യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 142 [ഭാഗം 3. ഉത്പത്തി പ്രകരണം]
അവിദ്യയാത്മതത്ത്വസ്യ സംബന്ധോ നോപപദ്യതേ
സംബന്ധ: സദൃശാനാം ച യ: സ്ഫുട: സ്വാനുഭൂതിത: (3/121/33)

വസിഷ്ഠന്‍ തുടര്‍ന്നു: ലവണരാജന്‍ മോഹവിഭ്രാന്തമായ ബോധത്തില്‍ ഒരു രാജകുമാരന്‍ ഗോത്രയുവതിയുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്ന കാഴ്ച്ച, തന്നില്‍ പ്രതിഫലിച്ചു കണ്ടു. അത് അദ്ദേഹത്തിന്‌ സ്വന്തം അനുഭവമായിത്തോന്നി. ചിലപ്പോള്‍ ഒരുവന്‍ തന്റെ പൂര്‍വ്വകാലചെയ്തികളെ പാടേ മറക്കുവാനിടയാകുന്നുണ്ടല്ലോ. അയാള്‍ അതതിന്റെ സമയത്ത് കര്‍മ്മങ്ങള്‍ക്കായി എത്ര സമയം ചിലവഴിച്ചതാണെന്നാലും ആ കാര്യങ്ങള്‍ അയാള്‍ക്ക് സംഭവിച്ചതായി തോന്നുന്നേയില്ല. ഓര്‍മ്മയില്‍ ഈദൃശമായ അപഭ്രംശങ്ങള്‍ സ്വാഭാവീകമത്രേ. പണ്ടത്തെ കാര്യങ്ങള്‍ ഇപ്പോള്‍ സ്വപ്നം കാണുന്നപോലെ, ഗോത്രവര്‍ഗ്ഗവുമായി താന്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ലവണന്‍ തന്റെ മോഹദര്‍ശനത്തില്‍ അനുഭവിച്ചു. വിന്ധ്യാചലത്തിന്റെ താഴ്വാരങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അവരുടെ മനസ്സിലും ലവണരാജാവിന്റെ ബോധമണ്ഡലത്തിലുദിച്ച ദര്‍ശനം അനുഭവവേദ്യമായതാവാം. ലവണരാജാവിന്റെയും ഗോത്രവര്‍ഗ്ഗക്കാരുടേയും മനസ്സുകള്‍ അന്യോന്യം അനുഭവങ്ങള്‍ സ്വായത്തമാക്കിയതുമാവാം. പലരും പറഞ്ഞുറപ്പിച്ചതുകൊണ്ടുമാത്രം സത്യമായി കണക്കാക്കപ്പെടുന്ന പ്രസ്താവനകളെന്നപോലെ മോഹവിഭ്രാന്തികള്‍ പലരും അനുഭവിക്കുന്നതുകൊണ്ട് യാഥാര്‍ത്ഥ്യമാണെന്ന പ്രതീതിയുണ്ടാവുന്നു. ഈ അനുഭവങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ സ്വാംശീകരിച്ചുകഴിഞ്ഞാല്‍ അവയ്ക്ക് സ്വന്തമായൊരു യാഥാര്‍ത്ഥ്യഭാവം കല്‍പ്പിക്കപ്പെടുന്നു. ഒരാളുടെ ബോധമണ്ഡലത്തിലെ അനുഭവം തന്നെയാണല്ലോ ഇഹലോകവസ്തുക്കളെ സംബന്ധിച്ച സത്യം.

എത്ര ആട്ടിയാലും മണലില്‍ നിന്നും എണ്ണകിട്ടാനിടയില്ലാത്തതുപോലെ അവിദ്യ എന്നത് ഉണ്മയാവുക അസാദ്ധ്യം. അവിദ്യയും ഉണ്മയും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവുക വയ്യ. കാരണം ഒന്ന് സത്തും മറ്റേത് അസത്തുമാണ്‌. ഒരേ തരം വസ്തുക്കള്‍ തമ്മിലേ ബന്ധം സാദ്ധ്യമാവൂ എന്നതാണ്‌ നമുക്കനുഭവം. ബോധം അനന്തമായതിനാലാണ്‌ ലോകത്തുള്ള എല്ലാം ബോധത്തിന്‌ അറിയാനാവുന്നത്. വിഷയി (ഭോക്താവ്) സ്വയംപ്രഭമല്ലാത്ത വിഷയത്തെ (വസ്തുവിനെ)പ്രകാശമാനമാക്കുന്നു എന്നതു ശരിയല്ല. കാരണം ബോധം സര്‍വ്വവ്യാപിയായതിനാല്‍ എല്ലാം സ്വയംപ്രഭമത്രേ. അതിന്‌ പ്രത്യേകിച്ചൊരു പ്രജ്ഞാശക്തി ആവശ്യമില്ല. ബോധത്തില്‍ അവബോധമുണ്ടാവുമ്പോള്‍ പ്രജ്ഞാശക്തി സ്വയം അങ്കുരിക്കുകയാണ്‌. അത് ബോധം ജഢവസ്തുവിനെ ‘കാണുന്നതു’കൊണ്ടുണ്ടാവുന്നതല്ല.

വിശ്വമെന്നത് ചൈതന്യവസ്തുവും ജഢവും ചേര്‍ന്ന മിശ്രിതമാണെന്നു പറഞ്ഞാല്‍ അതു ശരിയല്ല. കാരണം അവ തമ്മില്‍ ചേരുകയില്ല. എല്ലാ വസ്തുക്കളിലും ബോധം നിറഞ്ഞുതിങ്ങി നില്‍ക്കുന്നതുകൊണ്ട് ഈ ബോധത്തില്‍ സ്വയം അവബോധമുണ്ടാകുന്നതാണ്‌ അറിവ്. ജഢങ്ങളാണെങ്കിലും പാറക്കല്ലും മരവും തമ്മില്‍ ബന്ധമുണ്ടെന്ന് ഒരാള്‍ക്കു തോന്നിയേക്കാം. എന്നാല്‍ അവകളിലെ അടിസ്ഥാനഘടകങ്ങളിലാണ്‌ അത്തരം ബന്ധങ്ങളുള്ളത്. ആ ഘടകങ്ങളില്‍ സംഗതമായ ചില വ്യതിയാനങ്ങളാണ്‌ അവയെ യഥാക്രമം കല്ലും മരവും ആക്കി മാറ്റിയത്. ഇത്തരം സമാനതകള്‍ നാവിന്റെ രുചിഭേദങ്ങളിലും മറ്റും നമുക്ക് കാണാനാവും.