കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധമുണ്ടാകില്ല (7)

കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധങ്ങളുണ്ടാകില്ല. കര്‍ണന്‍ സഹോദരനാണ്. നമ്മുടെ ശത്രുപക്ഷത്ത് കര്‍ണനാണ്. ന‍ാം ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുടെ ഭൂതകാലം അന്വേഷിച്ചു ചെന്നാല്‍ ന‍ാം പിറന്ന അതേ വിശ്വയോനിയിലൂടെയാണ് അയാളും ജനിച്ചതെന്നറിയ‍ാം. മാതൃത്വം ഒന്നെന്നറിഞ്ഞാല്‍ പിന്നെ വിദ്വേഷമില്ല. ആ അറിവാണ് യഥാര്‍ഥ ജ്ഞാനം.

പാകിസ്താനോട് വിദ്വേഷം പുലര്‍ത്തുന്നതാണ് ദേശാഭിമാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതുതെറ്റാണ്. വിദ്വേഷത്തിലൂടെ സത്യം അറിയാന്‍ സാധ്യമല്ല. മുഴുവന്‍ പാകിസ്താനും കര്‍ണനെ പ്രതിനിധാനം ചെയ്യുന്നു.

പാഞ്ചജന്യവും ദേവദത്തവും മുഴക്കി അഗ്നിഭഗവാന്‍ നല്‍കിയ രഥത്തിലേറിയുള്ള കൃഷ്ണാര്‍ജുനന്മാരുടെ രംഗപ്രവേശം മനുഷ്യവംശത്തിന്റെ ജനനത്തെയാണ് സൂചിപ്പിക്കുന്നത് . മനുഷ്യജന്മം മറ്റു ജന്മങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്ന് പറയുന്നത് വിവേകമുള്ളതു കൊണ്ടാണ്. മറ്റു മൃഗങ്ങള്‍ക്ക് ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവയേയുള്ളൂ. ചെയ്യാനും ചെയ്യാതിരിക്കാനും മറിച്ചു ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് വിവേകം.

വെളുത്ത കുതിരകള്‍ ശുദ്ധമായ ഇന്ദ്രിയങ്ങളുടെ പ്രതീകമാണ്. മഹത്തായ അറിവ്(ബോധം) ഭഗവാന്റെ രൂപത്തില്‍ രഥത്തിലിരിക്കുന്നു. ഓരോ ശിശുവിലും മാധവനുണ്ട്. രഥം അഗ്നി നല്‍കിയതെന്ന സങ്കല്പം ജീവന്‍ സൂര്യനില്‍ നിന്നു വരുന്നതിന്റെ പ്രതീകമാണ്.

പഞ്ചജനന്‍ എന്ന അസുരനെ കൊന്നാണ് അസരന്‍ ഒളിച്ചിരുന്ന ശംഖ് പാഞ്ചജന്യം കൃഷ്ണനുലഭിച്ചത്. പഞ്ചജനന്‍ അഞ്ചിന്ദ്രിയങ്ങളില്‍ രമിച്ചവനാണ്. ഇന്ദ്രിയ വിഷയങ്ങള്‍ സത്യമെന്നു കരുതി ജീവിക്കുന്നവരാണ് അസുരന്മാര്‍ . അവര്‍ക്ക് സുദര്‍ശനം (നല്ലകാഴ്ചപ്പാട്) നല്കി ബോധത്തിലേക്കുണര്‍ത്തുകയാണ് ഭഗവാന്‍. ഇന്ദ്രിയനിഗ്രഹം നടത്തിയ ശേഷം പാഞ്ചജന്യം ധര്‍മ്മകാഹളത്തിനായി ഉപയോഗിക്കുന്നു. ന‍ാം തന്നെ പാഞ്ചജന്യമായി മാറുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close