സ്വാമി വിവേകാനന്ദന്‍

ജ്ഞാനയോഗപ്രഭാഷണങ്ങള്‍
നിത്യശരീരങ്ങളുണ്ടാകാത്തതെന്ത് എന്ന ചോദ്യം സ്വതേ അനുപപന്നമാണ്. എന്തെന്നാല്‍ വികാര്യങ്ങളും സ്വപ്രകൃതിവശാല്‍ അനിത്യങ്ങളായ ഭൂതസംഘാതങ്ങളെയാണ് ശരീരമെന്ന പദം കുറിക്കുന്നത്. നാം പരിവര്‍ത്തനങ്ങള്‍ക്കു വിധേയരല്ലാതായാല്‍ നമുക്കു ശരീരങ്ങളും ഉണ്ടാവില്ല. സ്ഥലകാലനിമിത്താതീതമായ ദ്രവ്യം ദ്രവ്യമല്ല. സ്ഥലകാലങ്ങള്‍ നമ്മില്‍മാത്രം വര്‍ത്തിക്കുന്നവയാണ്. നിത്യത്വമുള്ള ഏകവസ്തു നമ്മളാണ്. എല്ലാ ആകാരങ്ങളും അനിത്യമാണ്. അതുകൊണ്ടത്രേ ‘ഈശ്വരന്‍ നിരാകാരനാണ്’ എന്ന് എല്ലാ മതങ്ങളും പ്രഖ്യാപിക്കുന്നതും. മിനാന്‍ഡര്‍ ഒരു ഗ്രീക്കോ-ബാക്ട്രിയന്‍ രാജാവായിരുന്നു. ക്രി. മു. 150-ാമാണ്ടിടയ്ക്കു ഒരു ബൌദ്ധമിഷനറി സന്ന്യാസി അദ്ദേഹത്തെ ബുദ്ധമതത്തിലേക്കു പരിവര്‍ത്തനംചെയ്യിച്ച് ‘മിളിന്ദ’ എന്നു പേരിട്ടു. പൂര്‍ണ്ണതയിലെത്തിയ ഒരു മനുഷ്യന് തെറ്റുപറ്റുമോ? അവിടുന്നു പ്രമാദത്തിലക പ്പെടാനിടയുണ്ടോ?’ എന്ന് ആ രാജാവ് തന്നെ പഠിപ്പിക്കുന്ന ഒരു യുവസന്ന്യാസിയോട് ചോദിച്ചു. യുവസന്ന്യാസിയുടെ ഉത്തരം ഇങ്ങനെയായിരുന്നു: ‘തന്റെ അനുഭവത്തിലോ പരിചയത്തിലോ പെടാത്ത അപ്രധാനകാര്യങ്ങളില്‍ സിദ്ധപുരുഷന്‍ അജ്ഞനാവാം. എന്നാല്‍ താന്‍ അന്തര്‍ദൃഷ്ടികൊണ്ടു സാക്ഷാല്‍ക്കരിച്ച വസ്തുതകളെസ്സംബന്ധിച്ച് ഒരിക്കലും അവിടുന്നു പ്രമാദിയാവുക സാദ്ധ്യമല്ല. അവിടുന്ന് ഇവിടെ ഇപ്പോള്‍ത്തന്നെ പൂര്‍ണ്ണത്വം പ്രാപിച്ചവനാണ്. അവിടുന്നു പ്രപഞ്ചരഹസ്യത്തെ, അതിന്റെ സാക്ഷാല്‍ സത്തയെ, അറിഞ്ഞിരിക്കുന്നു. എന്നാല്‍ കാലദേശങ്ങളിലൂടെ അഭിവ്യക്തമാകുന്ന ആ സത്തയുടെ ബാഹ്യവൈവിധ്യങ്ങളെക്കുറിച്ച് അവിടുന്ന് അറിഞ്ഞില്ലെന്നു വരാം. അവിടുന്നു കളിമണ്ണിനെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ കളിമണ്ണുകൊണ്ടുണ്ടാക്കാവുന്ന നാനാരൂപങ്ങളെയെല്ലാം പ്രത്യേകം അറിഞ്ഞിട്ടില്ല. സിദ്ധപുരുഷന്‍ പരമാത്മാവിനെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന്റെ അഭിവ്യക്തിയിലെ നാനാരൂപങ്ങളെയും വിവിധസംഘാതങ്ങളെയും അറിഞ്ഞിട്ടില്ല’. നാമെല്ലാം ചെയ്യുംപോലെ അവിടുന്നും വെറും ആപേക്ഷികജ്ഞാനം സമ്പാദിക്കേണ്ടിയിരിക്കുന്നു. പക്ഷേ, തന്റെ അസാധാരണശക്തിവിശേഷങ്ങള്‍ ഹേതുവായി, അതു മറ്റുള്ളവരേക്കാള്‍ വളരെ വേഗം അവിടുന്നു വശമാക്കും. തികച്ചും സംയമനം ചെയ്യപ്പെട്ട മനസ്സാകുന്ന ‘ഉജ്ജ്വലദീപം’ ഏതൊരു വിഷയത്തിന്മേല്‍ പ്രക്ഷേപിച്ചാലും അതിനെ അതിവേഗം തന്‍പാട്ടിലാക്കും. ഈ വസ്തുതകള്‍ നാം മനസ്സിലാക്കേണ്ടത് അത്യാവശ്യം. എന്തെന്നാല്‍ ഒരു ബുദ്ധനോ ക്രിസ്തുവോ, സാധാരണ ആപേക്ഷികജ്ഞാനത്തില്‍ എങ്ങനെ തെറ്റു വരുത്താനിടയായി-അവരതില്‍ തെറ്റു വരുത്തിയെന്നു നമുക്കു നന്നായറിയാം. എന്നതിനെസ്സംബന്ധിച്ച് വളരെയധികം മൂഢവിശദീകരണങ്ങളില്‍നിന്നു നമ്മെ അതു രക്ഷിക്കും. അവരുടെ വചനങ്ങളെ തെറ്റായി രേഖപ്പെടുത്തി എന്നു പറഞ്ഞു ശിഷ്യന്മാരെ കുറ്റപ്പെടുത്തിക്കൂടാ. അവരുടെ പ്രസ്താവനകളില്‍, ചിലതു ശരി, ചിലത് തെറ്റ് എന്നു പറയുന്നതു കാപട്യമാണ്. ഒന്നുകില്‍ മുഴുവന്‍ ആഖ്യാനത്തെയും കൈക്കൊള്ളുക. അല്ലെങ്കില്‍ മുഴുവനും നിരസിക്കുക. വ്യാജങ്ങളില്‍നിന്നു സത്യങ്ങളെ തരംതിരിക്കാന്‍ നമുക്ക് എങ്ങനെ സാധിക്കും?

ഒരു കാര്യം ഒരിക്കല്‍ സംഭവിക്കുന്നെങ്കില്‍, അതു വീണ്ടും സംഭവിക്കാം. വല്ലൊരു മനുഷ്യനും എന്നെങ്കിലും പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ടെങ്കില്‍, നമുക്കും അതു ചെയ്യാം. നമുക്ക് ഇവിടെവെച്ച് ഈ ജീവിതത്തില്‍ത്തന്നെ പൂര്‍ണ്ണരാകാന്‍ സാധിച്ചില്ലെങ്കില്‍, നമ്മുടെ ഭാവനയിലുള്ള സ്വര്‍ഗ്ഗത്തിലോ മറ്റു വല്ല അവസ്ഥയിലോ വെച്ച് അത് എന്നെങ്കിലും സാദ്ധ്യമാകുമെന്നും വിചാരിക്കേണ്ടതില്ല. യേശുക്രിസ്തു പൂര്‍ണ്ണത്വം പ്രാപിച്ചവനല്ലെങ്കില്‍, അദ്ദേഹത്തിന്റെ പേര്‍ വഹിക്കുന്ന മതം നിലംപതിക്കുന്നു. അദ്ദേഹം പൂര്‍ണ്ണനാണെങ്കിലോ, നമുക്കും പൂര്‍ണ്ണരാകാം. പൂര്‍ണ്ണത പ്രാപിച്ചവന്‍ യുക്തിവാദം ചെയ്യുന്നില്ല. നാം ധരിക്കുന്ന അര്‍ത്ഥത്തില്‍ അറിവു നേടുന്നുമില്ല. എന്തെന്നാല്‍ നമ്മുടെ അറിവുകളെല്ലാം വെറും താരതമ്യപഠനങ്ങളാണ്. കേവലസത്തയില്‍ താരതമ്യവും ഇനം തിരിക്കലും ഒന്നുമില്ല. സഹജവാസനയ്ക്ക് യുക്തിചിന്തയെക്കാള്‍ കുറച്ചേ തെറ്റുപറ്റാനിടയുള്ളൂ. എന്നാലും യുക്തിചിന്തയ്ക്കാണ് മേന്മ. അത്, അതിനേക്കാള്‍ ഉല്‍കൃഷ്ടമായ അന്തഃപ്രബോധത്തിലേക്കു നയിക്കുന്നു. ജ്ഞാനം അന്തഃപ്രബോധത്തിന്റെ ജനയിതാവാണ്-അന്തഃപ്രബോധവും സഹജവാസനയെപ്പോലെ അപ്രമാദിയാണ്. അതു കുറേക്കൂടി ഉയര്‍ന്ന മേഖലയിലുമാണ്. ജീവികളില്‍ മൂന്നുപടിയായ ചേതനാഭിവ്യക്തി കാണുന്നു: 1. ഉപബോധം-യാന്ത്രികം, അപ്രമാദി, 2. ബോധം – പ്രജ്ഞയോടുകൂടിയത്, പ്രമാദി. 3. ബോധാതീതം-അന്തഃപ്രബോധത്തോടുകൂടിയത്, അപ്രമാദി. മൃഗവും മനുഷ്യനും ഈശ്വരനുമാണ് ഈ മൂന്നു പടികളുടെയും യഥാക്രമമായ ഉദാഹരണങ്ങള്‍. പരിപൂര്‍ണ്ണനായ മനുഷ്യനു തന്റെ ജ്ഞാനത്തെ വിനിയോഗിക്കുന്നതില്‍ കവിഞ്ഞൊരു കര്‍ത്തവ്യവുമില്ല. അയാള്‍ ലോകത്തെ സഹായിക്കാന്‍ മാത്രമാണ് ജീവധാരണം ചെയ്യുന്നത്. തനിക്കുവേണ്ടി യാതൊന്നും ആഗ്രഹിക്കുന്നില്ല. വസ്തുക്കളെ തമ്മില്‍ വിവേചനം ചെയ്യുന്ന വൃത്തി നിഷേധാത്മകമാണ്. വിധ്യാത്മകമായതു സദാ കൂടുതല്‍ കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കുന്നു. നമുക്കെല്ലാവര്‍ക്കും പൊതുവേയുള്ള ഒന്നാണ് എല്ലാറ്റിലുവെച്ച് ഏറ്റവും വിശാലമായത്-‘അസ്തിത്വം’.

‘നിയമമെന്നത് ഒരു പ്രതിഭാസപരമ്പരയുടെ വിശദീകരണത്തിനുള്ള ഒരു മാനസികച്ചുരുക്കെഴുത്താണ്’. എന്നാല്‍, ഒരു സത്ത എന്ന നിലയില്‍ നിയമം ഉണ്മയില്ലാത്തതത്രേ. ദൃശ്യപ്രപഞ്ചത്തിലെ സംഭവങ്ങളുടെ നിയതമായ പൌര്‍വ്വാപര്യത്തെ കുറിക്കാനാണ് നാമതുപയോഗിക്കുന്നത്. നിയമത്തെ ഒരന്ധവിശ്വാസമായുറയ്ക്കാന്‍, നാം തല കുനിച്ചാദരിക്കേണ്ട ഒരനിവാര്യവസ്തുവാകുവാന്‍, വിടരുത്. യുക്തിചിന്തയോടൊപ്പം പ്രമാദവുമുണ്ടാവാം. പ്രമാദത്തെ ജയിച്ചടക്കാനുള്ള യത്നംതന്നെ നമ്മെ ദേവന്മാരാക്കുന്നു. ശരീരത്തിനു പഥ്യമല്ലാത്ത വല്ലതിനേയും ബഹിഷ്കരിക്കാനുള്ള പ്രകൃതിയുടെ ശ്രമമാണ് രോഗം. അതുപോലെ, നമ്മിലെ മൃഗീയഭാവത്തെ ബഹിഷികരിക്കാനായി ദിവ്യഭാവം ചെയ്യുന്ന ശ്രമമാണ് പാപം. ഈശ്വരഭാവത്തിലേക്കുയരുംമുമ്പു നാം ‘പാപം’ ചെയ്യണം.

നിങ്ങള്‍ ആരോടും ദയാലുവാകേണ്ടതില്ല. എല്ലാവരേയും നിങ്ങള്‍ക്കു തുല്യരായി കരുതുക. അസമത്വബോധമാകുന്ന മൂലപാപത്തെ നിങ്ങളില്‍നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യുക. നാമെല്ലാം സമന്മാര്‍. അതിനാല്‍, ‘ഞാന്‍ നല്ലവനും നിങ്ങള്‍ ചീത്തയുമാണ്. ഞാന്‍ നിങ്ങളെ പാപത്തില്‍നിന്നു വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്’ എന്ന വിചാരമരുത്. സമത്വബോധമാണ് മുക്തന്റെ ലക്ഷണം. യേശു കരം പിരിക്കുന്നവരുടേയും പാപികളുടേയും ഇടയിലേക്കു ചെന്ന് അവരോടൊപ്പം പാര്‍ത്തു അവിടുന്ന് ഒരിക്കലും മറ്റുള്ളവരുടേതിനേക്കാള്‍ ഉയര്‍ന്ന സ്ഥാനം അവകാശപ്പെട്ടില്ല. പാപികളേ പാപം കാണൂ. നിങ്ങള്‍ മനുഷ്യനെ കാണരുത്. ഈശ്വരനെമാത്രമേ കാണാവൂ. നമ്മുടെ സ്വര്‍ഗ്ഗത്തെ നാം തന്നെ സൃഷ്ടിക്കുന്നു. നമുക്കു നരകത്തില്‍പ്പോലും സ്വര്‍ഗ്ഗമുണ്ടാക്കാന്‍ കഴിയും. പാപികളെ നരകത്തിലേ കാണൂ. പാപികളെ കാണുന്നിടത്തോളം നമ്മളും നരകത്തില്‍തന്നെ. ചൈതന്യം സ്ഥലത്തിലല്ല, കാലത്തിലുമല്ല. ‘ഞാന്‍ കേവലസത്തയാണ്, കേവലചിത്താണ്, കേവലാനന്ദമാണ്-‘സോഽഹം സോഽഹം’ ഈ വസ്തുത സാക്ഷാല്‍ക്കരിക്കുക. ജനനസമയത്ത് സന്തോഷിക്കുക, മരണസമയത്തും സന്തോഷിക്കുക. ഈശ്വരപ്രേമത്തില്‍ സര്‍വ്വദാ ആഹ്ളാദിക്കുക. ശരീരത്തിന്റെ ബന്ധത്തില്‍നിന്നു മോചനം നേടുക, നാം അതിന്റെ അടിമകളായിരിക്കയാണ്, നാം നമ്മുടെ ചങ്ങലയെ ആശ്ളേഷിക്കാനും നമ്മുടെ അടിമത്തത്തെ സ്നേഹിക്കാനും ശീലിച്ചുപോയി. തത്ഫലമായി അതിനെ ചിരസ്ഥായിയാക്കാനും ശീലിച്ചുപോയി. അങ്ങനെ എന്നെന്നേയ്ക്കും ശരീരത്തോടുകൂടി കഴിയാനും അതിയായി ആഗ്രഹിക്കുന്നു. ശരീരബോധത്തോടു നിങ്ങള്‍ക്കു ഒട്ടലുമുണ്ടാകാതിരിക്കട്ടെ. ഇപ്പോഴത്തെതുപോലുള്ള വല്ലൊരു ഭാവിജീവിതത്തെയും പ്രതീക്ഷിക്കരുത്. നമുക്കു പ്രിയപ്പെട്ടവരുടെപോലും ശരീരങ്ങളെ സ്നേഹിക്കുകയോ അവയിലഭിലാഷം തോന്നുകയോ ചെയ്യരുത്. ഈ ജീവിതം നമ്മുടെ അദ്ധ്യാപകനാണ്. മരണം ഇതേ പരിപാടിതന്നെ ആവര്‍ത്തിക്കാന്‍ സൌകര്യം ഉണ്ടാക്കുന്നതേ ഉള്ളൂ. ശരീരം നമ്മുടെ സ്കൂള്‍മാസ്റ്റരാണ്. ആത്മഹത്യചെയ്യുന്നതു മഠയത്തരമാണ്. തന്മൂലം നാം നമ്മുടെ സ്കൂള്‍മാസ്റ്റരെ കൊല്ലുകയാണ്. പക്ഷേ അതിനുപകരം വേറൊരാള്‍ വന്നുചേരും. അതുകൊണ്ട്, ശരീരത്തെ അതിക്രമിക്കാന്‍ സാധിക്കുന്നതുവരെ നമുക്കതു കൂടിയേ തീരൂ. ഒന്നു നശിക്കുമ്പോള്‍ മറ്റൊന്നു കിട്ടുകയും ചെയ്യും. എന്നാല്‍ നാം ശരീരവുമായി താദാത്മ്യപ്പെടരുത്. പൂര്‍ണ്ണത്വപ്രാപ്തിക്കുള്ള ഉപകരണമായിട്ടേ അതിനെ കരുതാവൂ. രാമഭക്തനായ ഹനുമാന്‍ തന്റെ തത്ത്വശാസ്ത്രം ചുരുക്കി പ്രതിപാദിച്ചതിങ്ങനെയാണ്. ‘അല്ലയോ ഭഗവന്‍, എന്റെ ശരീരവുമായി സാത്മ്യപ്പെട്ടിരിക്കുമ്പോള്‍, ഞാന്‍ അങ്ങയുടെ ഭൃത്യനാണ്. എക്കാലവും അങ്ങയില്‍നിന്നു ഭിന്നനാണ്. ഞാനെന്റെ ജീവാത്മാവുമായി സാത്മ്യം പ്രാപിക്കുമ്പോള്‍ ഞാന്‍ അങ്ങാകുന്നു ദിവ്യാഗ്നിയുടെ ഒരു സ്ഫുലിംഗമാകുന്നു. എന്നാല്‍ ഞാന്‍ പരമാത്മാവുമായി സാത്മ്യം പ്രാപിക്കുമ്പോള്‍, ഞാനും അങ്ങും ഒന്നുതന്നെ. അതിനാല്‍, ജ്ഞാനി ആത്മസാക്ഷാല്‍ക്കാരത്തിനല്ലാതെ മറ്റൊന്നിനും ശ്രമിക്കുന്നില്ല.