MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അയോദ്ധ്യാപ്രവേശം

ശത്രുഘ്നനോടു ഭരതകുമാരനു-
മത്യാദരം നിയോഗിച്ചനനന്തരം
‘പൂജ്യന‍ാം നാഥനെഴുന്നള്ളുന്നേരത്തു
രാജ്യമലങ്കരിയ്ക്കേണമെല്ലാടവും
ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ-
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം
സൂതവൈതാളിക വന്ദിസ്തുതിപാഠ-
കാദി ജനങ്ങുളുമൊക്കെ വന്നീടണം
വാദ്യങ്ങളെല്ല‍ാം പ്രയോഗിയ്ക്കയും വേണം
പാദ്യാദികളുമൊരുക്കണമേവരും
രാജദാരങ്ങളമാത്യജനങ്ങളും
വാജിഗജരഥപംക്തിസൈന്യങ്ങളും
വാരനാരീജനത്തോടുമലങ്കരി-
ച്ചാരൂഢമോദം വരണമെല്ലാവരും
ചേര്‍ക്ക കൊടിക്കൂറകള്‍ കൊടിയ്ക്കൊക്കവേ
മാര്‍ഗ്ഗമടിച്ചു തളിപ്പിക്കയും വേണം
പൂര്‍ണ്ണകുംഭങ്ങളും ധൂപദീപങ്ങളും
തൂര്‍ണ്ണം പുരദ്വാരി ചേര്‍ക്ക സമസ്തരും
താപസവൃന്ദവും ഭൂസുരവര്‍ഗ്ഗവും
ഭൂപതിവീരരുമൊക്കെ വന്നീടണം
പൗരജനങ്ങളാബാലവൃദ്ധാവധി
ശ്രീരാമനെക്കാണ്മതിന്നു വരുത്തണം’
ശത്രുഘ്നനും ഭരതാജ്ഞയാ തല്‍പുരം
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാന്‍
ശ്രീരാമദേവനെക്കണ്മതിന്നായ്‌ വന്നു
പൗരജനങ്ങള്‍ നിറഞ്ഞിതയോദ്ധ്യയില്‍
വാരണേന്ദ്രന്മാരൊരു പതിനായിരം
തേരുമവ്വണ്ണം പതിനായിരമുണ്ടു
നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു-
നൂറായിരമുണ്ടു കാലാള്‍പ്പടകളും
രാജനാരീജനം തണ്ടിലേറിക്കൊണ്ടു
രാജകുമാരനെക്കാണ്മാനുഴറിനാര്‍
പാദുക‍ാം മൂര്‍ദ്ധനി വച്ചു ഭരതനും
പാദചാരേണ നടന്നു തുടങ്ങിനാന്‍
ആദരവുള്‍ക്കൊണ്ടു ശത്രുഘ്നനാകിയ
സോദരന്‍ താനും നടന്നാനതുനേരം
പൂര്‍ണ്ണചന്ദ്രാഭമ‍ാം പുഷ്പകമന്നേരം
കാണായ്ചമഞ്ഞിതു ദൂരേ മനോഹരം
പൗരജനാദികളോടു കുതൂഹലാല്‍
മാരുതപുത്രന്‍ പറഞ്ഞാനതുനേരം
‘ബ്രാഹ്മണാ നിര്‍മ്മിതമാകിയ പുഷ്പകം-
തന്മേലരവിന്ദനേത്രനും സീതയും
ലക്ഷ്മണസുഗ്രീവനക്തഞ്ചരാധിപ-
മുഖ്യമായുള്ളോരു സൈന്യസമന്വിതം
കണ്ടുകൊള്‍വില്‍ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം’
അപ്പോള്‍ ജനപ്രീതിജാതശബ്ദം ഘന-
മഭ്രദേശത്തോളമുല്‍പ്പതിച്ചു ബലാല്‍
ബാലവൃദ്ധസ്ത്രീ തരുണവര്‍ഗ്ഗാരവ
കോലാഹലം പറയാവതല്ലേതുമേ
വാരണവാജിരഥങ്ങളില്‍ നിന്നവര്‍
പാരിലിറങ്ങി വണങ്ങിനാനേവരും
ചാരുവിമാനാഗ്രസംസ്ഥിതന‍ാം ജഗല്‍-
ക്കാരണഭൂതനെക്കണ്ടു ഭരതനും
മേരുമഹാഗിരിമൂര്‍ദ്ധനി ശോഭയാ
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാന്‍
ചില്‍പുരുഷാജ്ഞയാ താണിതു മെല്ലവേ
പുഷ്പകമായ വിമാനവുമന്നേരം
ആനന്ദബാഷ്പം കലര്‍ന്നു ഭരതനും
സാനുജനായ്‌ വിമാനം കരേറീടിനാന്‍
വീണു നമസ്ക്കരിച്ചോരനുജന്മാരെ
ക്ഷോണീന്ദ്രനുത്സംഗസീംനി ചേര്‍ത്തീടിനാന്‍
കാലമനേകം കഴിഞ്ഞു കണ്ടീടിന
ബാലകന്മാരെ മുറുകെത്തഴുകിനാന്‍
ഹര്‍ഷാശ്രുധാരയാ സോദരമൂര്‍ദ്ധനി
വര്‍ഷിച്ചു വര്‍ഷിച്ചു വാത്സല്യപൂരവും
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വാഴുന്ന നേരത്തു
ശത്രുഘ്നപൂര്‍വ്വജനും ഭരതന്‍ പദം
ഭക്ത്യാ വണങ്ങിനാനശു സൗമിത്രിയെ
ശത്രുഘ്നനും വണങ്ങീടിനാനാദരാല്‍
സോദരനോടും ഭരതകുമാരനും
വൈദേഹിതന്‍ പദം വീണു വണങ്ങിനാന്‍
സുഗ്രീീവനംഗദന്‍ ജ‍ാംബവാന്‍ നീലനു-
മുഗ്രന‍ാം മൈന്ദന്‍ വിവിദന്‍ സുഷേണനും
താരന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ നളന്‍
വീരന്‍ വൃഷഭന്‍ ശരഭന്‍ പനസനും
ശൂരന്‍ വിനതന്‍ വികടന്‍ ദധിമുഖന്‍
ക്രൂരന്‍ കുമുദന്‍ ശതബലി ദുര്‍മുഖന്‍
സാരനാകും വേഗദര്‍ശി സുമുഖനും
ധീരനാകും ഗന്ധമാദനന്‍ കേസരി
മറ്റുമേവം കപിനായകന്മാരെയും
മുറ്റുമാനന്ദേന ഗാഢം പുണര്‍ന്നിതു
മാരുതി വാചാ ഭരതകുമാരനും
പൂരുഷ വേഷം ധരിച്ചാര്‍ കപികളും
പ്രീതിപൂര്‍വ്വം കുശലം വിചാരിച്ചതി-
മോദം കലര്‍ന്നു വസിച്ചാരവര്‍കളും
സുഗ്രീവനെക്കനിവോടു പുണര്‍ന്നഥ
ഗദ്ഗദവാചാ പറഞ്ഞു ഭരതനും
‘നൂനും ഭവല്‍സഹായേന രഘുവരന്‍
മാനിയ‍ാം രാവണന്‍ തന്നെ വധിച്ചതും
നാലുസുതുന്മാര്‍ ദശരഥഭൂപനി-
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാന്‍
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങള്‍ക്കു
കിഞ്ചന സംശയമില്ലെന്നറികെടോ’
ശോകാതുരയായ കൗസല്യതന്‍പദം
രാഘവന്‍ ഭക്ത്യാ നമസ്കരിച്ചീടിനാന്‍
കാലേ കനിഞ്ഞു പുണര്‍ന്നാളുടന്‍ മുല-
പ്പാലും ചുരന്നിതു മാതാവിനന്നേരം
കൈകേയിയാകിയ മാതൃപദത്തെയും
കാകുത്സ്ഥനാശു സുമിത്രാപദാബ്ജവും
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും
നന്ദിച്ചവരുമണച്ചു തഴുകിനാര്‍
ലക്ഷ്മണനും മാതൃപാദങ്ങള്‍ കൂപ്പിനാന്‍
ഉള്‍ക്കാമ്പഴിഞ്ഞു പുണര്‍ന്നാരവര്‍കളും
സീതയും മാതൃജനങ്ങളെ വന്ദിച്ചു
മോദമുള്‍ക്കൊണ്ടു പുണര്‍ന്നാരവര്‍കളും
സുഗ്രീവനാദികളും തൊഴുതീടിനാ-
രഗ്രേ വിനീതയായ്‌ നിന്നിതു താരയും
ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തല്‍പ്പദുകാദ്വന്ദ്വവും
ശ്രീരാമപാദാരവിന്ദങ്ങളില്‍ ചേര്‍ത്തു
പാരില്‍ വീണാശു നമസ്കരിച്ചീടിനാന്‍
‘രാജ്യം ത്വയാ ദത്തമെങ്കില്‍ പുരാദ്യ ഞാന്‍
പൂജ്യന‍ാം നിങ്കല്‍ സമര്‍പ്പിച്ചിതാദരാല്‍
ഇന്നു മജ്ജന്മം സഫലമായ്‌ വന്നിതു
ധന്യനായേനടിയനിന്നു നിര്‍ണ്ണയം
വന്നു മനോരഥമെല്ല‍ാം സഫലമായ്‌
വന്നിതു മല്‍ക്കര്‍മ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാര്‍ത്തു കാ-
ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബനമില്ല കാരുണ്യവാരിധേ!’