ശ്രീ രമണമഹര്‍ഷി
സെപ്തംബര്‍ 17,1938

ചോദ്യം: ആവരണം നശിച്ചാല്‍ കാരണ ശരീരം നശിക്കും. പിന്നീട് ജ്ഞാനിയുടെ നില എന്തായിരിക്കും?

രമണമഹര്‍ഷി: കാരണശരീരം നശിച്ചാല്‍ പിന്നീട് ജീവന്‍റെ അനന്ത കര്‍മ്മഫലമായ സഞ്ചിതം നശിക്കും. അഹന്തയറ്റ ജ്ഞാനിയുടെ അവസ്ഥയില്‍ ആ ഗാമിക കര്‍മ്മങ്ങള്‍ക്കും അവനില്‍ സ്ഥാനമില്ല. ഇപ്പോഴുള്ള പ്രാരാബ്ധദേഹം (കര്‍മ്മം) നശിച്ചാല്‍ പരിപൂര്‍ണ്ണ മുക്തനായി ബ്രഹ്മസ്വരൂപിയായിത്തീരും. താന്‍ പ്രാരാബ്ധത്തിലിരുന്നാലും ജ്ഞാനി അതറിയുന്നില്ല. മറ്റുള്ളവര്‍ അതാരോപിക്കുന്നു എന്ന് മാത്രം.

സെപ്തംബര്‍ 22,1938

അദ്വൈതികള്‍ തമ്മില്‍ത്തന്നെ ഈ ലോകം സത്യമോ അസത്യമോ എന്ന ചോദ്യങ്ങളുന്നയിക്കുന്നല്ലോ.

രമണമഹര്‍ഷി: അധിഷ്ഠാന ചൈതന്യവസ്തുവായ ആത്മാവിനെ ഉണരാതെ ലോകത്തെ നശ്വരമായ നാമരൂപപ്രപഞ്ചമായി കണ്ടുകൊണ്ടിരുന്നാല്‍ അത് അസത്യം. നാമരൂപ പ്രപഞ്ചത്തിനു പകരം തല്‍സ്ഥാനത്ത് അധിഷ്ഠാന ചൈതന്യവസ്തുവിന്‍റെ ബ്രഹ്മാകാരത്തെ കണ്ടാല്‍ അതു സത്യം.

സെപ്തംബര്‍ 23 1938

മറുനാടുകളില്‍ അന്യനെക്കെടുക്കാന്‍ ആഭിചാരകര്‍മ്മങ്ങളും ദുഷ്കര്‍മ്മങ്ങളും മറ്റും ചെയ്തു വരുന്നതിനെപ്പറ്റി മാക്ഈവര്‍ സംസാരിച്ചു.

രമണമഹര്‍ഷി: ‘കെടുവാന്‍ കേടു നിനൈപ്പാന്‍’ (താന്‍) നശിക്കണമെന്നുള്ളവര്‍ (മറ്റുള്ളവന്) നാശം ഓര്‍മ്മിക്കും. ഇപ്പോള്‍ തന്നെ താന്‍ തന്‍റെ സത്യത്തെ അറിയായ്കയാല്‍ ദുഖിഃക്കുന്നതുപോരെ? അതിനെ ദൂരികരിച്ചു ശാന്തിയിലിരിക്കുനതിനു പകരം മനുഷ്യന്‍ സ്വയം കൂടുതല്‍ ദുഃഖം ഉണ്ടാക്കിവയ്ക്കുന്നതിനെക്കാള്‍ അവിവേകം മറ്റൊന്നില്ല.

ചോദ്യം: ഒരാള്‍ ഒരു ദുര്‍മ്മന്ത്രവാദം ചെയ്‌താല്‍ പ്രതിക്രിയ എന്താണ്‌?

രമണ്‍മഹര്‍ഷി: ഈശ്വരശക്തി തന്നെ. ഒരാള്‍ തന്നെ അധിക്ഷേപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്‌താല്‍ സമചിത്തനായി മിണ്ടാതിരിക്കുന്നതിനെക്കാള്‍ ശക്തമായ മറ്റൊരു പ്രതിക്രിയ ചെയ്യാനില്ല. അങ്ങനെ ചെയ്‌താല്‍ പ്രതിയോഗി പാശ്ചാത്തപിക്കുന്നതുവരെ അതവനു ചിത്ത ശല്യം ഉണ്ടാക്കും. ബ്രഹ്മലോകം ആത്മലോകം തന്നെന്നും അതായത് ആത്മാവു തനീയനെന്നും ഭഗവാന്‍ മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു.

*** www.sreyas.in/ramana സന്ദര്‍ശിക്കൂ. Sreyas പേജ് ലൈക്‌ ചെയ്യൂ. ***

28
ശ്രീ രമണമഹര്‍ഷി
സെപ്തംബര്‍ 27, 1938
അഹങ്കാരവും അഹംസ്ഫുരണവും വെവ്വേറാണ്. അഹംസ്ഫുരണം ആത്മപ്രകാശമാണ്. ദേഹാദികളെ താനെന്നഭിമാനിച്ച് ലോകത്തെ തനിക്കന്യമായി കാണുന്ന മനോവൃത്തിയാണ്. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവുകയുള്ളൂ. നിര്‍ഗുണബ്രഹ്മത്തിന്‍റെ നിരുപാധിക അനുഭപ്രകാശമാണ് അഹംസ്ഫുരണം.

അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവുകയുള്ളൂ(364)

തെലുങ്കു പണ്ഡിതനായ വി. ഗുപ്തയോട്:

രമണമഹര്‍ഷി: അഹങ്കാരവും അഹംസ്ഫുരണവും വെവ്വേറാണ്. അഹംസ്ഫുരണം ആത്മപ്രകാശമാണ്. ദേഹാദികളെ താനെന്നഭിമാനിച്ച് ലോകത്തെ തനിക്കന്യമായി കാണുന്ന മനോവൃത്തിയാണ്. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവുകയുള്ളൂ. നിര്‍ഗുണബ്രഹ്മത്തിന്‍റെ നിരുപാധിക അനുഭപ്രകാശമാണ് അഹംസ്ഫുരണം. അതുകൊണ്ടാണ് ബൃഹദാരണ്യകോപനിഷത്തില്‍ ‘നീ (ബ്രഹ്മം) ഞാന്‍ (അഹം) ആയിത്തീര്‍ന്നു എന്ന് പറഞ്ഞിരിക്കുന്നത്.

ഗുരുകടാക്ഷത്തിന്‍റെ രീതിയെപ്പറ്റി ചോദിച്ചതിനു മറുപടിയായിപ്പറഞ്ഞു. ഗുരുശിഷ്യഭേദമകന്നു പോകുന്നു. ഗുരു തന്‍റെ നിജബ്രഹ്മ സ്വരൂപത്തിലിരിക്കവേ ശിഷ്യന്‍ സ്വസ്വരൂപ ബ്രഹ്മജ്ഞാനം ഗുരുവില്‍ നിന്നും പകരുകയാണ്. ഇതാണ് ഉത്തമ ഉപദേശം. ഇതിനപ്പുറം ഒന്നുമില്ല.

ചോദ്യം: മൗനപ്രാര്‍ഥനയാണേറ്റവുമുത്തമമെന്നു വിവേകാനന്ദനും പറഞ്ഞരിക്കുന്നു.

രമണ മഹര്‍ഷി: അതെ. ശിഷ്യനു മൗനപ്രാര്‍ത്ഥനയും ഗുരുവിന് മൗനോപദേശങ്ങളും. മറ്റുപദേശങ്ങളെല്ലാം കീഴ്തരങ്ങളാണ്. ഗുരു മൗനത്തിലിരുന്നാല്‍ അതുകൊണ്ട് തന്നെ ശിഷ്യന്റെ മനസ്സ് അങ്ങനെയായിരുന്നു. മൗനം ശിഷ്യനെനോക്കുന്നുണ്ട്, സ്പര്‍ശിക്കുന്നുണ്ട്, ഉപദേശിക്കുന്നുമുണ്ട്.

ചോദ്യം: ഒരുവന്‍ ലൗകിക ദുഃഖങ്ങളെ നേരിടുമ്പോള്‍ ദൈവത്തെയോ ഗുരുവിനെയോ പ്രാര്‍ത്ഥിക്കുന്നത് നന്നായിരിക്കുമോ?

മഹര്‍ഷി: സംശയമെന്ത്?

മഹാവാക്യങ്ങളും വ്യാഖ്യാനങ്ങളും മറ്റും ജിജ്ഞാസുവിനെ ബഹിര്‍മുഖവും മാനസികവുമായ വിവാദങ്ങളിലേക്ക് തള്ളിവിടുന്നു. അന്തര്‍മുഖനായിത്തീര്‍ന്നു അഹന്താ ഞാനിനെ ആത്മാ ഞാനിനോട് ചേര്‍ത്തുവെച്ചു ‘ഞാനേ ഞാ’ നായി നില്‍ക്കാന്‍ ശീലിക്കുകയാണ് വേണ്ടത്.

ചോദ്യം: എനിക്ക് അദ്വൈതത്തോടു വളരെ വിശ്വാസമാണ് പക്ഷെ ജീവന്‍ അജഞാനത്തില്‍ മുഴുകിയിരിക്കുന്നല്ലോ.

മഹര്‍ഷി: അദ്വൈതത്തില്‍ നിന്നുകൊണ്ടാണോ ജീവന്‍ എന്ന് പറഞ്ഞത്?

ചോദ്യം: അദ്വൈതത്തെ ഉണരാതിരിക്കാന്‍ ജീവന്‍ സത്യത്തില്‍ നിന്നും ഭിന്നിച്ചു നില്‍ക്കുന്ന ഒരു പ്രത്യേകവസ്തുവാണ്.

മഹര്‍ഷി: അതെ, അതെ. ജീവന്‍ പ്രത്യേകമൊരു വസ്തുവായി മാറി നിന്നില്ലെങ്കിലല്ലേ അങ്ങനെ, ഇങ്ങനെ, എന്ന് അത് സങ്കല്‍പ്പിക്കാന്‍ കഴിവുള്ളതാവുകയുള്ളൂ.

ചോദ്യം: എന്നാല്‍ ഇല്ലാത്ത ഒന്നില്‍നിന്നും ഒന്നും ഉണ്ടാവുകയില്ല. മുയല്‍കൊമ്പുപയോഗിച്ചു ഒരു പണ്ടം ഉണ്ടാക്കിയെന്നു പറയാനൊക്കുമോ? ഉറക്കത്തിലും ഉണര്‍ച്ചയിലും ഒരുപോലെയുള്ളവനായും ആ അവസ്ഥകളെ കടന്നുള്ളവനായും നീ ഇരിക്കുന്നു.

ചോദ്യം: ഇതറിയാന്‍ വിചാരം വേണമല്ലോ.

മഹര്‍ഷി: അതെ. പക്ഷേ ആ വിചാരം വിജയത്തെ വളര്‍ത്താനുള്ളതല്ല. വിചാരത്തെ അവസാനിപ്പിക്കാനുള്ളതാണ്.