ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ – ഡൌണ്‍ലോഡ് PDF
ചേങ്കോട്ടുകോണം ശ്രീരാമദാസമഠം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതിയുടെ അവതാരികയോടെ തിരുവനന്തപുരം ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം 1995-ല്‍ പ്രസിദ്ധീകരിച്ച “ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍” എന്ന ഈ പുണ്യഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത പതിപ്പ് താങ്കളുടെ വായനക്കായി സമര്‍പ്പിക്കുന്നു.
PDF ഡൌണ്‍ലോഡ് ചെയ്യൂ. (93.73MB)
അവതാരികയില്‍ നിന്ന്:
നൈഷ്ഠിക ബ്രഹ്മചര്യത്തിലൂടെ അതിവര്‍ണ്ണാശ്രമിയായി ബ്രഹ്മജ്ഞാനം നേടിയ സന്യാസി ശ്രേഷ്ഠന്മാരില് അഗ്രിമസ്ഥാനം അലങ്കരിക്കുന്ന ബ്രഹ്മസ്വരൂപനാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. ചേതനാ സവിത് സ്വരൂപത്തോടുകൂടിയ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ ലോകസംഗ്രഹാര്‍ത്ഥം ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ അംഗീകരിച്ചുവെങ്കിലും കര്‍മ്മനിരതനായിരിക്കുമ്പോഴും തികഞ്ഞ ജീവന്മുക്തനായി വര്ത്തിച്ചിരുന്നുവെന്നുള്ളത് അധികംപേര്‍ അറിഞ്ഞിരിക്കുകയില്ല.ലോകത്തിലുള്ള സമസ്ത സമ്പല്‍സമൃദ്ധിയുടെയും വ്യവഹാരങ്ങളുടെയും മധ്യത്തില്‍ വസിക്കുമ്പോഴും അവയെ പരധനമെന്നപോലെ കരുതി നിസ്പൃഹനായിരിക്കുന്ന ധര്‍മ്മാത്മാവ് ആത്മാവില്‍ സമ്പൂര്ണ്ണാനുഭൂതി അനുഭവിക്കുന്നവനാണ്. ആ ആത്മസ്വരൂപനാണ് ജീവന്മുക്തന്. ലോകസംഗ്രഹാര്‍ത്ഥം സേവനമനുഷ്ഠിച്ച ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ സമൂഹത്തിന് നല്കിയ അദ്ധ്യാത്മവിദ്യയും സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളും കേരള ജനതയ്ക്ക് വിസ്മരിക്കാനാവില്ല. സര്‍വ്വജ്ഞനായ ആ ഗുരുനാഥന്റെ ജീവിതസ്വഭാവം പരിശോധിച്ചാല്കുടീചിക, ബഹൂദക, ഹംസ, പരമഹംസ വൃത്തികളില്‍ പലതും സേവനാര്‍ത്ഥം സ്വായത്തമാക്കിയും ആത്മനിഷ്ഠാര്ത്ഥം സംത്യജിച്ചും കാലം കഴിച്ചതായിക്കാണാം.
വിദ്യാധിരാജ മാഹാത്മ്യത്തെക്കുറിച്ചും കൃതികളെക്കുറിച്ചുമുള്ള വ്യക്തമായ അധ്യായങ്ങള്‍ ഈ കൃതിയില്‍ അടങ്ങിയിട്ടുണ്ട്. സ്വാമിഭക്തമാര്ക്ക് ആശ്വാസവും അഭിമാനവും പകരുന്ന ഗുരുശിഷ്യബന്ധത്തിന്റെ മഹിമയും ആനുകാലിക പ്രസക്തിയോടെ നിരീക്ഷിച്ചിട്ടുണ്ട്. യഥാക്രമം ജീവചരിത്രം, കൃതികള്‍, ചട്ടമ്പിസ്വാമികളും കേരളത്തിന്റെ നവോത്ഥാനവും, ചട്ടമ്പിസ്വാമികളുടെ ആനുകാലിക പ്രസക്തി, ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും, അനുബന്ധം, എന്നിങ്ങനെ ആറു അദ്ധ്യായങ്ങള്‍ അടങ്ങിയ ഈ മഹത് ഗ്രന്ഥം സജ്ജനസമക്ഷം പ്രാര്‍ത്ഥനാപൂര്‍വ്വം അവതരിപ്പിക്കുന്നു.