നമാമ തേ ദേവ പദാരവിന്ദം
പ്രപന്നതാപോപശമാതപത്രം
യന്മ‍ൂലകേതാ യതയോ ഞ് ജസോരു
സംസാരദുഃഖം ബഹിരുത്ക്ഷിപന്തി (3-5-39)
വിശ്വസ്യ ജന്മസ്ഥതിസംയമാ ര്‍ത്ഥേ
കൃതാവതാരസ്യ പദ‍ാംബുജം തേ
വ്രജേമ സര്‍വ്വേ ശരണം യദീശ
സ്മൃതം പ്രയച്ഛത്യഭയം സ്വപുംസ‍ാം (3-5-43)

ദേവതകള്‍ പറഞ്ഞു:
“ഞങ്ങള്‍ അവിടുത്തെ പാദാരവിന്ദങ്ങളെ നമിക്കുന്നു. അഭയം തേടുന്നവര്‍ക്കു ദുഃഖശമനം നല്‍കുന്നുതും ധ്യാനികളായ മുനിമാര്‍ക്ക്‌ വിരസമായ ജീവിതത്തില്‍ നിന്നു്‌ മുക്തിയേകുന്നുതുമാണല്ലോ ആ തൃപ്പാദകമലങ്ങള്‍. ഈ ലോകത്തിലെ ജീവജാലങ്ങള്‍ മൂന്നുവിധത്തിലുളള ആധിയാല്‍ മനസുഖമില്ലാതെ ജീവിക്കുമ്പോള്‍ ശാന്തിക്കായി അവിടുത്തെ പാദങ്ങളെ പ്രാപിക്കുന്നു. വിജ്ഞാനത്തിന്റെ ഉറവിടമാണാതൃപ്പാദങ്ങള്‍. ഗംഗാജലത്തെപ്പോലും പുണ്യതീര്‍ത്ഥമാക്കുന്നു. വൈദികമന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ മാമുനിമാര്‍ ധ്യാനിക്കുന്നുതും ആ കാലടികള്‍ തന്നെ. ഹൃദയത്തില്‍ ഭക്തിനിറഞ്ഞു സംശുദ്ധമായ അവരുടെയുള്ളില്‍ പരമവിജ്ഞാനവും വൈരാഗ്യവും നിറയുന്നത്‌ അവിടുത്തെ കഥകളും മഹിമകളും കേട്ട്‌ മനോനിയന്ത്രണം ചെയ്യാന്‍ കഴിയുന്നതുകൊണ്ടത്രേ. ആ പാദമലരിണയെ ഞങ്ങളും അഭയം പ്രാപിക്കുന്നു. ഭഗവന്‍, സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കായി അവിടുന്ന് ദ്രവ്യവസ്തുക്കളിലേക്ക്‌ ഇറങ്ങിവന്നിരിക്കുന്നു. സര്‍വ്വവിധഭയങ്ങളില്‍ നിന്നും മോചനംകിട്ടാന്‍ ഞങ്ങള്‍ ആത്മാസമര്‍പ്പണം ചെയ്യട്ടെ.

‘എന്റേത് ‘, ‘ഞാന്‍’, എന്നീ ചിന്തകള്‍ കൊണ്ടു ശരീരത്തോടും കുടുംബത്തോടും മാത്രം കൂറുകാട്ടുന്നവര്‍ക്ക്‌ അപ്രാപ്യമായ ആ കാലടികളെ ഞങ്ങള്‍ പൂജിക്കുന്നു. പരമപുരുഷനായ ഭഗവാനേ, കളങ്കമേറ്റ വാസനകളുടെ ബലത്തിനാല്‍ സുഖഭോഗവസ്തുക്കളുടെ ആകര്‍ഷണത്തില്‍പ്പെട്ടുപോയ മനസുകാരണം അവിടുത്തെ ഭക്തരുടെ മഹിമയോ അവിടുത്തെ പാദങ്ങളെ പൂജിക്കുന്നുതുകൊണ്ടുളള മേന്മയോ അവര്‍ക്ക്‌ മനസിലാകുന്നില്ല. എന്നാല്‍ ഭഗവല്‍കഥാമഹിമകളും മനസുകുളുര്‍ന്ന് ഭഗവല്‍പ്രേമം മനസില്‍നിറച്ച്‌ വിവേകവും വൈരാഗ്യവും പരിപാലിച്ചു ജീവിക്കുന്നഭക്തര്‍ക്കാകട്ടെ താമസംവിനാ അങ്ങയെ പ്രാപിക്കാന്‍ കഴിയുന്നു. എന്നാല്‍ മറ്റുചിലര്‍ ശക്തിയേറിയ മായയെ കീഴടക്കി യോഗസമാധിയിലൂടെ പരമപദത്തെ പ്രാപിക്കുന്നു. ഈ വീരന്മ‍ാരുടെ പാത തികച്ചും ദുഷ്കരമാണ്‌. എന്നാല്‍ ഭക്തദാസന്മ‍ാരുടെ വഴി ഏറ്റവും ലളിതമത്രെ.

ഭഗവാനേ, വിശ്വത്തിന്റെ അസ്ഥിത്വത്തിനായാണ്‌ ഞങ്ങള്‍ ജനിച്ചിട്ടുളളതെന്ന് ഞങ്ങളറിയുന്നു. എന്നിലും പരസ്പരം യോജിക്കാതെയും ബന്ധപെടാതെയും ഏകത്വം മനസിലാക്കാതെ ഞങ്ങള്‍ക്കാ ഭഗവേച്ഛ നടപ്പിലാക്കാന്‍ കഴിയുന്നില്ല. അവിടുത്തെ ദിവ്യശക്തിയും വീക്ഷണവും തന്ന് അവിടുത്തെക്കുറിച്ച്‌ ശരിയായ ഉള്‍ക്കാഴ്ചയുണ്ടാവാനും ഭഗവദിച്ഛ അറിയാനും ഞങ്ങളെ അനുഗ്രഹിച്ചാലും.”

*ദേവതകള്‍ ശരീരത്തിനേയും മനസിനേയും ഭരിക്കുന്ന ബുദ്ധിശക്തികളത്രേ. ആഗ്രഹപൂര്‍ണ്ണമായ അഹങ്കാരം ആ ബുദ്ധിശക്തികളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാതെയിരിക്കുമ്പോള്‍ ഭഗവദിച്ഛ അവയിലൂടെ പ്രകടമാവുന്നു. അവയെ ന‍ാം പ്രകൃതിയെന്ന് വിളിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF