ചിജ്ജഡചിന്തനം – ശ്രീനാരായണഗുരു (12)


ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നുവരുന്നൊരു നി‍ന്‍-
വടിവെന്നുമിരുന്നു വിളങ്ങിടണം.

ഇടണേയിരുകണ്‍മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.

നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നി‍ന്‍-
നിലയിന്നിതുതന്നെ നമുക്കു മതി.

മതിതൊട്ടു മണംമുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്മയമ‍ാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ –
മിതുരണ്ടിലുമായമരുന്നഖിലം.

അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ.

വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ.

അരുളേ തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ, യിടയേ, പൊതുവേ!
കരളേ, കരളിങ്കലിരിക്കുമരും –
പൊരുളേ, പുരിമൂന്നുമെരിച്ചവനേ!

എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പൂരിതന്നിലിരുന്നു പുരംപൊരിചെ-
യ്തരുളുന്നതുതന്നെയൊരദ്‍ഭുതമ‍ാം.

പുതുമ‍ാംകനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞടുമെന്‍
പതിയെ, പദപങ്കജമേ ഗതിയേ.

ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരുജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ.

[ Malayalam Spiritual EBooks ടൈപ്പ്സെറ്റ് ചെയ്തു സമര്‍പ്പിച്ച ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികളില്‍ (PDF) നിന്ന്. ]

April 1st, 2010|വിഭാഗം: നാരായണഗുരു
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/chijjada-chinthanam-sri-narayana-guru-12
ഇമെയില്‍ : sree@sreyas.in