യേഷ‍ാം സ ഏവ ഭഗവാന്‍ ദയയേദനന്ത
സര്‍വാത്മനാ ശ്രിതപദോ യദി നിര്‍വ്യളീകം
തേ ദുസ്തരാമതിതരന്തി ച ദേവമായ‍ാം
നൈഷ‍ാം മമാഹമിതി ധീഃ ശ്വസൃഗാലഭക്ഷ്യേ (2-7-42)

സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുതുടര്‍ന്നു:

മനുഷ്യലോകത്തില്‍ ഭഗവാന്‍ എടുത്തിട്ടുളള അവതാരങ്ങളെപ്പറ്റി ഞാന്‍ ചുരുക്കത്തില്‍ വിവരിച്ചു തര‍ാം.ഹിരണ്യാക്ഷന്റെ ദുശ്ശക്തിയെ വെല്ലാന്‍ ഒരു പന്നിയായി അവതരിച്ച്‌, താഴ്ന്നുപോയ ഭൂമിയെ ഭഗവാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്റെ ദുഃഖശാന്തിക്കായി പലപ്പോഴുമായി ഭഗവാനവതരിച്ചു.

കപിലമുനിയായിവന്നു്‌ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതന്നു. ദത്താത്രേയനായി വന്നു്‌ പല രാജാക്കന്‍മാര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ട ഉപദേശങ്ങള്‍ നല്‍കി. ഞാന്‍ തപസ്സിലായിരുന്നുപ്പോള്‍ ലോകം മറഞ്ഞു പോയ സത്യതത്വങ്ങളെ സനത്കുമാരന്മ‍ാരുടെ രൂപത്തില്‍ വന്നു പ്രഖ്യാപിച്ചു. നരനായും നാരായണനായും വന്നു്‌ സന്യാസവൃത്തിയുടെ പരമോന്നതി എന്തെന്നും കാമക്രോധങ്ങളെ ജയിക്കുന്നതെങ്ങിനെയന്നും വെളിപ്പെടുത്തി. അദ്ദേഹം ധ്രുവനെ അനുഗ്രഹിച്ചു. ഭൂമിക്കടിയിലെ നിധിയെടുക്കാന്‍ പ്രഥുവായി അവതരിച്ചു. ഋഷഭനായി സന്യാസിവര്യന്മ‍ാരുടെ ശ്രേഷ്ഠതക്കുദാഹരണമായി. ഹയഗ്രീവനായി വന്നു്‌ വേദങ്ങള്‍ ഉഛ്വാസവായുപോലെ ഉരുവിട്ടു. ലോകവും വേദങ്ങളും രക്ഷിക്കാന്‍ മത്സ്യാവതാരമെടുത്തു. ദിവ്യനായ ഒരാമയുടെ രൂപത്തില്‍ വന്നു്‌ പാലാഴി കടയാനുപയോഗിച്ച പര്‍വ്വതത്തെ താങ്ങിനിര്‍ത്തി
.
നരസിംഹമായി വന്നു്‌ ദേവതകളുടെ ഭയത്തെ അകറ്റി ഹിരണ്യകശിപുവിനു മോക്ഷമേകി. മുതലയുടെ
പിടിയിലകപ്പെട്ട ഗജേന്ദ്രന്‌ രക്ഷയേകി. കുളളനായി ബ്രാഹ്മണവേഷത്തില്‍ അവതരിച്ച്‌ ഭൂമിയും സ്വര്‍ഗ്ഗവും കാലുകൊണ്ടളന്ന് മഹാബലിക്ക്‌ മോക്ഷമേകുകയും ചെയ്തു. ആ ഭഗവാനുപോലും എളിമ അലങ്കാരമാണെന്ന് അങ്ങിനെ അറിയപ്പെട്ടു. ഹംസമായിവന്നു്‌ നാരദാ, നിന്നെ ഭക്തിസൂത്രം പഠിപ്പിച്ചു. ഓര്‍ക്കുന്നുമാത്രയില്‍ സര്‍വ്വരോഗങ്ങളില്‍ നിന്നും മുക്തി കിട്ടാന്‍ പര്യാപ്തമായ ധന്വന്തരിയായും അവിടുന്നവതരിച്ചു. ദുഷ്ടരാജാക്കന്മ‍ാരെ വകവരുത്താനായി പരശുരാമനായി അദ്ദേഹം. രാവണഗര്‍വ്വമടക്കാന്‍ ശ്രീരാമനായി. രാക്ഷസാവതാരങ്ങളായ ദുഷ്ടരാജാക്കന്മ‍ാരാല്‍ ഭൂമിക്കുണ്ടായ ഭാരംതീര്‍ക്കാന്‍ ബലരാമനും ശ്രീകൃഷ്ണനുമായി. വ്യാസഭഗവാനായിവന്ന് വേദങ്ങള്‍ക്ക്‌ ലളിതഭാഷ്യം ചമച്ച്, ബുദ്ധി കുറഞ്ഞവര്‍ക്കുപോലും വേദാദ്ധ്യയനത്തിനവസരം നല്‍കി. രാക്ഷസന്മ‍ാര്‍ പറക്കുന്നു കൊട്ടാരങ്ങളില്‍നിന്നും മനുഷ്യരെ നശിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ആ ഭഗവാന്‍ രക്ഷക്കെത്തും. ഇനി കല്‍ക്കിയായി അവതരിച്ച്‌ കലികാലത്തിന്റെ ദുഷ്പ്രവണതകളെ (ഭഗവല്‍നാമമഹിമാകഥനത്തിന്‌ മുടക്കംവരിക തുടങ്ങിയവ) അദ്ദേഹം നിശേഷമില്ലാതാക്കും.

ഇതൊക്കെയാണാ മായയുടെ മഹിമ. നായ്ക്കള്‍ക്കും കുറുക്കനും തിന്നാനുതകുന്നു ഈ ശരീരത്തെ ആത്മാവെന്നു കരുതാതെ സര്‍വ്വസ്വവും ഭഗവല്‍പാദങ്ങളര്‍പ്പിക്കുന്നുവര്‍ക്കു മാത്രമേ ഭഗവല്‍മായയെ തരണംചെയ്യാനൂതകുന്നു അനുഗ്രഹവര്‍ഷം ലഭിക്കൂ. അവര്‍ക്ക്‌ സര്‍വ്വതും സര്‍വ്വേശ്വരന്‍ തന്നെയാണ് സാക്ഷാത്ക്കാരം ലഭിക്കുന്നു. മായാസമുദ്രം കടക്കാന്‍ പാപജീവികള്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുപോലും സാദ്ധ്യമത്രെ. ശരിയായഭക്തിയിലൂടെ വേദശാസ്ത്രങ്ങളനുസരിച്ചു ജീവിക്കുന്ന ഏതൊരു ജീവിക്കും ഇതുസാദ്ധ്യമാണ്‌. നാരദാ, ഇതാണുഭാഗവതത്തിന്റെ സാരസംക്ഷിപ്തം. ഭഗവാനില്‍നിന്നു ഞാനിതു നേരിട്ടരറിഞ്ഞതാണ്‌. ഇനി നീയിതിനെ വേണ്ടരീതിയില്‍ വ്യാഖ്യാനിച്ച്‌ വിവരിക്കേണ്ടിയിരിക്കുന്നു. ഇതു പറയുന്നവര്‍ക്കും കേള്‍ക്കുന്നുവര്‍ക്കും മായയുടെ പിടിയില്‍ കുരുങ്ങിക്കിടക്കേണ്ടതായി വരുന്നില്ല തന്നെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF