ആധുനിക കാലഘട്ടത്തില്‍ വളരെയധികം തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് വിധേയമായിട്ടുള്ള പൗരാണിക ഭാരതീയ ശാസ്ത്രമാണ് യോഗശാസ്ത്രം. യോഗശാസ്ത്രം ഒരു കാലത്ത് ഭാരതീയ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇടക്കാലത്ത് പ്രതാപം നഷ്ടപ്പെട്ട ഈ ശാസ്ത്ര ശാഖ ഇരുപത‍ാം നൂറ്റാണ്ടിന്റെ രണ്ട‍ാം പകുതിയുടെ തുടക്കത്തോടെ ജനശ്രദ്ധയാകര്‍ഷിച്ച് തുടങ്ങിയെങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ യോഗ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയും ഇന്നും രൂഢമൂലമാണ്.

യോഗശാസ്ത്രം ‘എന്താണെന്ന്’ അറിയാന്‍ അത് ‘എന്തല്ല’ എന്നറിയുന്നത്, ആ അറിവിന്റെ ആഴവും വ്യാപ്തിയൂം വര്‍ദ്ധിക്കുവാന്‍ സഹായിക്കും. ആയതിനാല്‍ യോഗശാസ്ത്രത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട തെറ്റിദ്ധാരണകളും മിഥ്യാസങ്കല്‍പ്പങ്ങളും അപൂര്‍ണ്ണമായ കാഴ്ചപ്പാടുകളും എന്തെല്ലാമെന്ന് തുടക്കത്തില്‍ തന്നെ ചിന്തിക്കുന്നത് ഉചിതമായിരിക്കും.

യോഗശാസ്ത്രം എന്നാല്‍ യോഗാസനങ്ങള്‍ മാത്രമാണെന്നുള്ള സങ്കല്‍പ്പമാണ് തെറ്റായ ധാരണകളില്‍ മുമ്പില്‍ നില്‍ക്കുന്നത്. ശരീരത്തെ മുന്നിലേയ്ക്കും പിന്നിലേയ്ക്കും വശങ്ങളിലേയ്ക്കും വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്ന, അതുപോലെ ഒറ്റക്കാലിലും കൈയിലും തലയിലും നിന്നുകൊണ്ട് ചെയ്യുന്ന ബുദ്ധിമുട്ടുള്ള ശാരീരിക അഭ്യാസമാണ് യോഗയെന്ന് നല്ലൊരു ശതമാനം ജനങ്ങളും വിശ്വസിക്കുന്നു.

യോഗശാസ്ത്രം ഹിന്ദുമതാചാരാനുഷ്ഠാനത്തിന്റെ ഭാഗമാണെന്നും അന്യമതക്കാര്‍ക്ക് നിഷിദ്ധമാണെന്നുമുള്ളതാണ് മറ്റൊരു തെറ്റിദ്ധാരണ.

ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി മുതലായ ചികിത്സാസമ്പ്രദായങ്ങള്‍ പോലെ യോഗശാസ്ത്രവും ഒരു ചികിത്സാരീതി മാത്രമാണെന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല. ‘യോഗാതെറാപ്പി’ ഒരു പുതിയ ചികിത്സാ സമ്പ്രദായമായി ഉയര്‍ന്നുവന്നതാണ് തെറ്റിദ്ധാരണയ്ക്കാധാരം.

അത്ഭുത സിദ്ധികള്‍, അമാനുഷിക കഴിവുകള്‍ ഇവ നേടുന്നതിനുവേണ്ടി സന്യാസിമാരും ഋഷിമാരും രഹസ്യമായി അഭ്യസിക്കുന്ന സമ്പ്രദായമാണ് യോഗ എന്നും സാധാരണ ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. ഗൃഹസ്ഥന്മാര്‍ അത് അറിയുകയോ അഭ്യസിക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് മാത്രമല്ല അത് അവരുടെ കുടുംബജീവിതത്തിന് ദോഷം ചെയ്യുമെന്നുവരെ വിശ്വസിക്കുന്നവരും ധാരാളമുണ്ട്.

യോഗം സ്ത്രീകളും കുട്ടികളും അഭ്യസിച്ച് കൂടെന്നും അത് അവര്‍ക്ക് വര്‍ജ്യമാണെന്നുമുള്ള മിഥ്യാസങ്കല്പവും നിലവിലുണ്ട്.

ജോലിയില്‍ നിന്നും വിരമിച്ച്, ആരോഗ്യം ക്ഷയിച്ച്, മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത, പ്രത്യേക ജോലിയില്ലാത്ത വാര്‍ദ്ധക്യ കാലത്ത് അനുഷ്ഠിക്കേണ്ട ജീവിത രീതിയാണിതെന്നും, യുവാക്കന്മാര്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും മറ്റൊരു വിഭാഗം ധരിച്ചു വച്ചിരിക്കുന്നു.

യോഗം അഭ്യസിച്ച് തുടങ്ങിയാല്‍ ഇടയ്ക്ക് നിര്‍ത്തരുതെന്നും മുടങ്ങിയാല്‍ ശാരീരിക, മാനസിക രോഗങ്ങള്‍ ഉണ്ടാകുമെന്നുള്ള തെറ്റായ സങ്കല്പം ചിലരെ യോഗശാസ്ത്രത്തെ ഭയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു.

[ഈ ലേഖനം ജന്മഭൂമി പത്രത്തില്‍ നിന്നും എടുത്തതാണ്. ലേഖകന്‍: ശ്രീ ജി.ദേവന്‍, പ്രിന്‍സിപ്പാള്‍, സരസ്വതി വിദ്യാനികേതന്‍, എളമക്കര]