മന്യ ഏതൈര്‍മ്മഹോത്പാതൈര്‍നൂനം ഭഗവതഃ പദൈഃ
അനന്യപുരുഷശ്രീഭിര്‍ഹീനാ ഭൂര്‍ഹതസൗഭഗാ (1-14-21)

സൂതന്‍ തുടര്‍ന്നു:

അര്‍ജുനന്‍ ശ്രീകൃഷ്ണന്റേയും മറ്റ് ബന്ധുക്കളുടേയും ക്ഷേമം അന്വേഷിക്കാന്‍ ദ്വാരകയില്‍ പോയിരുന്നു. കുറേ മാസങ്ങള്‍ കടന്നുപോയിട്ടും അദ്ദേഹം തിരിച്ചുവന്നില്ല. രാജാവ്‌ ആക‍ാംക്ഷാഭരിതനായി. ചീത്തശകുനങ്ങള്‍ ദര്‍ശിക്കാനും തുടങ്ങി.

ദുഷ്ടന്‍മാരെല്ല‍ാം മഹാഭാരതയുദ്ധത്തില്‍ കൊലചെയ്യപ്പെട്ടശേഷം ചീത്തശകുനങ്ങള്‍ ഇപ്പോഴാണ് കാണുന്നത്‌. ജനങ്ങള്‍ അധാര്‍മ്മികമായ പ്രവൃത്തികള്‍ ചെയ്യാനും തുടങ്ങിയിരിക്കുന്നു. അവര്‍ അത്യാഗ്രഹികളും പരസ്പരം ചതിക്കുന്നുവരും കലഹിക്കുന്നുവരുമായിത്തുടങ്ങി. സുഹൃത്തുക്കള്‍ തമ്മിലും ദമ്പതികള്‍ തന്മില്‍പോലും വെറുപ്പും പകയും ഉണ്ടായി തുടങ്ങി. യുധിഷ്ഠരന്‍ കലിയുഗത്തിന്റെ ആരംഭമായി എന്ന ഭയന്ന് ഭീമനോട്‌ പറഞ്ഞു.

“അര്‍ജുനന്‍ തിരിച്ചുവരാത്തതെന്തുകൊണ്ട്‌? നമ്മുടെ ജീവനും രാജ്യത്തിനും നിലനില്‍പിനും തന്നെ ആധാരമായ ശ്രീകൃഷ്ണഭഗവാന്‍ ഇഹലോകവാസം വെടിഞ്ഞിരിക്കുമോ? എന്റെ ഇടതുഭാഗം തുടിക്കുന്നു. മൃഗങ്ങള്‍ വല്ലാത്തരീതിയില്‍ പെരുമാരുകയും കാലാവസ്ഥ ക്രമംതെറ്റുകയും ചെയ്തിരിക്കുന്നു. എനിക്ക്‌ വല്ലാത്ത ഉദ്വേഗം തോന്നുന്നു. ആകാശം പൊടിപടലം കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഇടക്കിടെ ഭൂമികുലുക്കങ്ങളും പേമാരിയും ഇടിവെട്ടും മിന്നലും ഉണ്ടാവുന്നല്ലോ. തീവ്രമായകൊടുങ്കാറ്റില്‍ ഭൂമിമുഴുവന്‍ പൊടിപടലം നിറ‍ഞ്ഞ് സൂര്യപ്രഭയ്ക്കുപോലും മങ്ങലേറ്റുവോ? സ്വര്‍ഗ്ഗവും ഭൂമിയും തീയില്‍പ്പെട്ടപോലെയും നദികളും തടാകങ്ങളും ഇളകിമറിഞ്ഞും കാണപ്പെടുന്നു. അന്തരീക്ഷം മുഴുവന്‍ മൂകതയും ശോകവും നിറഞ്ഞപോലെ. ഈദൃശ ശകുനങ്ങളില്‍ നിന്നും ഭൂമിയുടെ ആകര്‍ഷണീയത നഷ്ടപ്പെട്ടുവെന്നെനിക്കുതോന്നുന്നു. ശ്രീകൃഷ്ണന്റെ പാദസ്പര്‍ശം നഷ്ടപ്പെട്ടതിന്റെ പ്രതികരണമാവുമോ ഇത്‌?.

ഒരുദിവസം അര്‍ജുനന്‍ തിരിച്ചെത്തിയതും രാജാവിന്റെ കാല്‍ക്കല്‍ കുഴ‍ഞ്ഞുവീണു. ഇത് അര്‍ജുനന്റെ സ്വഭാവത്തിന് നിരക്കാത്തത്താണ്‌. അദ്ദേഹത്തിന്റെ മുഖം ദുഃഖാകുലമായിരുന്നു. ഇത്‌ യുധിഷ്ഠിരന്റെ ദുഃഖത്തെ വര്‍ദ്ധിപ്പിച്ചു. അദ്ദേഹം ചോദിച്ചു. “അര്‍ജുനാ, എന്താണീ കൊടിയ ദുഃഖഃത്തിന് കാരണം? നമ്മുടെ ബന്ധുമിത്രാദികള്‍ക്ക്‌ ദ്വാരകയില്‍ സുഖംതന്നെയല്ലേ? കൃഷ്ണഭഗവാന്‍ എങ്ങിനെയിരിക്കുന്നു? നീയെന്താണൊന്നും മിണ്ടാത്തത്‌? ഉത്തരം പറയൂ. നീ വളരെ ദുഃഖാകുലനായിരിക്കുന്നുവല്ലോ. നിന്റെ ആരോഗ്യത്തിനെന്തെങ്കലും പറ്റിയോ? അര്‍ജുനാ, നിന്നെ ആരെങ്കിലും അപമാനിക്കുകയോ മോശപ്പെട്ടരീതിയില്‍ നിന്നോടാരെങ്കിലും പെരുമാറുകയോ ഉണ്ടായോ? ആവശ്യക്കാര്‍ക്ക്‌ സംരക്ഷണം നല്‍കുന്നുത്തില്‍ നിന്നും നിനക്ക്‌ വ്യതിചലിക്കേണ്ടതായി വന്നുവോ? വൃദ്ധര്‍ക്കും അശരണര്‍ക്കും കുട്ടികള്‍ക്കും കൊടുക്കുന്നുതിന്‌ മുന്‍പ്‌ നീ ഭക്ഷണം കഴിക്കുകയുണ്ടായോ? നീ അരുതാത്തത്‌ വല്ലതും ചെയ്തോ? അതോ, എനിക്കതോര്‍ക്കാന്‍പോലും വയ്യ, നിനക്ക്‌ ശ്രീകൃഷ്ണഭഗവാനില്‍നിന്നും എന്നെന്നേയ്ക്കുമായി വേര്‍പിരിയേണ്ടതായിവന്നോ? ദയവായി പറയൂ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF