സംഭാവന നല്‍കുക, പങ്കാളിയാകുക – എന്തിന്, എങ്ങനെ?

ഭാരതത്തിന്റെ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരികപൈതൃകവും പകര്‍ന്നുകൊടുക്കുന്ന പല ഗ്രന്ഥങ്ങളും ഇന്ന് പ്രിന്‍റ് എഡിഷന്‍ ലഭ്യമല്ലാതെയായിരിക്കുകയാണല്ലോ. അത്തരം മലയാളഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലോകത്തിന്റെ ഏതുകോണിലുമുള്ളവര്‍ക്കും വായിക്കാന്‍ വേണ്ടി സൗജന്യമായി ലഭ്യമാക്കാന്‍ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്‌. അങ്ങനെ ഡിജിറ്റല്‍ രൂപത്തില്‍ (PDF, HTML) ഗ്രന്ഥങ്ങളുടെയും MP3 ഓഡിയോകളുടെയും വീഡിയോകളുടെയും മറ്റു ലേഖനങ്ങളുടെയും ഒരു ശേഖരം നിര്‍മ്മിക്കാന്‍ ശ്രേയസ് പരിശ്രമിക്കുന്നു.

നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിയാനും അറിയിക്കാനും, അതോടൊപ്പം സ്വയം അറിയാനും ഭാരതീയരായ നമുക്കോരോരുത്തര്‍ക്കും അവകാശമുണ്ട്‌, ചുമതലയുണ്ട്. സാമ്പത്തിക സഹായത്തെക്കാള്‍ എല്ലാവരുടെയും സഹകരണവും സമയവും ആത്മാര്‍ത്ഥതയോടെയുള്ള പ്രയത്നവും ആണ് അതിനാവശ്യം. ഒരു മനുഷ്യന് ആദ്ധ്യാത്മികമായി ചെയ്യുന്ന സഹായമാകുന്നു ഏറ്റവും വലിയ സഹായം എന്ന് വിവേകാനന്ദ സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

താങ്കള്‍ക്ക് എങ്ങനെ ഈ സംരംഭത്തില്‍ പങ്കാളിയാകാം?
ഇതാ ചില ആശയങ്ങള്‍; ഇവ മുഴുവന്‍ വായിക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യൂ. കൂടാതെ താങ്കളുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കൂകയും ചെയ്യൂ, കൂടുതല്‍പേര്‍ക്ക് പ്രചോദകമാവട്ടെ.

  1. ശ്രേയസിലെ ലേഖനങ്ങളും പി ഡി എഫ് ബുക്കുകളും പ്രഭാഷണങ്ങളുടെ ഓഡിയോയും എല്ല‍ാംതന്നെ വായിക്കുക, കേള്‍ക്കുക. ധര്‍മ്മബോധമുള്ളവരായിരിക്കുക – അതുതന്നെയാണ് സനാതന ധര്‍മ്മത്തിന് ഒരാളുടെ ഏറ്റവും വലിയ സംഭാവന.
  2. ഇമെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ഫോണ്‍, SMS തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രേയസിനെക്കുറിച്ച് മുമുക്ഷുക്കളായ സുഹൃത്തുക്കളെ അറിയിക്കുക.
  3. ശ്രേയസില്‍ നിന്നും താങ്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന MP3, PDF എന്നിവ മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കുക.
  4. ശ്രേയസില്‍ ലഭ്യമല്ലാത്ത എന്തെങ്കിലുമൊരു പഴയ മലയാളം ഗ്രന്ഥം താങ്കളുടെ കൈവശമുണ്ടെങ്കില്‍ ശ്രേയസിലേക്ക് അയച്ചുതരിക.
  5. പല ഗ്രന്ഥങ്ങളും മലയാളം യൂണികോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്ത് ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ അറിയിക്കുമല്ലോ?
  6. കമ്പ്യൂട്ടറും സ്കാനറും സമയവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍, ഗ്രന്ഥങ്ങളുടെ PDF ebook ഉണ്ടാക്കാന്‍ സഹായിക്ക‍ാം.
  7. ശ്രേയസ്സില്‍ ലഭ്യമല്ലാത്ത ആധ്യാത്മിക പ്രഭാഷണത്തിന്റെ ഓഡിയോ അല്ലെങ്കില്‍ വീഡിയോ താങ്കളുടെ കൈവശമുണ്ടെങ്കില്‍, അവ ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കേണ്ടതാണെങ്കില്‍, ഞങ്ങളെ അറിയിക്കുക.
  8. താങ്കള്‍ക്കു ഒരു ബ്ലോഗോ വെബ്സൈറ്റോ ഉണ്ടെങ്കില്‍, ശ്രേയസ് വെബ്‌സൈറ്റിന്റെ ലിങ്ക് അവിടെ കോപ്പി ചെയ്യൂ.
  9. ശ്രേയസ്സിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടു താങ്കള്‍ ലേഖനങ്ങള്‍ എഴുതുമെങ്കില്‍, ദയവായി ഞങ്ങളെ അറിയിക്കുക. അവ താങ്കളുടെ പേരില്‍ ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്.

ലോകത്തിന്റെ പല കോണുകളിലുമുള്ള നാം ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പൊതുവായ ചില ആശയങ്ങള്‍ പറയട്ടെ.

  • നാട്ടിലെ ഓരോ ഗ്രാമങ്ങളിലും ജ്ഞാനം പകരുന്ന ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം, സന്ധ്യാനാമ കീര്‍ത്തനങ്ങള്‍ തുടങ്ങിയ ചെറിയ ഗ്രന്ഥങ്ങള്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചു വിതരണം ചെയ്യ‍ാം.
  • താങ്കളുടെ നാട്ടിലെ വിഗ്രഹപൂജ നടക്കുന്ന ക്ഷേത്രങ്ങളില്‍ ആത്മീയ ഗ്രന്ഥശാലയും തുടങ്ങ‍ാം. കുറച്ചുപേര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ സ്പോണ്‍സര്‍ ചെയ്യ‍ാം. കുറെ പുസ്തകങ്ങള്‍ നാട്ടില്‍ നിന്നുതന്നെ ശേഖരിക്ക‍ാം. ഒപ്പം MP3 CD, VCD, DVD എന്നിവയുള്‍ക്കൊള്ളിച്ച് ഒരു ഡിജിറ്റല്‍ ലൈബ്രറി കൂടിയാവാം. മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലെങ്കിലും സത്സംഗങ്ങള്‍ സംഘടിപ്പിക്ക‍ാം, അല്ലെങ്കില്‍ കൂട്ടായി ഓഡിയോ ശ്രവിക്ക‍ാം, വീഡിയോ കാണാം, ചര്‍ച്ച ചെയ്തു മനസ്സിലുറപ്പിച്ചു ജീവിതത്തില്‍ നടപ്പിലാക്ക‍ാം.
  • ക്ഷേത്രത്തിലെ ഉത്സവത്തിനു പതിനായിരം രൂപയോളം ചെലവഴിച്ചു മിമിക്രി, ഗാനമേള, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്യുന്നതിനേക്കാള്‍ ലോകനന്മയാണ് ക്ഷേത്രത്തില്‍ ഒരു ഗ്രന്ഥശാലയുണ്ടാക്കുന്നതും ഗ്രന്ഥങ്ങളും ഓഡിയോകളും സ്പോണ്‍സര്‍ ചെയ്യുന്നതും, അങ്ങനെ വിദ്യ പകരുന്നതും. വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയും കണ്ടിട്ടുപോലുമില്ല എന്ന് ഒരു കുട്ടിക്കുപോലും പറയേണ്ടതായി ഇടവരരുത്. വേദം, ഭഗവദ്‌ഗീത, ഉപനിഷത്‌, രാമായണം, ഭാഗവതം പഠന കേന്ദ്രങ്ങള്‍ നിങ്ങളുടെ അടുത്തുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടു ആരംഭിക്കൂ.
  • ക്ഷേത്രോത്സവങ്ങളുടെ നോട്ടീസ് വിതരണം ചെയ്യുന്നതോടൊപ്പം ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം, സന്ധ്യാനാമ കീര്‍ത്തനങ്ങള്‍ തുടങ്ങിയ ചെറിയ ആത്മീയഗ്രന്ഥങ്ങള്‍ കൂടി സൗജന്യമായി വീടുകളില്‍ വിതരണം ചെയ്‌താല്‍ വളരെ നല്ലതാണ്. ഇക്കാലത്ത് അച്ചടിക്കുന്ന ഉത്സവനോട്ടീസ് വളരെയേറെ വിലകൂടിയവയാണ്. എന്നാല്‍ ഉത്സവം കഴിയുന്നതോടെ അവ ചവറ്റുകുട്ടയില്‍ പോകുകയാണല്ലോ പതിവ്. എന്നാല്‍ അതോടൊപ്പം കൊടുക്കുന്ന ആധ്യാത്മിക ചെറുഗ്രന്ഥങ്ങള്‍ എക്കാലവും സൂക്ഷിച്ചു വയ്ക്കപ്പെടും, ഓരോ വീട്ടിലും ഒരിക്കലെങ്കിലും ആരെങ്കിലുമൊരാള്‍ അത് വായിക്കാതിരിക്കില്ല. നമ്മുടെ സംസ്കാരം എന്നെന്നും നിലനില്‍ക്കപ്പെടട്ടെ.
  • ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സാധാരണയായി അന്നദാനം നടത്താറുണ്ടല്ലോ. ‘അന്നദാനം’ എന്ന പേരില്‍ പലപ്പോഴും നടക്കുന്നത് ആ പ്രദേശത്തെ എല്ലാവരുംകൂടി നടത്തുന്ന സമൂഹസദ്യ ആണ്, അന്നദാനം അല്ല. അതിനാല്‍, ഈ സമൂഹസദ്യ അഥവാ പന്തിഭോജനത്തോടൊപ്പംതന്നെ, പാവപ്പെട്ടവര്‍ പാര്‍ക്കുന്ന ഏതെങ്കിലുമൊരു അനാഥാലയത്തിലോ വൃദ്ധസദനത്തിലോ, ക്ഷേത്രത്തില്‍ സമൂഹസദ്യ നടത്തുന്ന അതേ സമയം തന്നെ, അന്നദാനം നടത്തൂ. ഇത്തരം അന്നദാനം മാസത്തില്‍ ഒരിക്കലെങ്കിലും അടുത്തുള്ള പാവം കുടുംബങ്ങള്‍ക്കോ അനാഥാലയങ്ങള്‍ക്കോ നടത്താവുന്നതാണ്. അല്ലെങ്കില്‍ വളരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറച്ചു അരിയും പയറും സംഭാവനയായി കൊടുക്ക‍ാം. അല്ലെങ്കില്‍ ചികിത്സക്ക് സഹായിക്ക‍ാം. ക്ഷേത്രങ്ങളില്‍ അതിനൊരു ഫണ്ട്‌ ഉണ്ടാക്കാം. ഇതൊക്കെത്തന്നെ ആയിരിക്കും നിങ്ങള്‍ സ്വയം അര്‍പ്പിക്കുന്ന ഭഗവാന് ഏറ്റവുംപ്രിയമെന്നതില്‍ സംശയമുണ്ടോ?

ഇത്രയും വായിച്ചതിനു വളരെ നന്ദി. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

ഞങ്ങളുമായി ബന്ധപ്പെടൂ.