യാവത്‌ പൃഥക്ത്വമിദ മാത്മന ഇന്ദ്രിയാര്‍ത്ഥ
മായാബലം ഭഗവതോ ജന ഈശ പശ്യേത്‌
താവന്ന സംസൃതിരസൌ പ്രതിസംക്രമേത
വ്യര്‍ത്ഥാപി ദുഃഖനിവഹം വഹതീ ക്രിയാത്ഥ (3-9-9)
ത്വം ഭാവയോഗപരിഭാവിതഹൃ ത്സരോജ
ആസ്സേ ശ്രുതേക്ഷിതപഥോ നനു നാഥ പുംസ‍ാം
യദ്യദ്ധിയാ ത ഉരുഗായ വിഭാവയന്തി
തത്തദ്വപുഃ പ്രണയസേ സദനുഗ്രഹായ (3-9-11)

ബ്രഹ്മാവ്‌ പ്രാര്‍ത്ഥിച്ചു:

“ഭഗവന്‍ , ഏറേക്കാലം തപസനുഷ്ഠിച്ച്‌ ഏതു ജ്വലിപ്പിച്ചാല്‍ ആ സത്യം വെളിച്ചപ്പെടുമോ അതിനെയുണര്‍ത്തിയാണ്‌ അവിടുന്നു മാത്രമേ ഉണ്മയായുളളൂവെന്നു ഞാനറിഞ്ഞത്‌. അവിടുന്ന് മായാമേഘപടലങ്ങളാലോ ഇഛാമോഹങ്ങളാലോ ആവൃതനല്ലതന്നെ. അവിടുത്തെ മായയുടെ ഘടകങ്ങളായ മൂന്നു ശക്തികളുടെ സംതുലിതാവസ്ഥക്ക്‌ ഇളക്കം തട്ടുമ്പോള്‍ അവിടുന്നു സ്വയം പലതായി കാണപ്പെടുന്നു. ആ ദിവ്യരൂപം എനിക്കിപ്പോള്‍ പ്രത്യക്ഷമായിരിക്കുന്നു. അതുപോലെ അനേകം രൂപങ്ങളായി അനിത്യങ്ങളായ ലോകങ്ങളിലേക്കിറങ്ങിവന്ന് ഭക്തര്‍ക്കും ആശ്രിതര്‍ക്കും പ്രാപ്യനായി സ്വയം നിലകൊളളുന്നു. അവിടുത്തെ പാദാരവിന്ദങ്ങളെ ആശ്രയിക്കുന്നുവര്‍ക്ക്‌ ഭയമോ മായാമോഹമോ ഉണ്ടാവുന്നതല്ല.

സമ്പത്തിനാലും സുഹൃത്തുക്കളാലും ഗൃഹത്താലും ഒരുവന്‌ ഭയം, ദുഃഖം, സംഗം, അത്യാഗ്രഹം എന്നിവ ഉണ്ടാവുകയും അവകളും വൃഥാഭിമാനം ഉണ്ടാവുകയും ചെയ്യുന്നു. ഭഗവല്‍പ്പാദത്തില്‍ അഭയം ലഭിക്കുംവരെ ഇത് കൊടുംദുഃഖത്തിന്‌ കാരണമാവുന്നു. തുടര്‍ച്ചയായി ഭഗവല്‍ക്കാര്യങ്ങളിലേര്‍പ്പെട്ട് പൂജ, കീര്‍ത്തനം, ഭഗവല്‍മഹിമാകഥനം ഇവയില്‍ മുഴുകി ആ പാദാരവിന്ദങ്ങളില്‍ പ്രേമത്തോടെ ജീവിക്കുന്നുവര്‍ക്ക്‌ അവിടുത്തോട് ഒന്നുചേരാന്‍ കഴിയുന്നു. ഇന്ദ്രിയങ്ങളുടെ മായാശക്തിയാലും ശ്രദ്ധയെ വികേന്ദ്രീകരിക്കാനുളള കഴിവിനാലും അവിടുത്തോട്‌ വിഭിന്നനായി തോന്നുന്നിടത്തോളം കാലം അന്തമില്ലാത്ത ജനനമരണ ചക്രത്തിന്റെ പിടിയില്‍നിന്നും ഒരുവനു മോചനമില്ല. ഇത് ഉന്മയല്ലെങ്കിലും ദുഃഖഹേതുവത്രെ.

“അവിടുത്തെ മഹിമ അപാരം തന്നെ. ആ സവിധത്തിലേക്ക്‌ എത്തിച്ചേരാനുളള വഴി കാട്ടിത്തരുന്നതും അവിടുന്ന് തന്നെ. അവിടുത്തെ കഥകള്‍ കേള്‍ക്കുകയാണ്‌ ആ വഴിയിലെത്തിച്ചേരാനുളള മാര്‍ഗ്ഗം. ഭക്തിയാല്‍ പരിശുദ്ധമാക്കപ്പെട്ട ഹൃദയങ്ങളിലാണല്ലോ അവിടുന്നു നിവസിക്കുന്നത്‌. ഭക്തഹൃദയങ്ങളിലും ബോധമണ്ഡലത്തിലും അങ്ങയെ സ്മരിക്കുന്ന അതേ രൂപഭാവങ്ങളില്‍ ദര്‍ശനം നല്‍കി അങ്ങവരെ അനുഗ്രഹിക്കുന്നു. ഭഗവന്‍, അവിടുന്ന് ക്ഷിപ്രപ്രസാദിയത്രെ. ആഢംബരപ്രദമായ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന ആളുകളോടുളളതിനേക്കാള്‍ സഹജീവികളോട്‌ കരുണ കാണിക്കുന്നുവരോടാണ് അവിടുത്തേക്ക്‌ പ്രിയം. അവിടുന്നു സ്വയം പല രൂപഭാവങ്ങളോടെ ഇവിടെ നിലകൊളളുന്നതായിക്കാണുന്നു. ചരാചരജീവനിര്‍ജീവജാലങ്ങളുടെ അസ്ഥിത്വത്തിനടിസ്ഥാനം അങ്ങാണല്ലോ. ലോകത്തിന്റെ സൃഷ്ടികര്‍ത്താവെന്നനിലയില്‍ എന്നില്‍ അഹംഭാവം ഉദിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”

ഭഗവാന്‍ പറഞ്ഞു:

“എന്റെ മഹിമയാല്‍ത്തന്നെയാണ്‌ നിങ്ങള്‍ തപസ്സനുഷ്ഠിച്ച്‌ സൃഷ്ടിശക്തി ഉണര്‍ത്തിയത്‌. ബ്രഹ്മാവേ, നിങ്ങള്‍ ധ്യാനനിരതനായി എന്നെ തിരഞ്ഞപ്പോള്‍ ഹൃദയത്തില്‍ പ്രത്യക്ഷനായതും ഞാനാണെന്നറിഞ്ഞാലും. എല്ലാറ്റിലും എന്നെ ദര്‍ശിക്കുന്നുവന്‌ മായാമോഹത്തില്‍ കഷ്ടപ്പെടേണ്ടിവരികയില്ല. ആത്മാവ്‌ ഇന്ദ്രിയങ്ങളോടോ പഞ്ചഭൂതങ്ങളോടോ ബന്ധിക്കപ്പെട്ടിരിക്കുന്നുമില്ല എന്നറിയുകയും അതുമാത്രമാണ് ഉന്മ എന്ന് സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നവന്‍ മുക്തനത്രെ. എല്ലാവിധത്തിലുളള പൊതുജനസേവയും ആത്മീയകാര്യങ്ങളും എന്നെ ലക്ഷ്യമാക്കിയാണെന്ന് അവന്‍ മനസിലാക്കുന്നു. ഇപ്പോഴുളള ഈ മനഃശ്ചാഞ്ചല്യം മാറ്റി എന്റെ ഇഛപ്രകാരമുളള സൃഷ്ടികര്‍മ്മം തുടങ്ങിയാലും”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF