ശ്രവണം കീര്‍ത്തനം വിഷ്ണോഃ സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം സഖ്യമാത്മനിവേദനം (7-5-23)
ഇതി പുംസാര്‍പ്പിതാ വിഷ്ണൌ ഭക്തിശ്ചേന്നവലക്ഷണാ
ക്രിയതേ ഭഗവത്യദ്ധാ തന്മന്യേഽധീതമുത്തമം (7-5-24)

നാരദന്‍ തുടര്‍ന്നു:

ഹിരണ്യകശിപു തന്റെ പുത്രനായ പ്രഹ്ലാദനെ അസുരഗുരുവായ ശുക്രാചാര്യന്റെ പുത്രന്മാരെ ചുമതലപ്പെടുത്തി വിദ്യാഭ്യാസത്തിനയച്ചു. കുറച്ചുകാലം കഴിഞ്ഞ്‌ കൊട്ടാരത്തിലെത്തിയ മകനോട്‌ രാജാവ്‌ ചോദിച്ചു:
“പറയൂ എന്തിനെയാണ്‌ നീ നന്മ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌?” ബാലന്‍ സംശയമന്യേ പറഞ്ഞു:
“ഒരുവന്‍ സ്വന്തം വീടുപേക്ഷിച്ചു പോകണം. കാരണം വീടാണ്‌ ഒരുവന്‌ ഞാന്‍ , എന്റെ, തുടങ്ങിയ തോന്നലുകള്‍ ഉണ്ടാക്കുവാനിടയാക്കുന്നത്‌. വീടുവിട്ട്‌ ഭഗവാന്‍ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളില്‍ അഭയം തേടുകയാണ്‌ ഏറ്റവും നല്ല കാര്യം.”

രാജാവ്‌ പ്രഹ്ലാദനെ സ്കൂളിലേക്ക്‌ തിരിച്ചയച്ചു. ഇതുപോലുളള നിഷേധപ്രമാണങ്ങളൊന്നും പഠിപ്പിക്കരുതെന്ന് അദ്ധ്യാപകര്‍ക്ക് മുന്നറിയിപ്പും നല്‍കി. പ്രഹ്ലാദന്‍ എവിടെനിന്നാണ്‌ സിദ്ധാന്തങ്ങള്‍ പഠിക്കുന്നുതെന്ന് അദ്ധ്യാപകര്‍ക്ക്‌ അറിയില്ലായിരുന്നു. പ്രഹ്ലാദന്‍ പറഞ്ഞു.

“അജ്ഞാനത്തില്‍ നിന്നും വൈവിദ്ധ്യമെന്ന മോഹത്തില്‍നിന്നും മോചനം കിട്ടുന്നത്‌ ഭഗവല്‍കൃപയാല്‍ മാത്രമാണ്‌. ആ കൃപ ഒന്നുകൊണ്ടുമാത്രമാണ്‌ എന്റെ മനസ്‌ തന്നിഷ്ടപ്രകാരം ഭഗവല്‍പാദങ്ങളില്‍ വസിക്കുന്നത്‌.”

അദ്ധ്യാപകര്‍ ഏതായാലും അവന്റെ ധിക്കാരത്തിന്‌ തക്ക ശിക്ഷ നല്‍കി. അധര്‍മ്മികതയും നിരീശ്വരവാദവും തുടര്‍ന്നും പഠിപ്പിച്ചു. വീണ്ടും കുമാരന്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ സ്നേഹപൂര്‍വ്വം പാഠങ്ങളെപ്പറ്റി ചോദിച്ചു. പ്രഹ്ലാദന്‍ സംശയലേശമെന്യേ പറഞ്ഞു.

“അച്ഛാ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമെന്നത്‌ ഭഗവാന്‍ വിഷ്ണുവില്‍ ഭക്തിയുണ്ടാക്കുക എന്നതാണ്‌. ഒന്‍പതു തരത്തിലുളള പ്രവൃത്തികള്‍ കൊണ്ട്‌ മനസില്‍ ഭക്തിയുണ്ടാക്കിയെടുക്കാം. ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം ആത്മനിവേദനം (പരിപൂര്‍ണ്ണസമര്‍പ്പണം) എന്നിങ്ങനെയാണത്‌.”

രോഷാകുലനായ രാജാവ്‌ മകനെ വലിച്ചെറിഞ്ഞ്, അവനെ ഇതു പഠിപ്പിച്ച അദ്ധ്യാപകരേതെന്ന് ചോദിച്ചലറി. പ്രഹ്ലാദന്‍ സ്വയം പറഞ്ഞു. അദ്ധ്യാപകര്‍ കുറ്റക്കാരല്ല. ലൗകിക കാര്യങ്ങളില്‍ ആസക്തരായവരുടെ മനസ് ഭഗവല്‍പാദങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുകയില്ല. ദിവ്യപുരുഷന്മാരുടേയും പുണ്യാത്മാക്കളായ ഭക്തരുടേയും പാദധൂളിയില്‍ കുളിച്ച്‌ ശുദ്ധീകരിക്കപ്പെടുമ്പോള്‍ മാത്രമേ ഒരുവന്റെയുളളില്‍ ഭക്തിയുദിക്കുകയുളളൂ.”

സ്വന്തം പുത്രനില്‍ മരണം ദര്‍ശിച്ച രാജാവ്‌ അവനെ ഉപേക്ഷിക്കുകയും വധിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. അയാള്‍ സേവകന്മാരോട്‌ പറഞ്ഞു. “സ്വന്തം ബന്ധുമിത്രാദികള്‍ക്ക്‌ നേരെ പുറംതിരിച്ചുകൊണ്ട്‌ അവന്‍ അമ്മാവനെ കൊന്നവന്റെ ഭക്തനായിരിക്കുന്നു.” പുത്രന്‍ തന്റെ തന്നെ ശരീരഭാഗമാണെങ്കിലും രോഗംവന്ന ഭാഗം മുറിച്ചുമാറ്റുന്ന ന്യായത്തില്‍ ഹിരണ്യകശിപു അവനെ ഉപേക്ഷിച്ചു. രാജസേവകര്‍ അവനെ പലവിധ ആയുധങ്ങളാല്‍ ആക്രമിച്ചു. പലരീതികള്‍ പ്രയോഗിച്ചു വധിക്കാന്‍ ശ്രമിച്ചു. മലയില്‍ നിന്നുരുട്ടി താഴേക്കിടുക, ആനയെകൊണ്ടു ചവിട്ടിച്ചു കൊല്ലാന്‍ നോക്കുക, കാറ്റ്, തീയ്, വെളളപ്പൊക്കം, പാറക്കല്ലുകള്‍ , വിഷം എന്നുവേണ്ട, എല്ലാ മാര്‍ഗ്ഗങ്ങളും പ്രഹ്ലാദനെ കൊല്ലാന്‍ ഉതകിയില്ല.

രാജാവ്‌ വിഷണ്ണനായി. ശുക്രാചാര്യന്റെ പുത്രന്മാര്‍ അദ്ദേഹത്തെ സമാധാനപ്പെടുത്തി. “ബാലനെ കാര്യമായി എടുക്കേണ്ടതില്ല. വലുതാകുമ്പോള്‍ അവന്‍ ബാലിശമായ സിദ്ധാന്തങ്ങളെല്ലാം ഉപേക്ഷിച്ചു കൊളളും. അല്ലെങ്കില്‍ ഞങ്ങളുടെ അച്ഛന്‍ ശുക്രാചാര്യന്‍ തിരിച്ചു വരട്ടെ. അദ്ദേഹത്തിന്റെ കീഴില്‍ ഈ നിഷേധവിശ്വാസങ്ങളെല്ലാം അവന്‍ ഉപേക്ഷിക്കും.”

ബാലന്‍ സ്കൂളിലേക്ക്‌ തിരിച്ചുപോയി. അദ്ധ്യാപകര്‍ മൂന്നു് ലൗകിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുളള വിദ്യാഭ്യാസം തുടര്‍ന്നു നല്‍കി. കടമ, സാമ്പത്തികശാസ്ത്രം, ഉല്ലാസം (ലളിതകല) എന്നിവയെ അടിസ്ഥാനമാക്കിയുളള വിദ്യാഭ്യാസത്തില്‍ പ്രഹ്ലാദന്‌ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. അവന്റെ ചിന്ത മുഴുവന്‍ ഈശ്വരനിലായിരുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF