സ്വാമി വിവേകാനന്ദന്‍

നമ്മുടെ പ്രധാനപ്രശ്നം സ്വതന്ത്രരാകയാണ്. അപ്പോള്‍ പ്രകടമാണ്, നമ്മെ കേവലമെന്നു സാക്ഷാല്‍ക്കരിക്കുംവരെ നമുക്കു വിമുക്തി പ്രാപിക്കാവതല്ലെന്ന്. എങ്കിലും ഈ സാക്ഷാല്‍ക്കാരം സാധിക്കാന്‍ നാനാമാര്‍ഗ്ഗങ്ങളുണ്ട്. ഈ ഉപായങ്ങള്‍ക്കു യോഗം (യോജിപ്പിക്കുക, നമ്മുടെ യാഥാര്‍ത്ഥ്യത്തോടു നമ്മെ യോജിപ്പിക്കുക) എന്ന ജാതിനാമമുണ്ട്. ഈ യോഗങ്ങള്‍ വിവിധഗണങ്ങളായി വിഭക്തങ്ങളെങ്കിലും മുഖ്യമായി നാലുതരത്തില്‍പ്പെടും. ഓരോന്നും കേവലത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്കുള്ള പരമ്പരയാ നയിക്കുന്ന ഉപായങ്ങള്‍ മാത്രമാകയാല്‍ അവ വിവിധസ്വഭാവങ്ങള്‍ക്കു അനുയുക്തങ്ങളാണ്. ഇവിടെ ഇതോര്‍ക്കേണ്ടതുണ്ട്. വ്യാവഹാരികമനുഷ്യന്‍, പാരമാര്‍ത്ഥികമനുഷ്യന്‍ അഥവാ കേവലം ആയിത്തീരുന്നു എന്നല്ല. കേവലത്തിന് ആയിത്തീരലില്ല. അതു നിത്യമുക്തം, നിത്യപൂര്‍ണ്ണം. എങ്കിലും തെല്ലിട അതിനെ മൂടിയിരിക്കുന്ന അജ്ഞാനത്തെ മാറ്റേണ്ടിയിരിക്കുന്നു. അതുകൊണ്ട്, എല്ലാ യോഗദര്‍ശനങ്ങളുടെയും (ഓരോ മതവും ഒന്നിനെ പ്രതിനിധാനം ചെയ്യുന്നു) ഉദ്ദേശ്യം മുഴുവന്‍ ഈ അജ്ഞാനത്തെ നിവര്‍ത്തിച്ചു സ്വപ്രകൃതിയെ വീണ്ടെടുക്കുവാന്‍ ആത്മാവിനെ അനുവദിക്കയാണ്. ഈ വിമോചനത്തിനു മുഖ്യസാധകങ്ങള്‍ അഭ്യാസവും വൈരാഗ്യവുമാണ്. വൈരാഗ്യം ജീവിതത്തോടുള്ള അനാസക്തിയാണ്. എന്തെന്നാല്‍, ഭോഗേച്ഛയാണ് അതിനെത്തുടര്‍ന്ന് ഈ ബന്ധനമൊക്കെ കൊണ്ടുവരുന്നത്. അഭ്യാസം യോഗങ്ങളിലൊന്നിന്റെ നിത്യപരിശീലനവും.

കര്‍മ്മയോഗം: കര്‍മ്മംകൊണ്ടു ചിത്തത്തെ ശുദ്ധീകരിക്കയാണ് കര്‍മ്മയോഗം. സത്തോ അസത്തോ ആയ ഒരു കര്‍മ്മം ചെയ്താല്‍ അതു പരിപാകമായി സത്തോ അസത്തോ ആയ ഒരു ഫലം ഉള്ളവാക്കുകതന്നെ വേണം. ഒരു ശക്തിക്കും അതു തടയാനാവില്ല. ഹേതുവുണ്ടെന്നു വന്നാല്‍, അതുകൊണ്ട് സത്പ്രവൃത്തി സല്‍കര്‍മ്മവും ദുഷ്പ്രവൃത്തി ദുഷ്കര്‍മ്മവും ഉളവാക്കുകയാല്‍ മോചനത്തിന് ഒരിക്കലും ആശിക്കാതെ, ജീവന്‍ നിത്യബന്ധനത്തില്‍ പെട്ടുപൊയ്ക്കൊണ്ടിരിക്കുന്നു. ഈ കര്‍മ്മം ശരീരത്തിനോ ചിത്തത്തിനോ മാത്രമാണ്. ഒരിക്കലും ആത്മാവിനുള്ളതല്ല. ആത്മാവിന് ഒരാവരണമിടാനേ അതിനു കഴിയൂ. ദുഷ്കര്‍മ്മമിടുന്ന ആവരണം അജ്ഞാനമാണ്. സല്‍കര്‍മ്മത്തിനു ധാര്‍മ്മികശക്തികളെ ബലപ്പെടുത്താന്‍ കഴിവുണ്ട്. അങ്ങനെ അത് അനാസക്തിയെ ഉളവാക്കുന്നു. അതു ദുഷ്കര്‍മ്മത്തിലേക്കുള്ള പ്രവണതയെ നശിപ്പിക്കയും അതുവഴി ചിത്തത്തെ ശുദ്ധീകരിക്കയും ചെയ്യുന്നു. ഭോഗേച്ഛയോടെയാണ് കര്‍മ്മം ചെയ്യുന്നതെങ്കില്‍, ആ ഭോഗത്തെ മാത്രമേ അതുളവാക്കു, ചിത്തത്തെ ശുദ്ധീകരിക്കില്ല. അതുകൊണ്ട് ഫലഭോഗത്തില്‍ ഒരാശയുമില്ലാതെവേണം കര്‍മ്മങ്ങളെല്ലാം ചെയ്യേണ്ടത്. എല്ലാ പേടിയും ഇഹപരഭോഗങ്ങളിലുള്ള എല്ലാ കൊതിയും കര്‍മ്മയോഗി എന്നേയ്ക്കും നിഷ്കാസനം ചെയ്യണം. കൂടാതെ, പ്രതിഫലേച്ഛയില്ലാത്ത ഈ കര്‍മ്മം സര്‍വ്വബന്ധമൂലമായ സ്വാര്‍ത്ഥതയെ നശിപ്പിക്കും. കര്‍മ്മയോഗിയുടെ മുദ്രാവാക്യം ‘ഞാനില്ല, നീതന്നെ’ എന്നാണ്. അവന് എത്ര സ്വാര്‍ത്ഥത്യാഗവും ഏറിപ്പോകുന്നില്ല. എന്നാല്‍ അവന്‍, ഇതുചെയ്യുന്നതു സ്വര്‍ഗ്ഗത്തില്‍ പോകാനാകട്ടെ, ഇഹലോകത്തിലെ പേരോ പെരുമയോ മറ്റെന്തെങ്കിലും മെച്ചമോ കിട്ടാനാകട്ടെ, ആശിക്കാതെയാണ്. ഈ നിസ്സ്വാത്ഥകര്‍മ്മത്തിന്റെ വ്യാഖ്യാനവും യുക്തിദര്‍ശനവും ജ്ഞാനയോഗത്തില്‍ മാത്രമാണെങ്കിലും മനുഷ്യന്റെ സഹജദിവ്യത്വം, പരഹിതത്തിനു വേണ്ടിമാത്രം, ഒരു സ്വാര്‍ത്ഥോദ്ദേശ്യവും കൂടാതെ സര്‍വ്വത്യാഗങ്ങളും ചെയ്യിക്കുന്നു. അവന്റെ വിശ്വാസമോ മതമോ എന്തുതന്നെയായാലും പലര്‍ക്കും ധനബന്ധനം വളരെ വലിയതാണ്. അവരുടെ ധനക്കൊതിക്കു ചുറ്റും പിടിച്ചുവരുന്ന കട്ടയുടയ്ക്കാന്‍ കര്‍മ്മയോഗം അവര്‍ക്കത്യാവശ്യമാണ്.

അടുത്തതു ഭക്തിയോഗം. ഏതെങ്കിലും തരത്തിലുള്ള ഭക്തി, ഉപാസന അഥവാ പ്രേമമാണ് മനുഷ്യന്നുള്ള ലഘുതമവും പ്രിയതമവും സ്വാഭാവികതമവുമായ മാര്‍ഗ്ഗം. ഈ ജഗത്തിന്റെ സ്വാഭാവികസ്ഥിതി ആകര്‍ഷണമാണ്. അതിനെത്തുടര്‍ന്നു തീര്‍ച്ചയായും അന്തിമവിയോഗം വരും. എന്നിരുന്നാലും മനുഷ്യഹൃദയത്തില്‍ ഐക്യത്തിനുള്ള സ്വാഭാവികപ്രചോദനമാണ് പ്രേമം. സ്വയം കഷ്ടതയ്ക്കുള്ള വലിയൊരു കാരണമാണെങ്കിലും ഒത്ത വിഷയത്തിലേക്ക് ഒത്തവണ്ണം നയിക്കാമെങ്കില്‍ അതു വിമുക്തി കൈവരുത്തുന്നു. ഭക്തിയുടെ വിഷയം ഈശ്വരനാണ്. വിഷയവും വിഷയിയുമില്ലാതെ പ്രേമമുണ്ടാവില്ല. പ്രേമവിഷയംതന്നെ, ആദ്യം, നമ്മുടെ പ്രേമത്തെ പ്രതികരിക്കാവുന്ന ആളായിരിക്കണം. അതുകൊണ്ട്, പ്രേമദേവത, ചില അര്‍ത്ഥത്തില്‍ ഒരു മാനുഷദേവതയായിരിക്കണം. അവിടുന്നു പ്രേമത്തിന്റെ ഈശ്വരനായിരിക്കണം. അങ്ങനെ ഒരീശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനു പുറമെ ഇതൊരു വസ്തുതയാണ്. ഹൃദയത്തില്‍ പ്രേമമുള്ളവര്‍ക്ക് ഈ കേവലം പ്രേമദേവതയായി, സഗുണനായി ആവിര്‍ഭവിക്കുന്നു. താണതരം ആരാധനകളില്‍ ഈശ്വരന്‍ ന്യായാധിപനോ ദണ്ഡധരനോ ഭയന്നനുസരിക്കപ്പെടേണ്ടവനോ എന്ന ആശയമാണുള്ളത്. അത് പ്രേമമെന്നു വിളിക്കപ്പെടാന്‍ അര്‍ഹിക്കുന്നില്ല. അവ ക്രമേണ കൂടുതല്‍ ഉയര്‍ന്ന രൂപങ്ങളിലേക്കു വളരുന്ന ആരാധനാരൂപങ്ങളാണെങ്കിലും, നാം പ്രേമത്തെത്തന്നെ പരിഗണിക്കാന്‍ പോകുന്നു. നമുക്കു പ്രേമത്തെ ഒരു ത്രികോണംകൊണ്ടുദാഹരിക്കാം. അതിന്റെ ചുവട്ടിലുള്ള ഒരു കോണ്‍ അഭയമാണ്. ഭയമുള്ളിടത്തോളം കാലം അതു പ്രേമമല്ല. പ്രേമം ഭയത്തെയൊക്കെ നിഷ്കാസനം ചെയ്യുന്നു. കൂടെ കുഞ്ഞുള്ള അമ്മ കടുവയെ നേരിടും തന്റെ സന്തതിയെ സംരക്ഷിക്കാന്‍. രണ്ടാം കോണ്‍ പ്രേമം ഒന്നും ചോദിക്കുന്നില്ല. യാചിക്കുന്നില്ല എന്നതാണ്. മൂന്നാമത്തേത്, അല്ലെങ്കില്‍ ഉച്ചകോടി, പ്രേമം പ്രേമത്തിനുവേണ്ടിത്തന്നെ പ്രേമിക്കുന്നു എന്നതാണ്. വിഷയമെന്ന ആശയംതന്നെ വിലയിക്കുന്നു. പ്രേമം പ്രേമിക്കപ്പെടുന്ന ഒരേ രൂപം പ്രേമം മാത്രം. ഇതാണ് അത്യുച്ചനിഷ്കര്‍ഷണം. കേവലമായ അവസ്ഥ.

അടുത്തതു രാജയോഗം. ഈ യോഗങ്ങളില്‍ ഓരോന്നിലും ഇണങ്ങിച്ചേരുന്നതാണ് രാജയോഗം. വിശ്വാസം ഉള്ളതോ ഇല്ലാത്തതോ ആയ എല്ലാ വര്‍ഗ്ഗത്തിലുമുള്ള അന്വേഷകര്‍ക്കും ഇതുചേരുന്നു. മതപരമായ അന്വേഷണത്തിനുള്ള യഥാര്‍ത്ഥോപകരണവും ഇതുതന്നെ. ഓരോ സയന്‍സിനും അതിന്റെ സ്വന്തം ഗവേഷണരീതിയുള്ളതുപോലെ, ഈ രാജയോഗം മതത്തിന്റെ രീതിയാകുന്നു. ഈ സയന്‍സും വിവിധഘടനകള്‍ക്കനുസരിച്ച് വിവിധം പ്രയോഗിക്കപ്പെടുന്നു. മുഖ്യാംഗങ്ങള്‍ പ്രാണായാമവും ധാരണയും ധ്യാനവുമാണ്. ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍ക്ക്, ഒരു ഗുരുവില്‍നിന്നു കൈവരിക്കുന്ന ഒരു പ്രതീകനാമം-ഉദാഹരണമായി ഓം അഥവാ മറ്റു പവിത്രപദങ്ങള്‍-വലിയ സഹായമാകും. ‘ഓം’ ആണ് മഹത്തമം. കേവലമെന്നര്‍ത്ഥമാകയാല്‍ ഈ പവിത്രനാമങ്ങള്‍ ജപിക്കുമ്പോള്‍ അവയുടെ അര്‍ത്ഥത്തെ ഭാവനം (ധ്യാനം) ചെയ്യുകയാണ് മുഖ്യാഭ്യാസം.

അടുത്തതാണ് ജ്ഞാനയോഗം. ഇതു മൂന്നംഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്, ആത്മാവു മാത്രം പരമാര്‍ത്ഥവും മറ്റുള്ളവയെല്ലാം മായയുമാണ് എന്ന സത്യത്തിന്റെ ശ്രവണം. രണ്ടാമത്: ഈ തത്ത്വചിന്തയെപ്പറ്റി എല്ലാ കാഴ്ചപ്പാടില്‍നിന്നും യുക്തിവിചാരം ചെയ്യുക (മനനം). മൂന്നാമത്: സര്‍വ്വവാദങ്ങളും വേണ്ടെന്നുവെയ്ക്കുകയും സത്യം സാക്ഷാല്‍ക്കരിക്കയും (നിദിധ്യാസം). ഈ സാക്ഷാല്‍ക്കാരത്തിന്റെ ഘടകങ്ങളാണ്. 1 ബ്രഹ്മം സത്യവും മറ്റൊക്കെ മിഥ്യയുമെന്നുള്ള തീര്‍ച്ച. 2. ഭോഗരാഗമെല്ലാം വെടിയുക. 3. ഇന്ദ്രിയമനഃസംയമം, 4. തീക്ഷ്ണമായ മോക്ഷേച്ഛ. എപ്പോഴും ഈ പരമാര്‍ത്ഥത്തെ ധ്യാനിക്കയും ജീവനെ അതിന്റെ പരമാര്‍ത്ഥസ്വരൂപം ഓര്‍മ്മിപ്പിക്കയും മാത്രമാണ് ഈ യോഗത്തിന്റെ മാര്‍ഗ്ഗങ്ങള്‍. ഇത് ഉച്ചതമമാണ്, എന്നാല്‍ കഠിനതമം. പലരും ഇതിനെ ബുദ്ധികൊണ്ടു ഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വളരെ ചുരുക്കമേ സാക്ഷാല്‍കാരം പ്രാപിക്കുന്നുള്ളൂ.