ആചാരാനുഷ്ഠാനങ്ങള്‍ ഈശ്വരസേവയല്ല (54)

ആചാരാനുഷ്ഠാനങ്ങളല്ല ഈശ്വരസേവ. തനിക്ക് മൂന്നു തെറ്റുകള്‍ പറ്റിയെന്ന് ശങ്കരാചാര്യര്‍ ഭഗവാനോട് ക്ഷമാപണം ചെയ്യുന്നുണ്ട്. രൂപമില്ലാത്ത അങ്ങയെ രൂപംവച്ച് ധ്യാനിച്ചു. അനിര്‍വചനീയമായ അങ്ങയെ വാക്കുകള്‍കൊണ്ട് സ്തുതിച്ചു. അങ്ങയുടെ അനന്തമായ വ്യാപ്തിയെ തീര്‍ത്ഥാടനത്തിലൂടെ പരിമിതപ്പെടുത്തി. ഇവ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് ചെയ്യേണ്ടത്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ ഭാവം മനസ്സിലുണ്ടാകണം. അല്ലെങ്കില്‍ കേവലം ശില മാത്രമാകും നമുക്ക് ഭഗവാന്‍. വിലവിവരപ്പട്ടിക വച്ചതോ സ്വര്‍ണത്തില്‍ പൊതിഞ്ഞതോ കാവലുള്ളതോ ആയിരുന്നില്ല പഴയ ക്ഷേത്രങ്ങള്‍. അവിടെ ജോലി തേടിയോ, പരീക്ഷ ജയിക്കാനോ, രോഗം മാറാനോ അല്ല പോകേണ്ടത്. സത്യം അറിയാനും ശാന്തി കിട്ടാനുമാണ്.

ഈശ്വരസേവയെന്നാല്‍ ഈശ്വരനെ അന്വേഷിക്കലാണ്. അന്വേഷിക്കുന്നവന്‍, നിര്‍മമന്‍, ഏകാന്തന്‍ (മറ്റൊന്നിനെ ആശ്രയിക്കാത്തവന്‍), ലോകബന്ധങ്ങള്‍ വെടിഞ്ഞവന്‍, സത്വരജതമോ ഗുണങ്ങളോ അതിജീവിച്ചവന്‍, യോഗത്തേയും (നേടാനുള്ളത്) ക്ഷേമത്തേയും (നേടിയതിന്റെ സംരക്ഷണം), കര്‍മ്മഫലത്തേയും കര്‍മ്മത്തില്‍ ‘ഞാന്‍ ചെയ്തു’ എന്ന ഭാവത്തേയും സുഖദുഃഖാദി ദ്വന്ദങ്ങളേയും എന്തിന് വേദങ്ങളെപോലും ഉപേക്ഷിച്ച്, അതിവര്‍ത്തിച്ച് കേവലം കൈവല്യപ്രാപ്തിയില്‍ മാത്രം നിലകൊള്ളുന്നവനാണ് മായയെ ജയിക്കുന്നത്.

സാത്വികവും താമസവും രാജസവുമായ എല്ലാ ഭാവങ്ങളും എന്നില്‍ നിന്ന് ഉണ്ടായതാണെന്ന് ഭഗവാന്‍ പറയുന്നു. അവയെല്ല‍ാം എന്നിലാണ്. എന്നാല്‍ അവയൊന്നും ഞാനല്ല. തിരമാല എന്നിലാണെന്നും ഞാന്‍ തിരമാലയിലില്ലെന്നും സമുദ്രം പറയുന്നതുപോലെയാണിത്. ഈ ഗുണങ്ങളാല്‍ മറക്കപ്പെട്ടിരുന്നതുകൊണ്ട് പലപ്പോഴും ന‍ാം ഈശ്വരനെ അറിയുന്നില്ല. പുറമെയുള്ളതുവിട്ട് ഉള്ളിലേക്കു നോക്കുന്നവനേ, ഈശ്വരനെ അറിയുന്നവനേ, മായയേ മറികടക്കൂ. ഇന്ദ്രിയങ്ങളില്‍ രമിക്കുന്ന ആസുരികമായ ഭാവത്തോടെ മായയാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടെ ദുഷ്ചെയ്തികള്‍ ചെയ്യുന്ന മൂഢന്മാര്‍ ഈശ്വരനെ പ്രാപിക്കുന്നില്ല. ദുഃഖിതരും (കാമംമൂലം) ജിജ്ഞാസുക്കളും (ധര്‍മ്മം, അറിയാനുള്ള ആഗ്രഹംമൂലം), അര്‍ത്ഥാര്‍ത്ഥികളും (ധനം കിട്ടണമെന്നുള്ള ആഗ്രഹം) ജ്ഞാനികളും (മോക്ഷേച്ഛ) ഈശ്വരനെ ഭജിക്കുന്നു. ഇവരുടെ കൂട്ടത്തില്‍ താനും ഈശ്വരനും ഒന്നാണെന്ന ഉറച്ചബോധമുള്ള ജ്ഞാനി വിശേഷപ്പെട്ടവനാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close