ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

നര്‍മ്മോക്തികള്‍ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നലെ പുതുതായി വന്ന ഒരാള്‍ തന്റെ ഇന്ദ്രിയചാപല്യങ്ങള്‍ ഭഗവാന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു. “എല്ലാറ്റിനും കാരണം മനസ്സാണ്. അതു നേരെ നിര്‍ത്തുക” എന്നരുളി ഭഗവാന്‍. ‘അതു ശരിതന്നെ സ്വാമിന്‍! ഈ ക്രോധം എത്ര തടുത്താലും നില്‍ക്കുന്നില്ല. പിന്നെയും വന്നുകൊണ്ടിരിക്കുന്നു” എന്ന് ആ യുവാവ് പറഞ്ഞപ്പോള്‍, “ഓ! ഹോ! അങ്ങിനെയാണോ ? എന്നാല്‍ കോപത്തിന്മേല്‍ കോപിച്ചുനോക്കു ശരിയാകും”എന്ന് ഭഗവാന്‍ പറഞ്ഞപ്പോള്‍ ഹാള്‍ മുഴുവന്‍ ചിരിമുഴങ്ങി. “അന്യരോടു കോപം വരുന്നവര്‍ക്കു തന്നോടെന്തുകൊണ്ട് കോപമുണ്ടാകുന്നില്ല ? എന്നാലോചിച്ചുനോക്കിയാല്‍ എല്ലാ കോപത്തില്‍ നിന്നും അതീതനാകാം” എന്നു ചുരുക്കത്തില്‍ അരുളിചെയ്തു.

കുറച്ചുദിവസം മുമ്പ് ഒരു യൂറോപ്യന്‍ യുവാവ് നീലഗിരിയില്‍ നിന്നു ഇവിടെ വന്നിരുന്നു. ആ സമയം ഭഗവാന്‍ കാലത്തെ ആഹാരത്തിന്നു പോയിരിക്കയാണ്. വന്ന ആള്‍ മുഴു ചെകിടനുമാണ്. തന്റെ സാമാനങ്ങളും പഴകൊട്ടകളും ഹാളില്‍ ഏല്പിച്ചു ഭഗവാന്റെ സന്നിധിയിലേക്കു ഓടുകയാണ്. പണസഞ്ചി കീഴെവീണു. ആ വീണതു കടപ്പയില്‍നിന്നു വന്ന ഒരു കിഴവന്‍ റെഡ്ഡി കണ്ടു. ദൊര വരുമ്പോള്‍ കാണിച്ചുകൊടുക്കാനായി ബുദ്ധിയില്ലാത്ത കിഴവന്‍ സഞ്ചിയും നോക്കി നില്‍ക്കുകയാണ്. ആ വഴിക്കു ഒരു വൈഷ്ണവബ്രാഹ്മണന്‍ വന്നു അതെടുത്തു. നോക്കിനില്‍ക്കുന്ന കിഴവന്‍ പറഞ്ഞു, “ആ സഞ്ചി ഭക്ഷണശാലയിലേക്കു പോയ ദൊരയുടെതാണ്” എന്ന്. ആ മഹാ ബ്രാഹ്മണന്‍ പറഞ്ഞു. ഞാന്‍ ദൊരയുടെ കൂടെ വന്നവനാണ്, കൊടുത്തേക്കാം” എന്നു പറഞ്ഞു ദൊര പോയ ഭോജനശാലയിലേക്കു കടന്നു ഏതൊ മാര്‍ഗ്ഗമായ് പൊയ്ക്കളഞ്ഞു. ആ യൂറോപ്യന്‍ വന്നു സഞ്ചി വീണ വിവരം പറഞ്ഞപ്പോള്‍ കിഴവന്‍ പറഞ്ഞു “നിങ്ങളുടെ കൂടെ വന്ന ആള്‍ എടുത്തിരിക്കുന്നു” എന്ന്. ഞാന്‍ ഹാളില്‍ ചെന്നപ്പോള്‍ ശ്രീ ഭഗവാന്‍ മന്ദഹാസം ചെയ്തു പറഞ്ഞു. “ആ പരമവൈഷ്ണവന്ന് പത്തുറുപ്പിക ദക്ഷിണ കൊടുത്താളാണിദ്ദേഹം” എന്നയാളെ പരിചയപ്പെടുത്തി. ഹാളില്‍ ഇരിക്കുന്ന ഒരു വൃദ്ധന്‍ പറഞ്ഞു “പത്തുറുപ്പിക കിട്ടിയപ്പോള്‍ ആ ബ്രാഹ്മണന്‍ വിചാരിച്ചിരിക്കും ഭഗവാനാണ് ഇതെനിക്കു തന്നത് എന്ന്”. അതു കേട്ടപ്പോള്‍ ഭഗവാന്‍ പറഞ്ഞു, “ശരി; ശരി; പണം കളഞ്ഞ ഇയാളും വിചാരിക്കും ഭഗവാനാണെടുത്തതെന്ന്” സകലരും ചിരിച്ചു. ഭഗവാന്റെ വാക്കുകള്‍ നവരസഭരിതമല്ലയൊ ? ഇന്നലെ കോപത്തിന്മേല്‍ കോപിക്കു എന്നരുളി. . .

1-2-’46