ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 5, 1936.

154. മേല്‍പ്പറഞ്ഞ യുവാവ്‌ പ്രാണായാമത്തെപ്പറ്റി ചോദിച്ചതിന്‌.

ഉ: ജ്ഞാനമാര്‍ഗ്ഗത്തില്‍ ദേഹം ഞാനെന്ന വിചാരത്തെ വിടുന്നതാണ്‌ രേചകം (നാ-ഹം), ഞാനാരെന്ന അന്വേഷണമാണ്‌ പൂരകം (കോ-ഹം), ഞാന്‍ അവനാണെന്നിരിക്കുകയാണ് കുംഭകം (സോ-ഹം) — ഇതാണ്‌ സത്യാന്വേഷണം. ഇതനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ ഏതെങ്കിലും ഒന്നിനെ ധ്യാനിക്കാം. അങ്ങനെ ധ്യാനിക്കാന്‍ കഴിയാത്തവര്‍ ശ്വാസോച്ഛ്വാസഗതിയെ ശ്രദ്ധിച്ചാലും ശാന്തിയുണ്ടാകും. തുടര്‍ന്ന്‌ ഈ ശാന്തിയെ ധ്യാനത്തിനനുകൂലമാക്കി പ്രയോജനപ്പെടുത്തിക്കൊള്ളണം. യോഗമാര്‍ഗ്ഗത്തില്‍ പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ ഉയര്‍ന്ന നിലകള്‍ പോലും പൂര്‍വ്വാംഗമേ ആകുന്നുള്ളൂ. യോഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ്‌.

പ്രാണായാമം മൂലം ലോകം ഭ്രമിച്ചുപോകുന്ന സിദ്ധികളുണ്ടാകുമെന്നിരുന്നാലും പാകതയുള്ളവന്‍ നേരെ ധ്യാനമായിരിക്കും അനുഷ്ഠിക്കുന്നത്‌. അവനു പ്രാണായാമം ആവശ്യമില്ല.

ചോ: ആഹാരനിയമം ആവശ്യമാണോ?

ഉ: മിത, സ്വാത്വിക, ആഹാരനിയമം നല്ലതാണ്‌.

ചോ: ഭഗവാന്‍ ഭക്തിമാര്‍ഗ്ഗത്തെപറ്റി പറഞ്ഞു കേള്‍ക്കാനാഗ്രഹിക്കുന്നു.

ഉ: വിഭക്തി (പിരിവ്‌) ഉള്ളിടത്തോളം ഭക്തി (ചേര്‍ച്ച) ആവശ്യമാ‍ണ്‌. വിയോഗം ഉള്ളിടത്താണല്ലോ യോഗം ആവശ്യം. ദ്വൈതബുദ്ധിയുള്ളിടത്തോളം ഭഗവാനും ഭക്തിയും വേണം. ധ്യാനത്തിലും, ധ്യാനം വേറെ, ധ്യാനിക്കുന്നവന്‍ വേറെ — എന്നിരുന്നാല്‍ ദ്വൈതമൊഴിഞ്ഞു എന്നു പറയാന്‍ സാധ്യമല്ല. ഭഗവാനല്ലാതെ മറ്റൊന്നുമുണ്ടായിരിക്കരുത്‌. താനാരാണെന്ന അറിവില്ലാത്ത ഭക്തനു ധ്യാനമാര്‍ഗ്ഗം നന്നാണ്‌. പൊതുവെ ഭക്തിക്കും ധ്യാനത്തിനും ഭേദമൊന്നുമില്ല.

155. ചോ: സമാധിയെന്താണ്‌? ആ അനുഭവം എങ്ങനെയുണ്ടാകും?

ഉ: സമാധിയെപ്പറ്റി അന്വേഷണം നടത്തുന്നതില്‍ താന്‍ ഒഴിഞ്ഞയിടത്തുള്ളതാണ്‌ സമാധി.

ചാഡ്വിക്‌: വിഗ്രഹാരാധന, തീര്‍ത്ഥയാത്ര എന്നിവയെക്കാളും മഹത്തുക്കളുടെ ദര്‍ശനമാണ്‌ വിശേഷമെന്നു പറയുന്നു. ഞാനിവിടെ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും എനിക്കൊരനുഭവവും ഉണ്ടായിട്ടില്ല.

ഉ: മഹത്തുക്കളുടെ ദര്‍ശനം ഹൃദയപരിശുദ്ധിക്കുതകുന്നുവെന്നതിനു സംശയമില്ല. ആന്തരമായി എന്തു സംഭവിക്കുന്നുവെന്നു നാമറിഞ്ഞില്ലെന്നു വരാം. കല്‍ക്കരിയിലും, വിറകുകരിയിലും തീ പറ്റും, പക്ഷെ വെടിമരുന്നില്‍ തല്‍ക്ഷണം തന്നെ തീ പിടിക്കുന്നു. മഹത്തുക്കളെ പ്രാപിക്കുന്നവരുടെ പാകതയ്ക്കനുസരണമായ ഫലം അവര്‍ക്കുണ്ടാകുന്നു.

കോഹന്‍: ധ്യാനത്തില്‍ ഒരുവിധം ഏകാഗ്രതയും ശാന്തിയും ലഭിക്കുന്നുണ്ട്‌. ഉപരിയായി ഞാനെന്തു ചെയ്യണം?

ഉ: ശാന്തി തന്നെ ആത്മാനുഭവം. അതിനെ കലക്കാതിരുന്നാല്‍ മതി. ശാന്തി തന്നെ തീര്‍ന്ന നില.

ചോ: എന്നാല്‍ പരിപൂര്‍ണ്ണ തൃപ്തി തോന്നുന്നില്ല.

ഉ: നിങ്ങള്‍ക്കുണ്ടായ ശാന്തി താല്‍ക്കാലികമായതുകൊണ്ടായിരിക്കാം. തോന്നിയ ശാന്തി സ്ഥിതി സ്ഥിരമായി വന്നാല്‍ ആത്മാനുഭവമായി.