യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 144 [ഭാഗം 3. ഉത്പത്തി പ്രകരണം]
അപരിജ്ഞായമാനൈഷാ മഹാമോഹപ്രദായിനീ
പരിജ്ഞാതാ ത്വനന്താഖ്യാ സുഖദാ ബ്രഹ്മദായിനീ (3/122/29)
വസിഷ്ഠന്‍ തുടര്‍ന്നു: മഹാത്മാക്കളുമായുള്ള സത്സംഗംകൊണ്ടു മാത്രമേ ഇക്കാണപ്പെടുന്ന അന്തമില്ലാത്ത അവിദ്യാപ്രവാഹത്തെ മറികടക്കുവാനാകൂ. അത്തരം സത്സംഗങ്ങളില്‍ നിന്നും ഏതു വസ്തുവാണ് അന്വേഷണത്തിനനുയോജ്യമായത് എന്നും ഏതൊക്കെയാണ് വര്‍ജ്ജിക്കേണ്ടതെന്നുമുള്ള വിജ്ഞാനവിവേകം നമുക്ക് ലഭിക്കും. അങ്ങിനെ മുക്തിപദപ്രാപ്തിക്കായുള്ള ശുദ്ധമായ ആഗ്രഹം നമ്മിലുദിക്കും. ഇത് ഗൗരവതരമായ അന്വേഷണത്തിലേയ്ക്ക് വഴിതെളിക്കും. അപ്പോള്‍ മനസ്സ് സൂക്ഷ്മമാവും, കാരണം മനോപാധികള്‍ക്ക് അന്വേഷണം മൂലം ക്ഷയം സംഭവിക്കുമല്ലോ. അങ്ങിനെ ശുദ്ധജ്ഞാനത്തില്‍ ജീവന്റെ ബോധമണ്ഡലം സത്തിലേയ്ക്കുന്മുഖമാവുന്നു. അപ്പോള്‍ മനോപാധികളെല്ലാമൊഴിഞ്ഞ് അനാസക്തി സഹജമാവുന്നു. കര്‍മ്മങ്ങളോടുള്ള ബന്ധവും കര്‍മ്മഫലങ്ങളോടുള്ള ആശകളും ആശങ്കകളും നിലയ്ക്കുന്നു.
സത്യത്തില്‍ ദൃഢീകരിച്ച ദര്‍ശനം, തനിക്ക് അയഥാര്‍ത്ഥ്യമായതിനോടുണ്ടെന്നു തെറ്റിദ്ധരിച്ചിരുന്ന ബന്ധത്തെ ക്ഷയിപ്പിക്കുന്നു. ഇഹലോകത്തില്‍ ജീവിച്ച് പ്രവര്‍ത്തിക്കുമ്പോഴും അപരിമേയമായ ദര്‍ശനമുള്ളവന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഭംഗിയായിത്തന്നെ നിര്‍വ്വഹിക്കുന്നു. ഉറക്കത്തിലെ കര്‍മ്മങ്ങളില്‍ (ശരീര ധര്‍മ്മങ്ങളുടെ നടത്തിപ്പ്) എന്നപോലെ ഈ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ അവന്‍ ലോകത്തെപ്പറ്റിയോ അതിലെ സുഖാനുഭവങ്ങളെപ്പറ്റിയോ വ്യകുലപ്പെടുന്നില്ല. ഇങ്ങിനെ കുറേക്കഴിഞ്ഞാല്‍ അവന്‍ എല്ലാ അവസ്ഥകള്‍ക്കുമതീതമായ മുക്തിപദം പ്രാപിക്കുന്നു. അവന്‍ ജീവന്‍ മുക്തനത്രേ.
ജീവിച്ചിരിക്കേ മുക്തനായ ഒരുവന്‍ ലാഭങ്ങളില്‍ സന്തോഷവാനോ നഷ്ടങ്ങളില്‍ ദു:ഖിതനോ അല്ല. രാമ, നിന്നിലും മനോപാധികള്‍ നിന്നെ പരിക്ഷീണനാക്കിയിരിക്കുന്നു. സത്യത്തെ അറിയാനായി പരിശ്രമിക്കൂ. ആത്മാവിനെ, അനന്താവബോധത്തെ അറിയുന്നതിലൂടെ നിനക്ക് ദുരിതങ്ങളുടെ, മോഹത്തിന്റെ, ജനനമരണങ്ങളുടെ, സുഖദു:ഖങ്ങളുടെ അപ്പുറം പോകാന്‍ കഴിയും.
ആത്മാവ് ഏകവും അവിച്ഛിന്നവുമാകയാല്‍ നിനക്ക് ബന്ധുക്കളാരുമില്ല. അതുകൊണ്ടുതന്നെ അയാഥാര്‍ഥ്യമായ ബന്ധുത്വം മൂലമുള്ള ദു:ഖങ്ങളുമില്ല. അത്മാവ് ഏകവും അദ്വിതീയവുമാകയാല്‍ മറ്റൊന്നും ആഗ്രഹിക്കാനോ കിട്ടാനോ ഇല്ല. അത്മാവിന് മാറ്റങ്ങളില്ല, മരണമില്ല. മണ്‍ കുടമുടയുമ്പോള്‍ കുടത്തിനകത്തെ ആകാശം ഉടയുന്നില്ല. മനോപാധികളെ മറികടന്ന് മന:ശ്ശാന്തി കൈവരുമ്പോള്‍ അജ്ഞാനിയെ മോഹിപ്പിക്കുന്ന മായക്കാഴ്ചകള്‍ക്ക് അവസാനമായി.
ഈ മായയെ ശരിയായി മനസ്സിലാക്കാതിരിക്കുമ്പോള്‍ മാത്രമാണ് അത് വലിയ വലിയ വിഭ്രാന്തികള്‍ക്ക് കാരണമാവുന്നത്. എന്നാല്‍ മായയെ ശരിയായി അറിഞ്ഞാല്‍, അത് അനന്തമാണെന്നുറച്ചാല്‍, പിന്നെ ആഹ്ളാദത്തിനും പരബ്രഹ്മ സാക്ഷാത്കാരത്തിനും അത് കാരണമാവുകയും ചെയ്യും. വേദപഠനത്തിനായി മാത്രമാണ് ആത്മാവ്, ബ്രഹ്മം എന്നൊക്കെ വാക്കുകളുണ്ടാക്കിപ്പറയുന്നത്. വാസ്തവത്തില്‍ ഒരേയൊരു സത്യവസ്തുവായ ആ ‘ഒന്നു’ മാത്രമാണുണ്മ. അതു ശുദ്ധ അവബോധമത്രേ. ശരീരഭാവത്തിലുള്ള ഒന്നല്ല. അറിഞ്ഞാലുമില്ലെങ്കിലും, ശരീരമെടുത്താലുമില്ലെങ്കിലും, അതാണുണ്മ.
നാം കാണുന്ന ദുരിതാനുഭവങ്ങളെല്ലാം ശരീരത്തിനുമാത്രമുള്ളതാണ്. അത്മാവാകട്ടെ ഇന്ദ്രിയസംവേദനങ്ങളുടെ പരിധിയിലും പരിമിതിയിലും പെടാത്തതുകൊണ്ട് അതിനെ ദു:ഖം ബാധിക്കയില്ല. അത്മാവില്‍ ആഗ്രഹങ്ങള്‍ ഒന്നുമില്ല. ലോകം അതില്‍ പ്രതിഫലിച്ചുകാണുന്നത് ആഗ്രഹംകൊണ്ടോ അത്മാവ് അതിനായി ഇച്ഛിച്ചതുകൊണ്ടോ അല്ല.
രാമ, എന്റെ പ്രഭാഷണംകൊണ്ട് നിന്നില്‍ സൃഷ്ടിസ്ഥിതികളെക്കുറിച്ചുണ്ടായിരുന്ന തെറ്റിധാരണകള്‍ നീങ്ങിയിരിക്കുന്നു. നിന്റെ ബോധമണ്ഡലം ദ്വൈതഭാവം വെടിഞ്ഞ് നിര്‍മ്മലമായിരിക്കുന്നു.
(ഉത്പത്തി പ്രകരണം എന്ന മൂന്നാം ഭാഗം അവസാനിച്ചു)