കര്‍മ്മങ്ങളുടെ ഫലത്തെ ഉപേക്ഷിക്കലാണ് ത്യാഗം (92)

യുദ്ധത്തെ വെറുക്കുന്നവര്‍ യുദ്ധത്തെ സ്നേഹിക്കുന്നുമുണ്ട്. ഉള്ളില്‍ യുദ്ധമുള്ളതുകൊണ്ടാണ് ന‍ാം പുറമെ എതിര്‍ക്കുന്നത്. ന‍ാം എതിര്‍ക്കാന്‍ ശ്രമിക്കുന്നതെന്തായാലും ഇരട്ടി ശക്തിയില്‍ ഉള്ളിലുണ്ടാകും. സമദര്‍ശി ഒന്നിനും എതിരല്ല. സത്വഗുണപ്രധാനിയായ ത്യാഗി മംഗളമല്ലാത്ത കര്‍മ്മങ്ങളെ എതിര്‍ക്കുന്നില്ല. അയാള്‍ മംഗളകര്‍മ്മത്തില്‍ ബന്ധിതനാകുന്നുമില്ല. സേവിച്ചേ അടങ്ങൂ എന്ന വാശിയും ബന്ധനമാണ്. കീര്‍ത്തിയോ മറ്റെന്തെങ്കിലുമോ അവര്‍ ഫലമായി ക‍ാംക്ഷിക്കുന്നുണ്ട്.

ചെയ്യേണ്ട എല്ലാ കര്‍മ്മങ്ങളും ചെയ്യേണ്ടത് തന്നെയാണ് എന്ന വിചാരത്തില്‍ കര്‍മ്മത്തിലുള്ള സംഗത്തെ, ഫലത്തെ ഉപേക്ഷിച്ച് ചെയ്യണം. എന്നെ ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നു, ഇത് എന്റെ അവസരമാണ് എന്ന വിചാരമാണ് വേണ്ടത്. അല്ലാതെ കഷ്ടപ്പാട് എന്നു കരുതരുത്. ശരീരത്തെ ക്ലേശിപ്പിക്കുമെന്ന ഭയംകൊണ്ട്, ദുഃഖകരമെന്നു കരുതി കര്‍മ്മത്തെ ത്യജിക്കുന്നത് രാജസമായ ത്യാഗമാണ്. ഗുണകരമല്ല. അവശ്യം ചെയ്യേണ്ടതായ കര്‍മ്മത്തിന്റെ സന്യാസം ഒരിക്കലും യുക്തമല്ല.

ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് സന്യാസത്തിനു പുറപ്പെടരുത്. അജ്ഞാനത്തില്‍ നിന്നുള്ള അത്തരം പരിത്യാഗങ്ങള്‍ താമസമാണ്. സന്യാസിക്ക് പ്രണവം ജപിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം അറിവിന്റെ നിറവില്‍ കറിക്കരിയുമ്പോള്‍ തന്നെ കിട്ടും എന്ന് പരോക്ഷമായി ഭഗവാന്‍ സൂചിപ്പിക്കുന്നു. ഒന്നും മാറ്റിവെച്ച് നേടേണ്ടതല്ല സന്യാസം.ഫലപ്രതീക്ഷയുള്ള കര്‍മ്മങ്ങളുടെ ഉപേക്ഷയാണ് സന്യാസം. എല്ലാ കര്‍മ്മങ്ങളുടേയും ഫലത്തെ ഉപേക്ഷിക്കലാണ് ത്യാഗം. രണ്ടും ഫലത്തില്‍ ഒന്നുതന്നെ.

യജ്ഞദാനതപകര്‍മ്മങ്ങള്‍ ത്യജിക്കാന്‍ പാടില്ല. കര്‍മ്മങ്ങളെല്ല‍ാം യജ്ഞമാക്കിയാല്‍ എന്താണ് ഒഴിവാക്കേണ്ടത്? ഈ ലോകത്ത് എന്റേത് എന്നു പറയാന്‍ ഒന്നുമില്ലാത്തപ്പോള്‍, ഇദംസര്‍വം ഈശാവാസ്യം എന്ന അറിവില്‍ ത്യജിക്കാന്‍ ഒന്നുമില്ല.ചെയ്യേണ്ട കര്‍മ്മങ്ങള്‍ – യജ്ഞദാനതപകര്‍മ്മങ്ങള്‍ പോലും സംഗവും ഫലവും കൂടാതെ ചെയ്യേണ്ടതാണ്. ആകാശത്തില്‍ പാടുകള്‍ വീഴ്ത്താതെ പക്ഷികള്‍ പറക്കുന്നത് പോലെയാകണം കര്‍മ്മങ്ങള്‍. അല്ലെങ്കില്‍ ആയിരം പശുക്കള്‍ക്കിടയില്‍ കിടാവ് തന്റെ തള്ളയെ കണ്ടുപിടിക്കുന്നതുപോലെ കര്‍മ്മഫലം നമ്മെത്തേടിവരും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close