സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി (22)

കര്‍മ്മത്തെക്കുറിച്ച് സമ്പൂര്‍ണമായ അറിവ് കര്‍മ്മം ചെയ്യുന്നവര്‍ക്കുണ്ടാകണം. അറിവുള്ളവര്‍ക്ക് ഫലേച്ഛയോടു കൂടിയ കര്‍മ്മം നിന്ദ്യമാണ്. ബുദ്ധിയെ ശരണമാക്കണമെന്ന് ഭഗവാന്‍ അര്‍ജുനനെ ഉപദേശിക്കുന്നു. ബുദ്ധിയാകണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്; മനസ്സാകരുത്. മനസ്സും ബുദ്ധിയും ഒന്നായി നിലനിര്‍ത്താന്‍ കഴിയുന്നവനാണ് സമദര്‍ശി.

കര്‍മ്മങ്ങളൊക്കെ ധ്യാനാവസ്ഥയില്‍ , അറിവോടെ, പ്രാര്‍ത്ഥനയോടെ ചെയ്യണം. ബോധപൂര്‍വമായിരിക്കണം നമ്മുടെ കരചരണ പ്രവര്‍ത്തനങ്ങള്‍ . മനുഷ്യനെ സമൂലം മാറ്റിമറിക്കാന്‍ നിഷേധാത്മക ചിന്തകളെക്കൊണ്ട് സാധ്യമല്ല. കര്‍മ്മം ചെയ്യാതിരിക്കുക എന്ന ചിന്ത ഒരിക്കലും പാടില്ല. അരുത്, അരുത് എന്നതുകേട്ട് മനുഷ്യ മനസ്സാകെ മരവിച്ചിരിക്കുകയാണ്.

സമബുദ്ധിയോടെ കര്‍മ്മം ചെയ്യുന്നവന് സുകൃതമോ, ദുഷ്കൃതമോ ഇല്ല. അവന്‍ പുണ്യത്തിന്റേയോ പാപത്തിന്റേയോ പക്ഷത്തു നില്‍ക്കുന്നില്ല. രണ്ടിനേയും അതിവര്‍ത്തിക്കുന്ന കര്‍മ്മയോഗത്തിനായി ന‍ാം പരിശ്രമിക്കണം. കര്‍മ്മങ്ങളിലെ കുശലതയാണ് യോഗം.

യുക്തമായ ബുദ്ധിയുള്ളവര്‍ കര്‍മ്മഫലത്തെ ഉപേക്ഷിച്ച് ജന്മബന്ധങ്ങളില്‍ നിന്ന് വേര്‍പെട്ടവരായി ദുഃഖരഹിതമായ, തടസ്സങ്ങളില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. ദുഃഖങ്ങള്‍ ഉണ്ടാകാതിരിക്കണംഎന്നല്ല അതിനെ അതിജീവിക്കാനുള്ള മാനസികാവസ്ഥയിലേക്ക് തന്നെ ഉയര്‍ത്തണേ എന്നാണ് ശാന്തിമന്ത്രത്തിലൂടെ പ്രാര്‍ത്ഥിക്കുന്നത്.

യോഗസ്ഥനായി സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. ഒന്നുമായി താദാത്മ്യം പ്രാപിക്കാതിരിക്കലാണത്. കിട്ടിയതിലും കിട്ടാത്തതിലും സമഭാവനയായിരിക്കലാണത്. പലതിനോടുമുള്ള ഒട്ടലാണ് സംഗം. നമ്മുടെ ബന്ധങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥതയില്‍ നിന്നു ജനിക്കുന്നതാണ്.

മകനോടുള്ള സംഗം അവനിന്നതായിത്തീരണമെന്ന നമ്മുടെ ആഗ്രഹമാണ്. നമുക്കാവാത്തത് മകനായി നമുക്കതിന്റെ ഫലം കിട്ടണം എന്ന മോഹം. കടമ, സ്നേഹം, ഉത്തരവാദിത്വം എന്നിവയൊക്കെ പലപ്പോഴും സ്വന്തം സ്വാര്‍ത്ഥതയെ ധരിപ്പിക്കുന്ന കുപ്പായങ്ങളാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close