചു ജീവിക്കാം എന്നത്രേ.
ശ്രീ കിഷോര്‍ പറഞ്ഞു: “അതിലുപരിയുള്ള ആത്മീയതയൊക്കെ നിത്യജീവിതപ്രശ്നങ്ങളില്‍ നട്ടം തിരിയുന്നവര്‍ക്ക് സാധിക്കുമോ?”
ആത്മീയത എന്ന് പറയുമ്പോള്‍ അവനവന്‍ ആയിരിക്കുന്ന അവസ്ഥ – അതിന് ഏറ്റവും എളുപ്പം പണത്തിന്റെ കനമില്ലാത്ത മനസ്സുതന്നെയാണ്! അപ്പോള്‍ ആത്മാവിനെ മനസ്സിലാക്കാന്‍ ഏറ്റവും യോഗ്യന്‍ നട്ടംതിരിയുന്നവന്‍ തന്നെ! നട്ടം തിരിയുന്നത് അവനാണോ അവന്റെ മനസ്സാണോ? അവന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആര് നട്ടംതിരിയാന്‍?
ശ്രീ കിഷോര്‍ പറഞ്ഞു: “അമ്പലങ്ങളിലെ കാണിക്കയില്‍ പണമിടാന്‍ ജോലി ചെയ്യേണ്ടേ??
”
ആത്മീയം എന്ന് പറഞ്ഞാല്‍ ചൊറിയുംകുത്തി ഇരിക്കലല്ല! ജോലി ചെയ്ത്, കുടുംബം പുലര്‍ത്തി, നാട്ടുകാരോട് സഹകരിച്ചു ഒരു സമൂഹജീവിയായി ജീവിക്കുന്നതിനോടൊപ്പം ‘ഞാന്‍ ആര്’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക എന്നതത്രേ. അല്ലാതെ ആള്‍ക്കാരുടെ പോക്കറ്റില്‍ കയ്യിട്ട് നക്കാപിച്ച വാങ്ങി സ്വന്തംകാര്യം നടത്തുകയല്ല ആത്മീയം എന്നും നമ്മള്‍ മനസ്സിലാക്കണം എന്നാണ് എളിയവന്റെ അഭിപ്രായം.
താങ്കളുടെ സംശയം ദൂരീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, അഭിപ്രായം അറിയിക്കുക.
ചിലപ്പോള്‍ കിഷോര്‍ ഇനി ഇതുവഴി വരില്ലായിരിക്കും! ഹഹഹ
ഇനിയും വരിക, അതിനുള്ള സമയം ഉണ്ടാവട്ടെ.
ശ്രീ,
“നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു?”
ആത്മീയതയെ ആര്‍ക്കും വെറുക്കാന്‍ കഴിയില്ല. കാരണം അത് ആത്മത്തിന്റെ ആവിഷ്ക്കാരമാണ്. സ്വന്തം അസ്ത്ഥിത്വത്തിലെ ദൈവികതയുടെ പ്രകാശനമാണ്. മറിച്ചുള്ള പ്രവര്‍ത്തികളെ ആത്മീയം എന്ന് നമുക്ക് പറയാനാവില്ലല്ലോ. താങ്കള്‍ ഉദ്ദേശ്ശിച്ചത് മതാത്മകതയൊ മതാനുഷ്ഠാനങ്ങളൊ ആണെന്ന് കരുതുന്നു. ഒരു വ്യക്തി ആത്മീയനാകുന്നത് താങ്കള്‍ സൂചിപ്പിച്ചതു പോലെ അവന്റെ യതാര്‍ത്ഥസത്തയെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് എന്നാണ് എന്റേയും വിശ്വാസം.
@ശ്രീ സഞ്ചാരി പറഞ്ഞു:
“ആത്മീയതയെ ആര്‍ക്കും വെറുക്കാന്‍ കഴിയില്ല. കാരണം അത് ആത്മത്തിന്റെ ആവിഷ്ക്കാരമാണ്.”
താങ്കള്‍ പറഞ്ഞതു വളരെ സാരിയാണ്. കൂടുതല്‍ പേരും ആത്മീയത എന്ന വാക്കുതന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ട്, കൂടുതല്‍ ആള്‍ക്കാരെ ചിന്തിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി, ഈ ലേഖനത്തിന് അങ്ങനെ ഒരു തലവാചകം കൊടുത്തു എന്നുമാത്രം.
മൌനം വിദ്വാനല്ലാത്തവന് ഭൂഷണം.