മാഽമംഗളം താത പരേഷ്വമംസ്ഥാ ഭുംക്തേ ജനോ യത്‌ പരദുഃഖദസ്തത്‌ (4-8-17)

മൈത്രേയന്‍ തുടര്‍ന്നുഃ

സ്വയംഭുവമനുവിന്റെ രണ്ടു പുത്രന്മ‍ാര്‍, പ്രിയവൃതനും ഉത്താനപാദനും, ധര്‍മ്മനിഷ്ടയോടെ രാജ്യം ഭരിച്ചു. ഉത്താനപാദന്‌ രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുനീതിയും സുരുചിയും. പ്രായം കുറഞ്ഞ സുരുചിയായിരുന്നു രാജാവിനു പ്രിയപ്പെട്ടവള്‍. ഒരു ദിവസം, സിംഹാസനസ്ഥനായ രാജാവിന്റെ മടിയില്‍ സുരുചിയുടെ മകന്‍ ഉത്തമന്‍ ഇരിക്കുമ്പോള്‍ സുനിതിയുടെ മകനായ ധ്രുവന്‍ അഛന്റെ കൂടെയിരിക്കാന്‍ ചെന്നു. സുരുചിയാകട്ടെ അവനെ തടഞ്ഞുനിര്‍ത്തി ദേഷ്യപ്പെട്ടു. രാജാവ്‌ നിന്റെ അഛനാണെങ്കിലും നീ എന്റെ മകനല്ല. അതുകൊണ്ട്‌ സിംഹാസനത്തിലിരിക്കാനുളള അര്‍ഹത നിനക്കില്ല. വേണമെങ്കില്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ച്‌ എന്റെ വയറ്റില്‍ ജനിച്ചുവന്നാല്‍ നിനക്ക്‌ സിംഹാസനത്തിനവകാശം തരാം.

കരഞ്ഞുകൊണ്ട്‌ ധ്രുവന്‍ അമ്മയുടെ അടുത്തുചെന്നു. സുനീതി അവനെ സമാധാനിപ്പിച്ചു. “മറ്റുളളവര്‍ക്കെതിരായ ചിന്തകള്‍ മനസില്‍ വയ്ക്കരുത്‌. കാരണം, മനുഷ്യന്‍ വിതയ്ക്കുന്നുതിന്റെ ഫലംതന്നെയാണ്‌ കൊയ്യുന്നത്‌. മറ്റൊരാളും വേദനയുണ്ടാക്കുന്നുയാള്‍ക്ക്‌ കാലക്രമത്തില്‍ അത്‌ തിരിച്ചു കിട്ടുകയും ചെയ്യും. പ്രതികാരം, കാര്യകാരണചക്രത്തിലേക്ക്‌ നമ്മെ കൂടുതല്‍ ബന്ധിക്കുന്നു. ഭഗവാനില്‍ ഹൃദയംനിറഞ്ഞ ഭക്തിയും പ്രേമവും നിറച്ചാല്‍ നിന്റെ മനോദുഃഖം മാറുന്നതാണ്‌. അങ്ങനെയുളള പരിപൂര്‍ണ്ണഭക്തിയാലാണ്‌ നിന്റെ മുത്തഛന്റെ അഛന്‍ ബ്രഹ്മദേവന്‌ സൃഷ്ടി കര്‍മ്മം ചെയ്യുവാനാകുന്നുത്‌. നിന്റെ മുത്തഛനായ സ്വയംഭുവമനുവും ആ പരമാനന്ദം അനുഭവിച്ചയാളത്രേ.”

അമ്മയുടെ വാക്കുകള്‍ കേട്ട ബലത്തില്‍ ധ്രുവന്‍ കൊട്ടാരംവിട്ട്‌ കാട്ടിലേക്ക്‌ നടന്നു. നാരദമുനി വഴിയില്‍ വെച്ച്‌ ധ്രുവനെ കണ്ടു. കാര്യങ്ങള്‍ മനസിലാക്കിയ മുനി, ബാലന്റെ മനോദാര്‍ഢ്യവും ആത്മാര്‍തയും അളക്കാനായി തപഃശ്ഛര്യയുടെ കഷ്ടപ്പാടുകള്‍ പറഞ്ഞു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.”മാമുനിമാരും ഋഷികളും പോലും നീയാഗ്രഹിക്കുന്ന ആ ദര്‍ശനം കിട്ടാന്‍ കഴിയാതെ പരാജയപ്പെടുന്നു.” നാരദമുനിയുടെ മുന്നറിയിപ്പു കേട്ടെങ്കലും ധ്രുവനില്‍ അത്‌ മാറ്റമൊന്നുമുണ്ടാക്കിയില്ല. ആ ബാലഹൃദയം മുന്നോട്ടു പോകാന്‍ തന്നെ ഉറച്ചിരുന്നു. ബാലന്റെ മനഃസ്ഥൈര്യത്തില്‍ സംപ്രീതനായ മുനി അനുഗ്രഹം കൊണ്ട്‌ ധ്രുവനെ അഭിഷേകം ചെയ്തു. അദ്ദേഹം പറഞ്ഞു. “യമുനാതീരത്ത്‌ ഏകാന്തമായി ഒരിടത്തു പോകൂ. ദിവസവും മൂന്നുനേരം കുളിച്ച്‌ ആസനസ്ഥനായി ഇന്ദ്രിയങ്ങളെ ശുദ്ധീകരിച്ച്, പ്രാണായാമത്തിലൂടെ മനഃശുദ്ധിവരുത്തി ഭഗവാന്റെ പരമാനന്ദസ്വരൂപം ധ്യാനിക്കണം. ഐശ്വര്യത്തിന്‍റേയും സൗന്ദര്യത്തിന്‍റേയും മൂര്‍ത്തരൂപമത്രെ ഭഗവാന്‍. ഇനിയും നിനക്ക്‌ ഏറ്റവും ഗൂഢമായ ഒരു മന്ത്രം പറഞ്ഞുതരാം. “ഓം നമോ ഭഗവതേ വാസുദേവായ” ഈ മന്ത്രം ഏഴുരാത്രികള്‍ ഉരുവിടുന്നവന്‌ ആകാശത്തു സഞ്ചരിക്കുന്നുദിവ്യദേവതകളെ കാണാനാകും. മനസില്‍ കല്ലുകൊണ്ടോ മറ്റോ ഉണ്ടാക്കിയ ഒരു ഭഗവല്‍രൂപത്തെ ധ്യാനിച്ച്‌ ഈ മന്ത്രം ഉരുവിടുക. അങ്ങനെ പൂജിച്ച്‌ ഭജിക്കുമ്പോള്‍ ഭഗവാന്‍ നിന്റെ ആഗ്രഹം സഫലമാക്കിത്തരും.”

ഭാര്യയുടെ ദുഷ്പ്പെരുമാറ്റത്തില്‍ ദുഃഖിതനായ ഉത്താനപാദരാജാവിനെ നാരദന്‍ ചെന്നു കണ്ടു. ധ്രുവന്റെ സുരക്ഷയെപ്പറ്റിയും ഭാവിമഹിമയെപ്പറ്റിയും മുനി രാജാവിനോട്‌ പറഞ്ഞു. ധ്രുവന്‍ അസാധാരണമായ ഒരു തപസ്സിലേര്‍പ്പെട്ടു. ഒരു മാസം മുഴുവന്‍ മൂന്നുദിവസമിടവിട്ട്‌ ഫലവര്‍ഗ്ഗങ്ങള്‍ കഴിച്ചും, അടുത്തമാസം ആറുദിവസമിടവിട്ട്‌ പുല്‍ക്കൊടി ഭക്ഷിച്ചും, മൂന്നാംമാസത്തില്‍ ഒന്‍പതു ദിവസമിടവിട്ട്‌ വെളളം കുടിച്ചും. നാലാം മാസത്തില്‍ പന്ത്രണ്ടുദിവസം കൂടുമ്പോള്‍ ശ്വാസമെടുത്തും അഞ്ചാംമാസത്തില്‍ ശരീരധര്‍മ്മങ്ങളെല്ലാമുപേക്ഷിച്ചും ധ്രുവന്‍ തീവ്ര തപസ്സനുഷ്ടിച്ചു. ഭഗവാനില്‍ സ്വയം വിലീനനായി അവന്‍ പരമാത്മസാക്ഷാത്ക്കാരം നേടി. ശ്വാസംപിടിച്ചുനിന്നു ധ്രുവന്‍ കാരണം ദേവന്മ‍ാര്‍ കഷ്ടപ്പെട്ടു. അവര്‍ക്കും ശ്വാസം കഴിക്കാനാവാതെ വന്നു. അവര്‍ ഭഗവാനില്‍ അഭയം തേടി പ്രാര്‍ത്ഥിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF