ഓം നമസ്തുഭ്യം ഭഗവതേ വാസുദേവായ ധീമഹി
പ്രദ്യുമ്നായാനിരുദ്ധായ നമഃ സങ്കഷണായച (6-16-18)
നമോ വിജ്ഞാനമാത്രായ പരമാനന്ദമൂര്‍ത്തയേ
ആത്മാരാമായ ശാന്തായ നുവൃത്തദ്വൈതദൃഷ്ടയേ (6-16-19)
ആത്മാനന്ദാനുഭൂത്യൈവ ന്യസ്തശക്ത്യുര്‍മ്മയേ ന്മഃ
ഹൃഷീകേശായ മഹതേ നമസ്തേ വിശ്വമൂര്‍ത്തയേ (6-16-20)
വചസ്യുപരതേഽപ്രാപ്യയ ഏകോ മനസാ സഹ
അനാമരൂപശ്ചിന്മാത്രഃ സോഽവ്യാന്നഃ സദസത്‌ പരഃ (6-16-21)
യസ്മിന്നിദം യതശ്ചേദം തിഷ്ഠത്യപ്യേതി ജായതേ
മൃണ്‍മയേഷ്വിവ മൃജ്ജാതിസ്തസ്മൈ തേ ബ്രഹ്മണേ `നമഃ (6-16-22)
യന്ന സ്പൃശന്തി ന വിദുര്‍മനോബുദ്ധീന്ദ്രിയാസവഃ
അന്തര്‍ബ്ബഹിശ്ച വിതതം വ്യോമവത്തന്നതോഽസ്മ്യഹം (6-16-23)
ദേഹേന്ദ്രിയപ്രാണ മനോധിയോഽമീ യദംശവിദ്ധഃ പ്രചരന്തികര്‍മ്മസു
നൈവാന്യദാ ലോഹമിവാപ്രതപ്തം സ്ഥാനേഷു തദ്ദ്രഷ്ട്രപദേശമേതി (6-16-24)
ഓം നമോ ഭഗവതേ മഹാപുരുഷായ മഹാനുഭാവായ മഹാ
വിഭൂതിപതയേ സകലസാത്വതപരിവൃഢനികരകരകമലകുഡ്മളോപലാളിത
ചരണാരവിന്ദയുഗള പരമ പരമേഷ്ഠിന്‍ നമസ്തേ (6-16-25)

ശുകമുനി തുടര്‍ന്നു:

“ചിത്രകേതുവിന്‌ മകന്റെ ദേഹത്തില്‍ നിന്നും പോയ ആത്മാവിനെ നാരദന്‍ കാണിച്ചു കൊടുത്തു. അത്‌ മറ്റേതോ ലോകത്തേക്ക്‌ പോവുകയായിരുന്നു അപ്പോള്‍. അതിനോട്‌ നാരദന്‍ പറഞ്ഞു. ‘നിന്റെ അച്ഛനമ്മമാരും ബന്ധുക്കളും നിനക്കായി ദുഃഖിക്കുന്നു. താഴേയ്ക്കു വന്നു്‌ വീണ്ടും ഈ ശരീരത്തില്‍ പ്രവേശിച്ച്‌ സസുഖം വാണാലും.’

ആത്മാവ്‌ പറഞ്ഞു.“ഞാന്‍ ചിരഞ്ജീവിയും ശരീരങ്ങളുടെ മാറ്റങ്ങള്‍ ബാധിക്കാത്തതുമാണ്‌. ഏതു ജന്മത്തിലാണ്‌ ഇവര്‍ എന്റെ അച്ഛനമ്മമാരായിരുന്നത്‌? എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്നു. പലേ ജന്മങ്ങളും പലേ ശരീരങ്ങളായി ജനിച്ചു മരിക്കുന്നതുകൊണ്ട്‌ എല്ലാ ബന്ധങ്ങളും താല്‍ക്കാലികം മാത്രമാണ്‌. എന്റേത്‌ എന്ന തോന്നലുണ്ടാവുന്നത്‌ ഭൗതീകബന്ധം നിലനില്‍ക്കുമ്പോള്‍ മാത്രമാണ്‌. ആത്മാവിന്‌ ആരോടും മമതയോ വെറുപ്പോ ഇല്ല. ആത്മാവ്‌ വെറും നിശ്ശബ്ദസാക്ഷിയത്രെ. അതിന്‌ സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല. കാര്യകാരണങ്ങളുടെ കണ്ണികള്‍ക്കും ആത്മാവിനെ ബന്ധിക്കാനാവില്ല.”

ഇതുകേട്ട്‌ അദ്ഭുതപരവശരായി എല്ലാവരും ദുഃഖത്തില്‍ നിന്നും മോചിതരായി. അവര്‍ ശിശുവിന്റെ ശേഷക്രിയകള്‍ വേണ്ട പോലെ നടത്തി. ശിശുവിന്റെ മരണത്തിന്‌ കാരണക്കാരായ സ്ത്രീകള്‍ പ്രായശ്ചിത്തം ചെയ്തു. ഭക്തനായ ചിത്രകേതു നാരദനില്‍നിന്നും അത്യുദ്ധതമായ ഈ പ്രാര്‍ത്ഥന കേട്ടു.

“വസുദേവനും, പ്രദ്യുമ്നനും, അനിരുദ്ധനും, സങ്കര്‍ഷണനുമായ ഭഗവാനു നമസ്കാരം. പരമാനന്ദമായി ആത്മാവില്‍ വിളങ്ങി, പ്രശാന്തവും ദ്വന്ദാതീതവുമായി വര്‍ത്തിക്കുന്ന ആ ബോധസ്വരൂപന്‌ നമോവാകം. വിശ്വമൂര്‍ത്തിയും മായാതീതനും വാഗ്നോവൃത്തികള്‍ക്കതീതനും നാമരൂപാദികള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കുമപ്പുറത്തുളളവനുമായ അവിടത്തേക്ക് നമസ്കാരം. സര്‍വ്വവ്യാപിയും വിശ്വസ്ഥിതിസംഹാരങ്ങള്‍ നടക്കുന്നതുമായ പരബ്രഹ്മത്തിനും നമസ്കാരം . മനസുകൊണ്ടും ബുദ്ധിശക്തികൊണ്ടും അളക്കാനാവാത്തതും മനസിനേയും ഇന്ദ്രിയങ്ങളേയും പ്രവര്‍ത്തനോന്മുഖമാക്കുന്നുതുമത്രേ ബ്രഹ്മം. ഉന്നതരും ഉത്തമരുമായ ഭക്തരാല്‍ പാദങ്ങള്‍ തഴുകപ്പെടുന്ന ആ സര്‍വ്വേശ്വരന്‌ നമസ്കാരം.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF