ജനുവരി 31, 1935
മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെംബറും ഒരു ഹിന്ദുമതപ്രവര്‍ത്തകനുമായ ശ്രീ എല്ലപ്പച്ചെട്ടിയാര്‍ ഭഗവാനോട് ചോദിക്കുകയുണ്ടായി.
ചോ: കേട്ടുപഠിച്ച അറിവു സ്ഥായിയല്ല. എന്നാല്‍ ധ്യാനവശാല്‍ ലഭിക്കുന്ന അറിവ് സ്ഥായിയായിട്ടിരിക്കും എന്നു പറയപ്പെടുന്നല്ലോ?
ഉ: മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പരോക്ഷജ്ഞാനം കൊണ്ട് ഫലമില്ല, മറിച്ച് അപരോക്ഷജ്ഞാനമേ (സാക്ഷാല്‍ക്കാരവശാലുള്ള പ്രത്യക്ഷാനുഭൂതി) ഉറച്ചുനില്‍ക്കുകയുള്ളൂ എന്നാണ്.
ശ്രവണം മൂലം സത്യത്തെ ബുദ്ധിയില്‍ കൂടി അറിയും. ധ്യാന(മനന)ത്തില്‍കൂടി ആ അറിവ് സന്ദേഹവിപരീതങ്ങളെ നീക്കി പ്രകാശിപ്പിക്കും. നിദിധ്യാസനം കൊണ്ട് ദൃഢപ്പെടുന്നുവെന്നും പറയപ്പെടുന്നു. കരതലാമലകംപോലെ ജ്ഞാനം തനിക്കു വശപ്പെടുമ്പോഴേ ദൃഢപ്പെടുന്നുള്ളു എന്നും പറയാറുണ്ട്. വേറെ ചിലര്‍ സ്വസ്വരൂപസത്യശ്രവണമാണ് പ്രധാനം, അതു ലഭിച്ചാല്‍ മറ്റെല്ലാം തനിയെ ഉണ്ടാവുമെന്നും പറയുന്നുണ്ട്. പൂര്‍വ്വജന്മസംസ്കാരത്താല്‍ പരിപാകതയുള്ള ഒരു പക്വന്‍ ഇന്നതാണ് സത്യം എന്ന് ഒരു പ്രാവശ്യം കേട്ടാല്‍ ആ നിമിഷത്തില്‍ തന്നെ സ്വരൂപജ്ഞാനം കൈവന്നവനായി സാക്ഷാല്‍ക്കാരത്തില്‍ തന്നെ നില്‍ക്കും. മറ്റുള്ളവര്‍ മേല്‍പ്പറഞ്ഞ മാര്‍ഗ്ഗത്തില്‍ കൂടി സമാധിപ്രാപിക്കേണ്ടതാണ്.