ശുദ്ധ്യശുദ്ധീവിധിയേതേ സമാനേഷ്വപി വസ്തുഷു
ദ്രവ്യസ്യ വിചികിത്സാര്‍ത്ഥം ഗുണ ദോഷൗ ശുഭാശുഭൗ (11-21-3)
ധര്‍മ്മാര്‍ത്ഥം വ്യവഹാരാര്‍ത്ഥം യാത്രാര്‍ത്ഥമിതി ചാനഘ
ദര്‍ശിതോഽയം മയാചാരോ ധര്‍മ്മമുദ്വഹതാം ധുരം (11-21-4)
ക്വചിദ്‌ ഗുണോഽപി ദോഷഃ സ്യാദ്ദോഷോഽപി വിധിനാഗുണഃ
ഗുണദോഷാര്‍ത്ഥനിയമസ്തദ്ഭിദാമേവ ബാധതേ (11-21-16)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ഒരുവന്റെ സ്വധര്‍മ്മത്തോടുളള ഭക്തിയെ നന്മയെന്നും അതിനെതിരായി വര്‍ത്തിക്കുന്നതിനെ തിന്മയെന്നും പറയുന്നു. അതിനാല്‍ ഒരുവനു നന്മയായിട്ടുളളത്‌ മറ്റുളളവന്‌ അപ്രകാരമാവണം എന്നില്ല. ഈ വിരോധാഭാസം മനഃപ്പൂര്‍വ്വമായി വേദശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുളളത്‌ നന്മതിന്മകളെപ്പറ്റി ആരോഗ്യകരമായ ഒരു സംശയമുണ്ടാക്കി മനുഷ്യനെ സദാ ജാഗരൂകനാക്കുവാനാണ്‌. അങ്ങനെ അയാള്‍ സ്വയം അന്വേഷണത്വരയുളളവനാകുന്നു. നന്മതിന്മകളെപ്പറ്റിയുളള മറ്റു നിര്‍വ്വചനങ്ങള്‍ സാമൂഹ്യഘടനകളെ നിലനിര്‍ത്താനായും ജനങ്ങള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനത്തിനായും സ്ഥാപിച്ചിട്ടുളളതത്രെ. അങ്ങനെയുളള നിര്‍വ്വചനങ്ങള്‍ നിയമസമാധാനപാലനത്തിന്റെ ചുമതലയുളളവര്‍ക്ക്‌ അനിവാര്യമാണല്ലോ.

ലോകത്തുളള എല്ലാ ജീവികളും പഞ്ചഭൂതങ്ങളാലും ജീവനാലും നിര്‍മ്മിതമായതുകൊണ്ട്‌ പരസ്പരം യാതൊരു ഭേദവുമില്ല. വേദങ്ങള്‍ അവയെ വിപ്രാദിവര്‍ണ്ണങ്ങളായി തരംതിരിച്ചിട്ടുണ്ട്‌ എന്നത്‌ സത്യംതന്നെ. സമ്പൂര്‍ണ്ണതയെ പ്രാപിക്കാനുളള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കവേ, ചില ധര്‍മ്മങ്ങളും വേദങ്ങള്‍ വിവരിക്കുന്നുണ്ട്‌. എന്റെതന്നെ വാക്കുകളായ വേദങ്ങള്‍ നന്മതിന്മകളെ കാലത്തിനും ദേശത്തിനും ബാധകമായ സംഗതികളായേ ഗണിച്ചിട്ടുളളു. അതുകൊണ്ട്‌ ചില സ്ഥലങ്ങളെ ദിവ്യമെന്നും മറ്റു ചിലതിനെ അദിവ്യമെന്നും പറയുന്നു. ചില സമയങ്ങള്‍ ശുഭോദര്‍ക്കമെന്നും മറ്റു ചില സമയങ്ങള്‍ അശുഭമെന്നും അറിയപ്പെടുന്നു. ചില വസ്തുക്കള്‍ മറ്റുളളവയോട്‌ ചേരുമ്പോള്‍ അശുദ്ധമായെന്നും അവയുടെ ശുദ്ധീകരണത്തിനായി മറ്റു ചില ശുദ്ധീകരണ വസ്തുക്കള്‍ ഉണ്ടെന്നും ശാസ്ത്രങ്ങള്‍ പറയുന്നു. ജലം, മണ്ണ്, അഗ്നി, വായു, കാലം എന്നിവ ശുദ്ധീകരണോപാധികളത്രെ. അഹങ്കാരബോധമുളളവരെ ശുദ്ധീകരിക്കാന്‍ സ്നാനം, ദാനം, തപസ്സ്, യാഗകര്‍മ്മാദികള്‍ എന്നിവയും അവയ്ക്കെല്ലാമുപരിയായി എന്നെ സ്മരിക്കലും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ചില അവസരങ്ങളില്‍ നന്മയെന്നു വിവക്ഷിക്കുന്നവ മറ്റു ചിലപ്പോള്‍ തിന്മയായി വരുമെന്നം മറ്റു ചിലപ്പോള്‍ തിന്മയെ നന്മയെന്നു കണക്കാക്കാമെന്നും വേദങ്ങള്‍ പറയുന്നത് മൂല്യങ്ങളൊന്നും നിരുപാധികമല്ലെന്നു വ്യക്തമാക്കാനാണ്‌. ഉദാഹരണത്തിന്, ചില കര്‍മ്മങ്ങള്‍ നന്മയെന്നു കരുതി ചിലര്‍ അവയോട്‌ അമിതമായ മമതയില്‍ വര്‍ത്തിക്കുന്നു. അത്തരം മമത മറ്റുളളവരോട്‌ സ്പര്‍ദ്ധയുണ്ടാക്കാന്‍പോലും ഇടയാക്കുന്നു. അപ്പോള്‍ ക്രോധവും ബുദ്ധിഭ്രമവും ഉണ്ടായി ഒടുവില്‍ ജ്ഞാനത്തെ മറക്കാനിടയാവുകയും ചെയ്യുന്നു. ഇത്‌ തിന്മയത്രെ. അപ്രകാരം അജാഗരൂകവും യാന്ത്രികവുമായി നന്മയോട്‌ ആസക്തി പൂണ്ട്‌ ജീവിക്കുന്നതുകൊണ്ട്‌ നന്മയുടെ ഉദ്ദേശ്യം തന്നെ നഷ്ടമാവുന്നു.

സ്വര്‍ഗ്ഗീയസുഖമാസ്വദിക്കാനുതകുന്ന ചില കര്‍മ്മങ്ങളെ വേദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നു തോന്നും. എന്നാല്‍ സ്വര്‍ഗ്ഗസുഖത്തിന്റെ ക്ഷണികതയെപ്പറ്റി നിശ്ചയമുളള വേദങ്ങള്‍ എന്തുകൊണ്ടിങ്ങനെ പറയുന്നു എന്നാണെങ്കില്‍, അത് മനുഷ്യനെ ഇന്ദ്രിയഭോഗങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച്‌ ഈശ്വരമാര്‍ഗ്ഗത്തിലേക്ക്‌ നയിക്കാനാണ്‌. വേദവാക്കുകള്‍ മനസ്സിലാക്കാന്‍ വിഷമമുളളവയല്ല. മന്ത്രങ്ങളുടെ ശബ്ദഘോഷം മാത്രം സത്യമാവുകയില്ല. വേദങ്ങളുടെ ശരിയായ അര്‍ത്ഥം അതീവഗുഹ്യവും എനിക്കു മാത്രം അറിയാവുന്നതുമത്രെ. അതുകൊണ്ട്‌ എന്നില്‍ പരമഭക്തനായിട്ടുളളവനു മാത്രമേ അതു മനസ്സിലാക്കാന്‍ കഴിയൂ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF