പ്രകൃതിനിയന്ത്രണത്തിന് ഓരോ വര്‍ഗ്ഗക്കാരും ഓരോതരം മാര്‍ഗ്ഗമനുസരിക്കുന്നു. ഒരേ സമുദായത്തില്‍ത്തന്നെ ചിലര്‍ ബാഹ്യപ്രകൃതിയെയും മറ്റുള്ളവര്‍ ആഭ്യന്തരപ്രകൃതിയെയും ജയിക്കാന്‍ നോക്കുന്നതു പോലെ മനുഷ്യവര്‍ഗ്ഗങ്ങളുടെ ഇടയില്‍ ചില വര്‍ഗ്ഗങ്ങള്‍ ബാഹ്യപ്രകൃതിയെയും ചിലവ ആഭ്യന്തരപ്രകൃതിയെയും ജയിക്കാന്‍ നോക്കുന്നു. ആഭ്യന്തരപ്രകൃതിയെ നിയന്ത്രിച്ചാല്‍ എല്ലാം നിയന്ത്രിക്കാമെന്നു ചിലര്‍ പറയുന്നു. ബാഹ്യപ്രകൃതിയെ ജയിച്ചാല്‍ മുഴുവന്‍ ജയിച്ചു എന്നു മറ്റു ചിലര്‍. പരമാവധിയില്‍ എത്തിയാല്‍ ഇതു രണ്ടും ശരിയാണ്. എന്തുകൊണ്ടെന്നാല്‍ ബാഹ്യമെന്നും ആഭ്യന്തരമെന്നുമുള്ള വിഭാഗം പ്രകൃതിയിലില്ല. അവ കല്പിതവും മിഥ്യയുമായ അവച്ഛേദകങ്ങളാണ്. ജ്ഞാനത്തിന്റെ പരമാവധിയിലെത്തുമ്പോള്‍ ബാഹ്യവാദികളും ആഭ്യന്തരവാദികളും ഒരേ സ്ഥാനത്തു കൂട്ടിമുട്ടാതെ കഴികയില്ല. പ്രകൃതിശാസ്ത്രജ്ഞന്‍ തന്റെ വിജ്ഞാനപരിധിയെ വിസ്തൃതമാക്കിക്കൊണ്ടുപോകുമ്പോള്‍ ഒടുവില്‍ അതു തത്ത്വശാസ്ത്രത്തില്‍ ചെന്നു ലയിക്കുന്നതായി കാണും പോലെ, തത്ത്വശാസ്ത്രജ്ഞന്‍, ജഡമെന്നും ചേതനമെന്നും വിചാരിച്ചിരുന്ന വിഭാഗങ്ങള്‍ വാസ്തവങ്ങളല്ലെന്നും വാസ്തവത്തില്‍ ഏകമേ ഉള്ളുവെന്നും കണ്ടെത്തുന്നു.
സര്‍വ്വശാസ്ത്രങ്ങളുടെയും അന്ത്യവും ലക്ഷ്യവും ഏകത്വദര്‍ശനമാണ് – ഏത് ഏകത്തില്‍നിന്നു നാനാത്വം ഉളവാക്കപ്പെടുന്നുവോ, ഏത് ഏകം അനേകമായി വര്‍ത്തിക്കുന്നുവോ, ആ ഏകത്തെ കണ്ടെത്തുകയാണ്. രാജയോഗം ഉദ്ദേശിക്കുന്നത് ആഭ്യന്തരലോകത്തില്‍ ആരംഭിച്ച്, ആഭ്യന്തരപ്രകൃതിയെ അറിഞ്ഞ്, അതുവഴി ആഭ്യന്തരം ബാഹ്യം എന്ന രണ്ടു പ്രകൃതികളെയും മുഴുവന്‍ നിയമനം ചെയ്‌വാനാകുന്നു. ഈ ശ്രമം വളരെ പുരാതനമാണ്. ഭാരതം ഇതിന്റെ പ്രത്യേക ശക്തിദുര്‍ഗ്ഗമാണ്. മറ്റു രാജ്യക്കാരും ഇതില്‍ പരിശ്രമിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ഇതൊരു രഹസ്യവിദ്യയായി കരുതപ്പെട്ടു. ഇതഭ്യസിച്ചിരുന്നവരെ, ആഭിചാരിണികളെന്നോ മന്ത്രവാദികളെന്നോ കരുതി, തീയ്യിലിടുകയോ കൊല്ലുകയോ ചെയ്തു. ഭാരതത്തിലാകട്ടെ പല കാരണങ്ങളാലും, ഇതു ചെന്നകപ്പെട്ടത്, ഈ ജ്ഞാനത്തിന്റെ തൊണ്ണൂറു ശതമാനവും നശിപ്പിച്ച് ശിഷ്ടമുള്ളതു പരമരഹസ്യമാക്കിവെയ്ക്കാന്‍ ശ്രമിച്ച ചിലരുടെ കയ്യിലാണ്. ഇക്കാലത്ത് പാശ്ചാത്യരാജ്യങ്ങളില്‍ പലരും ഗുരുക്കന്മാരായി പുറപ്പെട്ടിട്ടുണ്ട്. ഇവരുടെ കഥ ഭാരതത്തിലുള്ളവരെക്കാള്‍ കഷ്ടം. ഭാരതത്തിലുള്ളവര്‍ക്ക് കുറെയെങ്കിലും അറിയാം. ഈ പുതിയ ആചാര്യന്മാര്‍ക്ക് ഒരു വസ്തു അറിഞ്ഞുകൂടാ.
രഹസ്യമോ ദുരൂഹമോ ആയി യോഗദര്‍ശനങ്ങളില്‍ വല്ലതുമുണ്ടെങ്കില്‍ പെട്ടെന്നു പരിത്യജിക്കേണ്ടതാണ്. ബലമാണു ജീവിതത്തില്‍ ഉത്തമമാര്‍ഗ്ഗദര്‍ശി. മതത്തില്‍, മറ്റു സര്‍വ്വകാര്യങ്ങളിലുമെന്ന പോലെ, നിങ്ങളുടെ ബലം ക്ഷയിപ്പിക്കുന്നതെന്തും തള്ളിക്കളയുക, അവയുമായി യാതൊരിടപാടും കൂടാതിരിക്കുക. രഹസ്യാസക്തി മനുഷ്യബുദ്ധിയെ ക്ഷീണിപ്പിക്കുന്നതാണ്, അത് അതിഗംഭീരശാസ്ത്രങ്ങളിലൊന്നായ ഈ യോഗത്തെത്തന്നെ മിക്കവാറും നശിപ്പിച്ചിരിക്കുന്നു. നാലായിരത്തിലധികം സംവത്‌സരത്തിനുമുമ്പ്, ഈ ശാസ്ത്രത്തെ ദര്‍ശനം ചെയ്ത കാലം മുതല്‍, ഭാരതത്തില്‍ ഈ യോഗത്തെ പൂര്‍ണ്ണമായി വിവരിച്ച്, നിര്‍വ്വചിച്ച്, ഉപദേശിച്ചുവന്നിരുന്നു. ഈ ശാസ്ത്രത്തിന്റെ വ്യാഖ്യാതാവ് എത്ര നവീനനായിരിക്കുന്നുവോ അത്രയധികമാകുന്നു അയാള്‍ക്കു പിണയുന്ന അബദ്ധങ്ങള്‍. അതേ സമയം, വ്യാഖ്യാതാവ് എത്രയധികം പ്രാചീനനോ അത്രയധികം യുക്തിമാനാണ് അയാള്‍. ഈ വസ്തുത വളരെ വിചിത്രമായിരിക്കുന്നു! നവീനന്മാര്‍ മിക്കവരും എല്ലാത്തരം രഹസ്യങ്ങളെയും പറ്റി പറയുന്നു. ഇങ്ങനെ യോഗശാസ്ത്രം ചുരുക്കം ചിലരുടെ കയ്യില്‍പ്പെട്ടുപോയി. അവര്‍, പകല്‍വെളിച്ചത്തിന്റെയും യുക്തിവാദത്തിന്റെയും പൂര്‍ണ്ണപ്രസരം അതിന്‌മേല്‍ തട്ടാന്‍ വിടാതെ, അതിനെ രഹസ്യശാസ്ത്രമാക്കി, സിദ്ധികളൊക്കെ തങ്ങള്‍ക്കുതന്നെ ഇരിക്കണമെന്നുവെച്ചാണ് അങ്ങനെ ചെയ്തത്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 1. പേജ് 158-160]