അമൃതാനന്ദമയി അമ്മ

ഋഷിയജ്ഞം, ദേവയജ്ഞം, നൃയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങള്‍. ആധ്യാത്മിക ശാസ്ത്ര പഠനമാണ് ഋഷിയജ്ഞം. പൂജ, ഹോമം തുടങ്ങിയ ആരാധനാകര്‍മ്മങ്ങളെ ദേവയജ്ഞത്തില്‍ പെടുത്തിയിരിക്കുന്നു.അതിഥിസല്‍ക്കാരം ഒരുയജ്ഞം തന്നെയാണ്. നൃയജ്ഞമാണ് അത്. മാതാപിതാക്കളുടെ സംരക്ഷണമാണ് പിതൃയജ്ഞം. ഭൂതയജ്ഞത്തില്‍ പക്ഷി -മൃഗങ്ങളുടെ പരിപാലനമാണ്. ഈ പഞ്ചയജ്ഞങ്ങളാണ് ഗൃഹസ്ഥാശ്രമികള്‍ അനുഷ്ഠിക്കേണ്ടത്.

പ്രകൃതിയില്‍ നിന്ന് നമ്മള്‍ എടുക്കുന്നതിന്റെ ഒരംശം മടക്കി നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്ന ആശയത്തില്‍നിന്നാണ് പഞ്ചയജ്ഞങ്ങള്‍ ഉടലെടുത്തത്. ഇതിനു പിന്നില്‍ ഒരുതത്വം കൂടി ഉള്ളതായി അമ്മയ്ക്ക് തോന്നുന്നു. എല്ലാദേശത്തും എല്ലാകാലത്തും ജനങ്ങള്‍ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും പ്രകൃതി നിയമമനുസരിച്ചും ജീവിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്ന ഒരു തത്വം യജ്ഞത്തിലുണ്ട്.

നമ്മുടെ ഋഷീശ്വരന്മാര്‍ ആപ്തകാമന്മാരായിരുന്നു. അവര്‍ ഉപദേശിച്ച ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് പകര്‍ന്ന് നല്കുന്നത്. ശരിയായ ജീവിതം എങ്ങനെ നയിക്കണമെന്നും ലോകത്തിന്റെ സ്വഭാവമെന്താണെന്നും ഈ ഗ്രന്ഥങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ എങ്ങനെ ജീവിക്കണം എന്നും ഇവ നമ്മെ പഠിപ്പിക്കുന്നു.

ഏത് ചെടിക്ക് ഏത് മണ്ണാണ് യോജിച്ചത്, എന്തുവളമാണ് വേണ്ടത് എന്നും കൃഷിശാസ്ത്രം പഠിച്ചവന് അറിയാന്‍ സാധിക്കും. ചെടികള്‍ക്ക് രോഗം ബാധിക്കുന്നതിന് മുന്‍പ് ചെയ്യേണ്ട പരിഹാരം അയാള്‍ ചെയ്തിരിക്കും. ഇതൊന്നും അറിയാതെ കൃഷിചെയ്യാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ വിളവെല്ലാം നശിച്ചുപോകും. ഇതുപോലെ ജീവിതം എന്തെന്ന് ശരിയായി മനസ്സിലാക്കാന്‍ സദ്ഗ്രന്ഥങ്ങളുടെ പാരായണം നമുക്ക് സഹായകരമാകും.

അമിട്ടുപൊട്ടുന്ന ശബ്ദം അറിയാതെ കേട്ടാല്‍ നമ്മള്‍ ഞെട്ടിവിറച്ചെന്നു വരാം. എന്നാല്‍, അറിഞ്ഞു കൊണ്ട് കേള്‍ക്കുമ്പോള്‍ അത്ര ഭയമുണ്ടാവില്ല. നീന്തലറിയാത്തവന്‍ കടലിലെ തിരമാലകളുടെ അടിയേറ്റ് തളരുമ്പോള്‍ നീന്തലറിയുന്നവന്‍ തിരകളില്‍ ആന്ദപൂര്‍വം നീന്തിത്തുടിക്കുന്നു.

ഋഷിപ്രോക്തങ്ങളായ ഗ്രന്ഥങ്ങള്‍ ദിവസേന പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ ഋഷിയോടുള്ള നമ്മുടെ കടം വീട്ടുകകൂടി നമ്മള്‍ ചെയ്യുന്നു. പഠിച്ചതുകൊണ്ട് മാത്രമായില്ല;ആ അറിവ് പ്രയോഗത്തില്‍ കൊണ്ട് വരികയും വേണം. പാചകഗ്രന്ഥം വായിച്ച് ആര്‍ക്കും വിശപ്പടക്കാന്‍ സാധിക്കുന്നില്ല. ഋഷിപ്രോക്തങ്ങളായ ആധ്യാത്മികതത്വങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ പഠിക്കുന്നതാണ് ദേവയജ്ഞം. പൂജ, ജപം, ധ്യാനം, വ്രതാനുഷ്ഠാനങ്ങള്‍ എല്ലാം ദേവയജ്ഞത്തില്‍പ്പെടും. ഇവയിലൂടെ മനസ്സിന്റെ ഏകാഗ്രതയും ബുദ്ധികൂര്‍മതയും പ്രസാദവും സത്വസിദ്ധിയും കൈവരും. മന്ത്രജപത്തിലൂടെ മനസ്സില്‍ അന്യചിന്തകള്‍ കടന്നുവരുന്നത് തടയാന്‍ സാധിക്കും. ധ്യാനത്തിലൂടെ ബുദ്ധിക്ക് തെളിച്ചവും സൂക്ഷ്മതയും ലഭിക്കുകയും മനസ്സിന്റെ വിക്ഷോഭം അടങ്ങി ശാന്തിയും സമാധാനവും ഉണ്ടാകുകയും ചെയ്യുന്നു.

പൂജയും ഹോമവും തത്വമറിഞ്ഞ് ചെയ്യണം. ഹോമാഗ്നിയില്‍ ദ്രവ്യങ്ങള്‍ ഹോമിക്കുമ്പോള്‍ ഇഷ്ടവസ്തുക്കളോടുള്ള മമതയാണ് നമ്മള്‍ അഗ്നിക്കര്‍പ്പിക്കുന്നത്. പൂജാവേളയില്‍ ചന്ദനത്തിരി കത്തിക്കുമ്പോള്‍ ഇപ്രകാരം സ്വയം എരിഞ്ഞ് ലോകത്തിന് സുഗന്ധം പരത്തുന്നതാവണം തന്റെ ജീവിതമെന്ന് സങ്കല്പിക്കണം. ആരതിക്ക് കര്‍പ്പൂരമുഴിയുമ്പോള്‍ തന്റെ അഹങ്കാരമാണ് തരിപോലും ബാക്കിയാവാതെ പൂര്‍ണ്ണമായും യജ്ഞാഗ്നിയില്‍ കത്തിയമരുന്നതെന്ന ഭാവന വേണം. മന്ത്രോച്ഛാരണവും ഹോമധൂമവും അവനവന്റെ മനഃശുദ്ധിക്കൊപ്പം അന്തരീക്ഷശുദ്ധിക്കും സഹായിക്കുന്നു.

ഓരോവസ്തുവിനേയും ദേവതാരൂപങ്ങളായി സങ്കല്പിച്ചിരുന്നത് കാരണം എന്തെടുക്കുമ്പോഴും ശ്രദ്ധയും ഭക്തിയും ഉണ്ടാവുന്നു. കത്തിച്ചുവെച്ച നിലവിളക്കിനു മുമ്പില്‍ കൊച്ചുകുട്ടികള്‍ പോലും കൈക്കൂപ്പാറില്ലേ? അവിടെ ഈശ്വര സാന്നിധ്യംമുണ്ടെന്ന വിശ്വാസം പരമ്പരാഗതമായി നമുക്ക് ലഭിച്ചിട്ടുണ്ട്.

ഉപവാസവും മറ്റ് വ്രതങ്ങളും മനഃസംയമനത്തിനും ആരോഗ്യത്തിനും ഏറ്റവും സഹായിക്കുന്നവയാണ്. മിക്ക വ്രതാനുഷ്ഠാനങ്ങളും വാവുദിവസവുമായി ബന്ധപ്പെട്ടതാണ് എന്നു കാണാം. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ മനസ്സിനെ ബാധിക്കുന്നതാണെന്ന് ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വാവു ദിവസങ്ങള്‍ മാനസ്സിക രോഗമുള്ളവര്‍ക്ക് അസുഖം വര്‍ദ്ധിക്കും. കോപം കൂടും. വികാര വിചാരങ്ങള്‍ ഏറും.ആ സമയം പ്രാര്‍ഥനയിലൂടെ മനസ്സിനെ ഏകാഗ്രപ്പെടുത്തിയാല്‍ മനസ്സിന്റെ ചാഞ്ചല്യം കുറയും; ആയുസ്സും ആരോഗ്യവും വര്‍ധിക്കും. വ്രതാനുഷ്ഠാനങ്ങള്‍ ഒരു സമൂഹം മുഴുവന്‍ ആചരിക്കുമ്പോള്‍ അത് പ്രകൃതിയിലും അനുകൂലതരംഗം സ്യഷ്ടിക്കും. കാലാകാലങ്ങളില്‍ വേണ്ടത്ര മഴയും, വെയിലും ലഭിക്കും. ഇതാണ് യജ്ഞം കൊണ്ട് ദേവതകള്‍ പ്രസാദിച്ചിട്ട് മഴ പെയ്യിക്കുന്നുവെന്നു പറഞ്ഞതിന്റെ പിന്നിലെ തത്വം.

പിതൃയജ്ഞമെന്നാല്‍ തര്‍പ്പണാദികര്‍മ്മങ്ങള്‍ മാത്രമല്ല. മാതാപിതാക്കളോടും പ്രായം ചെന്നവരോടും നമുക്കുള്ള ആദരവും സ്നേഹവും അവരെ സേവിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നതാണ് ശരിക്കും പിതൃയജ്ഞം. പ്രായമായി അവശരായിക്കിടക്കുന്നവരെ നാം വേണ്ടവണ്ണം ശുശ്രൂഷിച്ചില്ലെങ്കില്‍ അവരുടെ ഉള്ളിന്റെ ഉള്ളിലെ ദീനവിലാപം എന്നെങ്കിലും നമുക്കുതന്നെ തിരിച്ചടിയാവുകയും ചെയ്യും. മതാപിതാക്കളെ ആത്മാര്‍ഥമായി ശുശ്രൂഷിക്കുന്നവന്‍ വേറെ ഈശ്വരപൂജ ചെയ്യേണ്ട ആവശ്യം തന്നെ ഇല്ലയെന്നാണ് പറയുന്നത്. മാതൃദേവോ ഭവഃ പിതൃദേവോ ഭവഃ എന്നാണല്ലോ പറയാറുള്ളത്.

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്നേഹിക്കുവാന്‍ അത് നമ്മെ പ്രാപ്താരാക്കുന്നു.

തുളസിക്കോ, ആലിനോ വെള്ളമൊഴിച്ച് കഴിഞ്ഞിട്ടേ പണ്ട് വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. വൃഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും, ദേവവാഹനങ്ങളുടേയും സ്ഥാനമാണ് നമ്മള്‍ നല്കിയിരുന്നത്. പുജാപുഷ്പങ്ങള്‍ക്കായി ഒരു ചെടിനടുമ്പോള്‍, അതിനെ പരിചരിക്കുമ്പോള്‍, അതില്‍ പൂവിടര്‍ന്നത് കാണുമ്പോള്‍, പൂവിറുത്തു മാല കോര്‍ക്കുമ്പോള്‍ ഒക്കെത്തന്നെ നമ്മുടെ മനസ്സ് ഈശ്വരനിലാണ് നില്‍ക്കുന്നത്. കൂട്ടുകാരന് കത്തെഴുതാന്‍ പേന എടുക്കുമ്പോള്‍ ഇന്നയാളിന് കത്തെഴുതുവാന്‍ എന്ന ബോധം ഉള്ളില്‍ക്കിടക്കുകയാണ്. പേനയും പേപ്പറും മഷിയുമെല്ലാം നാനാത്വമായ വസ്തുക്കള്‍ ആണെങ്കിലും അവയില്‍ കൂടിയെല്ലാം ഏകത്വത്തെ-കൂട്ടുകാരനെ ആണ് ദര്‍ശിക്കുന്നത്. അതുപോലെ ഏതു പ്രവര്‍ത്തിയിലും ഈശ്വരനെ മാത്രം ദര്‍ശിക്കുക. ഇതു മൂലം നാനാത്വമായ കര്‍മ്മങ്ങളില്‍കൂടിയും വിഷമങ്ങളില്‍ കൂടിയും ഏകത്വത്തെയാണ് സാക്ഷാത്കരിക്കുന്നത്. അദ്വൈതം പലരും പറഞ്ഞ് നടക്കാറുണ്ട്. ആരും അനുഷ്ഠിച്ചുകാണില്ല.

എന്നാല്‍, ശരിയായ ഭക്തന്‍ ഭൂതയജ്ഞത്തിലൂടെ (പക്ഷിമൃഗാദികളുടെ പരിപാലനത്തിലൂടെ) സര്‍വചാരാചരങ്ങളിലും ഏകമായ ആ സത്യത്തെ ദര്‍ശിക്കുകയാണ് ചെയ്യുന്നത്. താനറിയാതെ അയാള്‍ അദ്വൈത തത്വത്തില്‍ ജീവിക്കുന്നു. അതുകൊണ്ട് ഈ യജ്ഞങ്ങള്‍ എല്ലാം ഇക്കാലത്തും നമ്മള്‍ അനുഷ്ഠിക്കണം എന്ന് അമ്മയ്ക്ക് തോന്നുന്നു. അത് നാടിനും ജനങ്ങള്‍ക്കും നന്മയും ശ്രേയസ്സും വര്‍ദ്ധിക്കും.

കടപ്പാട്: മാതൃഭുമി