26. സ പൂര്‍വ്വേഷാമപി ഗുരുഃ കാലേനാനവച്ഛേദാത്.
കാലേന = കാലംകൊണ്ട്, അനവച്ഛേദാത് = അതിരില്ലായ്കയാല്‍, സഃ = അവന്‍ (ഈശ്വരന്‍), പൂര്‍വ്വേഷാം അപി=ഏറ്റവും മുമ്പുള്ള ബ്രഹ്മാദികള്‍ക്കും, ഗുരുഃ = ഉപദേഷ്ടാവ് ആകുന്നു.
ഈശ്വരന്‍ കാലപരിച്ഛേദമില്ലാത്തവനാകയാല്‍ പൂര്‍വ്വന്മാരായ ഗുരുക്കന്മാര്‍ക്കും ഗുരുവാകുന്നു.
എല്ലാ ജ്ഞാനവും നമ്മുടെ ഉള്ളില്‍ത്തന്നെ ഉണ്ടെന്നുള്ളതു പരമാര്‍ത്ഥമാണ്. എന്നാല്‍ ആ ജ്ഞാനത്തെ വിളിച്ചുണര്‍ത്താന്‍ മറ്റൊരു ജ്ഞാനം വേണം. ഗ്രഹണസാമര്‍ത്ഥ്യം നമ്മളിലെല്ലാമുണ്ടെങ്കിലും അതിനെ ഉദ്ബുദ്ധമാക്കണമെന്നും അതിനു മറ്റൊരു ജ്ഞാനത്തിന്റെ സഹായം വേണമെന്നുമാണു യോഗ മതം. നിര്‍ജ്ജീവവും ജ്ഞാനരഹിതവുമായ ജഡവസ്തുക്കള്‍ ഒരിക്കലും ജ്ഞാനത്തെ പ്രകാശിപ്പിക്കാന്‍ സമര്‍ത്ഥമല്ല: ജ്ഞാനക്രിയ (പ്രമാണപ്രവൃത്തി)തന്നെയാണു ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നത്. നമ്മുടെ ഉള്ളിലുള്ള ജ്ഞാനത്തെ പ്രകാശിപ്പിക്കാന്‍ ജ്ഞാനികളായ പുരുഷന്മാരുടെ സഹായ്യം വേണം. അതുകൊണ്ടാണ് ഈ ഗുരുക്കന്മാര്‍ എപ്പോഴും ആവശ്യമായിരുന്നിട്ടുള്ളത്. ലോകത്തില്‍ ഒരിക്കലും അവര്‍ ഇല്ലാതിരുന്നിട്ടില്ല: അവരെക്കൂടാതെ ഒരു ജ്ഞാനവും ഉണ്ടാകാവുന്നതുമല്ല. ഈശ്വരനാണ് എല്ലാ ഗുരുക്കന്മാരുടെയും ഗുരു. എന്തുകൊണ്ടെന്നാല്‍, ഈശ്വരന്‍ മറ്റു ഗുരുക്കന്മാരെപ്പോലെ – അവര്‍ ദേവര്‍ഷികളോ ബ്രഹ്മര്‍ഷികളോ അതുപോലെ എത്ര വിശിഷ്ടന്മാരോ ആകട്ടെ – ബദ്ധനും കാലപരിച്ഛിന്നനുമല്ല.
യോഗികള്‍ക്കു പ്രത്യേകമായ രണ്ട് അനുമാനങ്ങളുണ്ട്. ഒന്ന്; പരിമിതത്തിന്റെ പ്രതീതിയില്‍ അപരിമിതത്തിന്റെ പ്രതീതിയും വേര്‍പിരിയാതെ മനസ്സിലുദിക്കുന്നു. ആ പ്രതീതിയുടെ ഒരംശം ശരിയാണെങ്കില്‍ മറ്റേ അംശവും ശരിയാവണം. എന്തുകൊണ്ടെന്നാല്‍ പ്രതീതി എന്ന നിലയില്‍ രണ്ടും തുല്യ പ്രമാണമാണ്. മനുഷ്യന്‍ അല്പജ്ഞനാണെന്നുള്ള വസ്തുതതന്നെയാണ് ഈശ്വരന്‍ സര്‍വ്വജ്ഞനാണെന്നതിനു നിദര്‍ശകം: ഒന്നു സ്വീകരിക്കാമെങ്കില്‍, എന്തുകൊണ്ടു മറ്റതും സ്വീകരിച്ചുകൂടാ? ഒന്നുകില്‍ രണ്ടും സ്വീകരിക്കണം, അല്ലെങ്കില്‍ രണ്ടും തിരസ്‌കരിക്കണം എന്നു യുക്തി നമ്മെ നിര്‍ബ്ബന്ധിക്കുന്നു. സാതിശയജ്ഞാനമുള്ള ഒരുവനുണ്ടെന്നു നാം വിശ്വസിക്കുന്നെങ്കില്‍, നിരതിശയജ്ഞാനമുള്ള ഒരുവനുമുണ്ടെന്നു സമ്മതിച്ചേ തീരൂ. രണ്ടാമത്തെ അനുമാനം, ജ്ഞാനോപദേഷ്ടാ(ഗുരു)വിനെക്കൂടാതെ ഒരു ജ്ഞാനം സാധ്യമല്ലെന്നതാണ്. സ്വാന്തത്തില്‍ നിന്നു വിവൃതമായി വരുന്ന ഏതോ ഒന്നു മനുഷ്യനിലുണ്ടെന്ന് ആധുനിക തത്ത്വചിന്തകന്മാരും പറയുന്നു. അതു ശരിയാണ്, എല്ലാ ജ്ഞാനവും മനുഷ്യനില്‍ നിലീനമായിരിപ്പുണ്ട്. എന്നാല്‍ അതിനെ ഉദ്ബുദ്ധമാക്കാന്‍ ചില സാഹചര്യങ്ങള്‍ കൂടിയേ കഴിയൂ. ഗുരുക്കന്മാരെക്കൂടാതെ ഒരു ജ്ഞാനവും ഉദിക്കുന്നതായി നാം കാണുന്നില്ല. ഈ ഗുരുക്കന്മാര്‍ മനുഷ്യരോ ദേവന്മാരോ ഉപദേവന്മാരോ ആരായാലും എല്ലാവരും പരിച്ഛിന്നരാണ്. അവര്‍ക്കും മുമ്പുള്ള ഗുരു ആര്? ഇങ്ങനെ അനുമാനവിചാരത്താല്‍ കാലപരിച്ഛേദ്യനല്ലാത്ത ഒരു ആദിഗുരു ഉണ്ടെന്ന സിദ്ധാന്തത്തിലെത്താന്‍ നാം നിര്‍ബ്ബദ്ധരാകുന്നു. നിരതിശയജ്ഞാനവാനും ആദ്യന്തരഹിതനുമായ ആ പരമേഷ്ഠിഗുരുവിനെയാണു നാം ഈശ്വരനെന്നു പറയുന്നത്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 267-269]