ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

ചോ: ബ്രഹ്മം സത്യം, ജഗത്‌ മിഥ്യ എന്നു ശ്രീശങ്കരന്‍ പറയുന്നു. വേറേ ചിലര്‍ ജഗത്‌ സത്യമാണെന്നു പറയുന്നല്ലോ: ഇതില്‍ ഏതാണ്‌ വാസ്തവം?

33. ഉ: രണ്ടും വാസ്തവം. വ്യത്യസ്ത നിലകളില്‍ നിന്നുകൊണ്ട്‌ വ്യത്യസ്ത ദൃഷ്ടികളില്‍കൂടി പറഞ്ഞിരിക്കുന്നവയാണവ. മാറ്റമില്ലാത്തതായും എപ്പോഴും ഉള്ളതെന്നതുമായ പൊരുളേതോ അതു സത്യമെന്ന മുഖവുരയോടുകൂടിയാണ്‌ ഒരു ജിജ്ഞാസു അന്വേഷണമാരംഭിക്കുന്നത്‌. എന്നിട്ട്‌ മാറ്റമുള്ളതെന്ന കാരണത്താല്‍ അവന്‍ ഈ ലോകത്തെ മിഥ്യയെന്നു തള്ളുന്നു. സത്യം ഇതല്ല, ഇതല്ല, എന്നു ഒരോന്നിനെയും നിരാകരിച്ച്‌ നിരാകരിച്ച്‌ ഒടുവില്‍ തള്ളാനരുതാത്ത തന്നെത്തന്നെ കാണുന്നു. ഉള്ളതു താനേകന്‍, തനിക്കന്യമായൊന്നുമില്ല എന്നും ബോധിക്കുന്നു. മുന്‍പു തന്നാല്‍ നിരാകരിക്കപ്പെട്ടവയും തനിക്കന്യമല്ലെന്നു തെളിയുന്നു.

ബ്രഹ്മവും തന്നിലിരിക്കുന്നു എന്ന തന്റെ സാക്ഷാല്‍ക്കാരനിലയില്‍ ഈ ലോകവും (മിഥ്യയല്ല) സത്യമെന്നായിത്തീരുന്നു. അനുഭവത്തില്‍പെടുന്നത്‌ ഏകം സത്ത്‌
(ഉള്ളത്‌), അതിനന്യമെന്ന്‌ തള്ളിപ്പറയാനൊന്നുപോലുമില്ല. തള്ളിപ്പറയപ്പെട്ടതും സത്യമായ ഏകവസ്തുവിന്റെ അംശമാണെന്നു കാണാം. അധിഷ്ഠാനജ്ഞാനം കൂടാതെ നാമരൂപാദി വിഷയങ്ങളെ സത്യമെന്നു കരുതുന്നത്‌ അറിവില്ലായ്മയാണ്‌. ജീവദൃഷ്ടിക്കു സത്യം മൂന്നു വിധമായി കാണപ്പെടുന്നു.

1. വ്യാവഹാരിക സത്യം? ജാഗ്രത്തിലെ ദൈനംദിന ജീവിതത്തില്‍ ‍, ഈ കസേര എന്നാല്‍ കാണപ്പെടുന്നു. അതിനാല്‍ അത്‌ സത്യം.

2. പ്രാതിഭാസിക സത്യം: ‘കയറില്‍ പാമ്പ്‌’ അങ്ങനെ കാണുന്നവര്‍ക്കത്‌ സത്യം. പ്രത്യേക കാലത്ത്‌ പ്രത്യേക അവസ്ഥയില്‍ തല്‍ക്കാലത്തേക്ക്‌ ഉദയമാകുന്ന (ആപേക്ഷിക) ആഭാസികജ്ഞാനമാണത്‌.

3. പാരമാര്‍ത്ഥിക സത്യം (പരമം): ആപേക്ഷികമല്ലാത്തതായും മാറ്റമറ്റതായും എപ്പോഴും സ്ഥിരമായിരിക്കുന്നതുമാണ്‌. ഇതില്‍ പാരമാര്‍ത്ഥികമാണു ശരി എങ്കില്‍ ലോകം വ്യാവഹാരികമോ പ്രാതിഭാസികമോ ആവും എന്നേയുള്ളൂ. ചിലര്‍ ലോകത്തിനു വ്യവഹാരിക സത്യം പോലുമില്ലെന്നു പറയുന്നു. അത്‌ വെറും മാനസിക വ്യാപാരമായ പ്രാതിഭാസികമാണെന്നാണവര്‍ വാദിക്കുന്നത്‌.