ഈശ്വരവിശ്വാസി അല്ല, ഈശ്വരാന്വേഷകരാണ് ആകേണ്ടത് (38)

ഈശ്വരവിശ്വാസി മരിച്ചവനാണ്. നാമൊക്കെ വിശ്വാസികളായതാണ് കുഴപ്പം. വിശ്വാസത്തിലെപ്പോഴും സംശയമുണ്ട്. ഈശ്വരാന്വേഷകരാണ് ആകേണ്ടത്. ശ്രദ്ധയോടെ അന്വേഷിച്ചാല്‍ അത് വ്യക്തമാകും. അതറിഞ്ഞാല്‍ പിന്നെ പുണ്യം, പാപം, സൗഖ്യം, ദുഃഖം, മന്ത്രം, തീര്‍ത്ഥം, വേദം, ഗുരു, ശിഷ്യന്‍ ഇതൊന്നുമില്ല.

ശ്രദ്ധയുള്ളവന്, ഇന്ദ്രിയങ്ങളെ സംയമനംചെയ്തവന് ജ്ഞാനം ലഭിക്കും. ആ ജ്ഞാനം പരമമായ ശാന്തി നല്‍കും. ശ്രദ്ധയുണ്ടാകുമ്പോള്‍ ചോദ്യങ്ങളുണ്ടാകും, അന്വേഷണമുണ്ടാകും.

സ്നേഹത്തില്‍നിന്നാണ് ശ്രദ്ധയുണ്ടാകുന്നത്. അമ്മയ്ക്ക് പിഞ്ചുകുഞ്ഞിന്റെ കാര്യത്തിലുള്ള ശ്രദ്ധയാണ് അറിവന്വേഷിക്കാന്‍ വേണ്ടത്. ദ്രവ്യയജ്ഞത്തേക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനയജ്ഞം. ധനത്തിന്റെ ഉടമ എപ്പോഴും ഭയത്തിന്റേയും ഉടമയായിരിക്കും. എന്നാല്‍, എല്ലാ കര്‍മ്മവും ഒന്നൊഴിയാതെ ജ്ഞാനത്തില്‍ പരിസമാപിക്കുന്നു.

അറിവാണ് മോക്ഷം. അറിവില്ലായ്മയാണ് ബന്ധനം. സാഷ്ട‍ാംഗ നമസ്കാരംചെയ്ത്, സമ്പൂര്‍ണ സമര്‍പ്പണംചെയ്ത് അറിവുനേടണം. മനസ്സിലേ ശാന്തിയുണ്ടാകൂ. ശാന്തിയില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ ആരോഗ്യകരമായിരിക്കും.

എവിടെനിന്നാണോ അറിവുനേടേണ്ടത് ആ സ്രോതസ്സിനോട് വിനീതമായ, സേവാപൂര്‍ണമായ സമീപനം വേണം. അപ്പോള്‍ തത്ത്വദര്‍ശികള്‍ അറിവുപദേശിക്കും. അറിവ് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. ഗീത പാപികളിലെ കൊടുംപാപിയെ വരെ സ്വീകരിക്കുന്നു. ആ വിശ്വസര്‍വകലാശാലയുടെ കവാടം എപ്പോഴും തുറന്നുകിടക്കും. ആര്‍ക്കും എപ്പോഴും വര‍ാം, പോക‍ാം. പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.

ചെയ്ത കര്‍മ്മങ്ങളോ, തെറ്റുകളോ ജ്ഞാനാന്വേഷണത്തിന് തടസ്സമല്ല. പാപത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ഭവിച്ചവര്‍പോലും അറിവാകുന്ന തോണിയില്‍ സംസാരസാഗരം കടക്കും. നന്നായി കത്തിജ്വലിക്കുന്ന അഗ്നിയില്‍ വിറക് ഭസ്മമാകുന്നതുപോലെ ജ്ഞാനാഗ്നിയില്‍ എല്ലാ കര്‍മ്മങ്ങളും ഭസ്മമാകും. അറിവിനോളം പവിത്രമായി ഈ ലോകത്ത് മറ്റൊന്നുമില്ല. കാലംകൊണ്ട് യോഗികളായിത്തീര്‍ന്നവര്‍ അതിനെ സ്വബോധത്തില്‍ അറിയുന്നു. തന്നെ താന്‍ അറിയുന്നു. തന്നില്‍ നിന്നന്യമായി അറിവില്ലെന്നറിയുന്നു. അല്ലാതെ ആരെയും കഷ്ടപ്പെടുത്താനോ നന്നാക്കാനോ എവിടേയും ആരും ഇരിക്കുന്നില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close