ഡൗണ്‍ലോഡ്‌ MP3

മതിരിഹ ഗുണസക്താ ബന്ധകൃത്തേഷ്വസക്താ
ത്വമൃതകൃദുപരുന്ധേ ഭക്തിയോഗസ്തു സക്തിം |
മഹദനുഗമലഭ്യാ ഭക്തിരേവാത്ര സാധ്യാ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 1 ||

“ഈ ലോകത്തില്‍ വിഷയരൂപത്തിലുള്ള സത്വരജസ്തമോഗുണങ്ങളിലാസക്തമായ ബുദ്ധി സംസാരബന്ധത്തെ ഉണ്ടാക്കുന്നതാകുന്നു അവയില്‍ പറ്റിപ്പിടിയ്ക്കാത്ത ബുദ്ധിയ്യാകട്ടേ സായൂജ്യത്തേ നല്‍ക്കുന്നതുമാണ്. ഭക്തിയോഗമെന്നത് വിഷയത്തിലുള്ള ആസക്തിയെ നിരോധിക്കുന്നു. അതിനാല്‍ മഹാന്മാരുടെ സമ്പര്‍ക്കംകൊണ്ട് ലഭിക്കപ്പെടാവുന്ന ഭക്തിമാത്രമാണ് സമ്പാദിക്കപ്പെടേണ്ടത്” എന്നിങ്ങിനെ കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിയോടായി ഉപദേശിച്ചു.

പ്രകൃതിമഹദഹങ്കാരാശ്ച മാത്രാശ്ച ഭൂതാ-
ന്യപി ഹൃദപി ദശാക്ഷീ പൂരുഷ: പവിംശ: |
ഇതി വിദിതവിഭാഗോ മുച്യതേസൗ പ്രകൃത്യാ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 2 ||

“മൂലപ്രകൃതി മഹത്തത്വം അഹങ്കാരം എന്നിവയും (ശബ്ദസ്പര്‍ശരൂപരസ ഗന്ധാദി) അഞ്ചുതന്മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളുംകൂടി മേല്‍പ്രകാരം അറിയപ്പെട്ട വിഭഗത്തോടുകൂടിയ ഈ പുരുഷ‍ന്‍ (മിഥ്യയില്‍നിന്ന്) മോചിക്കപ്പെടുന്നു.” ഇപ്രകാരം കപിലസ്വരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കു ഉപദേശിച്ചു.

പ്രകൃതിഗതഗുണൗഘൈര്‍നാജ്യതേ പൂരുഷോയം
യദി തു സജതി തസ്യ‍ാം തത് ഗുണാസ്തം ഭജേരന്‍ |
മദനുഭജനതത്ത്വാലോചനൈ: സാപ്യപേയാത്
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 3 ||

പ്രകൃതിയെ സംബന്ധിച്ച ഗുണശ്രേണികളാല്‍ ഈ പുരുഷ‍ന്‍ സ്പര്‍ശിക്കപ്പെടുന്നില്ല; എന്നാല്‍ അവളി‍ല്‍ സക്തനാകുന്നുവെങ്കി‍ല്‍ അവളുടെ ഗുണങ്ങ‍ള്‍ അവനെ പ്രാപിക്കുന്നു.  ആ മായാപ്രകൃതിയാകട്ടേ പരമപുരുഷനായ എന്നെ ഇടവിടാതെ ആരാധിയ്ക്കുന്നതിനാലും തത്വജ്ഞാനംകൊണ്ടും വിട്ടകന്നു പോകുന്നതാണ് എന്നിപ്രകാരം കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിക്കു ഉപദേശിച്ചു.

വിമലമതിരുപാത്തൈരാസനാദ്യൈര്‍മ്മദംഗം
ഗരുഡസമധിരൂഢം ദിവ്യഭൂഷായുധാങ്കം |
രുചിതുലിതതമാലം ശീലയേതാനുവേലം
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 4 ||

സ്വീകരിക്കപ്പെട്ട ആസനം പ്രാണായാമം മുതലായവയെക്കൊണ്ട് പരിശുദ്ധമായ മനസ്സോടുകൂടിയവനായി, ഗരുഡനില്‍ ആരോഹണം ചെയ്തിരിക്കുന്നതും ദിവ്യാഭരണങ്ങ‍ള്‍‍, വരായുധങ്ങള്‍ ഇവയെക്കൊണ്ടലംകൃതവും തമാല വൃക്ഷത്തിന്റെ കാന്തിതേടുന്നതുമായ എന്റെ സ്വരൂപത്തെ “ഇടവിടാതെ ധ്യാനിച്ചു പരിശീലിക്കുക” എന്നിങ്ങിനെ കപിലസ്വരൂപിയായ നിന്തിരുവടി ദേവഹൂതിക്കായ്ക്കൊണ്ട് ഉപദേശിച്ചു.

മ ഗുണഗണലീലാകര്‍ണ്ണനൈ: കീര്‍ത്തനാദ്യൈര്‍ –
മയി സുരസരിദോഘപ്രഖ്യചിത്താനുവൃത്തി: |
ഭവതി പരമഭക്തി: സാ ഹി മൃത്യോര്‍വിജേത്രീ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 4 ||

എന്റെ ഗുണഗണങ്ങളേയും ലീലാവിലാസങ്ങളേയും ഇടവിടാതെയുള്ള ശ്രവണംകൊണ്ടു സ്തുതി മുതലായവകൊണ്ടും, എന്നില്‍ ഗംഗാപ്രവാഹത്തിന്നു തുല്യമായ മനോഭവത്തോടുകൂടിയ സര്‍വോത്കൃഷ്ടമായ ഭക്തി സംഭവിക്കുന്നു. അതുതന്നെയാണ് മരണത്തെ ജയിക്കുന്നത് എന്ന് കപിലസ്വരുപിയായ നിന്തിരുവടി ദേവഹൂതിയ്ക്ക് ഉപദേശിച്ചു.

അഹഹ ബഹുലഹിംസാസഞ്ചിതാര്‍ത്ഥൈഃ കുടുംബം
പ്രതിദിനമനുപുഷ്ണന്‍ സ്ത്രീജിതോ ബാലലാളീ |
വിശതി ഹി ഗൃഹസക്തോ യാതന‍ാം മയ്യഭക്ത:
കപിലതനുരിതിത്വം ദേവഹൂത്യൈ ന്യഗാദീ: || 6 ||

പലവിധത്തിലുള്ള ഹിംസകള്‍ക്കൊണ്ട് സമ്പാദിക്കപ്പെട്ട ധനത്താ‍ല്‍ ദിവസേന തന്റെ കുടുംബത്തെ പുലര്‍ത്തുന്നവനായി, സ്ത്രീകള്‍ക്കു വശനായി, കുട്ടികളെ ലാളിച്ചു ഗൃഹത്തില്‍ ആസക്തിയോടുകൂടിയവനായി എന്നില്‍ ഭക്തിയില്ലാത്തവനായിക്കുന്നവ‍ന്‍ നരക ദുഃഖത്തെ പ്രാപിക്കുന്നു; മഹാകഷ്ടം.! എന്ന് കപിലരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കുപദേശിച്ചു.

യുവതിജഠരഖിന്നോ ജാതബോധോപ്യകാണ്ഡേ
പ്രസവഗളിതബോധ: പീഡയോല്ലംഘ്യ ബാല്യം |
പുനരപി ബത മുഹ്യത്യേവ താരുണ്യകാലേ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 7 ||

യുവതിയുടെ (മാതവിന്റെ) ഉദരത്തിള്‍ കിടന്ന് ക്ലേശിക്കുന്നവനും, അകാലത്തില്‍ ജ്ഞാനംസിദ്ധിച്ചവനായിരുന്നിട്ടും പ്രസവകാലത്തി‍ല്‍ നഷ്ടപ്പെട്ട വിവേകത്തോടു കൂടിയവനായി അനേക ദുഃഖങ്ങളോടുകൂടി ബാല്യകാലത്തെ കടന്ന്, യൗവനദശയില്‍ പിന്നേയും മോഹാന്ധനായിത്തന്നെ തീരുന്നു എന്ന് കപിലരുപിയായ നിന്തിരുവടി ദേവഹൂതിക്കയ്ക്കൊണ്ട് ഉപദേശിച്ചു.

പിതൃസുരഗണയാജീ ധാര്‍മ്മികോ യോ ഗൃഹസ്ഥ:
സ ച നിപതതി കാലേ ദക്ഷിണാദ്ധ്വോപഗാമീ |
മയി നിഹിതമകാമം കര്‍മ്മ തൂദക്പഥാര്‍ത്ഥം
കപില്തനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ: || 8 ||

പിതൃക്കളെയും ദേവഗണങ്ങളെയും പൂജിച്ചുകൊണ്ട് ധര്‍മ്മനിരതനായി ജീവിക്കുന്ന ഗൃഹസ്ഥന്‍ യാതൊരുവനൊ അവനും, ദൂമാദി ദക്ഷിണമാര്‍ഗ്ഗങ്ങളി‍ല്‍ കൂടി ഗമിച്ചിട്ട് പുണ്യക്ഷയം നേരിടുന്ന കാലത്തു ഭൂമിയിലേക്കു പതിക്കുന്നു. എന്നില്‍ സമര്‍പ്പിക്കപ്പെട്ട നിഷ്ക്കാമകര്‍മ്മമാകട്ടെ അര്‍ച്ചിരാദി ഉത്തരമര്‍ഗ്ഗപ്രാപ്തിയ്ക്കുതകുന്നതാകുന്നു എന്ന് കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിയ്ക്ക് ഉപദേശിച്ചു.

ഇതി സുവിദിതവേദ്യ‍ാം ദേവ ഹേ ദേവഹൂതിം
കൃതനുതിമനുഗൃഹ്യ ത്വം ഗതോ യോഗിസംഘൈഃ  |
വിമലമതിരഥാസൗ ഭക്തിയോഗേന മുക്താ
ത്വമപി ജനഹിതാര്‍ത്ഥം വര്‍ത്തസേ പ്രാഗുദീച്യ‍ാം ||  9 ||

അല്ലേ ഭഗവന്‍! അറിയേണ്ടതിനെ നല്ലവണ്ണം മനസ്സിലാക്കി സ്തുതിച്ച ദേവഹൂതിയെ മേല്‍പ്രകാരം ഉപദേശം നല്‍കി അനുഗ്രഹിച്ചിട്ട്, നിന്തിരുവടി മുനിവൃന്ദങ്ങളോടുകൂടി യാത്രയായി. അതില്‍പിന്നെ, പരിശുദ്ധമായ മനസ്സോടുകൂടിയ നിന്തിരുവടിയും മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മക്കായ്ക്കൊണ്ട് വടക്കുകിഴക്കേദിക്കി‍ല്‍ സ്ഥിതിചെയ്യുന്നു.

പരമ കിമു ബഹൂക്ത്യാ ത്വത്പദ‍ാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വകാമോപനേത്രീം |
വദസി ഖലു ദൃഢം ത്വം തദ്വിധൂയാമയാ‍ന്‍ മേ
ഗുരുപവനപുരേശ ത്വയ്യുപാധത്സ്വ ഭക്തിം || 10 ||

അല്ലയോ പരമാത്മസ്വരൂപിന്‍! വളരെ പറയുന്നതെന്തിന്ന്? അങ്ങയുടെ ചരണകമലങ്ങളിലുള്ള ഭക്തി, സകല ഭയങ്ങളേയും അകറ്റുന്നതും സര്‍വ്വാഭീഷ്ടങ്ങളും നല്‍ക്കുന്നതുമാണെന്ന് നിന്തിരുവടി ഉറപ്പിച്ചു പറയുന്നുവല്ലൊ. അതിനാല്‍‍, ഗുരുവായൂര്‍നാഥാ! എന്റെ രോഗങ്ങളെ നശിപ്പിച്ച് നിന്തിരുവടിയിലുള്ള ഭക്തിയെ ഉണ്ടാക്കിത്തരേണമേ !

കപിലോപദേശം എന്ന പതിനഞ്ച‍ാം ദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 158  തൃതീയസ്കന്ധം സമാപ്തം.
വൃത്തം.: ശിഖരിണി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.