ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 1

ശ്രീ ഭഗവാനുവാചഃ

ഭൂയ ഏവ മഹാബാഹോ
ശൃണു മേ പരമം വചഃ
യത്തേƒഹം പ്രീയമാണായ
വക്ഷ്യാമി ഹിതകാമ്യയാ.

അല്ലയോ അര്‍ജ്ജുന, എന്‍റെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ നിനക്ക് നല്ലതുവരട്ടെയെന്നു കരുതി ഞാന്‍ ഇനിയും പറയാന്‍ പോകുന്ന പരമാത്മതത്ത്വത്തെ വെളിപ്പെടുത്തിത്തരുന്ന എന്‍റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുക.

ശ്രീഭഗവാന്‍ പറഞ്ഞു:

അല്ലയോ അര്‍ജ്ജുന, ഞാന്‍ ഇതുവരെയായി വിശദീകരിച്ചുതന്ന കാര്യങ്ങള്‍ നിന്‍റെ ബോധകശക്തിയുടെ പിടിയിലമര്‍ന്നിട്ടുണ്ടോ എന്നു പരിശോധിച്ചതില്‍ നീ തികച്ചും വിജയിയായിരിക്കുന്നു. ഒരു കുടത്തില്‍ അല്പം വെളളമൊഴിച്ച് അതു ചോരുന്നുണ്ടോ എന്നു പരിശോധിച്ചു നോക്കിയിട്ടാണ് അതില്‍ കൂടുതല്‍ വെളളം ഒഴിക്കുന്നത്. അതുപോലെ ഇതുവരെയുളള എന്‍റെ പ്രഭാഷണങ്ങള്‍ നീ ശ്രദ്ധയോടെ ശ്രവിച്ചുവെന്ന് എനിക്കു ബോധ്യമായതിനാല്‍ നിന്നോടു കൂടുതലായി പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പുതുതായി നിയമിക്കപ്പെടുന്ന ഒരു ജോലിക്കാരന്‍ പ്രലോഭനങ്ങള്‍ക്ക് വശംവദനാവുകയില്ലെന്ന് പരീക്ഷിച്ചറിഞ്ഞതിനുശേഷം മാത്രമെ അവനെ ഭണ്ഡാരത്തിന്‍റെ ചുമതല ഏല്പിക്കുകയുളളു. അപ്രകാരം, നീ ഇപ്പോള്‍ എന്‍റെ ജ്ഞാനഭണ്ഡാരത്തിന്‍റെ വിശ്വസ്ത സേവകനാകാന്‍ യോഗ്യനായിത്തീര്‍ന്നിരിക്കുന്നു.

കാര്‍മേഘങ്ങള്‍ പര്‍വ്വതശിഖരങ്ങള്‍ കാണുമ്പോള്‍ അതിനു ചുറ്റും ഉരുണ്ടുകൂടി നിറഞ്ഞൊഴുകുന്നതുപോലെ, ഭഗവാന്‍ കൃഷ്ണന്‍റെ വാത്സല്യവും അഭിമാനവും കലര്‍ന്ന കടാക്ഷങ്ങള്‍ അര്‍ജ്ജുനന്‍റെ മേല്‍ പതിച്ചു. ദയാവാരിധിയായ ഭഗവാന്‍ തുടര്‍ന്നു.

മഹാബാഹോ, ഞാന്‍ ഇതിനുമുമ്പ് നിനക്കു വെളിവാക്കിത്തന്ന സത്യങ്ങള്‍ വീണ്ടും നിന്നോടു പറയാം. ഒരു കര്‍ഷകന്‍ തന്‍റെ ഭൂമിയില്‍ അക്ഷീണനായി എല്ലാവര്‍ഷവും കൃഷിയിറക്കിയാല്‍ അവനു കൂടുതല്‍ കൂടുതല്‍ വിളവു ലഭിക്കും. കാഞ്ചനം ഉലയിലിട്ട് ആവര്‍ത്തിച്ചുരുക്കിയാലും അതിന്‍റെ മേന്മ വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല. അതുപോലെ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത് എന്‍റെ സംതൃപ്തിക്കുവേണ്ടിയാണ്. നിന്‍റെ പ്രീതിക്കുവേണ്ടിയല്ല. ഒരു ശിശുവിനെ ആഭരണങ്ങള്‍ അണിയിക്കുമ്പോള്‍ അതിന്‍റെ സാംഗത്യം ആ ശിശു മനസ്സിലാക്കുന്നില്ല. എന്നാല്‍ അത് അണിയിക്കുന്ന മാതാവ് അതുകണ്ട് ഹര്‍ഷപുളകമണിയും. അതേവിധത്തില്‍ നിന്‍റെ നന്മയ്ക്കുതകുന്ന കാര്യങ്ങള്‍ കൂടുതലായി നീ മനസ്സിലാക്കിയെന്നറിയുമ്പോള്‍ എന്‍റെ ആനന്ദം അധികരിക്കുന്നു.

ഈ അലങ്കാരഭാഷണം മതിയാക്കാം. സത്യത്തില്‍ ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. അതുകൊണ്ട് നിന്നോട് എത്ര സംസാരിച്ചാലും എനിക്കു മതിവരുകയില്ല. തന്മൂലം പറഞ്ഞ കാര്യങ്ങള്‍തന്നെ ഞാന്‍ ആവര്‍ത്തിച്ചു പറയുകയാണ്. ഗുണദോഷങ്ങളെ വിവേചിച്ചറിയാന്‍ കഴിവുളള അല്ലയോ അര്‍ജ്ജുന, നീ എന്‍റെ ശ്രേഷ്ഠമായ പ്രഭാഷണം ശ്രദ്ധിച്ചു കേള്‍ക്കുക. ഇതു വെറും വാക്കുകളല്ല. വാക്കുകളുടെ രൂപത്തില്‍ നിന്നെ വാത്സല്യത്തോടെ ആശ്ലഷിക്കാന്‍ വരുന്ന പരമതത്ത്വമായ സത്യമാണ്. നീ ഇതുവരെയും എന്‍റെ യഥാര്‍തഥ സ്വരൂപമെന്തെന്ന് അറിഞ്ഞിട്ടില്ല. നീ എന്നെ ഇവിടെ മനുഷ്യരൂപത്തില്‍ കാണുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍വപ്രപഞ്ചവും ഞാനാണ്.